. മനസ്സെന്ന 'സൂത്രം'
. (ഭൂജംഗപ്രയാതം )
വിഷാദത്തിരയ്ക്കുള്ളിലായെത്രനാൾ ഞാൻ
വലഞ്ഞെന്നതോർത്തിട്ടുതിർക്കുന്നു രോഷം.
മനസ്സിൻകടിഞ്ഞാൺ നിയന്ത്രിക്കുവാ നായ്
എനിക്കെന്തെയാകാതെപോയിത്രനാളും?
എനിക്കെൻ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ
തനിച്ചൊന്നു പൂകാൻ, വികാരം ശമിപ്പി-
ച്ചിരുന്നിന്നുഷാറോടുമുത്സാഹമോടും
ചിരിച്ചുല്ലസിക്കാൻ,കഴിഞ്ഞെന്നുവന്നാൽ!
അകത്തുള്ളതൊക്കെപ്പുറത്തേക്കുതള്ളീ
ട്ടകക്കാമ്പിനിമ്പം പകർന്നങ്ങുനൽകാം
വസിച്ചീടുവാനാകുമന്യർക്കുമുൻപിൽ
അസന്തുഷ്ടിയും പോരുമില്ലാതെയെ ന്നും.
മനക്ലേശമില്ലാതുറക്കെച്ചിരിക്കാം
തനിച്ചെന്നതോന്നൽ തികച്ചും ത്യജിക്കാം
വെളിച്ചത്തിലേക്കങ്ങിറങ്ങിക്കുളിക്കാം
വിഹായസ്സിലെല്ലാമെ പൊങ്ങിപ്പറക്കാം.
മറക്കാമിനിത്തൊട്ടു ഞാനെന്നഭാവം
പുറത്തേക്കുതള്ളാം തനിക്കെന്നതോ ന്നൽ
ഗമിക്കുന്നതാം നന്നു കാലത്തിനൊപ്പം,
ശ്രമിക്കാ പ്രവാഹം മുറിച്ചങ്ങുനീന്താൻ.
മറക്കേണ്ട വന്നീടുമീഭൂവിലായ് നാം
വെറുംകയ്യുമായിട്ടു തന്നെന്നകാര്യം.
മടക്കത്തിലാർക്കും അതേപോലെ,യാകി
ല്ലെടുത്തോണ്ടു പോകാ,നൊരൊറ്റത്തുരു മ്പും
മനുഷ്യന്റെ ഓരോ അവസ്ഥക്കവൻതാൻ
മെനഞ്ഞീടുമോരോ കുരുക്കിന്റെ സൂത്രം.
മറന്നാൽ 'വിതയ്ക്കുന്നതേകൊയ്യു'വെ ന്നാ
ഉറപ്പുള്ള ചൊല്ലിൻ ഫലം തിക്തമല്ലോ!
മറക്കാതെയീനൽപ്രമാണം മനസ്സിൽ
കുറിച്ചിട്ടു വർത്തിക്കിലോ നന്മ നൂനം.
മനുഷ്യന്റെയത്യാഗ്രഹങ്ങൾ പെരുത്താൽ
മറന്നീടുമീചൊല്ലവൻ നിഷ്പ്രയാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ