. (മഞ്ജരി)
. ഉപഗുപ്തൻ കെ അയിലറ
ഐതിഹ്യനായകന്മാർപലർക്കുമുണ്ടാം
കൈതവം തീണ്ടിയ പൂർവ്വജന്മം.
കർണ്ണനുമുണ്ടായിരുന്നഹോ തന്റെയാ
പൂർവ്വജന്മത്തിൽ കഥയിതേപോൽ.
ത്രേതായുഗത്തിൽ നടന്നതാണക്കഥാ
തന്തു, അതിന്നും പ്രസക്തമല്ലോ
ദംബോദ്ഭവ നാമാവായോരു രാക്ഷസൻ
അമ്പേ,യമരത്വം മോഹിച്ചുപോയ്!
ആദിത്യധ്യാനത്തിലായവൻ നിത്യവും,
ആണ്ടുകൾ നീണ്ടുപോയോരു ധ്യാനം!
സൂര്യദേവൻതന്റെ പ്രീതി നേടീട്ടവൻ
സാകൂതമാവശ്യപ്പെട്ടൂ വരം:
"എന്നെച്ചിരഞ്ജീവിയാക്കിമാറ്റീടണം,
എന്നുമെൻ ജീവൻ നിലനിൽക്കണം".
കൂസലില്ലാതവൻ ആവശ്യമോതവേ
കോപം നിയന്ത്രിച്ചു നിന്നു ദേവൻ
അർക്കദേവന്നാകയില്ലാ വരമേകാൻ
ആരും മരിക്കാതിരിക്കില്ലല്ലോ!
ആകില്ല നല്ലകാര്യത്തിനായാവരം
ആവശ്യപ്പെട്ടതെന്നുമറിയാം
"ചോദിച്ചിടൂ വേറെയെന്തുവേണോങ്കിലും"
ആദിത്യനോതീയവനൊടുടൻ .
കൗശലക്കാരനാമാരാക്ഷസനുണ്ടോ
കിട്ടിയോരാ യോഗം കൈവിടുവാൻ!
സൂത്രപ്പണിയാലേ കാര്യമൊപ്പിക്കുവാൻ
സൂര്യനോടായവൻ ചൊല്ലിയല്ലോ
"രക്ഷാകവചങ്ങൾ ആയിരം തന്നിടൂ,
രണ്ടുകാര്യങ്ങളുറപ്പാക്കിടൂ
"ആയിരം വർഷം തപസ്സനുഷ്ഠിക്കാതെ
ആരും കവചം മുറിച്ചുകൂടാ.
"പ്രാപ്തനാകുന്നവൻ ചട്ട പൊട്ടിക്കവേ
പ്രാപിച്ചിടവേണം മൃത്യുവിനെ".
ആവതില്ലാവരം നൽകാതിരിക്കുവാൻ,
അസ്വസ്ഥനായ് നിന്നുപോയർക്കനും
ഗത്യന്തരമില്ലാതേകീ വരം സൂര്യ-
നത്യന്തമാം ഖിന്നമാനസ്സനായ്
വിഷ്ണുദേവന്നോടുണർത്തിതൻ സങ്കടം
"വീഴ്ചയുണ്ടാകാതെ രക്ഷിക്കണം"
"വേവലാതി വേണ്ടാ" ആശ്വസിപ്പിച്ചർക്ക-
ദേവനേയും വിഷ്ണു, ശാന്തനായി.
"രക്ഷിച്ചിടാം ഭൂമിയേയഥർമ്മത്തിൽനി-ന്നക്ഷോഭ്യനായിക്കഴിഞ്ഞുകൊൾക"
ദംബോദ്ഭവന്നഹങ്കാരമേറീ,യവൻ
എമ്പാടുമാടുകയായ് സംഹാരം.
തന്നോടെതിർക്കുന്നവരേയെല്ലാമവൻ
തോൽപ്പിച്ചു കാലപുരിക്കയക്കും
ആരുമേനേരിട്ടവനെത്തോൽപ്പിക്കുവാൻ
ആകാതെ വന്നിടേയെല്ലാവരും
ഏകീ 'സഹസ്രപ്പടച്ചട്ടയുള്ളവൻ'
എന്നോരുചിതമാം പേരവാന്നായ്.
***** ***** *****
കാലം കടന്നുപോകേ പോംവഴിയൊന്നും
കാണാതെയക്ഷമരായ് മാനവർ
എന്നിരുന്നാലുമുണ്ടാകാതെ പോയിടാ
എന്തെങ്കിലും പോംവഴിയൊരിക്കൽ
ബ്രഹ്‌മന്റെ മാനസ്സപുത്രനാം ധർമ്മന്റെ
ഭാര്യയാം മൂർത്തി, ദക്ഷന്റെ പുത്രി,
ദംബോദ്ഭവൻ തന്റെ ശല്യങ്ങളേറിടേ
ദാക്ഷിണ്യമെന്യേ തപസ്സു ചെയ്തു
രക്ഷകൻ വിഷ്ണുവിൻ പ്രീതിസമ്പാദിച്ചു,
രക്ഷിച്ചിടാമെന്നുറപ്പു നേടി
ജന്മമേകീ,യപ്രകാരം തഥാ മൂർത്തി,
ജോഡി നാരായണനും നരന്നും.
കാനനത്തിൽ വസിച്ചീടേയവർ നീല-
കണ്ഠന്റെ ഭക്തരായിട്ടുമാറി
ഒപ്പം പഠിക്കയായായോധനശാസ്ത്രം
എപ്പോഴുമൊന്നിച്ചവരുണ്ടാകും
എന്തെങ്കിലും ചെയ്യുവാനൊരാൾ ചിന്തിക്കെ,
അന്ത്യമതിന്നു കാണുമപരൻ.
അന്യോന്യവിശ്വാസമേറെയുണ്ടാകയാൽ
എന്നുമവർ ദൃഢബന്ധം കാത്തു.
ആരുംനിനയ്ക്കാതെ ദംബോദ്ഭവൻ ചെന്നു
നാരായണന്മാർ വസിക്കും വനേ
പോരാട്ടവുമായിട്ടാണവൻ വന്ന,താ
നേരം നരൻ തപസ്സ് ചെയ്കയാലേ
നാരായണന്നുകിട്ടും നരന്റെ തപസ്സ്-
വീര്യവും കൂടെന്നതാണു സത്യം!
നാരായണനേറ്റുമുട്ടീയവനോടായ്
പോരിലാദ്യത്തെക്കവചം പൊട്ടി
വീഴേ സഹസ്രപ്പടച്ചട്ടധാരകൻ
വേവലാതിപൂണ്ടുപോയെന്നാലും
കിട്ടിയോരാ വരത്തിന്റെ ശക്തിയാലേ
പട്ടുപോയല്ലോ നാരായണനും!
മുക്കണ്ണനന്നേകിയോരു മൃത്യുഞ്ജയ
മന്ത്രം നാരായണന്നേകി ജീവൻ!
നാരായണന്മാരീവണ്ണം തപസ്സിലും
പോരിലും പൂകേ സഹസ്രവർഷം
പൊട്ടിവീണിതേ ദംബോദ്ഭവന്റെ രണ്ടാം
ചട്ട, വരത്തിൻ ഫലത്തിനാലേ
ഓരോസഹസ്രവർഷത്തിലും തെറ്റാതെ
ഓരോചട്ടയെന്നുള്ള ക്രമത്തിൽ
തൊള്ളായിരവും തൊണ്ണൂറും തഥായൊമ്പ-
താമത്തെചട്ടയും പൊട്ടിവീഴേ
ദംബോദ്ഭവന്നു തോന്നീയവന്നായിടാ
ദീർഘകാലം ജീവിക്കാനിനിയും
രക്ഷ തേടീയെത്തി വേഗേന തന്റെയാ
രക്ഷകൻ സൂര്യന്റെ പക്കലവൻ
"വിട്ടുതന്നീടൂ അവനേ"യെന്നായ് നരൻ
വിട്ടുകൊടുത്തില്ല സൂര്യദേവൻ.
ഭക്തനാം ദംബോദ്ഭവന്നെ ത്യജിക്കാന-
ശക്തനായർക്കദേവൻ മാറിടേ
ശാപം വിധിച്ചൂ നരൻ സൂര്യദേവനായ്
"ദ്വാപരേ നീ പിറക്കും മർത്യനായ്"
******* ******* *******
ത്രേതായുഗം തീർന്നതോടെ, ദംബോദ്ഭവൻ
താൽക്കാലികമായി തന്റെ ജീവൻ
കാത്തുരക്ഷിച്ചുവെന്നാകിലും പിന്നാലെ-
യെത്തുമാ, ദ്വാപര കാലഘട്ടേ
സൂര്യാംശവും പേറി കർണ്ണനെന്നുള്ളോരു
പേരുമായ് കുന്തിതൻ പുത്രനായി,
ദംബോദ്ഭവന്റെയാ ശേഷിച്ചിടും ഏക
ദീപ്തിയേറുന്ന കവചമാകും,
കാതിലെക്കുണ്ഡലം തന്നെ രക്ഷിക്കുവാൻ
കൂട്ടുമായ്, ജന്മമെടുത്തു ഭൂവിൽ
ശാപം ഫലിച്ചീടവേണമല്ലോയേതു
ശക്തിക്കുമാകാ തടുക്കുവാനായ്ട്ടേ
വിഷ്ണുദേവൻ സൂര്യനുംതഥാ മൂർത്തിക്കും
വാഗ്ദാനമേകിയതും ഫലിക്കാൻ
പാരിതിൽ കൃഷ്ണനായും അർജ്ജുനനായും
നാരായണനും നരനുമെത്തി.
കർണ്ണനെത്തീ കൗരവപക്ഷത്തെങ്കിലോ
കൃഷ്ണാർജ്ജുനന്മാർ പിടിച്ചു പക്ഷം
പാണ്ഡവന്മാരോടുമൊപ്പം കുരുക്ഷേത്ര
യുദ്ധേ മുഖാമുഖം ഏറ്റുമുട്ടാൻ.
കർണ്ണനെക്കൊല്ലുവാനർജ്ജുനന്നായിടാ
കാതിലെക്കുണ്ഡലം ചട്ടയല്ലോ
പാർത്ഥതാതനിന്ദ്രൻ ബാഹ്മണൻ വേഷം പ-
കർന്നിട്ടു കർണ്ണന്നടുത്തു ചെന്നു
ചോദിച്ചു മോദേന "തന്നിടൂ നിന്റെയീ
ചേലെഴും കുണ്ഡലം ദാനമായി"
ദാനശീലൻ കർണ്ണനാകില്ലൊഴിവാക്കു-
വാനാ,കവചം കൊടുക്കവേണം
അർക്കനാകൈതവത്തിൻ സൂചന കിട്ടേ
കർണ്ണന്നു മുന്നറിയിപ്പേകുവാൻ
എത്തീ വിഭാവാസുവാം ബ്രാഹ്മണനായി-
ട്ടെന്നിട്ടു ചൊല്ലിയാ "ദാനം വേണ്ടാ"
തൻപിതാവിന്റെയാ താതന്റെ ജീവൻ😘ക്കീത് വകവക്കാ താമകൻ തെറ്റായി സഞ്ചരിച്ചോ?
കർണ്ണന്റെ തീരുമാനത്തിലുണ്ടാകില്ല
കാര്യമാം മാറ്റമതെന്നറിയേ
അസ്വസ്ഥനായിട്ടി/തർക്കൻപ/റഞ്ഞിതേ
ആവശ്യപ്പെടുക പകരമായി
ശൂലം തനിക്കോരജയ്യനായീടാനെ-
ന്നാലാക കർണ്ണന്നതും വാങ്ങുവാൻ
ഏറെവാഴ്ത്തപ്പെടാനാഗ്രഹം തോന്നിടേ
ഏകി മുൻപിൻ നോക്കിടാതെ ദാനം
നാരായണന്റേം നരന്റെയും കൈകളാൽ
പോരിലാ ജീവൻ പൊലിയുവാനായ്
വർഷങ്ങളായിരം ആയിരം അപ്പുറം
തീർപ്പുകല്പിച്ചിരുന്നോരു വിധി!
ആർക്കും തടുക്കാനാകാതെ ദംബോദ്ഭവ-
കർണ്ണൻ പൊലിഞ്ഞൂ കുരുക്ഷേത്രയിൽ!
(Copy Right : Upaguptham K Ayilara)
. (ചിത്രത്തിന് കടപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ