. കൊറോണ നാളിലെ ഓണം
ഉത്രാടരാവിലാ പൂനിലാവേളയിൽ
ഊഞ്ഞാലിലാടിയതിന്നൊരോർമ്മ!
ഇന്നൂഞ്ഞാലില്ല,യുണ്ടെങ്കിലോ 'ഹാളി'ലാം
തോന്നുമ്പോൾ മാത്രമൊന്നാടീടുവാൻ
ചൂടേറുമെണ്ണേൽ വറുക്കുമുപ്പേരീടെ
ചേലുള്ളൊരാ മണം മൂക്കിലെത്തേ,
ഊഞ്ഞാലുപേക്ഷിച്ചു വീട്ടിലേയ്ക്കോട്ടമാ യ്
ഉപ്പേരി ചൂടോടെ മോഷ്ടിക്കുവാൻ!
ഉത്രാടപ്പാച്ചിലിന്നൊടുവിലായച്ഛൻ
ഉപ്പേരിയെണ്ണേൽ വറുത്തെടുത്തിട്ട് ,
പനമ്പൊളി വട്ടിയിൽ കോരിയിടുന്നത്
പിറകിൽക്കൂടെത്തി വാരിയെടുത്ത്
ഊതിത്തണുപ്പിച്ചിട്ടോരോന്നായ് വായിലി-
ട്ടൂഞ്ഞാലിൻ ചോട്ടിലേയ്ക്കോട്ടമാകും!
ഇന്നൊരച്ഛന്മാർക്കും ആ പണിയില്ലല്ലോ!
ഇന്നുപ്പേരി പ്ലാസ്റ്റിക് കവറിലാണ്!
തിരുവോണപ്പൂക്കളം തീർക്കാനായന്ന-
തിരാവിലെയോടും പൂവിറുക്കാൻ
ഇന്നോ പൂവെല്ലാം കടയിൽ നിന്നും കിട്ടും
ഒന്നിച്ചു വാങ്ങി പൂക്കളം തീർക്കാം.
ഓണസദ്യയ്ക്കന്ന് രുചിയെന്താരുന്നെന്നോ!
'ഓൺലയിനി'ൽ സദ്യയിന്നു കിട്ടും!
ഓണക്കളികളന്നെത്ര കളിച്ചെന്നോ!
'ഫോണി'ലേക്കളി കണ്ടു രസിക്കുമിന്ന്!
ഫോണിലുമന്നത്തെക്കളികൾ കാണില്ലിന്ന്
ഓണക്കളികളിന്നന്യമായി!
മാവേലിമന്നനേയെതിരെൽക്കാനായന്ന്
മാലോകർക്കുത്സാഹമെന്താരുന്നു!
ഇന്നു കൊറോണയെപ്പേടിക്കും മാവേലി
വന്നാലും മാസ്ക്കും കെട്ടി വരണ്ടേ!
കാണാനും കാണില്ലിന്നാരും, മാവേലിയെ
കാണും കൊറോണ വരവേൽക്കുവാൻ !
--------------------
ഉപഗുപ്തൻ കെ. അയിലറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ