2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

സ്നേഹവീട് ഓണം മാഗസീൻ

Editorial 

സഹയാത്രികരേ,

ദുരിതങ്ങൾ നിറഞ്ഞ വറുതിക്കാലം,
അറുതിയില്ലാതെ നീണ്ടു പോകുന്ന വർത്തമാന ജീവിതം !
സാധാരണ ജീവിതത്തിലേക്ക് നാമിനിയും എത്തിച്ചേർന്നിട്ടില്ല. മഹാമാരിയുടെ പിടിയിൽ നിന്ന് നാം മുക്തരായിട്ടുമില്ല. അനുദിനമുള്ള പ്രതീക്ഷകൾ പരിദേവനങ്ങളായി മാറുന്നു. രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കുകൾ പുറത്തുവിടുന്ന വാർത്തകൾ വേദനാജനകം തന്നെ. ആകുലതകളും വ്യാകുലതകളും മാത്രം സമ്മാനിച്ച് ആശങ്കകൾ ഒഴിയാതെ കഴിഞ്ഞ ഇരുപത് മാസങ്ങളായി നാം അഭിമുഖീകരിക്കുന്ന അതി ഭയങ്കരമായ ഈ രോഗപീഡകളിൽ നിന്ന് എന്നാണ് പൂർണ്ണമായ മോചനം നേടാനാകുക.?

ഈ വേദനകൾക്കൊപ്പം  പരസ്പരം കരുത്തു പകർന്ന് ഉറച്ചു നിന്ന്, പരസ്പരം സഹായികളായി, മാനവീകതയെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളുമായി നമുക്കും ചേർന്നു നിൽക്കാനായി എന്നത് അഭിമാനകരമായ ഒന്നാണ്.
കേരളത്തിലുടനീളം ചെറുതും വലുതുമായ വിഭവശേഖരങ്ങൾ നൽകി, സാമ്പത്തീകമായ  സഹായങ്ങൾ നൽകി സ്നേഹവീടും 
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരുവാനും പ്രിയപ്പെട്ട സഹയാത്രികരിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങായി നിലകൊള്ളുവാനും കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്. നമ്മുടെ മാസികയുടെ പ്രവർത്തനങ്ങൾ പോലും നിർത്തിവച്ചു കൊണ്ടാണ് മാനവസേവാ പ്രവർത്തനങ്ങളിൽ നമ്മൾ ഉറച്ചുനിന്നത്.
ഈ പ്രവർത്തനങ്ങൾക്കിടയിലാണ് മലയാള നാടിന്റെ മനസ്സുകളെ ഗൃഹാതുരത്വ സ്മരണകളിലേക്ക് നയിച്ചു കൊണ്ട് ഓണക്കാലവും എത്തിച്ചേരുന്നത്. ഐശ്വര്യവും ,സമൃദ്ധിയും , മനുഷ്യ സ്നേഹവും, ഒരുമയും ഉത്സാഹവുമൊക്കെ ആഘോഷ ദിനങ്ങളാക്കി മാറ്റി മനുഷ്യരെല്ലാം ഒന്നാണ് എന്ന മഹത്തായ തത്വം ഊട്ടിയുറപ്പിക്കുവാൻ കേരളനാടും ഔദ്യേഗികമായ ആഘോഷങ്ങളില്ലാതെ, ഒരേ മനസ്സായി വീണ്ടും ഓണം നാളുകളെ വരവേൽക്കുമ്പോൾ മനസ്സുകൊണ്ടെങ്കിലും നമുക്ക് ഓണ ഓർമ്മകളെ താലോലിക്കാം..
ഒരുപിടി തുമ്പപ്പൂക്കളുമായി , ചെറിയ ചെറിയ ഓണ വിഭവങ്ങളുമായി സ്നേഹവീട് മാസിക ഇത്തവണ ഓണപ്പതിപ്പായി ഇറങ്ങുകയാണ്.
വറുതിക്കാലത്തെ വായനവിഭവങ്ങൾ
ധന്യമാക്കട്ടെ ഈ ഓണക്കാലവും!
നമുക്ക് പ്രത്യാശിക്കാം
നമ്മളും കടന്നുപോകും ഈ ദുരിത കാലം.
പ്രതീക്ഷകൾ നിറഞ്ഞ ആകാശം തേടിയുള്ള സംഘയാത്രയുടെ കാൽവയ്പുകൾ കൂടുതൽ ദൃഢമായി
നമുക്ക് ഉറപ്പിക്കാം !

എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുന്നു.

ഹനീഫ് പതിയാരിയിൽ
ചീഫ് എഡിറ്റർ
------------------

[13/08, 22:16] k upagupthan:

 1. .                
          പ്രവാസി ഓണം

പ്രവാസിയായി, ഒരു മറുനാടൻ മലയാളിയായി, ഓജസ്സോടെ ജീവിക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദശാബ്ദങ്ങളാകുന്നു. കേരളക്കര കടന്നാലും ഗൃഹാതുരതയിൽ  മലയാളികൾ എന്നും ഒരുപടി മുന്നിൽ തന്നെ. ഓണം ലോക മലയാളികൾക്ക് ജാതിമതഭേദമെന്യേ സന്തോഷകരമായ ഓർമ്മപ്പെടുത്തലും ഒത്തുചേരലും ഒക്കെയാണ്.


"കാണം വിറ്റും ഓണം ഉണ്ണണം" എന്നത്  മലയാളിയെ ഐതിഹ്യത്തിൻ്റെ ചിറകിലേറ്റി മാവേലി മന്നൻ എന്ന ജനകീയ നായകനിലേക്കും അദ്ദേഹം വാണിരുന്ന ആ  നാട്ടിലേയ്ക്കും  എത്തിക്കുകയാണ്. ചതിയും വഞ്ചനയും കളവും കൊലപാതകവും ഒന്നുമില്ലാത്ത, പരസ്പര സ്നേഹത്തിൻ്റെ, ഒരു നാട്! ആ നാട് സ്വപ്നം കാണാൻ മാത്രം കഴിയുന്നവരാണ് ഇന്ന് ലോക ജനത!  എന്നാൽ ഒരു പത്ത് ദിവസമെങ്കിൽ പത്ത് ദിവസം,  ആ യാഥാർത്ഥ്യത്തിലേക്ക് ഓരോ വർഷവും എത്തിപ്പെടുവാൻ ലോകജനതയിൽ മലയാളികൾക്ക് മാത്രമേ സാധ്യമാകുന്നുള്ളു എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.  മറ്റിടങ്ങളിൽ എല്ലാം ജാതിയും മതവും രാഷ്ട്രീയവും അടിമത്വവും നിറവ്യത്യാസവും മേൽക്കോയ്മകളും ഒക്കെ ചേർന്ന് മനുഷ്യരെ ബഹുസ്വരതയിലേക്ക് തിരിക്കുന്നത് അനായാസേന നമുക്ക് ദർശിക്കുവാൻ സാധിക്കും. അവിടെ ഓണമെന്ന ആഘോഷത്തോടെ മലയാളി, ലോകജനതക്ക് മുന്നിൽ, തൻ്റെ ശിരസ്സിൽ ഒരു സ്വർണ്ണത്തൂവൽ കൂടി  ചേർത്ത് കെട്ടുകയാണ്. ലോകത്ത് എവിടെയായിരുന്നാലും മലയാളി ഓണം nആഘോഷിക്കുന്നത് മറുനാട്ടുകാർക്ക് സ്നേഹവും സന്തോഷവും ഒരുമയും ചേർത്തു പിടിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഒരു ഓർമ്മപ്പെടുത്തലാണെന്ന്  മനസ്സിലാക്കാം നമുക്ക്.

അനേകം സാമൂഹിക സാംസ്കാരിക കലാ സാഹിത്യ സംഘടനകളുടെ, അല്ലെങ്കിൽ കൂട്ടായ്മകളുടെ, നാടാണ് മലയാളിക്ക് മറുനാട്. അതിനാൽ തന്നെ ഓണവട്ടത്തിൻ്റെ കാര്യത്തിൽ കൊറോണയെന്ന മഹാമാരിക്ക് മുൻപ്  പ്രവാസികൾ എന്നും മുന്നിൽ തന്നെയായിരുന്നു.   കേരളം അണുകുടുംബ വ്യവസ്ഥിതിയിലും, ആധുനികതയിലും ഏകാന്തതയുടെ ചുവടു  പിടിച്ച്  നാട്ടിലെ കൊച്ച് കൊച്ച്  സംഘടനകളുടെ ബാഹുല്യത്താൽ, ഓണാഘോഷവും nഓണക്കളികളും അന്യം നിൽക്കുന്ന സാഹചര്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ,  പ്രവാസികൾ ഓരോ സംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഓണത്തിനെ  ബൃഹത്തായ രീതിയിൽ  എതിരേൽക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.  ഓണം കഴിഞ്ഞാലും സമയത്തിൻ്റെയും സാഹചര്യത്തിൻ്റെയും അടിസ്ഥാനത്തിൽ ഓണവും ആഘോഷവും പ്രവാസികൾക്കിടയിൽ മാസങ്ങളോളം ആഘോഷിക്കപ്പെടാറുണ്ട്.  വിവിധതരം കറികളും, പായസവും കൂട്ടി വിഭവസമൃദ്ധമായി  വാഴയിലകളിൽ നൽകുന്ന ആഹാരം കഴിച്ച് ആഘോഷിക്കുവാനായി  കടന്നു വരുന്ന സ്വദേശികൾ മാത്രമല്ല, വിദേശികൾ പോലും അത്ഭുതപ്പെടാറുണ്ട്. കേരളത്തിൻ്റെ മഹനീയതയെ വാഴ്ത്തിപ്പാടാറുണ്ട്. അതിനാൽ തന്നെ  ഓണമെന്നത് മലയാളിയായി പിറന്ന ഓരോരുത്തർക്കും ഒഴിച്ചുകൂട്ടുവാനാകാത്ത ജീവിത നിമിഷങ്ങളാൽ  അവർണ്ണനീയമാണ്.

ഇക്കുറി നടക്കുന്ന ഓണാഘോഷവും  ഓരോ ദേശത്തിലെയും സർക്കാരുകൾ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം സുരക്ഷയിലും, സാമൂഹിക അകലത്തിലും നടത്തണമെന്ന് ഞാൻ എൻ്റെ സഹോദരീ സഹോദരങ്ങളെ ഓർമ്മപ്പെടുത്തുകയാണ്.

"ഒരു ഓണം കൂടുതൽ ഉണ്ടില്ലയെങ്കിലും, കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിച്ച് സന്തോഷത്തോടെ മറ്റൊരു ഓണവും കൂടി ഉണ്ണണം" 
     
അതിന്  നമുക്ക് സാധ്യമാകണം; നാം പരസ്പരം നിർബന്ധിതരാകണം. നമ്മളാൽ, നമ്മുടെ സുരക്ഷാ മാനദണ്ഡങ്ങളാൽ, മറ്റുള്ളവർക്ക് അതിന് ഇടയാകണം എന്ന് കരുതുന്ന ഒരു ഓണമാകട്ടെ, ഈ വർഷം നമ്മൾ ആഹ്വാനം ചെയ്യുന്ന ഓണം, എന്ന് പറഞ്ഞു കൊണ്ട് വാക്കുകൾ ചുരുക്കട്ടെ. ഏവർക്കും എൻ്റെ ഓണാശംസകൾ.

എന്ന് സ്വന്തം, 
സ്നേഹവീട് കേരള
കേന്ദ്ര പ്രസിഡൻ്റ്,
ഡാർവിൻ പിറവം.
[13/08, 22:17] k upagupthan:


-----------------
2.

കവിത

പൂക്കളം  
,,,,,,,,,,,,,,,,,,,,,

ജോയ് വാഴയിൽ

"ആകാശ മുറ്റത്തു പൂക്കളം തീർക്കുവാ-
നമ്പിളിച്ചേച്ചി വന്നമ്മേ.
എന്നിൽ മന്ദസ്മിതം തൂകിയച്ചേച്ചി ചൊ-
'ന്നെന്നടുത്തേയ്ക്കു വരുന്നോ?
ഓണമിവിടെയുമു,ണ്ടതിനായൊരു-
ക്കേണമെല്ലാം പടിപോലെ.
ഓണവില്ലേഴു നിറങ്ങളിൽ വാനിൻ്റെ കോണിലിരിപ്പതു കണ്ടോ?
പൂക്കൾ, തിളങ്ങുന്ന പൂക്കളാണെങ്ങുമീ
ദിക്കിൽ വിരിഞ്ഞുല്ലസിപ്പൂ.
ഒത്തു നമുക്കു കുറച്ചു പറിച്ചു ചേ-
ലൊത്തൊരു പൂക്കളം തീർക്കാം.
മാവേലിയെത്തുമിങ്ങോട്ടു നാ,മേവരും
പൂവേ പൊലി വിളിച്ചെന്നാൽ.
പാതാളം മാവേലി ചെന്നപ്പോൾ സ്വർഗ്ഗമായ്,
പാതാളമായ്പ്പോയി സ്വർഗ്ഗം.
നന്മ പൂക്കുന്ന മനസ്സെങ്ങു? സ്വർഗ്ഗവും നിർണ്ണയമങ്ങു ലസിപ്പൂ.
വാമനനന്നു പിഴച്ചു പോയ്, കാലുമാ
കാൽച്ചവട്ടിൻ്റെ കണക്കും.
പൂമാനത്തേയ്ക്കു നീ പോരിക, ചിന്തകൾ
പൂക്കളാകട്ടെ മനസ്സിൽ.'
ആകാശമുറ്റത്തൊരുക്കുന്നു പൂക്കളം
അമ്പിളിചേച്ചി ദിനവും.
എന്നുമതുപോലെ പൂക്കളം നമ്മൾക്കു-
മിങ്ങു തീർത്തീടണമമ്മേ."

നക്ഷത്ര കാന്തി വഴിഞ്ഞിടും കുഞ്ഞിൻ്റെ
നേത്രങ്ങളമ്മയെപ്പുല്കി.
തന്മകളോടൊത്തു പൂക്കളം തീർക്കുവാ-
നമ്മയും ചേർന്നൊരുങ്ങുമ്പോൾ,
അമ്മ മൊഴിയു,-"ന്നൊരുക്കണം നാമൊപ്പ-
മുണ്മതൻ പൂക്കളമുള്ളിൽ.
വിണ്ണിലും മണ്ണിലുമൊപ്പം മനസ്സിലും
കണ്ണിലും പൂപ്പൊലി മിന്നാൻ."

-------------

[13/08, 22:34] k upagupthan:
--------------------
 3.
 അഭിമുഖം :

"മനുഷ്യനാകണം, മനുഷ്യനാകണം
ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ,
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം"
എന്ന കവി വാക്യം അന്വർത്ഥമാക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, 
ഏ.കെ.ജിയുടെയും സുശീലാ ഗോപാലൻ്റെയും മരുമകനും, CPI [M] ൻ്റെ മുൻ കാസർകോഡ് MP യും  മുതിർന്ന നേതാവുമായ 
സ. പി.കരുണാകരൻ.

സ്നേഹവീട് മാസികയുടെ ഓണപ്പതിപ്പിന്  വേണ്ടി ശ്രീമതി മായാ വാസുദേവ്  അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

"ഞാൻ കാസർകോഡ്  MP എന്ന നിലയ്ക്ക് അന്ന് പൊതുജന നന്മയ്ക്കായും, കാസർകോഡിന്റെ പ്രത്യേകിച്ചും, കേരളത്തിന്റെ പൊതുവായ  ഉന്നമനത്തിനായും,  ഒട്ടനവധി കാര്യങ്ങൾ ചെയ്യുകയും പാർലമെന്റിൽ ഉന്നയിക്കുകയും  ചെയ്തിട്ടുണ്ട്.  എന്നാൽ അവയൊക്കെ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ കടമകളായിരുന്നു എന്നതിലുപരി ഇന്ന് ചരിത്രത്തിന്റെ ഭാഗവുമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ  അവയൊക്കെ, ഈ പരിമിതമായ സമയത്തിനുള്ളിൽ  ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു സംക്ഷിപ്തമായി വിവരിക്കുക അനായാസകരമാവില്ല. മാത്രമല്ല, നിങ്ങളുടെ മാസികയ്ക്കും സ്ഥലപരിമിതി ഉണ്ടാകുമല്ലോ? അതുകൊണ്ട്, ഈ അടുത്ത കാലത്ത് എന്റെ ശ്രദ്ധയിൽ കൊണ്ടുവരപ്പെട്ട ഒന്നു രണ്ടു കാര്യങ്ങളെപ്പറ്റിയും ആ കാര്യങ്ങളിൽ  ഞാൻ എന്ത് ചെയ്തു എന്നതും  സൂചിപ്പിക്കാം.

"ഈയിടെ ഓച്ചിറയിൽ ഒരു വാടക ഷെഡിൽ താമസിക്കുന്ന അന്ധയായ,  ഒരു അമ്മയും
അന്ധരായ 3 മക്കളും  അടങ്ങുന്ന തമിഴ്  കുടുംബത്തിൻ്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി  ഫേസ് ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നത് ഞാൻ കാണുകയുണ്ടായി.  ഉടൻ തന്നെ  ഞാൻ ആ കുടുംബവുമായി ബന്ധപ്പെടുകയും അവർക്ക്  വേണ്ട എല്ലാ സഹായങ്ങളും  എത്തിക്കുന്നതിനും ഇവരുടെ ചികിത്സക്കും മറ്റാവശ്യങ്ങൾക്കുമായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനും,  പ്രസ്തുത വിവരം മുഖ്യമന്ത്രിയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിന് സഹായിക്കാമെന്നും ഈ ദുരിതത്തിൽ നിന്നും ഈ കുടുംബത്തിനെ കരകയറ്റാൻ കൂടെയുണ്ടാകുമെന്നും ഞാൻ  ഉറപ്പ് നൽകിയിരിക്കുകയാണ്.

അതുപോലെ, ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന നിർദ്ധനയായ ഒരു പെൺകുട്ടിയുടെ കാര്യം എന്റെ പരിചയത്തിൽപ്പെട്ട ഒരു മാന്യദേഹം എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഒരു ഫോൺ വാങ്ങി ആ കുട്ടിയ്ക്ക് കൊടുക്കുകയുണ്ടായി.

"എന്റെ കഴിവുകൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് തുടർന്നും ജനസേവനം നടത്തുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. എനിക്കതിൽ സംതൃപ്തിയും ഉളവാകുന്നുണ്ട്.  അതിന് ആധികാരികമായ ഒരു പരിവേഷതിന്റെയോ  കുപ്പായത്തിന്റെയോ ആവശ്യമുണ്ടെന്ന തോന്നൽ എനിയ്ക്കില്ല.  ഒരു പക്ഷേ ധന്യമായ എന്റെ തറവാട്ടിൽ നിന്നും ഞാൻ ആർജ്ജിച്ച ചേതനയാവാം, ചെറുതെങ്കിലും, ചില മനുഷ്യത്വപരമായ  നന്മകൾ ചെയ്യുവാൻ എനിയ്ക്ക് പ്രേരണയാകുന്നത്."
-------------
കാസർകോഡ് മുൻ MP ആയിരുന്നിട്ട് കൂടി ഒരു അന്യദേശത്തെയും പാവപ്പെട്ട  തമിഴ് കുടുംബത്തെയും ചേർത്ത് പിടിക്കാൻ അദ്ദേഹത്തിന് മനസ് തോന്നിയത് ഒരു കമ്യൂണിസ്റ്റ്കാരൻ്റെ മഹത്വം തന്നെയാണ്. വാക്കുകൾ കൊണ്ട് നന്ദി പറയാവുന്നതല്ല, മറിച്ച് നന്മ വറ്റിയ ഊഷരഭൂമിയിൽ പെയ്തിറങ്ങുന്ന മഴയുടെ നനവാർന്ന സാന്ത്വനമാണ് കമ്യൂണിസം എന്ന് അടിവരയിടുന്നു ഇദ്ദേഹം.
അതിലുപരി ഒരു പച്ചയായ മനുഷ്യസ്നേഹി, നന്മയുടെയും അറിവിൻ്റെയും സുഗന്ധം പരത്തുന്ന വ്യക്തിത്വം.
...........
സഖാവ് പി.കരുണാകരൻ, മുൻ MP
[13/08, 22:34] k upagupthan:
----------------------------
4.

അഭിമുഖം:

മലയാളസിനിമയുടെ ഖ്യാതി വാനോളമുയർത്തിയ  'മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത്  ശ്രീ. മധു മുട്ടത്തിനോടൊപ്പം.


മായ :  1993 - ൽ പുറത്തിറങ്ങി, ഇന്നും മലയാളി മനസ്സിൽ ജീവിക്കുന്ന മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്തിനോട് സംസാരിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞ റിയിക്കാൻ സാധിക്കുന്നില്ല. 

മധു മുട്ടം :  സന്തോഷം മായ, അതൊരു ടീം വർക്കിന്റെ വിജയമായിരുന്നു.

മായ :    "കൊറോണ എല്ലാവരേയും വീട്ടിലടച്ചിരിക്കുകയാണല്ലോ. എന്തൊക്കെയാണ് ഇന്നത്തെ വിശേഷങ്ങൾ?

മധു മുട്ടം  : ചാറ്റൽ മഴയുടെ തണുപ്പുണ്ടെങ്കിലും പതിവുകൾ  തെറ്റിക്കാറില്ല. രാവിലെ ഉണർന്നിട്ട് , പത്രം വായിച്ചു.  പിന്നീട് പ്രഭാത ഭക്ഷണം - കഞ്ഞിയും  'അസ്ത്രം 'എന്ന കറിയും കഴിച്ചു.  എഴുത്തും തുടരുന്നുണ്ട്.

മായ :  ഇന്ന് ഓണവും ആഘോഷവുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണല്ലോ.
കൊറോണ കൂടി വന്നപ്പോൾ എല്ലാം
പൂർത്തിയായി.  ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന ഓണക്കാല ഓർമ്മകൾ വായനക്കാർക്കായി പങ്കു വയ്ക്കാമോ?

മധു മുട്ടം :  ഇന്നത്തെ ഓണാഘോഷങ്ങളും അന്നത്തെ ആഘോഷങ്ങളും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്.  ഓണത്തിന്റെ ഓർമ്മകൾ
തുടങ്ങുന്നതു തന്നെ വായനശാലയിലും ആർട്സ് ക്ലബ്ബുകളിലുമൊക്കെയാണ്.  മത്സരങ്ങളും മറ്റുമായി ഞങ്ങൾ
ചെറുപ്പക്കാർ നാടുണർത്തും. 
പിന്നെ എടുത്തു പറയാനുള്ളത് ഓണക്കാലത്ത് ഞങ്ങൾ നാടകങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നു എന്നതാണ്.  എന്റെ  എഴുത്തു ജീവിതത്തിന്റെ പ്രചോദനം ഇതൊക്കെത്തന്നെയാണ്. ഇന്നത്തെ വർണ്ണപ്പൊലിമകളൊന്നും
അവകാശപ്പെടാനില്ലായിരുന്നു, അന്ന്.
എങ്കിലും ഇന്നും ഓണമെത്തുമ്പോൾ അക്കാലവും കൂട്ടുകാരുമൊക്കെ ഓടി എത്താറുണ്ട്. 

മായ  :  ഇത്രയും സമയം ഞങ്ങളോടൊപ്പമായിരുന്നതിനും വിശേഷങ്ങൾ പങ്കു വെച്ചതിനും ഒരു പാട് നന്ദി.
[13/08, 22:37] k upagupthan:
------------------------
5.

കവിത


അന്നത്തെ ഓണത്തിന്റെ ഓർമ്മയിൽ
 

ബാല്യകാലത്തെയാ ഓണമെത്ര  
കാലം കടന്നങ്ങു പോയെന്നാലും, 
പോകില്ല മാഞ്ഞെൻ മനസ്സിൽ നിന്നും
ആകില്ലെനിക്കു മറന്നീടുവാൻ!

പുത്തനുടുപ്പുകൾ തൈപ്പിച്ചീടും 
അത്തത്തിനും തൊട്ടു മുൻപു തന്നെ
പുത്തനുടുപ്പിൻ മണം നുകരാൻ
മുത്തമിടുമെന്നുമോണം വരേം! 

അത്തം തുടങ്ങിടും മുൻപുതന്നെ
ചെത്തിമിനുക്കും വഴിയും മുറ്റോം
ചാണകവെള്ളം തളിച്ചു ശുദ്ധി
ചെയ്തിടും മാവേലി വന്നുകേറാൻ!

അത്തപ്പൂക്കളിറുക്കുവാനായ് 
എത്രയും രാവിലെ പോകയായി 
അല്ലെങ്കിൽ കിട്ടില്ല പൂക്കളൊന്നും
അങ്ങേലേക്കുട്ടികൾ കൊണ്ടുപോകും!

തുമ്പപ്പൂ, മുക്കുറ്റി, കാർത്തികപ്പൂ,
ചെമ്പരത്തി, കാക്കപ്പൂ, ജമന്തി, 
ചെത്തിപ്പൂ, ഓണപ്പൂവെന്നിങ്ങനെ
എത്രേമിനം പൂക്കൾ ശേഖരിക്കും!    
   
വട്ടം വരച്ചിട്ടു  പൂക്കൾ ഞങ്ങൾ 
വൃത്തതിനുള്ളിലായ് ചന്തമോടെ
നിറവും വലിപ്പോമനുസരിച്ച്
നല്ലോരത്തപ്പൂക്കളം രചിക്കും! 
  
അത്തം തുടങ്ങും ദിവസം തന്നെ
അച്ഛൻ ഞങ്ങൾക്കൂഞ്ഞാലിട്ടു തരും
ഒന്നല്ല, മൂന്നാണ്: വനിതകൾക്കും, 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും!

പ്ലാവിന്റെ കൊമ്പിലെയിലകടിച്ച്  
പറിക്കുവാനൂഞ്ഞാലിൽ മത്സരിച്ച് 
ആയത്തി, ലായത്തിലാടിയാടി   
വായുവിൽ പൊങ്ങിപ്പറന്ന കാലം!

ഓണക്കളികളന്നെത്രയെന്നോ!
ഓരോന്നും മാറിമാറിക്കളിക്കും
മത്സരമദ്ധ്യേ വഴക്കും കൂടും , 
മനസ്സിൽ തങ്ങാത്ത പിണക്കമത് !

ആണ്ടിലൊരിക്കലടുക്കളയിൽ
അച്ഛൻ കയറുമുത്രാടനാളിൽ     
ഉപ്പേറുമച്ചാറും ഇഞ്ചിക്കറീം
ഉപ്പേരീമുണ്ടാക്കും മൂന്നുവിധം 

ചൂടു മാറാത്തോരുപ്പേരി ഞങ്ങൾ 
ചടുലമായിട്ടങ്ങു മോട്ടിച്ചോണ്ട് 
ഓടിപ്പോമൂഞ്ഞാലിൻ ചോട്ടിലേക്ക് 
ഓണനിലാവത്തൂഞ്ഞാലിലാടാൻ!    

തിരുവോണത്തിന്റന്നച്ഛൻ തന്നെ  
ഉരുളീലുണ്ടാക്കുമടയുംകൊണ്ട്  
പ്രഥമനും പിന്നെപ്പാൽ പായസ്സവും
പറയേണ്ട രണ്ടിന്റേം സ്വാദെന്തെന്ന്! 

തിരുവോണ രാവിലേ ഞങ്ങളങ്ങ് 
ഒരുവട്ടമൂഞ്ഞാലിലാടിയിട്ട് 
പ്രാതലിനായി  തട്ടീടും ചൂടു 
പുട്ടും കടലയും പപ്പടവും!
 
കാലത്ത് കറുമ്പിപ്പശുവിനേയും
കുട്ടി, മണിയനേം കുളിപ്പിച്ചിട്ട്  
ചന്ദനം ചാർത്തീടും നെറ്റിയിലായ്
ചന്തമവർക്കപ്പോഴെത്രയെന്നോ!

ആട്ടുകല്ലുമരിയും കഴുകും
കാടിയിൽ പഴഞ്ചോറുമുപ്പുമിട്ട് 
കുടിക്കാൻ കൊടു‌ക്കുമവയ്ക്കെന്നിട്ട് 
കൊടുക്കു'മോണ'പ്പുല്ല് തിന്നുവാനായ്

കുളിയും കഴിഞ്ഞോണക്കോടീമിട്ട്
കളികൾ കളിക്കുവാനോട്ടമാണ്
കിളിത്തട്ട്  തലപ്പന്ത് കുട്ടീം കോലും
കളിക്കും പല കളി മാറി മാറി   

പപ്പടം കാച്ചും മണമടിക്കേ
പാഞ്ഞിടും വീട്ടിലേക്കോണമുണ്ണാൻ
വിട്ടീലെത്തേ കാണാമമ്മ വിളമ്പി  
ഊട്ടുവതാദ്യം 'പിതൃക്കന്മാരെ' 

നിരത്തിയ തൂശനിലകളിലായ് 
നിറയെ കറികൾ വിളമ്പിയിട്ട്,  
പുത്തരിച്ചോറു  വിളമ്പുമച്ഛൻ 
വിസ്‌തരിച്ചങ്ങോട്ടിരിക്കും ഞങ്ങൾ 

പിന്നെയെല്ലാരുമൊരുമിച്ചങ്ങു 
നന്നായുണ്ണുമോണം സന്തോഷമായ് 
ഓണസദ്യയുണ്ണാൻ 'ചിട്ട'യുണ്ട്
ഓർമ്മപ്പെടുത്താം മറന്നെന്നാകിൽ!

നെയ്യും പരിപ്പും പപ്പടോം ചേർത്തു 
നന്നായിട്ടാദ്യം കുഴച്ചുണ്ണേണം   
പിന്നെ സാമ്പറുമൊഴിച്ചുണ്ണേണം  
പുളിശ്ശേരി ചേർത്തിട്ടടുത്തയൂണ്

ഓരോയുരുളയും വായിലായാൽ 
ഓരോരോകൂട്ടുകറി കൂട്ടേണം
പച്ചടിയും തോരനും അവിയൽ 
ഇഞ്ചിയും, ഓലൻ, നാരങ്ങയച്ചാർ, 

മപ്പാസ്സ്, പിന്നെയും കറികളെത്ര!
ഉപ്പേരികൾ മൂന്നും  മാറിമാറീ 
തട്ടേണം കടുമുടാ വായിലിട്ട്
ഇടക്ക് ഒരോ കവിൾ വെള്ളോമാകാം

പൂവൻ പഴം നന്നായ് ഞെവിടിയിട്ട് 
പ്രഥമൻ കുടിക്കേണം സ്വാദായിട്ട്
കയ്യിലൂടേയൊഴുകുന്നുവെങ്കിൽ   
കയ്യോടെ നക്കിക്കൂടിച്ചിടേണം

പ്രഥമനും പായസ്സവും കഴിക്കേ,
പറയേണ്ടല്ലോ, നാരങ്ങേടച്ചാറും,
ഇഞ്ചിപ്പുളീം തൊട്ടുനക്കുവാനായ്? 
ഇല്ലാതാക്കുമവ ദഹനക്കേട് 

ഒരുപിടിച്ചോറ് കഴിക്കവേണം
മോരുമൊഴിച്ചു,  ദഹിക്കാനിനി.   
കിട്ടില്ലിതുപോലെ സമ്പൂർണമാ-
യിട്ടുള്ള സദ്യയീ ലോകത്തെങ്ങും!

സദ്യകഴിഞ്ഞാലോ ചേച്ചിമാർക്കൊപ്പം
ആദ്യമായ് പോയിടും കാണുവാനായ്
കയ്യ്കൊട്ടിക്കളീം, തിരുവാതിരേം, 
പ്രായമായ സ്ത്രീകൾ കളിക്കുവത്!

'ഒരുകുടുക്കപ്പൊന്നി'ന്റെ കഥയും 
ഒര് 'ചെമ്പഴുക്ക'യുടെ കഥയും  
"കൊച്ചുകുഞ്ഞിന്റെയച്ഛൻ ' കഥയും  
കളിച്ചീടും മൂന്നും  മാറിമാറി!

കുറച്ചുനേരമതു കണ്ടിട്ട് ഞാൻ
കൂട്ടുകാർക്കൊപ്പം പലകളികൾ 
കളിക്കുവാനായിട്ട് പായുമല്ലോ, 
കളിക്കുമിരുട്ട് തുടങ്ങും വരെ ! 

പടിക്കലെ തോട്ടിൽ കുളികഴിഞ്ഞ് 
പടിയും നിലവിളക്കിന്ന് മുന്നിൽ
നാമംചൊല്ലിയത്താഴസദ്യേമുണ്ട് 
നന്നായുറങ്ങിടും സ്വപ്നോം കണ്ട്!
           *******      *******
വന്നവ,രെത്രപേരെന്നോടൊപ്പം? 
അന്നത്തെ ഓണക്കാലത്തിലേക്കും
അന്നത്തെ ഓണത്തിൻ സദ്യേമുണ്ണാൻ?  
അന്നത്തെ ഓണക്കളികളിക്കാൻ? 

ഒന്നു ചൊല്ലീടാമോ കൂട്ടുകാരേ?
ഒന്നും മറന്നു ഞാൻ പോയില്ലല്ലോ!!!
ഒറ്റ 'ലയിക്കി'ലൊതുക്കാമല്ലേൽ
ഒന്നു പരത്തിപ്പറകേമാകാം!!!  

         ********      ********
എന്നെപ്പോലിന്നത്തെയപ്പൂപ്പന്മാർ 
ഇന്നു ഗൃഹാതുരതയറിയേ  
ഇന്നത്തെ കുട്ടികൾക്കൊക്കെയത്
അന്യമാ, ണറിയില്ല, തെല്ലുപോലും!!!

-------------
ഉപഗുപ്തൻ കെ. അയിലറ
[13/08, 22:39] k upagupthan:
--------------------------
6.

ലേഖനം

ഓർമ്മയിലെ ഓണവിശേഷങ്ങൾ.

"കാണം വിറ്റും ഓണമുണ്ണണം",
"ഓണത്തിനിടയിലാ പുട്ടുകച്ചവടം",
"ഓണം പിറന്നാലും ഉണ്ണി പിറന്നാലും
കോരനു കുമ്പിളിൽ കഞ്ഞി."

അങ്ങനെ എത്രയെത്ര പഴഞ്ചൊല്ലുകളാണ് മലയാളി മനസ്സുകളിലുള്ളത്! മലയാളി എവിടെയുണ്ടോ, അവിടെയെല്ലാം ഓണമുണ്ട്. അതുകൊണ്ടാണ് അവരെല്ലാം മറുനാട്ടിൽ നിന്ന് മലനാട്ടിലേക്ക് പറക്കുന്നത്.

ഓണത്തിനെക്കുറിച്ചുള്ള എന്റെ  ഓർമ്മകൾക്ക് 65 വർഷത്തെ പഴക്കമുണ്ട്. പട്ടണത്തിൽ നിന്ന് 8 കി.മീ. ദൂരമുണ്ട് അന്ന് ഞങ്ങളുടെ കുഗ്രാമത്തിലേയ്ക്ക്.   പട്ടിണിയും പരിവട്ടവും പേമാരിയുമൊക്കെക്കൊ ണ്ട് പൊറുതി മുട്ടിയ കള്ളക്കർക്കടകത്തിനു  ശേഷം ഓണനാളുകളെ എതിരേൽക്കാൻ പൊന്നിൻ ചിങ്ങം,  പൂത്തുമ്പികളെ കൊണ്ടും പൂക്കളെ കൊണ്ടുമുള്ള  പ്രകൃതിയുടെ അലങ്കാരപ്പണികളാൽ, 
ഒരുങ്ങിക്കഴിഞ്ഞിരിക്കും.

അത്തം മുതലേ ഓണത്തിന്റെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കും. പൂക്കുടകളുമായി കുട്ടികൾ പൂവിറുക്കാൻ ഇറങ്ങിയിരിക്കും. എങ്ങും സന്തോഷത്തിന്റെ പൂവരങ്ങും ആർപ്പുവിളികളും.  അന്ന് മനുഷ്യർ തമ്മിളുള്ള  പരസ്പര സ്നേഹത്തിൽ  ആത്മാർഥത നിറഞ്ഞിരുന്നു... ഇന്നോ?

ഗൃഹനാഥൻമാരോ; കുട്ടികൾക്കും മുതിർന്നവർക്കും ഓണക്കോടി എടുക്കണം, വയറു നിറയെ ഭക്ഷണം കൊടുക്കണം, അതിന്റെ ഓട്ടത്തിലായിരിക്കും. അങ്ങനെയാണ് ആ ചൊല്ലുണ്ടായത്: "കാണം വിറ്റും ഓണം ഉണ്ണണം."   'ഉത്രാടപ്പാച്ചിൽ  കഴിഞ്ഞാൽ അച്ചിമാർക്ക് വെപ്രാളം' ആണ്. (അച്ചിമാരെന്നാൽ പെണ്ണുങ്ങൾ).  എന്തെല്ലാം ഉണ്ടാക്കണം!  സദ്യവട്ടം മുഴുവനും വേണം. 

രാവിലെ തലനിറയെ എണ്ണതേച്ച് കുളി.  ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ ഉണ്ട്, പുത്തനുടുപ്പുമിട്ട്, പുറത്തേക്ക് പാച്ചിലാണ്. കുറെ വീടുകളിലെ സ്ത്രീകൾ  ഒരു വീട്ടിൽ കേന്ദ്രീകരിച്ച് അവിടെ തിരുവാതിരകളി, തുമ്പി തുള്ളൽ, തുടങ്ങിയവയിൽ ഏർപ്പെടുമ്പോൾ,  ആണുങ്ങൾ  കടുവാ കളി,  പകിട കളി, പന്തുകളി തുടങ്ങിയ പരിപാടികളുമായി  സന്ധ്യവരെയും. ഇതിന്റെയെല്ലാം ആഹ്ളാദ ശബ്ദങ്ങൾ ആയിരിക്കും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുക.  ഇതിനൊക്കെ പുറമേ,  "തിത്തിത്താരാ തിത്തിത്തെയ്, തെയ് തെയ്തക തകതൈതോം'' എന്ന വള്ളംകളിയുടെ ആരവവും! 

ആ കാലമെല്ലാം കഴിഞ്ഞ് ഇന്ന് 'ഓൺലൈനിൽ' ആണ് എല്ലാം. പൂക്കളം ഒരുക്കാൻ അയൽ സംസ്ഥാനക്കാർ സഹായിക്കണം. സദ്യയും അതുപോലെ, ഓർഡർ കൊടുത്താൽ വീട്ടിലെത്തും.

എന്തു പറയാൻ, നമ്മുടെ സൗഭാഗ്യങ്ങളെയെല്ലാം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ ഇതാ പുതിയൊരു വാമനൻ എത്തിയിരിക്കുന്നു. 'കൊറോണ.'  പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടെങ്കിൽ നമുക്ക് ഈ ഭീകരനെയും അതിജീവിക്കാൻ കഴിയും.

ഇത്തരുണത്തിൽ, കുറച്ചു വർഷങ്ങൾക്ക് മുമ്പുണ്ടായ ഓണവിശേഷം നിങ്ങളുമായിപങ്കു വയ്ക്കാം. കൊച്ചിയിലെ  'ഹരിശ്രീ'യിൽ നാടകം  കളിച്ചു കൊണ്ടിരിക്കുന്ന കാലം.  ഓണാഘോഷ പരിപാടികളുമായി കുറെ നാടകങ്ങൾ ഉണ്ട്. ഒരു ഓണത്തിന്,  ഉത്രാടരാത്രിയിൽ മംഗലാപുരം മലയാളി സമാജത്തിലെ നാടകം കഴിഞ്ഞ് നേരേ വിട്ടാൽ, തിരുവോണനാളിൽ വൈകിട്ട് 6.30 ന് രാജേന്ദ്ര മൈതാനിയിൽ നടത്തേണ്ട  നാടകത്തിന് എത്തിച്ചേരാം.   അങ്ങനെ തലശ്ശേരിയിൽ എത്തുമ്പോൾ ഏകദേശം രാത്രി 2 മണി.  പെട്ടെന്ന് വണ്ടി നിന്നു . കാര്യം തിരക്കിയപ്പാൾ ഡീസൽ തീർന്നിരിക്കുന്നു.  ഈ സമയത്ത് ഡീസലിന് എവിടെ പോകും?  മാഹിയിൽ ചെന്നാൽ ഡീസൽ കിട്ടും.  ഞാനും ഡ്രൈവർ അപ്പച്ചനും കൂടി ഒരു ലോറിയിൽ കയറി മാഹിയിലെത്തി.  പക്ഷേ രാവിലെ 6മണിക്കേ പമ്പു തുറക്കൂ.  6 മണിക്ക് പമ്പു തുറന്നു ഡീസലും വാങ്ങി തിരികെയെത്തി, ഡീസൽ ഒഴിച്ചു നേരേ വിട്ടു.  എറണാകുളത്ത് എത്തുമ്പോൾ പകൽ 2 മണി.  കൂടുതലാളുകളും എറണാകുളത്ത് ഉള്ളവരാണ്.  അവരെല്ലാം വീട്ടിൽ പോയി. തിരുവോണം ആയിട്ടും വീട്ടിൽ പോകാൻ പറ്റിയില്ല. ഓണം പ്രമാണിച്ച് ഒരു ഹോട്ടൽ പോലും തുറന്നിട്ടില്ല.  ഒരു കള്ളുഷാപ്പിൽ കയറി കപ്പ കഴിച്ചു.  വൈകുന്നേരം രാജേന്ദ്ര മൈതാനിയിൽ  6.30 ന് മുൻപ് എത്തി നാടകവും കളിച്ചു. 
അങ്ങനെയും ഒരോണം.!

കോട്ടയം പുരുഷൻ .
ഫിലിം ആർട്ടിസ്റ്റ്
[13/08, 22:41] k upagupthan:
----------------------
7.

കവിത

ഓണപ്പാട്ട്

ഓണത്തുമ്പീ നീയും പോരൂ ...
ഓണപ്പൂക്കളിറുത്തീടാം
തുമ്പപ്പൂവും തുളസിപ്പൂവും
തെറ്റിപ്പൂവുമിറുത്തീടാം
ഓണത്തപ്പനെ വരവേൽക്കാനായ്
ഓണപ്പുക്കളമൊരുക്കീടാം.

ഓണത്തുമ്പീ നീയും പോരൂ ... 
ഓണക്കറികളൊരുക്കീടാം.
പച്ചടി കിച്ചടി പുളിശ്ശേരി,
തോരനുമോലനുമൊരുക്കീടാം
ഓണത്തപ്പനു നൽകീടാൻ
ഓണസദ്യയൊരുക്കീടാം.

ഓണത്തുമ്പീ നീയും പോരൂ ...
ഓണക്കളികൾ കളിച്ചീടാം
ഓണത്തല്ലും കുമ്മാട്ടിക്കളീം  ഓണപ്പന്തും കളിക്കാലോ 
ഓണത്തുമ്പീ നീയും പോരൂ
ഓണക്കോടിയുടുത്തീടാം 
ഓണക്കാഴ്ചകൾ കണ്ടീടാം.
----------
മായ ജയകുമാർ

[13/08, 22:57] k upagupthan:
-----------------
 8.

പാചകം

1.  അടപ്രഥമൻ.

ആവശ്യമുള്ള  സാധനങ്ങൾ

അട- ഒരു പായ്ക്കറ്റ് ( 200 ഗ്രാം)

തേങ്ങ - 3
ഒന്നാം പാൽ - ഒന്നേകാൽ കപ്പ്
രണ്ടാം പാൽ - 3 കപ്പ്
മൂന്നാം പാൽ - 4 കപ്പ്
ശർക്കര - 500 ഗ്രാം
കശുവണ്ടിപ്പരിപ്പ് - 100 ഗ്രാം
ഉണക്ക മുന്തിരി - 50 ഗ്രാം
തേങ്ങാക്കൊത്ത് - കാൽ കപ്പ്
ചുക്ക് - 50 ഗ്രാം
നെയ്യ് - 50 ഗ്രാം
ഏലക്ക - 50 ഗ്രാം

തയ്യാറാക്കുന്ന വിധം.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അട അല്പനേരം വെള്ളത്തിൽ കുതിർക്കാനിട്ട ശേഷം
തേങ്ങാ ചിരകി അതിൻ്റെ ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്ന ക്രമത്തിൽ മാറ്റി വയ്ക്കുക.
അതിനു ശേഷം 8 ഗ്ലാസ്സ് വെള്ളം ഒഴിച്ച് അട നന്നായി വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ്, വീണ്ടും കുറച്ചു തണുത്ത വെള്ളം ഒഴിച്ച് ഊറ്റിയെടുക്കുക.(അടയുടെ പശപ്പ് പോകാനാണിത് )
ഇനി കുറച്ച് നെയ്യ് ഒഴിച്ച് കശുവണ്ടി, ഉണക്കമുന്തിരി ,തേങ്ങാക്കൊത്ത് എന്നിവ വറുത്ത് മാറ്റി വയ്ക്കുക.
ഇനി അടിക്കട്ടിയുള്ള പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ശർക്കര ഉരുക്കിയെടുത്ത് മണൽത്തരിയില്ലാതെ ഊറ്റിയെടുക്കുക.
ഉരുളിയിൽ, ഉരുക്കിയ  ശർക്കരയും, അടയും കുറച്ചു നെയ്യും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര വരണ്ടു കട്ടിയാകാൻ തുടങ്ങുമ്പോൾ മാറ്റി വച്ചിരിക്കുന്ന രണ്ടാം പാൽ ചേർത്ത് കുറുകി വരുന്നതുവരെ ഇളക്കുക.
അതിനു ശേഷം ചുക്കും ഏലക്കയും പൊടിച്ചതും മൂന്നാം പാലുംചേർത്ത് കുറുകി വരും വരെ ഇളക്കുക.
അതിനു ശേഷം ഒന്നാം പാൽ ചേർത്ത് തീ അണയ്ക്കുക.
വറുത്തു വച്ചിരിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി തേങ്ങാക്കൊത്ത് ചേർത്ത് ഇളക്കി ഇറക്കി വയ്ക്കുക.
ഓണസദ്യയ്ക്ക് രുചികരമായ അടപ്രഥമൻ റെഡി.
------------

2.  മത്തങ്ങ, പയർ എരിശ്ശേരി

മത്തങ്ങ ചതുരത്തിൽ അരിഞ്ഞത് -b ഒരു കപ്പ്
പയർ - ഒരു കപ്പ്
മുളകുപൊടി - കാൽടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽടേബിൾസ്പൂൺ
ജീരകം - കാൽടേബിൾസ്പൂൺ
വെളിച്ചെണ്ണ = 3 ടേബിൾസ്പൂൺ
നാളികേരം ചിരകിയത് - ഒരു കപ്പ് (അരച്ചെടുക്കാൻ )
നാളികേരം ചിരകിയത് - കാൽ കപ്പ് (വറുത്തെടുക്കാൻ )
കടുക്‌ - കാൽ ടേബിൾസ്പൂൺ
ഉഴുന്ന് - കാൽ ടേബിൾസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെള്ളം-ഒന്നേകാൽ കപ്പ്

തയ്യാറാക്കുന്ന വിധം :
പയർ നന്നായികഴുകിയ ശേഷം രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ ഇടുക .
കുതിർന്ന ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് കുക്കറിൽ ഏകദേശം നാലു വിസിൽ വരുന്നതുവരെ വേവിക്കുക.
അതിനു ശേഷം കുക്കർ തുറന്ന് അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങയും കൂടി ഇട്ട് ഒരു വിസിൽ കേൾക്കും വരെ വേവിക്കുക.
ആ സമയം അരയ്ക്കാനായി മാറ്റി വച്ചിരിക്കുന്ന തേങ്ങ,
 ജീരകവും ചേർത്ത് അരച്ചെടുക്കുക.(നന്നായി അരയേണ്ട ആവശ്യമില്ല)
അതിനു ശേഷം കുക്കർ തുറന്ന് അരച്ചു വച്ചതു ചേർത്ത് ഇളക്കി നന്നായി യോജിപ്പിച്ച് അല്പനേരം തിളപ്പിക്കുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ,വറ്റൽമുളക് ഇട്ട് മൂപ്പിച്ച ശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങയും കറിവേപ്പിലയും കൂടി ഇട്ട് കരിഞ്ഞു പോകാതെ വറുത്തെടുത്ത് കുക്കറിൽ  വച്ചിരിക്കുന്ന മത്തങ്ങയും പയറുമായി യോജിപ്പിച്ച് വാങ്ങിവയ്ക്കുക.
അടിപൊളി മത്തങ്ങ പയർ എരിശ്ശേരി റെഡി.

സുജാത ബാബു

---------------===

കണ്ണീരോണം


ചിങ്ങം പിറന്നു പക്ഷേ,
തള്ളക്കർക്കടകത്തിൻ
വിങ്ങുന്ന കരച്ചിലോ
തോർച്ചയില്ലാതെ നിൽപ്പൂ...

മുത്തശ്ശി നാലും കൂട്ടി
മുറുക്കി നീട്ടിത്തുപ്പി-
യിരിക്കും പഴങ്കഥ-
ത്തിണ്ണയും തകർന്നുപോയ്!

ഓണവില്ലൊടി,ഞ്ഞതിൻ
ദീനരോദനം ചെന്നൂ 
വേപഥു ചേർത്തു, ദീപ-
നാളകാന്തികൾ മങ്ങി!

കുടവനിലത്തുമ്പിൽ
കുഞ്ഞുതുമ്പികൾ ചെന്നു
പ്രണയകലവികൾ
ചേർത്തതില്ലിക്കുറിയും!

തോട്ടുവക്കത്തപ്പന്നൽ-
ച്ചെടിയിൽ ചാരിയാത്ത-
മോദമായ് കാറ്റുമൂഞ്ഞാൽ-
പ്പാട്ടൊന്നും പാടിയില്ല!

*മൂക്കൊന്നു പിഴിഞ്ഞു ത-
ന്നെളിയിൽ തേച്ചുകൊണ്ടാ
ചേറ്റുപാടത്തിൽ നിന്നു
കർഷകൻ കയറുന്നു...
കാണമില്ലിനി വിൽക്കാൻ
നാണമേ ബാക്കി നില്പ്പൂ 
കാണിയുമതു വില്ക്കാ-
നാവില്ലെന്നൊരു പാവം
കീടനാശിനിക്കുപ്പി
യെടുത്തു തുറക്കയായ്..!
കേവലനവനിന്നു
വീണുപോം വാഴവാണോണം!
-----------
കാവാലം ബാലചന്ദ്രൻ

(*'മൂക്കു പിഴിഞ്ഞെളിയിൽ തേക്കുക' :
കരയുക എന്നതിന് കുട്ടനാട്ടിലെ പഴമക്കാർ പറഞ്ഞിരുന്നത്)

(**"കേവഞ്ചി കേറിപ്പോയൊ-
രോണമങ്ങുള്ളിൽ തേട്ടി-
ച്ചാകുവാൻ കിടക്കുന്ന
പാവത്തിനെങ്ങാണോണം?"
-പി.കുഞ്ഞിരാമൻ നായരുടെ സൗന്ദര്യപൂജ എന്ന
കവിതയിലെ വരികൾ സ്മരിക്കുക.)


==================================


അമ്മ മനസ്സ്
------------------
മാഘമാസക്കുളിരിലാണ് 
മാവു പൂത്തുതളിർത്തതും,
മാന്തളിരിൻ ശോഭയാർന്ന 
മോളെനിക്കു പിറന്നതും.

ഞാനവൾക്കു കന്നിമുത്തം
മേനിയാകെ പകർന്നതും,
എന്നുടലിൽ ചേർത്തവളെ
പൊന്നുപോലെ പൊതിഞ്ഞതും.

മാറിടം ചുരത്തേയുണ്ണി-
മോണയാലെ നുണഞ്ഞതും,
ഓമനേ നിന്നോർമ്മകൾക്കാ-
യമ്മ നല്കിയ പാൽമണം.

നിന്റെ പൊൻ കൊലുസ്സൊച്ചയും  ,
നിന്റെ പൊന്മണിയൊച്ചയും
ഒന്ന് കേൾക്കാനെത്രനാളിനി എണ്ണിയെണ്ണിയിരിയ്ക്കണം.

ഭർത്തൃഗേഹത്തിലെത്രയും
ഭദ്രമാം വാസമെങ്കിലും 
സ്വന്തമമ്മയെ കാണുവാനായ്  
ഇത്രയും മടിയാകണോ?

അന്തിവന്ന് പടിക്കലെത്തേ 
ആരെയോ കാത്തിരിപ്പു ഞാൻ
നാളെനീയോരമ്മയാകേ
നേരിട്ടറിയെൻ നൊമ്പരം.


കസ്തൂരി മാധവൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ