എൻ്റെ മറവി രോഗം - ഒരനുഗ്രഹം
.
(എൻ്റെ ആത്മകഥയ്ക്കും
കവിതാരചനയ്ക്കും ആധാരം!)
ഉപഗുപ്തൻ കെ. അയിലറ
*******
സപ്തതിയായീടവേ
ചൊല്ലീ സഹധർമിണി
സഖീയേ, നിങ്ങൾക്കുണ്ടു
മറവിയുടെ രോഗം!
അറിയാതെ ഞാനൊന്നു
ഞെട്ടിയെന്നതു സത്യം
അറിയാഴികയല്ലത്
എന്നതുമൊരു സത്യം!
"പീടികയിൽ പോയാലോ
പകുതിയും വാങ്ങില്ല
പച്ചക്കറി മേടിച്ചാൽ
പറയാനുമില്ലൊട്ടും
"പലപല കാര്യങ്ങൾ
പലവട്ടം ചൊല്ല്യാലും
പറയും 'മറന്നു പോയ്
ഇനിയതു ചെയ്തീടാം'
എന്നാലോ ചെയ്യില്ലതു
പിന്നെയും പറയാതെ!
എന്തായിത്, ഓഫീസ്സിലു
മിതുപോലെയോ നിങ്ങൾ ?"
എനിക്കെൻ്റെ മൊഴിമുട്ടി,
ശരിയാണ് ചൊല്ലിയത്
എന്നാലെന്നോഫീസ്സിൽ
എനിക്കില്ലൊരു പ്രശ്നവും!
മറവിയും കൊണ്ടു ലോകാ-
രോഗ്യ സംഘടനേൽ
മരുവിടാനാകുമോ
അവിവേകമാവില്ലേ!
ഓഫീസ്സു ജോലികളിൽ
കൂടുതലായ് ചിന്തിച്ചാൽ
ഓർത്തെന്നുവരില്ലെന്നേ
വീട്ടിലെക്കാര്യങ്ങൾ
ചിന്തിച്ചൊട്ടേറെ ഞാ,
നെൻ തലപുകയും വിധം,
എന്താണുണ്ടായതെ
ന്നറിയേണമല്ലോ
അടുത്ത കാലത്തായി
ടിവിയിൽ കണ്ടവയും
അതുപോലെ കേട്ടതും
ഓർമ്മയിൽ പരതീട്ടും
പകുതിയും കിട്ടീല്ല
തലച്ചോറിൽ പതിഞ്ഞില്ലേ?
പതിഞ്ഞിട്ടുറച്ചില്ലേ?
പതിയാനിടമില്ലേ?
അറിയുന്നു ഞാനിപ്പോൾ
വയസ്സായ ബുദ്ധിയിൽ
അധികമൊന്നുമിനി
പതിയുവാനില്ലിടം
അധികം വയസ്സായാൽ
സ്ഥിരമായ് പതിഞ്ഞതും
അറിയാതെ മാഞ്ഞുപോം
അറിയുന്നൂ ഞാനതും!
മറന്നുപോയോ ഞാനെൻ
ബാല്യത്തിൻ കഥകളും!?
പിറകോട്ടു പോയിട്ടെൻ
പിറകോട്ടു പോയിട്ടെൻ
തലച്ചോർ ചികഞ്ഞു ഞാൻ
പതിയെ, പതിയേ ഞാൻ
പരതി നോക്കീയെൻ്റെ
പത്തേഴു വയസ്സുള്ളൊരു
പാവം തലച്ചോറിൽ
ഇല്ലില്ലാ, ചതിച്ചിട്ടി-
ല്ലെന്നേ, യെൻ തലച്ചോറ്
മെല്ലെ മെല്ലേയെല്ലാ
മിഴഞ്ഞിഴഞ്ഞു വന്നു!
എത്ര നിസ്സാരമായ്
അടുക്കോടും ചിട്ടയുമായ്!
എഴുപതു വർഷത്തെ
അനുഭവപാഠങ്ങൾ!
എൻ ബുദ്ധിയൊരു നല്ല
ഡയറിക്കുറിപ്പായി!
എനിക്കുതന്നെത്രയോ
അത്ഭുതമുളവായി!
എഴുതിയെടുത്തവ,
എന്നാത്മ കഥയായി!
എന്നാലിനി ചിന്തയായ്
അച്ചടിച്ചീടണമത്
അറിയപ്പെടാത്തോരു
ആളെന്ന നിലയിലെൻ
ആത്മകഥയെത്രപേർ
ആത്മകഥയെത്രപേർ
വായിക്കും? സംശയമായ്
പുതുപുത്തൻ ശൈലിയിൽ
അവതരിപ്പിച്ചെന്നാൽ
പലരും വായിച്ചീടാം,
ചിന്തിച്ചു ഞാനങ്ങിനെ
ആത്മകഥ പോയിട്ടു
നോവലിൽ, ചെറുകഥയിൽ
ആരുമിതേവരെ
കവിതയും ചേർത്തിട്ടൊരു
പുസ്തകമിറക്കിയി-
ട്ടില്ലെന്ന കാര്യമുടൻ
പുതിയ ശൈലിക്കെനി-
ക്കാധാരമായ് മാറി!
താമസ്സിച്ചില്ലൊട്ടും
കവിതയിലും കൈവച്ചു
തോന്നിയെനിക്കത്ഭുതം
കവിതയും വഴങ്ങുന്നു!
എല്ലായദ്ധ്യായത്തിനു-
മന്ത്യമതിൻ സാരാംശം
എഴുതിച്ചേർത്തൂ നല്ല
ശ്ലോകങ്ങൾ, മേമ്പൊടിയായ്
"ദണ്ഡകാരണ്യം മുതൽ
ഇന്ദ്രപ്രസ്ഥം വരെ"
എന്നാത്മകഥയുണ്ടായ് ,
'മറവിരോഗം' മൂലം!
ബാല്യത്തിൻ കഥകളിൽ
തുടങ്ങിവച്ചെങ്കിലും
വലിയ പ്രാധാന്യവും
ഔദ്യോഗിക കാലത്തിന്
അഴിമതിയ്‌ക്കെതിരേ,
അനീതികൾക്കെതിരേ
അനുസ്യൂതമൊറ്റയാൾ
പടപൊരുതി ജയിച്ചത്!
ആത്മകഥ വായിച്ച-
വരെല്ലാരുമൊന്നുപോൽ
അനുമോദിച്ചൂ, ചിലർ
അനുമോദിച്ചൂ, ചിലർ
ചൊല്ലീയിത് വെറുമൊരു
ആത്മകഥ മാത്രമ-
ല്ലുണ്ടിതിലൊരു നല്ല
ബാലസാഹിത്യവും
ഡിക്ടറ്റീവ് നോവലും
യാത്രാവിവരണോം
കവിതസമാഹാരവും
സാധാരണ നോവലും
ഒഴുക്കുള്ള ശൈലിയും!
മുഖപുസ്തക താളിലെ
നേരിൽക്കാണാത്തോരു
സഖിയൊരു പടികട-
ന്നെഴുതീയാ പുസ്തകേ
"അടൂരിൻ്റെ നല്ലയൊരു
ചിത്രം കാണും പോലെ
അത്യന്തമൊഴുക്കോടെ
വായിച്ചുപോകാമിതു!
"വേണേലിതിൽ നിന്നൊരു
ഉഗ്രൻ തിരക്കഥയും
വേർതിരിച്ചെഴുതീടാം
സംശയമെനിക്കില്ല!"
'എഴുതാ'നൊരിക്കലും
ചിന്തിച്ചില്ലാ, കവിത
എഴുതാൻ, രചിക്കുവാൻ
ഒട്ടുമേയതു പോലെ
എന്നിട്ടും രണ്ടിന്നും
മറവിയൊരു കാരണമായ്
എന്താണിതിങ്ങനെ,
'മറവിയൊരനുഗ്രഹമോ'!?
(Copy Right : Upagupthan K. Ayilara)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ