7. ചൊല്ലുമോ തിങ്കളേ?
തിരുവോണരാവിലീയംബര മുറ്റത്ത്
തിരക്കേതുമില്ലാതലയും പനിമതീ
തരുവാനാകുമോയെന്റെ ചോദ്യങ്ങൾക്ക്
ശരിയാമുത്തരം പൊളിചൊല്ലിടാതെ?
മാനത്തെ വെൺമേഘത്തോപ്പിലൂടെ മെല്ലെ
താനേ നടന്നൊരു ചൂട്ടും തെളിച്ചുകൊ-
ണ്ടമ്പിളിയമ്മാവാ എന്തേ തിരയുന്ന-
താമ്പൽ വിരിഞ്ഞോന്നു നോക്കിയതാണോ നീ?
നേരം വെളുക്കുമ്പോൾ ഓടിയൊളിക്കുവാൻ
കാരണമെന്തെന്നു ചൊല്ലുമോ തിങ്കളേ?
സൂര്യതാപത്തെ ഭയന്നോ നിൻ ചൂട്ടൊളി
സൂര്യപ്രശോഭയിൽ മങ്ങും ഭത്താലോ?
ഓരോ ദിവസവുമെന്നിട്ടും നിൻശോഭ
കാരണമില്ലാതെ മങ്ങുമോ? ചൊല്ലു നീ
കാരണമില്ലാതെ മങ്ങുമോ? ചൊല്ലു നീ
സൂര്യപ്രഭയുടെ മൂർച്ചയിൽ തേഞ്ഞുവോ?
താരകൾ നിൻപ്രഭ മോഷ്ടിച്ചെടുത്തുവോ?
രാത്രിജം കൺചിമ്മി നിന്നെ ക്ഷണിച്ചീടും
പൂത്താലി നിൻമുൻപിൽ തരളിതയായീടും
ഉഡുരാജാ നിൻ പ്രേമമാരോട് കൂടുതൽ?
ഉഡുവിനോടാണോ നെയ്താമ്പലിനോടോ?
വെമ്പൽകൊൾവൂ നിന്റെ കിരണസ്പർശത്തിനായ്
ആമ്പൽമുകുളങ്ങൾ, കനിയൂ നിശാകരാ
കുവലയപ്രണയത്തെ കാണാതിരിക്കുവാൻ
ആവില്ല തന്നെ നിനക്കു കലാധരാ.
ഹിമകരാ നീയെന്തേയർക്കനെ ധ്യാനിക്കേ
ഭൂമുഖമാകെയിരുട്ടിലാഴ്ത്തീടുന്നൂ?
ധ്യാനിക്കും നിൻമുഖഭാവങ്ങളെന്തെന്നീ
ധ്യാനിക്കും നിൻമുഖഭാവങ്ങളെന്തെന്നീ
ധരണിയിലാരുമേ കാണാതിരിക്കാനോ?
എവിടുന്ന് കിട്ടിയീ മുയലിന്റെ കുഞ്ഞിനെ?
എന്തിനാണെപ്പോഴും കൂടെക്കൂട്ടീടുന്നെ?
മേഞ്ഞുനടക്കാനനുവദിച്ചീടുകിൽ
മേഘങ്ങൾക്കുള്ളിലൊളിച്ചീടുമോ അവൻ?
തമോസുദാ നിൻറെയീ സുന്ദരയാനനം
തമസ്സിൻ നിഴലാലേ മങ്ങിയതെങ്ങിനെ?
തമസ്സിൻ നിഴലാലേ മങ്ങിയതെങ്ങിനെ?
അർക്കനെ ധ്യാനിക്കേ ചൂടേറ്റു വാടിയോ?
അരുമമുയലിന്റെ നിഴൽ വീണ് മൂടിയോ?
എത്രമേൽ നിന്മുഖം വാടിയാലും വിധൂ
എത്രമേൽ നിന്നൊളി മങ്ങിയാലും ശശീ,
ധാത്രീനിവാസിക്കു നീ പ്രിയ 'ചന്തിരൻ'
അത്രയ്ക്കവർ നിന്നെപ്പാടിപ്പുകഴ്ത്തീടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ