21. മനസ്സൊരു പ്രഹേളിക.
നിറങ്ങൾ നൂറ്റിയൊന്നും കൂട്ടിക്കലർത്തിയതിൽ
നവരസങ്ങൾതൻ കൂട്ടും ചാലിച്ചു ചേർത്തശേഷം
തീവ്രവികാരങ്ങൾതൻ ഊടുംപാവും നിരത്തി
തീർത്തോരു ക്യാൻവാസ്സാണ് മനസ്സിൻ മായാപ്രതലം
ഏവർക്കും സ്വയമതിൽ വരയ്ക്കാം ഇഷ്ട്ടപ്പെട്ട
ഭാവരൂപങ്ങളെന്നാൽ കരുതലുണ്ടാകേണം !
വലിപ്പച്ചെറുപ്പമൊന്നും കല്പിതമല്ലതിന്ന്
വരയ്ക്കും ചിത്രത്തിൻ്റെ വിഷയം പോലിരിക്കും
വിഷയമെന്തായാലും വ്യക്തിതൻ മനസ്സിൻ്റ
വലിപ്പം പോലിരിക്കും, നല്ലതാമല്ലാത്തതാം
വരയ്ക്കും വിഷയവും തൂലികതൻ മൂർച്ചയും
വരയ്ക്കും വ്യക്തിതന്റെ മനോവിരുതും മുഖ്യം!
സ്നേഹവും വിദ്വേഷവും. ദ്വേഷ്യവും വരച്ചീടാം
സ്വപ്നവും സായൂജ്യവും ആശയും നിരാശയും
കരുണയും കാലുഷ്യവും എന്തുവേണമെങ്കിലും!
വരയ്ക്കുന്നതെന്തെന്ന സ്വബോധമുണ്ടാവണം
വികാരത്തിൻ തലത്തിൽ അറിയാതേയമർത്തി
വരച്ചാലൊലിച്ചീടും നിറമില്ലാക്കണ്ണീർച്ചായം
നർമഭാവം കലർത്തി വരച്ചാൽ തെളിഞ്ഞീടും
നറുപുഞ്ചരി, പിന്നെ പൊട്ടിച്ചിരിയും കേൾക്കാം
പ്രണയത്തിന്റേയിളം ചൂടുള്ള വികാരങ്ങൾ
പ്രകടിപ്പിച്ചീടുകിൽ മനസ്സിന്നുന്മേഷമാം
കരുണതന്നരുണാഭ ഭാവം നിറയുമ്പോൾ
കരുതൂ മനസ്സൊരു തുളുമ്പാ നിറകുംഭം !
അനുരാഗമായിടാം ഒഴിവാക്കിടൂ കാമം
മനപ്പായസം കുടി അഭിവാഞ്ചയായ് മാറാം
വെറുപ്പും വിദ്വേഷവും മനസ്സിൽ വരയ്ക്കുകിൽ
കറുപ്പിൻ നിറമാർന്നു വിഷലിപ്തമായിടും
അരുതാത്ത ചിന്തകൾ മനസ്സിൽ വരച്ചെന്നാൽ
അകതാരൊരു വെറും തരിശ്ശിന്നിടമാകാം
ചിലന്തിവലകളാൽ വികലമാകാം, നൂലാ-
മാലകളാലേ ചുറ്റി വീർപ്പുമുട്ടാലുഴറാം
സംശയ രോഗം വന്നാൽ മനസ്സിന്റെ താളവും
സാരഭാവാദികളും കൈമോശം വന്നുപോകും!
മനസ്സിന്റെ പ്രതലത്തിൽ സ്നേഹോഷ്‌മളമാകും
മാസ്മരിക ഭാവങ്ങൾ തെളിയിക്കേണമെന്നും
നന്മതൻ നറുതേനിൽ ചിന്തകൾ വിളയിക്കൂ
സന്മനോഭാവങ്ങളാലുള്ളങ്ങൾ തിളങ്ങട്ടേ
അറിയൂ മനസ്സിന്റെ കണ്ണാടിയാം വദനം
അറിയൂ മനസ്സൊരു വലിയ പ്രഹേളിക!!!
.
"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ