. പാഞ്ചാലിയെന്ന ശാപജന്മം
------------
. ഉപഗുപ്തൻ കെ. അയിലറ
പഞ്ചവേദത്തിലെ പാഞ്ചാലിയല്ലോ നീ
അഞ്ചാത്ത നെഞ്ചിന്നുടമയല്ലോ!
പാഞ്ചാലരാജന്റെ പുത്രിയാണെങ്കിലും
അഞ്ചാണുങ്ങൾക്കൊറ്റ പത്നിയായോൾ!
അഞ്ചു പ്രിയന്മാരെ കിട്ടുവാൻ കാരണം
അല്ല, തീർത്തും, നിൻനിയോഗമല്ല!
ചൊല്ലുന്നിതൈതിഹ്യം,നിന്റെ നാവിൻ തെറ്റ-
തല്ലാതെയൊന്നുമല്ലെന്ന സത്യം!
പൂർവ്വജന്മത്തിൽ ഒരുത്കൃഷ്ട പത്നിയായ്
വാണിരുന്നില്ലേ നീയാശ്രമത്തിൽ?
'നാളായണി'പ്പേരിലല്ലോയറിഞ്ഞു നീ
വേളിയായ്, യോഗിയാം മൗൽഗല്യന്റെ.
മൗൽഗല്യ മഹർഷീടെ പ്രീതിക്കു പാത്ര-
മായ് വരമൊന്ന് നിനക്കന്നു കിട്ടി!
നിന്റെയാസക്തിതൻ കാരണം ആ വരം
നീ മാറ്റിയാക്കിനിൻ ശാപമായി!
കുഷ്ഠരോഗിയാമാ യോഗി തന്നറ്റയാ
കൈവിരൽ വീണോരു ഭക്ഷണം നീ
സ്വാദോടെ ഭക്ഷിച്ചു സംതൃപ്തയായതിൽ
സ്വാമിയാ മാമുനിക്കുണ്ടായ് ദയ
നിന്നഭീഷ്ട സിദ്ധിക്കായിക്കരുവാക്കാൻ
നീ വാങ്ങിയ വരമെത്രപൂർവ്വം
"അഞ്ചു രൂപം പൂണ്ടിടൂ, രമിപ്പിക്കെന്നെ",
അഞ്ചാതെ ചോദിച്ചു വാങ്ങീ വരം.
മൗൽഗല്യനദ്രിയായ് മാറവേ നീസ്വയം
മോദമോടേയൊഴുകീ പുഴയായ്!
വൃക്ഷമായ് മൗൽഗല്യൻ മാറവേ നീ നീണ്ട
വള്ളിയായിപ്പടർന്നേറീയതിൽ!
പൃഥ്വിയായ് മൗൽഗല്യൻ മാറേയിരമ്പുന്ന
അബ്ധിയായിട്ടു നീ രൂപം മാറി!
പുഷ്‌പമായിട്ടവൻ വന്നിടേ നീവന്നു
പാറിപ്പറക്കും ഭ്രമരമായി!
കാറ്റായി മാറീയവൻ വന്നിടെ നീയോ
കാമോഷ്ണമേകും സുഗന്ധമായി!
അങ്ങനീയഞ്ചു രൂപങ്ങളിൽ ഏറെനാൾ
നിങ്ങളൊന്നിച്ചു രമിച്ചതില്ലേ
എന്നിട്ടുമാസക്തി നിന്റേതു തീരാതെ
വന്നിടേ ക്ഷമ തീർന്നു മാമുനിക്ക്
നീ ശല്യമായ് മാറിയപ്പോൾ മഹർഷീടെ
നിഷ്ഠക്കു വിഘ്നം ഭവിച്ചതില്ലേ?
നീരസം തോന്നാതിരിക്കില്ലയാർക്കുമേ
നാളായണീ നീയതോർത്തതില്ല!
ജനിച്ചീടട്ടെ നീ വരും ജന്മമെങ്കിൽ
മനുഷ്യന്റെ വംശത്തിലൊരുനാൾ,
വരിച്ചീടുകെന്നിട്ടഞ്ചു പേരെയെന്നാ
വന്ദ്യസന്യാസി ശപിച്ചിതല്ലോ!
പാഞ്ചാല രാജന്റെ പുത്രിയായങ്ങനെ
അഞ്ചു പേരേ നീ വരിച്ചതല്ലേ?
------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ