ചിങ്ങപ്രഭാതം പ്രഭാപൂരമാക്കിയാ
ചന്തമേറും മാമലകൾതൻ മീതെകൂ-
ടെത്തിനോക്കീടുന്നൊരർക്കന്റെ രശ്മികൾ-
ക്കെത്രചേലുണ്ടെന്നു ചൊല്ലുവാനാവില്ല!
പച്ചിലച്ചാർത്തിന്റെയഗ്രത്തു തൂങ്ങിടും
മഞ്ഞിന്റെ തുള്ളിയിൽ മെല്ലവേചുംബിച്ചു
നിർമ്മിച്ചിടുന്നൊരാ കൊച്ചുബിംബങ്ങളോ
തീർത്തും മനസ്സിനാനന്ദമേകീടുന്നു.
തെന്നലിൽ ആലോലമാടും സുമങ്ങളിൽ
മന്ദമായ്ചുംബിച്ചു പൂവിൻ നറുഗന്ധം
പേറിക്കറങ്ങിയച്ചുറ്റുപാടൊക്കവേ
ഏറെയാഗന്ധം പരത്തുന്നു മാരുതൻ
മഞ്ഞവർണ്ണപ്പൂക്കളും പതംഗങ്ങളു-
മൊന്നുപോലോണമിങ്ങെത്തിയെന്നോതവേ
പൂക്കൂടയുമായിബ്ബാലികാബാലകർ
പൂനുള്ളുവാനായ് പ്രഭാതേയിറങ്ങിടും.
വായ്ക്കുന്ന മോദമോടാണവർ പൂക്കളം
തീർക്കുന്നതാ ചത്വരത്തിൻ നടുക്കായി.
വീട്ടിൻവളപ്പിലെപ്ലാവിലും മാവിലും
വീട്ടുനാഥൻ കെട്ടിടുന്നൂയ,ലാടുവാൻ.
പൈക്കളേയും കുളിപ്പിച്ചു ഗൃഹനാഥൻ
പുല്ലവയ്ക്കേകുന്നിതോണമുണ്ണാനായി.
സ്വാദിഷ്ടമാകും വിഭവക്കൂട്ടൊത്തുള്ള
സദ്യയ്ക്കു വീട്ടമ്മ കോപ്പുകൂട്ടീടുന്നു.
മത്സരിച്ചോരോ വിനോദത്തിലേർപ്പെട്ടു
ഉത്സാഹമോടാസ്വദിക്കുന്നു ബാലകർ
മാവേലിയെയാഹ്ലാദത്തോടെതിരേൽക്കാൻ
ആവതും നന്നായൊരുങ്ങുന്നു നാട്ടുകാർ
മന്ദാനിലനോണത്തുമ്പിപ്പുറത്തേറി
മന്ദമായ് യാത്രചെയ്തെല്ലാമെ വീക്ഷിപ്പു
ഇക്കണ്ടകാഴ്ചകളൊക്കെയുംഞാനൊരു
ചെക്കനായിട്ടന്നു കണ്ടവമാത്രമാം
ഇന്നെൻ സഹവർത്തിയായുള്ളവർക്കൊ
ക്കെ
എന്നും ഗൃഹാതുരത്വത്തിന്റെ കാഴ്ചകൾ
ഇന്നവകാണുവാനാകില്ലതുപോലെ
ഇന്നത്തെക്കുഞ്ഞുങ്ങൾക്കന്യമായ്തീർന്നവ!
ആവില്ലിനിയൊന്നും നേരിട്ടു കാണുവാൻ
കൈവിട്ടുപോയിതെന്നേക്കുമക്കാഴ്ചകൾ
കാലമേ മാറി,ത്തിരിച്ചില്ലിനിപ്പോക്ക്
ചേലൊത്ത കാഴ്ചമേൽ വീണൂതിരശ്ശീല!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ