2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച

മാഗസിൻ സെപ്റ്റംബർ 2021

മാഗസിൻ സെപ്റ്റംബർ 2021
(Edit ചെയ്തവ : by ഉപഗുപ്തൻ കെ അയിലറ)

(1)

കവിത

.         സുന്ദരിയാം മലമ്പുഴ
          ☆~~~♡~~~♡~~~☆

മാമലകളെ പുണര്‍ന്നൊഴുകുന്ന
കൊച്ചരുവികളുടെ ഹൃദ്യസൗന്ദര്യം
കണ്ണെത്താദൂരം നിറഞ്ഞ ജലാശയവും
ചെറുകാറ്റിലലതല്ലും കുഞ്ഞോളങ്ങളും

അണക്കെട്ടിനുമീതെ പറന്നെത്തും
ചന്ദനസുഗന്ധമാം കുളിര്‍കാറ്റും 
കണ്ണിനാന്ദമേകുന്നുണ്ടെവിടെ നോക്കി-
യാലു,മെന്തൊരാഹ്ലാദ,മെന്തൊരുല്ലാസം!

വാസന്തദേവതയനുഗ്രഹിച്ചപോല്‍
മനോഹാരിയാം നാനാസുമങ്ങളേറെ 
പൂത്തുല്ലസിച്ചു കളിയാടിയങ്ങനെ,
ഉദ്യാനമാകെയും  സുഗന്ധപൂരിതം.

ശില്പി കാനായിതന്‍ മാനസപുത്രിയാം
നിത്യലാവണ്യത്തിന്‍ നിറകുടമായിതാ
വശീകരണമന്ത്രവുമായിരിപ്പതുണ്ട്
ചമയങ്ങളില്ലാത്തൊരു മാദകയക്ഷിയായ് !

അവളെക്കണ്ടിട്ടാനന്ദിച്ചവരുണ്ടേറെ
കൗമാരയൗവ്വന സ്വപ്നങ്ങളുടെ റാണി
പ്രായഭേദമേതുമില്ലാതെയാരാധിച്ചവര്‍
കാവലാളെന്നപോലിരിക്കും സുരസുന്ദരി!

ഒന്നുകാണാന്‍ കൊതിച്ചവരേറെ വന്നു
യുവതരുണികള്‍ നാണത്തോടെ നിന്നു
ജീവന്‍റെ തുടിപ്പുമായ് നഗ്നഗാത്രയായിരി-
ക്കുവളൊരു ശിലയല്ല സ്വര്‍ഗ്ഗീയസുന്ദരി!

ശേഖര്‍ ആലത്തൂർ, പാലക്കാട്
----------------------------------

(2)
.            ഈന്താൽ

ദൈവനാമത്തിലൊരു
പൂമ്പാറ്റയെ
തല്ലിക്കൊന്നവന്റെ കണ്ണിൽ
നിന്നൊരാൽ മുളയ്ക്കുന്നു
കൃഷ്ണമണിയിലൊളിച്ച
വിത്തിൽ നിന്നും
മയിൽപ്പീലി പോലെ
വിടരുന്നു ഓരില.

നേത്രദ്രവത്തുള്ളിയിലേക്കു
മുഖം പൂഴ്ത്തി കുടിച്ചു
തളിർക്കുന്നു ചില്ലകൾ
വിറപൂണ്ട് വെളിച്ചപ്പെടുന്നു 
സന്ധ്യകൾ
കാറ്റു തഴുകി കരം കൂപ്പി
വിളിക്കുന്നു
കിളികളെ,
നുണക്കൂട്ടങ്ങളെ,
ക്ഷുദ്രകീടങ്ങളെ,
അമ്പലപ്രാവിനെ.

വിളക്കുവച്ചു 
വേലികെട്ടുന്ന നീ
ഇലനടുവിൽ വരയ്ക്കുന്നു
അനുവാസരം കണ്ണനെ.
നിന്റെ ചിഹ്നങ്ങൾ 
ചിത്രങ്ങൾ
നിറങ്ങൾ
തൂക്കുന്നു ചില്ലയിൽ.

എന്റെ കണ്ണിൽ മുളയ്ക്കും 
മരത്തിനീ
മണ്ണു പോരാ, 
ചൂടുപോരാ 
ആർദ്രമിത്രയ്ക്കു വേണ്ട,
കാറ്റിങ്ങനെ വീശേണ്ട,
പുഴയൊഴുകേണ്ട,
മര വൈജാത്യ സങ്കരം വേണ്ട.

രണ്ടുമരങ്ങളെ
കണ്ണിൽ മുളപ്പിച്ചോർ
നമ്മൾ,
മനുഷ്യർ.... അത്രമേൽ
വ്യത്യസ്തരായവർ....!

ഷറീന തയ്യിൽ, മലപ്പുറം.

----------------------------------

(3)
.                 ജനനം.
                  .............

പിറവിയുടെ ആഴങ്ങളിലേയ്ക്ക്
ഊളിയിട്ടപ്പോഴാണ്
പിറക്കാനിരിക്കുന്ന
കവിതക്കുഞ്ഞുങ്ങളുടെ
മുറവിളി കേട്ടത്.
വെറുതെയൊന്ന് 
തലോടിയപ്പോളറിഞ്ഞു,
കയ്യും കാലും വേർപെട്ട്,
കണ്ണും കാതുമില്ലാതെ,
പിടയുകയാണെന്ന്.
മെല്ലെ കൈക്കുമ്പിളിൽ വാരിയെടുത്ത്
ഗർഭപാത്രത്തിൽ
നിറച്ചു.
പിന്നെ പേറ്റുനോവിൻറെ
പിടച്ചിലുകൾ.
നോവ് കൂടുന്തോറും
അസ്വസ്ഥമായ മനസ്സിലെ
ചിന്തകളുടെ ധൂമപടലങ്ങളിൽ നിന്നും
ജ്വാലകളായി
പുറത്തേക്കു വന്ന
മഷിത്തുള്ളികൾ
തെളിനീരുറവയായി,
കവിതകളുടെ
വാക്കുകളായി, 
പുറത്തേക്ക്
ഒഴുകിക്കൊണ്ടേയിരുന്നു.

✍️ റഹീന സമദ് കുറ്റ്യാടി
കൊഴക്കോട് 
-----------------------------------------
(4)

കവിത.

.            എന്റെ പ്രഭാതം. 

രാവിൽ വരുമീ താരകളെല്ലാം
കൺ ചിമ്മി ഭൂമിയെ നോക്കിടുമ്പോൾ
വിരിയുവാൻ വെമ്പുന്ന പൂമൊട്ടുകൾ 
തൊടിയിലാകെ നിറഞ്ഞു നില്ക്കുന്നു!

അരുമയായ് തഴുകുന്നു ഹിമകണങ്ങൾ, 
ചിറകനക്കാതെ പൂമ്പാറ്റകൾ,
പൂവിൻ ദളങ്ങളിൽ പറ്റിയിരിക്കുന്നു!
കിളികൾ പാടുന്നു, പ്രകൃതിയുമുണരുന്നു.

സൂര്യനുമെത്തി, ഗാംഭീര്യഭാവത്തിൽ!
പുലരിയെത്തുന്നു പൂവിൻ ദളങ്ങളിൽ, 
സുഗന്ധമെങ്ങും പരന്നൊഴുകുന്നു 
മഴവില്ലു വാനിൽ നിറഞ്ഞു നിൽക്കുന്നു.

ഭൂമിയിന്നും നവോഢയായ് മാറുന്നു,
പുലരി വന്നു വിളിച്ചുണർത്തീടവേ. 
ഞാനുണർന്നു പകച്ചു നോക്കുമ്പോൾ 
ഇരുളുമാറിയെൻമുന്നിൽ പ്രഭാതമായ്!

രാജൻ തെക്കുംഭാഗം
.........................................
(4)

യാത്രാവിവരണം 

പ്രകൃതിയുടെ വരദാനം : അരീക്കൽ വെളളച്ചാട്ടം

പ്രകൃതി ഇങ്ങനെയാണ്. വൈരുദ്ധ്യാത്മക അസംസ്കൃത പദാർത്ഥങ്ങളെ ഭാവനയിൽ സൗന്ദര്യാത്മകമായി മെനഞ്ഞെടുത്ത്, സമൃദ്ധിയിൽ കോർത്തിണക്കി, സൃഷ്ടിയുടെ മഹാത്ഭുതം രചിക്കുന്ന പരമപ്രധാനിയായ ശില്പി!  പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ ആരുടെയെങ്കിലും മനം കുളിർപ്പിക്കുമെങ്കിൽ അതൊരിക്കലും അരീക്കൽ വെള്ളച്ചാട്ടമല്ലാതെ മറ്റൊന്നുമാവാൻ സാദ്ധ്യതയില്ല. വിനോദ സഞ്ചാരികളുടെ ഇടയിൽ ഈ വെള്ളച്ചാട്ടം പ്രചാരം നേടിയിട്ട് വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളു.

എറണാകുളം ജില്ലയിൽ, പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് എറണാകുളത്തു നിന്നും തൊടുപുഴയ്ക്ക് പോകുന്ന വഴിയിൽ ഏകദേശം 35 കി.മി. യാത്രാദൂരമേയുള്ളൂ. മുവാറ്റുപുഴയിൽ നിന്നും പാമ്പാക്കുട - മണ്ണത്തൂർ വഴിയിൽ 12 കി.മി. മാത്രം. ദേശീയപാതയോട് ചേർന്ന്  ഇടയ്ക്കിടെ സൂചകങ്ങൾ കാണാം.

മൺസൂൺ ടൂറിസത്തിന് ഏറെ പ്രയോജനപ്പെടുത്താവുന്ന നല്ലൊരു ഡെസ്റ്റിനേഷൻ ആണ്  *അരീക്കൽ വെള്ളച്ചാട്ടം* (Areeckal Waterfalls).  ആരുടെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടാൻ ഒരുക്കമില്ലാതെ, ഈ സുന്ദരിയങ്ങനെ ഒളിവിലുടെ ഒഴുകുകയായിരുന്നു.  എന്നാൽ പൊടുന്നനെയാണവളുടെ സ്വഭാവം മാറിയത്!   'എന്റെ കാൽപാദങ്ങങ്ങളിലേക്ക് ഇറങ്ങി വന്ന് എന്നെ വേണ്ടുവോളം ആസ്വദിക്കൂ' എന്ന് വിളിച്ചോതുന്ന ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടം,  ഒരുപക്ഷേ, ലോകത്തൊരിടത്തും വേറെ ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.

കാർഷിക സംസ്കൃതി മനസാ വരിച്ച ഗ്രാമം. പോകുന്ന വഴികളിൽ ഇരുവശവും റബ്ബർ മരങ്ങളും, മറ്റു കാർഷിക വിളകളുമാണ്. എങ്കിലും പ്രകൃതിയുടെ മേൽ മനുഷ്യന്റെ അനാവശ്യ കൈകടത്തലിന്റെ അടയാളമെന്നോണം  പാറമടകളും, മണ്ണെടുക്കുന്ന കേന്ദ്രങ്ങളും വേദനയോടെ കാണാം.  അരീക്കലിൽ വന്നിറങ്ങിയാൽ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ യാതൊരു ലക്ഷണവും കാണാനില്ല.  രണ്ടോ, മൂന്നോ പെട്ടിക്കടകൾ മാത്രമുള്ള ജങ്ഷൻ.  അങ്ങിങ്ങായി ഒറ്റപ്പെട്ട ചില വീടുകളും, അവരുടെ വിശാലമായ കൃഷിഭൂമികളും മാത്രം.  വെള്ളച്ചാട്ടമെവിടെയാണെന്ന് അന്വേഷിക്കുമ്പോൾതന്നെ ഒരു ഇരമ്പലിന്റെ നേരിയ, മർമ്മര ശബ്ദം കാതുകളിൽ അനുഭവപ്പെടും.

അല്പം മുന്നോട്ട് നടക്കാം; റോഡിൽ നിന്നും താഴേക്ക് പടവുകൾ കെട്ടിയിരിക്കുന്നു. ഭംഗിയിൽ ചെത്തിമിനുക്കിയ വിരിക്കല്ലുകൾ പാകി മനോഹരമാക്കിയ അനേകം പടവുകൾ താഴേക്ക്.  ഉറപ്പുള്ള കൈവരികൾ.  പതിയെ പതിയെ താഴേക്കിറങ്ങുമ്പോൾ ഇരമ്പിക്കുതിക്കുന്ന വെള്ളച്ചാട്ടം ദൃശ്യമായിത്തുടങ്ങും.  അതിന്റെ മനോഹാരിതയിൽ മെല്ലെ മെല്ലെ അലിഞ്ഞു ചേരുവാൻ തുടങ്ങുമ്പോൾ നേരിയ കുളിർമ ശരീരമാകെ തഴുകുവാൻ തുടങ്ങും.  മുകളിൽ നിന്നും തട്ടുകളായ് ചിതറി താഴേക്ക് പതിക്കുന്ന നീർമുത്തുകൾ തൂമഞ്ഞിന്റെ പ്രഭ വിടർത്തിയ ചാരുത പരത്തുന്നതായി അനുഭവപ്പെടും.

വീണ്ടും നമുക്ക് പടവുകൾ ഓരോന്നായിറങ്ങാം. അമ്പരപ്പുകൾ മാത്രം സമ്മാനിക്കുന്ന പ്രകൃതിയുടെ മാസ്മരിക മുഖം.  തലയ്ക്ക് മുകളിൽ ആ മഹത്തായ വെള്ളച്ചാട്ടത്തിന്റെ ഭംഗിയുള്ള കാഴ്ച!  അത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ കോൾമയിർ കൊള്ളിക്കും.  വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ കുരുത്ത ചെറിയ ചെറിയ ജലതന്മാത്രകൾ ചിന്നംഭിന്നമായി തെറിച്ചു വീണ് രോമകൂപങ്ങളിലൂടെ ഒലിച്ചിറങ്ങുമ്പോൾ ലഭിക്കുന്ന പ്രത്യേകമായ ഒരു നിർവൃതിയും അനുഭൂതിയും!  അതൊന്നനുഭവിക്കേണ്ടതു തന്നെ!

അരീക്കൽ വെള്ളച്ചാട്ടം ജീവസ്സുറ്റുയർത്തെഴുന്നേൽക്കുന്നത് മഴക്കാലത്താണ്.  ഏകദേശം അമ്പതു മീറ്റർ വീതിയിൽ വെള്ളം പരന്നൊഴുകി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന കാഴ്ച ഗംഭീരം.  താഴ്ഭാഗത്ത് ഒരു തടയണ ഉണ്ട്.  വേണമെങ്കിൽ അവിടെയിറങ്ങി ഒരു ഉഗ്രൻ കുളിയുമാകാം.  പ്രകൃതിയുടെ അന്നനാളത്തിൽ നിന്നും ബഹിർഗ്ഗമിക്കുന്ന സംശുദ്ധവും ഉൻമേഷദായിനിയുമായ അമൃത ജലത്തിൽ നീരാടാൻ തിടുക്കം കൂട്ടുന്നവർ എത്രയെത്ര!

ഇതിന്റെ ഉത്ഭവസ്ഥാനം എവിടെയെന്നന്വേഷിച്ച് നോക്കാം.  ഇപ്പോഴല്ലേ പ്രകൃതിയുടെ മറ്റൊരു വികൃതി കൂടെ മനസിലാകുന്നത്!  പ്രത്യേകിച്ചൊരു അരുവിയിലോ, നദിയിലോ രൂപം കൊണ്ടിട്ടുള്ള ഒന്നല്ല അരീക്കൽ വെള്ളച്ചാട്ടം.  ഇവിടെയുള്ള സാധാരണ കർഷകരുടെ പാടത്തു നിന്നും, പറമ്പുകളിൽ നിന്നും മറ്റും ഉള്ള പ്രകൃതിദത്തമായ ഉറവകളിൽ നിന്നും ഒഴുകി വരുന്ന ജലം ഒന്നിച്ച് ചേർന്ന് റോഡിന് അടിയിൽ തീർത്തിട്ടുള്ള  കലുങ്കിലുള്ള ഓവിലൂടെ, കീഴോട്ട് കുത്തനെ പതിക്കുകയാണ്.  അതു കൊണ്ടുതന്നെയാണ് ഇവിടെ വന്നിറങ്ങുന്നവർക്ക് ഇത്തരം ഒരു വെള്ളച്ചാട്ടമുള്ളതായിട്ടോ, ഇത്തരം പ്രതിഭാസത്തിന് ചേർന്ന ഒരു സ്ഥലമായോ അരീക്കൽ അനുഭവപ്പെടാത്തത്.  എന്നാൽ ഇതുവരെയുള്ള ചിന്തകളേയും വിശ്വാസങ്ങളേയും തകിടം മറിക്കുന്ന അനുഭവങ്ങളും കാഴ്ചകളുമാണ് അരീക്കൽ നമുക്ക് കനിഞ്ഞ് നൽകുന്നത്.

ഇവിടെയുള്ള കാർഷിക പ്രദേശങ്ങളിലെയും മറ്റും ഉറവകളിൽ നിന്നും ഒഴുകിയെത്തുന്ന ജലവിഭവങ്ങളുടെ ഈ ബഹിർഗമനം കാണുമ്പോൾ, കാലാകാലങ്ങളായി അനുഭവിച്ചു വന്ന പാരതന്ത്ര്യം വിട്ട്, സർവ്വതന്ത്ര സ്വതന്ത്രരായി, അനിയന്ത്രിതമായ ആവേശത്തിൽ കുതിച്ചു പായുകയോ, പരക്കം പായുകയോ, ആർക്കും പിടികൊടുക്കുവാൻ തയ്യാറാകാതെ രക്ഷപ്പെടുവാനൊരുമ്പെടുകയോ ഒക്കെ ആണെന്നു തോന്നും.  ഒരുൾഗ്രാമത്തിലെ ഈ അത്ഭുത പ്രതിഭാസം മഴക്കാലത്ത് അതിന്റെ സർവ്വശക്തിയിലും, പൂർണതയിലും, അതിലുപരി സൗന്ദര്യത്തിലും പരമോന്നത കോടിയിലായിരിക്കും.  ഈ സമയത്തെ ലോകസുന്ദരീ പട്ടം ചാർത്തി അലംകൃതയായി നിൽക്കുന്ന അരീക്കൽ വെള്ളച്ചാട്ടം കാണുവാൻ, അതിന്റെ സാർവ്വസൗന്ദര്യ പ്രകടം ആസ്വദിക്കുവാൻ, നാടിന്റെ പല ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.

ഒരു മഴക്കാല വിനോദസഞ്ചാരത്തിനും, ഏകദിന ട്രിപ്പിനും ഏറെ അനുയോജ്യമാണ് അരീക്കൽ വെള്ളച്ചാട്ടം.  ഒരു വെള്ളച്ചാട്ടം, അതിന്റെ പൂർണമായ അർത്ഥത്തിലും വ്യാപ്തിയിലും അടിമുടി ആസ്വദിക്കുവാനും, ആനന്ദിക്കുവാനും പറ്റിയ ഏറ്റവും നല്ല ഒരു ഡെസ്റ്റിനേഷൻ ആന്ന് അരീക്കൽ. വേനൽക്കാലമായാൽ പഴയ കാല പ്രതാപങ്ങളെയെല്ലാം മനസ്സിൽ ലാളിച്ച്, ഗൃഹാതുരത്വത്തോടെ, പേരിനൊരിറ്റുനീർത്തുള്ളികളാൽ കോർത്ത, ഒരു നീർച്ചാൽ മാത്രമായി ശോഷിച്ചൊരുടലുമായി, ദീനരോദനത്തോടെ നമ്മെ നോക്കുന്ന അരീക്കലിനെ കാണുന്നതേ ദയാർദ്രം. എങ്കിലും പൂർണമായും വരണ്ടുണങ്ങാറില്ലെന്നത് യാഥാർത്ഥ്യം. എന്നാലീ അവസ്ഥയിൽ പോലും ധാരാളം സന്ദർശകരെത്താറുണെന്നത് അരീക്കൽ വെളളച്ചാട്ടത്തിന് അഭിമാനമാണ്. അതുപോലെ ആ മടിത്തട്ടിലൊന്നിറങ്ങി വിശ്രമിച്ച്, ഇറ്റു നീരെടുത്ത് മുഖം കഴുകി സംതൃപ്തരാവുന്നുണ്ട് എല്ലാവരും എന്നതിൽ കൃതാർത്ഥയുമാണ് അരീക്കൽ.
       ടൂറിസത്തിന്റെ ഒട്ടേറെ സാദ്ധ്യതകൾ നിറഞ്ഞു നിൽക്കുന്ന 'അരുവിക്കൽ' എന്ന അരീക്കൽ വെള്ളച്ചാട്ടം ഇനിയുമേറെ പുരോഗതികൾക്കായി കാതോർക്കുകയാണ്. പാമ്പാക്കുട പഞ്ചായത്ത് അതിനു വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും, ലോകം ഉറ്റുനോക്കുന്നതും, വിസ്മയ മനോഹാരിത സമ്മാനിക്കുന്നതുമായ അരീക്കൽ വെള്ളച്ചാട്ടം എന്ന പ്രകൃതിയുടെ വരദാനം ആകർഷകമാക്കി നിലനിർത്തേണ്ടത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നമ്മുടെ ഉത്തരവാദിത്വമാണ്.
         അരുവിക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായ ഈ വെള്ളച്ചാട്ടം 2014 ഒക്ടോബറിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇപ്പോൾ പുരോഗമന പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. സീസണിൽ പ്രവേശന പാസുണ്ട്. 10 വയസിന് മേൽ പ്രായമുള്ളവർ 10 രൂപയുടെ പാസ്സ് എടുക്കണം. മനോഹരമായ കൽപ്പടവുകളും കൈവരികളും. ഈ പടവുകളിലൂടെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പകൽ കാഴ്ചകളേക്കാൾ മനോഹരമാണ് സന്ധ്യ കഴിഞ്ഞാൽ. പഞ്ചായത്ത് ടൂറിസം വക സ്ഥാപിച്ചിട്ടുള്ള സ്പോട്ട് ലൈറ്റുംകൂടി ആകുമ്പോൾ ഇരുളിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി കൂടുതൽ ലാസ്യവതിയാകുകയാണ് അരീക്കൽ വെള്ളച്ചാട്ടം. അത്യാവശ്യത്തിനുള്ള ശൗചാലയങ്ങളും ഇവിടെ പണി തീർത്തിട്ടുണ്ട്.
       പ്രകൃതിയുടെ വരദാനമായ വെള്ളച്ചാട്ടത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും അവകാശമാണെന്ന് പറഞ്ഞു വല്ലോ..., അതിനായി തന്നെ രാപ്പകൽ നിരീക്ഷണത്തിനായി കാമറകൾ സജ്ജമാണ്. പ്ലാസ്റ്റിക് മുതലായ അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിക്കാതെ ശ്രദ്ധിക്കണം. മദ്യവും, പുകയിലയും വർജ്യമാണ്.
       മറ്റു വെള്ളച്ചാട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതെന്നു തോന്നാമെങ്കിലും അതിഥികളെ വരവേൽക്കാൻ മിടുക്കിയാണ്. ഒപ്പം നിൽക്കുവാൻ കുറ്റിക്കാടുകളോ, വൻമരങ്ങളോ, മാമലക്കൂട്ടങ്ങളോ, ഒന്നുമില്ല. ചുറ്റുവട്ടത്തുള്ള കർഷകരുടെ കൃഷിയിടങ്ങളും റബ്ബറും മാത്രം. എങ്കിലും വഴി നിരപ്പിൽ നിന്നും പൊടുന്നനെ, കിഴക്കാം തൂക്കായി നിൽക്കുന്ന ഈ പുറമ്പോക്ക് പാറകളിൽ പ്രകൃതി വരച്ച അനശ്വര ജലവിന്യാസ കൗതുക പ്രതിഭാസം എത്ര പറഞ്ഞാലും പൂർണമാവില്ല, അടുത്തറിയണം കണ്ടറിയണം, എങ്കിലേ അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ആകർഷണീയത മനസ്സിലാകൂ.
       അരീക്കൽ വെള്ളച്ചാട്ടം....! അപ്രതീക്ഷിത മനോസുഖം ലഭിക്കുന്ന പ്രശാന്ത സുന്ദരമായ അന്തരീഷം. ഇവിടം പ്രണയാർദ്രമാണ്. പ്രക്ഷുബ്ധമനസ്സുകൾ ഝടുതിയിൽശാന്തമാകുന്നു. എല്ലാം ഒരു നിമിഷത്തേക്ക് മറക്കുവാൻ ഒരിടം. പ്രകൃതിയെ തൊട്ടറിയാൻ, മാറോടണയ്ക്കുവാൻ, ഒന്നുമല്ലാത്തിടത്ത് പ്രകൃതിയൊരുക്കിയ വിസ്മയ ച്ചാർത്തിൽ അലിഞ്ഞു ചേരാൻ, ഒരിക്കലൊന്നനുഭവിച്ചാൽ പിന്നെ ജീവനിൽ നിന്നും പിഴുതെറിയപ്പെടാൻ കഴിയാത്തത്ര ജീവിതത്തോടിണങ്ങിച്ചേരുന്ന അരീക്കൽ വെള്ളച്ചാട്ടത്തിന്റെ പവിത്രതയും, അതിന്റെ മാന്ത്രിക സ്പർശനവും ഒന്നു നുകരുവാനും ആസ്വദിക്കാനും കഴിയുക എന്നത് ഏതൊരാളെ സംബന്ധിച്ചും ഒരു സ്വപ്നമോ, സ്വപ്ന സാഫല്യമോ ആയിരിക്കും.

            സജി കൂറ്റാംപാറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ