30. പ്രണയ പുഷ്പങ്ങൾ
നളിനം പുലർകാലേ കാത്തിരിക്കുവതെന്നും
കുളിരകറ്റുമൂഷ്‌മള ഭാസ്കര രശ്മിതൻ
മൃദുലതലോടലാൽ പുളകിതയായിട്ടു
മെല്ലവേപേലവ ദളങ്ങൾവിടർത്തീടുവാൻ
പ്രണയസാഫല്യത്തിൻ നിർവൃതിയാൽ വദനം
പ്രകാശപൂരിതമായ് മിന്നീടും പകലെല്ലാം
പകൽ പോലിഞ്ഞീടവേ മൃദുല ദലങ്ങളാൽ
പകലോനെ തൊഴുതിട്ട് പയസ്സിലായ് താണിടും
അധികമായിട്ടൂർജ്ജം സ്വരുക്കൂട്ടിയിട്ടു തൻ
അനുകനെ തന്നുടെ വിടരും സ്മിതത്താലേ
വരവേറ്റവൻ രശ്മി സ്പർശന സുഖം നേടി
പരമമാം പ്രണയസായൂജ്യമണയുവാൻ
ചെളിയിൽ മുളച്ചിട്ടു പ്രകാശവുമൂർജവും
ചിരിക്കും വദനത്താൽ പ്രകൃതിയ്ക്ക് നൽകീട്ടു
ത്രിദിനത്തിൻ ജീവിതം മതിയാക്കിയംബുജം
ഉദകത്തിലേയ്ക്കു മടങ്ങും കൃതാർത്ഥയായ്.
സൂര്യകാന്തിയാണെങ്കിൽ ഉൽഫുല്ലമാകുവതും
സൂര്യകിരണങ്ങൾതൻ മൃദുസ്പർശനമേറ്റിട്ട്
അവളുടെയനുസ്യൂത സൂര്യപ്രണയത്തിൻ
തീവ്രതയെത്രയെന്നറിയണമോ നിങ്ങൾക്ക്?
പകലന്തിയോളവും കണ്ണിമയനങ്ങാതെ
പകലോനെയുറ്റങ്ങു നോക്കിനിന്നീടുമവൾ!
അരുണോദയം മുതൽ സൂര്യാസ്തമയം വരെ
ഉരുകുന്ന ചൂടിലായ് ചുടുകാറ്റു കൊണ്ടാലും
തളരാതെ, ഒട്ടുമേ വാടാതവൾ നിന്നിടും
ഗളമെത്രതന്നെയോ വളഞ്ഞുവെന്നാകിലും
വാശിയോടവൾ തന്റെ പ്രിയതമനെ നോക്കീടും!
വേറിട്ടൊന്നുമവളെ ബാധിക്കുകയില്ലെന്നേ!
ദിവസങ്ങളോളം തപസ്സവളുടേതൊരു
ദിനചര്യയാകുവത് അതിശയമല്ലയോ!?
പ്രിയതമനെ ധ്യാനിച്ച് കോതിതീരവേയവൾ
സ്വയം തൻ്റെയിതളുകൾ കൊഴിയിച്ചു കളയും
പത്തുമണി മൊട്ടുകൾ ഉണരേണമെങ്കിലോ
പത്തിനു സൂര്യന്റെ ചുടുചുംബനമേൽക്കണം
ചുംബനത്തിന്റെ നറു നിർവൃതി നുണഞ്ഞിട്ടു
അംബരം നോക്കിയവൾ നിന്നീടും സന്ധ്യവരെ!
നാലുമണിച്ചെടിയുടെ മൊട്ടു വിടർന്നീടുവാൻ
നിത്യവുമേറ്റിടണം നാലുമണിക്കാദിത്യ-
ന്നതിനീല ലോഹിത രശ്മികൾതൻ ചുംബനം
അതു കഴിഞ്ഞാൽ സുഖനിദ്രയിലാകുമവൾ
ആമ്പൽമൊട്ടിൻ പ്രണയം സാഫല്യമടയുവത്
അമ്പിളിതൻ ശീതള കരസ്പർശമേറ്റെന്നാൽ
തണുപ്പിനെ സ്നേഹിക്കും ഹിമാംശുവുമാമ്പലും
അണയാത്ത പ്രണയ പ്രതീകങ്ങളാണല്ലോ!
പ്രസൂന പ്രണയങ്ങൾ മനുജന്ന് മേൽക്കുമേൽ
പ്രകീർത്തിച്ചുപാടുവാൻ വിഷയമാണെന്നാലോ
ഭാനുവിനുമിന്ദുവിനും സൂനപ്രണയവും
മനുജന്റെ വാഴ്ത്തലും വിഷയമാകുന്നില്ല
ഒരുപോലെ രണ്ടാൾക്കുമന്യമാണവയെന്നാൽ
ഒരു ലക്ഷ്യമുണ്ടുദിച്ചുയർന്നസ്തമിക്കുക!
അറിയാമെന്നാലൊരു നിലനിൽപ്പീ ധരണിക്ക്
അവരുടെയഭാവത്തിൽ ഉണ്ടാകുകയില്ലെന്ന്
(അനുകൻ = കാമുകൻ)
(ഉദകം = ജലം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ