2021 ഓഗസ്റ്റ് 7, ശനിയാഴ്‌ച

സ്വപ്നസഖി സുലൈമാൻ


.        സ്വപ്ന സഖി സുലൈമാൻ  

ഇന്നലെ രാവിന്റെയിളം കുളിരിൽ ഞാൻ
ഒന്നുമറിയാതെ നിദ്രയിലാണ്ടുപോയ്

രാവിന്റെയന്ത്യയാമത്തിലെന്നോർമ്മ തൻ
രജതച്ചിമിഴ് തുറന്നതിൽ നിന്നെന്റെ  

ബാല്യസഖി, സുലൈമാൻ, പുഞ്ചിരിതൂകി 
ബാല്യത്തിന്നിടനാഴിയിലേക്ക് ക്ഷണിക്കേ 

നടന്നു ഞാനവനൊപ്പം ഗ്രാമത്തിലെ
ഇടവഴിയിലൂടെയും മെറ്റലിട്ട- 

തിളകിയ റോഡിലൂടകലെയുള്ള 
സ്കൂളിനെ ലക്ഷ്യമായ്സൊറയും പറഞ്ഞ് .  

പാതിവഴിയിലെ ചന്തയിലെത്തവേ 
അതുവരെക്കൂടെയുണ്ടായിരുന്നോരാ 

ചങ്ങാതിയെക്കാണാതായി പെട്ടെന്നഹോ!
ചന്തയിലാൾകൂട്ടമദ്ധ്യേ തെരഞ്ഞു ഞാൻ

ചെല്ലവേയുണ്ടവൻ വിൽക്കുന്നു സർബ്ബത്, ചില്ലുഗ്ളാസ്സിൽ നിറമുള്ളോരു നീരായി.

നീട്ടി മെല്ലേയവൻ  ഒരു ഗ്ളാസ്സു ചോപ്പു 
നിറമുള്ളൊരാ വെള്ളമെനിക്കു നേരേ      

ചൊല്ലീയവനെന്നി, ട്ടെന്നോടു, നീ പോകൂ,
ഇല്ലാ,  വരില്ല ഞാനിന്നു വിദ്യാലയേ.

പതിയെ നടന്നുഞാൻ സ്കൂളിലേക്കെന്നാൽ
പിൻ വിളികേട്ടു പാതി വഴിയെത്തവേ :

"നില്ലെടോ കൂട്ടുണ്ടു ഞാനും കുറേ വഴി, 
ഇല്ല,  ഞാനെങ്കിലു, മിന്നു വിദ്യാലയേ"

ചങ്ങാതിയുണ്ടതാ പിറകേ വരുന്നൂ
ചടുലച്ചുവടും   ഒരു കയ്യിലായി   

പായസ്സക്കലവും  തൂക്കിപ്പിടിച്ച് മറു 
കയ്യിൽ ഗ്ളാസ്സുകളുടെ തൂക്കും പിടിച്ചോണ്ട്    

പുഞ്ചിരിയോടെന്റെയരികിൽ വന്നിട്ടു
പറഞ്ഞൂ "ഞാൻ പായസ്സമിന്നു വിറ്റീടും   

സിനിമാതിയേറ്ററിൻ മുന്നിൽ, വൈകിട്ടു 
സ്കൂളു വിട്ടിട്ടവിടെത്തീടണം നീയും 

നല്ല സിനിമയാണി 'ന്നാലിബാബേടേം    
നാൽപ്പതു കള്ളന്മാരു'ടേം കഥയാണ് "

വൈകിട്ടു പായസം തന്നെതിരേറ്റവൻ  
വൈകാതെയാനയിച്ചെന്നെ തിയേറ്ററിൽ

പകുതി വേളയിലവൻ വിറ്റു തീർത്തു
പായസം മുഴുവനും തീയേറ്ററിൽ വച്ച് !

സിനിമയും കണ്ടു മടങ്ങവേ ഞങ്ങൾ
സൊറപറഞ്ഞാർത്തു ചിരിച്ചായിരുട്ടിൽ!

പെട്ടെന്നുകാൽതട്ടി ഞാൻ റോഡിൽ വീഴവേ 
ഞെട്ടിയുണർന്നു തെരഞ്ഞു സുലൈമാനെ  

കണ്ണുതിരുമ്മിയെഴുന്നേറ്റിരുന്നു ഞാൻ!
കൂരിരുട്ടിൽ പോയ് മറഞ്ഞിരിക്കുന്നവൻ

ഒരു സുഖകരമായ സ്വപ്നമതെന്ന് 
ഒരുമാത്ര ശേഷമെനിക്കറിവായി  

സ്വപ്നത്തിലാണേലും പ്രിയ ബാല്യകാല
സഖിയെക്കാണുന്നത് സുഖകരമല്ലേ!

അന്യോന്യമൊന്നു കണ്ടീടാനിതേവരെ
ആയില്ല ഹൈസ്കൂളു വിട്ടതിൽപ്പിന്നഹോ!

നല്ലയൊരൂഷ്‌മള ഓർമ്മ ശേഷിപ്പിച്ചു
നീപോയ് മറഞ്ഞതെവിടെ പ്രിയസഖീ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ