2019 ഡിസംബർ 14, ശനിയാഴ്‌ച

51. വൃശ്ചികക്കാർത്തിക

51.  വൃശ്ചികക്കാർത്തിക 
                           
നനുനനെക്കുളിരുള്ള വൃശ്ചികപ്പുലരിയിൽ 
തനുവിനെ തണുപ്പിൻ കരത്തിൽ നിന്നകറ്റുവാൻ

ഇരുകൈകളുമന്യോന്യം ഗുണനമുദ്രയാക്കീട്ട്  
ഉരസ്സിനെ മറച്ചിട്ടു  കൈപ്പത്തികൾ തോളേറ്റി

ചേച്ചിയുടെ പിറകിലായ്, നഗ്നപാദങ്ങളുമായ്
ചുളുചുളെ കാൽവെള്ളയിലേൽക്കുന്ന  വേദനയെ

തെല്ലും വകവയ്ക്കാതൊരു നിഴലായി, കൂട്ടായി   
മെല്ലവേ നടന്നോരാ ദിവസങ്ങളെയോർക്കുന്നു !
               
നീഹാര മുത്തുകൾ തൻ പൊട്ടണിഞ്ഞു നിന്നിടുന്ന
നറുപുഷ്‌പം കനിവോടെ ഇറുത്തു പൂക്കൂടയിൽ

മെല്ലവേയിട്ടു തിരികെ വസതിയിലെത്തിയാ
മുറ്റത്തിൻ  നടുവിലെ ചാണകം മെഴുകിയൊരു  

വൃത്തത്തിൽ നിലവിളക്കു ചേലോടെ തെളിയിച്ചു
ഭക്തിയോടെ  തൊഴുതിട്ടു ചന്തമോടെ പൂക്കളാൽ

വിളക്കിന്നു ചുറ്റുമായി പൂക്കളം വിരചിച്ചു  
വിടരുമാഹ്ളാദവുമായ്  നോക്കിനിന്നീടും ഞങ്ങൾ!

ഒരു വ്രതം പോലെയാ ഒരുമാസം മുഴുവനും
ഒരു ദിവസം പോലുമേ മുടക്കം വന്നീടാതെ

ഒന്നുമുതൽ മുപ്പതാം ദിവസമാകും വരെയും
നന്നായാ ദിനചര്യകൾ ഞങ്ങൾ നിറവേറ്റീടും !

വൃശ്ചികക്കാർത്തികയൊരു  ശുഭ ദിനമാണെങ്കിൽ 
നിശ്ചയമാ മാസവു മതുപോലെ ശുഭമാസം

കാർഷിക വിള, കാച്ചിലും, കായ, ചേമ്പ്, ചീനിയിവ
കാർത്തികപ്പുഴുക്കാക്കി സ്വാദോടെ കഴിക്കും പ്രാതൽ      
              
കാർത്തികമാസം നെല്ലുപൂത്തിടുന്ന മാസമല്ലോ  
കാർത്തികവിളക്ക് കാത്തു നിൽപ്പുണ്ടു  വയലേല

മന്ദമാരുതൻ മൃദുല കൈകളാലുള്ള ലോല
ആന്ദോളനത്തിൻ്റെ സുഖമറിഞ്ഞു, തലയാട്ടി!

കാർത്തിക ദിവസം ഞങ്ങളീറ്റയിൽ പന്തം ചുറ്റി
കൂട്ടരോടെത്തീ വയലിൽ, സ്നേഹത്തിൽ പന്തം മുക്കി,
   
ആർപ്പോടെ പകരും ദീപം കാണുമർച്ചന  പാടം     
കാർത്തിക രാവിലാ പാടം നീണ്ടോരമ്പലമാകും !
  
                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ