2019 ഡിസംബർ 16, തിങ്കളാഴ്‌ച

15. അരുണവർണങ്ങൾ.

       15.  അരുണ വർണ്ണങ്ങൾ.

ഉദയസമയമരുണനൊരു  സൗമ്യൻ  
വദനം തുടുത്തരുണവർണ്ണമായിടും
കുളിരിൻമഞ്ഞു വകഞ്ഞരുണരശ്മികൾ
ഒളിപരത്തിടുമീ പ്രഭാതവേളയിൽ

പുൽനാമ്പിലൂറിനിന്നിടുന്ന  നീർമുത്തുകൾ
പകലിൻ താരകങ്ങളായ് മാറിടുന്നുവോ  
അരുണകിരണസ്പർശമേറ്റിടുന്നൊരാ  
തരുവും തനുവുമൊരുപോലെ നേടിടും

പുതുതായൊരൂർജ്ജമതു നൽകിടുന്നതോ
പകലന്തിയോളമുണർവ്വിൻ്റെയൗഷധം
ദിനദൈർഘ്യമേറി വെയിലിൻ നിറമാർന്ന  
ദിനകരൻ്റെയൂർജ്ജവുമുച്ചകോടിയിൽ
  
തരുലതാദികളവരുടെ ഭോജനം 
അരുണകിരണയൂർജ്ജമുപയോഗിച്ചു
പരുവപ്പെടുത്തിയെടുക്കവേ മാനവൻ  
കരുതുന്നതൊരു വാണിജ്യ പദാർത്ഥമായ് 
      
കഠിനവെയിലിൻ നിറമാർന്ന ഭാസുരൻ
കരുണ ദ്യോതത്തിലൊളിപ്പിച്ചു മെല്ലവേ 
സായന്തനമാകവേയെത്തിയിടു'മൾട്രാ-
വയലറ്റു' നിറമാർന്ന രശ്മിയുമായിട്ട്,  

മനുജൻ്റെയസ്ഥിതൻ ശക്തി കൂട്ടീടുവാൻ 
ദിനപതിതൻ ദയ, എത്രയപാരമോ!
വർഷം ചൊരിയവേ സവിതാവു തന്നുടെ
വർണ്ണച്ചിമിഴിൽ നിന്നും ചായങ്ങളൊക്കെയും
  
ചേരുംപടി ചാലിച്ചു ചാരുതയാർന്നിടും 
മാരിവില്ലിൻ ചിത്രമേഴുനിറങ്ങളിലായ്
വരച്ചിട്ടു തൻ്റെ കിരണകരങ്ങൾ തൻ
വിരുതെത്രയേറെയെന്നറിയിപ്പൂ നമ്മേ

വൈകുന്നവേളയിൽ  പാശ്ചാത്യദിക്കിലൊരു
വൈവിധ്യ വർണ്ണത്തിൻ വിസ്മയം തീർത്തീട്ടു
കറുപ്പിൻ നിറത്തിൽ ലയിച്ചു ചേരുന്നോരു
കിരണവർണ്ണങ്ങളുടെ നാഥനാമർക്കൻ!! 
 


   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ