വൃത്തം : മാലിനി
ലക്ഷണം
"നന മയ യുഗമെട്ടിൽത്തട്ടണം മാലിനിക്ക് "
താളഗതി :- ത ത / ത ത / ത ത /തം തം /
അഥവാ
തംത തം / തം ത / തം തം /
വൃത്തശാസ്ത്ര സങ്കേതമനുസരിച്ച് ന ന മ യ യ എന്നീ ഗണങ്ങളോടെ എട്ടാമത്തെ അക്ഷരം കഴിഞ്ഞ് 'യതി ' വരുന്ന വൃത്തമാണ് മാലിനി. അതിശക്വരി എന്ന ഛന്ദസിൽപ്പെട്ട ഈ വൃത്തത്തിലെ ഓരോ വരിയിലും 15 അക്ഷരങ്ങൾ വീതം കാണും. മാലിനി എന്ന വൃത്തത്തിലെഴുതിയ നിരവധി പ്രസിദ്ധങ്ങളായ രചനകൾ മലയാള കാവ്യ പ്രസ്ഥാനത്തിലുണ്ട്. ആധുനിക കവിത്രയത്തിൽ ഒരാളായ ഉള്ളൂർ എസ് പരമേശരയ്യരുടെ മഹാകാവ്യമായ ഉമാകേരളത്തിലെ പതിനെട്ടാം സർഗം പൂർണ്ണമായും മാലിനി വൃത്തത്തിൽ എഴുതിയിട്ടുള്ളതാണ്. കേരളത്തിലെ ശാകുന്തളം എന്ന് വിമർശകൻമാർ വിശേഷിപ്പിക്കുന്ന ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ ഒന്നാംദിവസത്തിലെ പല ശ്ലോകങ്ങളും മാലിനിയെന്ന സംസ്‌കൃത സമവൃത്തത്തിൽ എഴുതിയിട്ടുള്ളതാണ്.
ഉദാഹരണം :--
"മതിമതി പറയേണ്ടാ ഭാർഗ്ഗവ സ്വർഗ്ഗമാകും
ക്ഷിതിയ ഹഹ! വഹിക്കും ധർമ്മരാജ്യാഭിധാനം
പതിവിനു നരകാർത്ഥ തിങ്കലൊക്കേണ്ടതാകും
സ്ഥിതിയിൽ വരികിലെന്താണപ്പുറം മൂപ്പുരാരേ "
മതിമ / തിപറ / യേണ്ടാഭാർ / ഗ്ഗവസ്വർ / ഗ്ഗമാകും /
u u u സർവ്വലഘു ന ഗണം / u u u സർവ്വലഘു ന ഗണം / -- -- -- സർവ്വഗുരു മഗണം / u -- -- ആദ്യലഘു യ ഗണം / u -- -- ആദ്യലഘു യ ഗണം /
ക്ഷിതിയ / ഹ ഹ!വ / ഹിക്കുംദർ / മ്മരാജ്യാ / ഭിധാനം /
u u u സർവ്വലഘു ന ഗണം / u u u സർവ്വലഘു ന ഗണം / -- -- -- സർവ്വഗുരു മ ഗണം / u -- -- ആദ്യലഘു യ ഗണം / u -- -- ആദ്യലഘു യ ഗണം /
കൂട്ടുകാരേ,
മാലിനി ഒരു സംസ്‌കൃത സമ വൃത്തമായതുകൊണ്ട് എല്ലാ വരിയിലേയും ഗണവ്യവസ്ഥ ഒരുപോലെയാണ്. തുടർവരികൾ വൃത്തം നിർണ്ണയിച്ചു നോക്കുമല്ലോ?
( തുടരും )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ