2019 നവംബർ 25, തിങ്കളാഴ്‌ച

32. ബാർബിയുടെ ദുഃഖം

       32.  'ബാർബി'യുടെ ദുഃഖം.

"എത്ര സുന്ദരി ബാർബി", ചൊൽവൂ  ബാലകരൊക്കെ ! 
എനിക്കറിവില്ലെന്നാൽ എൻ്റെ  ചന്തമെത്രയാം 
എന്തിനാണെന്നേയവർ ഇത്ര  സ്നേഹിക്കുന്നതും
എപ്പോഴുമവരെന്നെ പട്ടുടുപ്പിടുവിച്ചു 
                   
പൌഡർ പൂശീടുന്നതും  കണ്ണുകളെഴുതീട്ടു 
പൊട്ടുതൊടുവിക്കതും മാമും  പാലുമുട്ടീട്ടു
പാടിയുറക്കുന്നതും  ഉറങ്ങിക്കഴിയുമ്പോൾ 
പുതപ്പിച്ചീടുന്നതും, അറിയില്ലെനിക്കൊട്ടും!

എങ്കിലും ഞാനതെത്ര  ഇഷ്ട്ടപ്പെട്ടീടുന്നെന്നോ
എപ്പോഴുമെപ്പൊഴും ഞാൻ  അതിനായ് കാത്തീടുന്നു.
കുഞ്ഞിക്കൈ കൊണ്ടുള്ളോരു തടവും തലോടലും
കുഞ്ഞിവായ് കൊണ്ടുള്ളോരു താരാട്ടു കേൾക്കുന്നതും

എന്നേയുറങ്ങാത്തേനു കൊഞ്ചി  ശകാരിക്കതും
മണവാട്ടിയെപ്പോലെ  അണിയിച്ചൊരുക്കീട്ടു
മണവാളനെക്കൊണ്ടു  മാലകെട്ടിക്കുന്നതും
മണിയറയിലേക്കു ആനയിച്ചീടുന്നതും 
  
എത്രയാനന്ദകരം?  കണ്ടുനിങ്ങൾ  നിന്നാലോ 
എന്നേപ്പോലെ നിങ്ങളും ഉറപ്പായ്  സന്തോഷിക്കും! 
സന്തോഷമെനിക്കേറെ ഉണ്ടെന്നാകിലും  ഉള്ളിൽ
സന്താപത്തിഎന്റേയൊരു നീറ്റലൂറീടുന്നുണ്ട്

എനിക്കും അവരേപ്പോൽ കൊഞ്ചാനും  കുഴയാനും
എവിടേക്കു വേണേലും  നടന്നു  പോയീടാനും
തിന്നാനും കുടിയ്ക്കാനും കുന്നായ്‌മ  കാണിക്കാനും
തനിയെയിരുന്നിട്ടു പുന്നാരം ചൊല്ലീടാനും

അച്ഛനമ്മമാരുടേന്നുമ്മ കിട്ടീടുവാനും
അവർക്കതൊക്കെത്തന്നെ തിരികേ  കൊടുക്കാനും
ആഗ്രഹമെത്രയേറെ ഉണ്ടാവും,  ചിന്തിച്ചീടൂ
ആഗ്രഹമെന്റേതൊന്നു  സാധിച്ചു  തന്നീടാമോ? 

എന്നെയെന്തുകൊണ്ടൊരു ഊമയായി  സൃഷ്ടിച്ചൂ?
എന്തുകൊണ്ടു ജീവൻ്റെ  തുടിപ്പു  തന്നതില്ല?
അപരാധമായൊന്നും  ചെയ്തിട്ടില്ലൊരിക്കലും 
അറിയാതെപോലും ഞാൻ, ഉറപ്പായിട്ടും ചൊല്ലാം

എന്നിട്ടുമെനിക്കെന്തേ 'കളിപ്പാവ'യായിട്ടു 
തന്നു ജന്മം ചൊല്ലീടൂ മനുജാ ദയവായി
മിണ്ടുവാനാകാത്തതും വികാരം  കൊള്ളാത്തതും
ഉണ്ടാക്കുന്നെന്നിൽ ഖേദം അറിയൂ മനുജാ നീ 

പൊയ്‌പ്പോയജന്മത്തിൽ ഞാൻ  അറിയാതെയെങ്കിലും
പാപമായെന്തെങ്കിലും  ചെയ്തുപോയിട്ടുണ്ടെങ്കിൽ
പുനർജീവിപ്പിച്ചൂടേ ശാപമോക്ഷം തന്നൊരു
പാവം പെൺകുഞ്ഞായെന്നെ? മനുജാ  പുണ്യം കിട്ടും!

                       
                       

                       

    
          




                         
   


                     
              
  
          
        









  

                   

  
                 . 
                  
                   
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ