2022 ഒക്‌ടോബർ 9, ഞായറാഴ്‌ച

(included) ജനപ്പെരുപ്പം അത്ര മോശം കാര്യമല്ല! (സാമ്പത്തിക ശാസ്ത്ര കവിത )


.     (സാമ്പത്തികശാസ്ത്ര കവിത)

ജനപ്പെരുപ്പം അത്ര മോശം കാര്യമല്ല!


എണ്ണൂറു കോടിയായീടും മനുഷ്യന്റെ 
എണ്ണമീലോകത്തീവർഷം പോലും!

ഇന്ത്യയീവർഷം കടന്നുപോം ചൈനതൻ
മുന്തിയോരൊന്നാം ജനസംഖ്യയും!

നല്ലതല്ലാപോലുമീയാൾപ്പെരുപ്പമെ-
ന്നല്ലോ ജനസംഖ്യാശാസ്ത്രം ചൊല്ലൂ.

ലോകത്തിലൊന്നാമതായിമാറീടുകി-
ലാകുവതെങ്ങനെ മോശം കാര്യം?

ആയിരത്തിയെണ്ണൂറാമാണ്ടിലോ ജനം 
ആയിരുന്നു നൂറു കോടിയെങ്കിൽ

ഇന്നാജനസംഖ്യയെണ്ണൂറു കൊടിയാം
ഇന്ന് നാൽപ്പത്തഞ്ചാണ്ടധികായുസ്സും!

ആളുക്കുപഭോഗം പതിന്നാലിരട്ടി
ആയേലു,മുൽപ്പന്നമേറെപ്പോലും! 
   
ആൾപെരുപ്പം പിന്നിലാക്കിയിപ്പൊഴിതാ 
ഉത്പാദനമേറെ മുന്നിൽപോലും!

എത്രമാത്രം സത്യമുണ്ടായിടുമിക്കാ- 
ര്യത്തിലെന്നൊന്നറിഞ്ഞീടവേണ്ടേ?

മൊത്തം പ്രപഞ്ചസമ്പത്തേയളക്കുവാൻ
ഒത്തിടാനാകാത്ത കാരണത്താൽ

എപ്രകാരം കണക്കാക്കാമതെന്നുള്ള
ഏകകം വേണ്ടിടും തിട്ടമാക്കാൻ

മാനദണ്ഡം പുത്തനായിട്ടിതാ കൊണ്ടു-
വന്നിതേ രണ്ടര്‍ത്ഥശാസ്ത്രജ്ഞന്മാർ 

'പൂലിയും' 'തൂപി'യുംചൊല്ലുന്നുപുത്തനാം 
പോംവഴിയുണ്ടു മറികടക്കാൻ 

ഒറ്റയാൾക്കായിട്ടൊരേദിനം വേണ്ടിടും 
ഒറ്റയുൽപ്പാദനം,വാങ്ങുവാനായ് 

എത്രയാകും മണിക്കൂറയാൾ തൻജോലി
ചെയ്തീടവേണ്ടതെന്ന കണക്കിൽ,

'നേരം-നിരക്കെ'ന്ന സിദ്ധാന്തമോതുന്നു 
കാര്യവും കാരണവും നിരത്തി!

"വ്യക്തിസമ്പത്തു സമൃദ്ധി സംവർധക-
*തത്വം", അതിന്നവർ പേരുമിട്ടു!
 
അപ്രകാരം പതിറ്റാണ്ടുകൾ ഏഴിന്നു- 
മപ്പുറം ചെയ്തോരു ജോലിക്കന്ന് 

വേണ്ടിവന്നേഴെട്ടു മണിക്കൂറെങ്കിലോ  
വേണ്ടതിന്നൊറ്റ മണിക്കൂർ മാത്രം!

നൂറിന്നെഴുപത്തഞ്ചെന്നതോതിൽ,പോയ
നാൽപ്പതോളം നീണ്ട വർഷങ്ങളിൽ

പാരിൽ ജനപ്പെരുപ്പമുണ്ടായീടവേ
'നേരം-നിര'ക്കോ കുറഞ്ഞുപോലും:

നൂറ്റിന്നെഴുപത്തഞ്ചെന്നതോതിലുൽപ്പ-
ന്നങ്ങളമ്പതെണ്ണം ചേർത്തുവച്ചാൽ 

നൂറിന്നൊരംശമെന്ന തോതിൽ ഭൂമിയിൽ
ഏറും ജനസംഖ്യയെന്നിരീക്കേ 

'സമ്പദ്സമൃദ്ധിതൻ മുന്നേറ്റമാകട്ടെ 
സമ്പൂർണമാമെട്ട് ശതമാനമാം .

സാങ്കേതികത്വവും മസ്തിഷ്കശക്തിയും
കെങ്കേമമായിട്ടു വർദ്ധിക്കയാൽ 

എത്രയേറേയാൾപെരുപ്പമുണ്ടാകിലും  
അത്രനാം വേവലാതിപ്പെടേണ്ടാ!

ബുദ്ധിശക്തിയുള്ളോരേറെയുണ്ടായിടും
ഒത്തൊരുമിച്ചു മുന്നേറാനാകും!

ആഘോഷമാക്കിടാമെണ്ണൂറു
കോടിതി-
കക്കുന്നൊരാപ്പുതുജീവനേയും!

പ്രത്യാശയോടിരിക്കാം ചൈനയേജയി-
പ്പാനായിട്ടെത്തുമാ മുത്തിനായും!.
 
സമ്പദ് വ്യവസ്ഥയിൽ *രണ്ടാ*മതിന്നിന്ത്യ
സാദ്ധ്യമാമൊന്നാമതാകാൻ വേഗം.

ഒന്നാമതായിടേ രണ്ടുകാര്യത്തിലും***
അന്നുമാഘോഷമാക്കാമെന്നാലും  

സമ്പത്തു കൂട്ടുന്നതിൽ കാര്യമില്ലഹോ 
സമ്പത്തൊരുപോലെല്ലാർക്കുമില്ലേൽ?

സമ്പത്തൊരേപോലെവീതിക്കിലിന്ത്യയോ
കൊമ്പത്തെ രാജ്യമായിട്ടു മാറും!

-------------------------------------------------------------------
*വ്യക്തിസമ്പത്തു സമൃദ്ധി സംവർധക =
Personal Resouece Abundance Multiplier'

**Reported by PHD Chamber of Commerce and Industry
***ജനസംഖ്യയിലും സമ്പദ്വ്യവസ്ഥയിലും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ