2021 ഏപ്രിൽ 6, ചൊവ്വാഴ്ച

മഴിവാതിൽ corrections

മിഴിവാതിൽ corrections 

  

"തിരികെ യാത്ര "

മെഡിക്കൽ കോളേജിന്റെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത്,  കൂട്ടിലിട്ട വെരുകിനെ പോലെ, അയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. വാർദ്ധക്യത്തിന്റെ ജരാനരകൾ ബാധിച്ച മുഖം.  കണ്ണുകൾക്ക് താഴെ കറുപ്പ് പടർന്നിരിക്കുന്നു.  ശരീരത്തിൽ ചുളിവുകൾ ബാധിച്ചിരിക്കുന്നു.  തിളക്കം നഷ്ടപ്പെട്ട കണ്ണുകളിൽ വിഷാദ ഭാവം തളം കെട്ടി കിടക്കുന്നു.  കൈകളിൽ ഒരു പത്രം ചുരുട്ടി പിടിച്ചിട്ടുണ്ട്.  ഇടയ്ക്കിടെ പത്രം നിവർത്തിപ്പിടിച്ച് വെറുതെ നോക്കിയിരിക്കും. അയാൾ പത്രത്തിൽ നിന്ന് മുഖമുയർത്തി അകത്തേക്ക് നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അകത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് ഒരിക്കൽ തന്റെ എല്ലാമായിരുന്ന, പ്രാണന്റെ പാതിയായിരുന്ന, സ്ത്രീയാണ്. ഇന്നവൾ തനിക്കാരുമല്ലാതായിരിക്കുന്നു. തന്നെ വിശ്വസിച്ച്,  ഒപ്പം ഈ കൈപിടിച്ച് കൂടെ നടന്നവൾ; താൻ  തന്റെ പ്രാണനെ പോലെ സ്നേഹിച്ച തന്റെ പ്രിയപ്പെട്ടവൾ. തന്റെ കുഞ്ഞുങ്ങൾക്ക് പിറക്കാൻ ഗർഭപാത്രത്തിലിടം നൽകി തനിക്ക് ആദ്യമായി ഒര് അച്ഛന്റെ നിറകൂട്ട് ചാർത്തി തന്നവൾ. തങ്ങൾക്കിടയിൽ യാതൊരു രഹസ്യങ്ങളിലുമില്ലാതെ നാല് പതിറ്റാണ്ട് ഒന്നിച്ച് കഴിഞ്ഞവൾ . അവളുടെ കുറവുകളും പോരായ്മകളും അറിയാതിരിക്കാൻ തന്നെ സ്നേഹത്തിന്റെ വലയം തീർത്ത് കെട്ടിയിട്ടവൾ,. ഒരു ശ്വാസത്തിന്റെ നിശ്വാസം പോലും ഇടവേളയാക്കാതെ ജീവിതം ആസ്വദിച്ചിരുന്ന കാലം. തന്റെ സുഹൃത്തുകൾക്കും വീട്ടുകാർക്കുമിടയിൽ അവൾ അവളുടേതായ  ഒരു അടയാളപ്പെടുത്തൽ തന്നെ നടത്തിയിരുന്നു. എല്ലാവരുടെയുംമനസ്സിൽ സ്നേഹത്തിന്റെ മാസ്മരികത സൃഷ്ടിക്കാൻ വളരെ കുറച്ച് സമയംകൊണ്ട് അവൾക്ക് കഴിഞ്ഞിരുന്നു. അവരൊക്കെയിപ്പോഴും ആ സ്നേഹവലയത്തിനുള്ളിൽ തന്നെയുണ്ട്.
പക്ഷേ.....താനോ?  എപ്പോഴാണ് സ്നേഹത്താൽ തീർത്ത പത്മവ്യൂഹത്തിൽ നിന്ന് പുറത്ത് ചാടിയത് ? പറയാതെ.. അറിയാതെ ... എപ്പഴോ തമ്മിൽ  അകലുകയായിരുന്നു. അപരിചിതരെ പോലെ ഒരു വീടിനുള്ളിൽ, സ്വിചിട്ടാൽ ചലിക്കുന്ന യന്ത്ര പാവകളെ പോലെ, തങ്ങൾ മാറി. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുമായി ജീവിത ചക്രം മെല്ലെ ഉരുണ്ട് മാറിക്കൊണ്ടിരുന്നു.  കടന്നുപോകുന്ന ഓരോ നിമിഷങ്ങളും ശ്വാസം മുട്ടിക്കുന്നവയായി മാറി.  തന്റെ മനസ്സ് ഒരിക്കലെങ്കിലും അവളുടെ മുന്നിൽ തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ദുരഭിമാനം തന്നെ ഒന്നിനും അനുവദിച്ചില്ല. ഒപ്പം കൂടെ നടന്നവളെ തിരക്കിനിടയിൽ കൈവിട്ട് കളഞ്ഞു.  എന്തിന് വേണ്ടി?  ആർക്ക് വേണ്ടി?  ആയിരം തവണ സ്വയം ചോദിച്ച് കൊണ്ടേയിരുന്നു.  മാരീചന്റെ മായാവലയത്തിൽപ്പെട്ട സീതയെ പോലെ! തിരിച്ച് വരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. സമുദ്രത്തിന്റെ ആഴം അറിയാതെ ജലപ്പരപ്പിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് എടുത്ത് ചാടിയ ഒരു കുട്ടിയെ പോലെയായി താൻ. രണ്ടു പേർക്കുമിടയിലുള്ള മൗനം ഭയാനകമാം വിധം വളർന്നുകൊണ്ടേയിരുന്നു. ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം മനസ്സുകൾ അകന്നുപോയി. ഒടുവിൽ ആരോടും ഒന്നും പറയാതെ വീട് വിട്ടിറങ്ങി. തിരിച്ചറിവിന്റെ നാളുകളിൽ എപ്പോഴോ ഒരു തിരികെയാത്രയ്ക്ക് മനസ്സ് തയ്യാറായി. അപ്പോഴും ദുരഭിമാനം എന്ന കാളസർപ്പം വഴിമുടക്കിയായി നിന്നു.

ഒറ്റപ്പെടലിന്റെ നാളുകളിൽ ആരും ഒന്നും അറിയാതെയിരിക്കാൻ ഒരു നീണ്ട യാത്രയ്ക്കായി പുറപ്പെട്ടു. ആ യാത്രയ്ക്കിടയിലാണ് അവൾ തനിക്കാരായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞുതുടങ്ങിയത്. പക്ഷേ, അപ്പോഴേക്കും, അവൾ തന്റെ ജീവിതത്തിൽ നിന്നു മാത്രമല്ല, ഈ ലോകത്ത് നിന്നുതന്നെ 
തിരികെ പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു.  ഇനിയൊരിക്കലും തനിക്ക് പറയാനുള്ളത് കേൾക്കാൻ അവളുടെ കാതുകൾക്കാവില്ലേ? നെഞ്ചിൽ മുള്ളു തറയ്ക്കുന്ന പോലെ! വാതിൽ തുറക്കുന്ന ശബ്ദം: സ്ട്രക്ച്ചറിൽ ആരുടെയോ ചേതനയറ്റ ശരീരം!  അത് നേരെ ചെന്ന് നിന്നത് മോർച്ചറിയുടെ മുന്നിലാണ്. വെള്ള കോട്ടണിഞ്ഞ് ഒരു നഴ്സ് അതു വഴി വേഗത്തിൽ കടന്നു പോയി.  താനും അവരുടെ പിന്നാലെ ആകാവുന്ന വേഗതയിൽ നടന്നു. അല്പം മുൻപ് മൃതശരീരം കൊണ്ട് പോയ സ്ട്രക്ച്ചർ തിരികെ ഉന്തി കൊണ്ടു വന്ന അറ്റൻന്ററോട് ചോദിച്ചു:  "കുറച്ചു ദിവസ മുമ്പ് ഒരു സ്ത്രീയെ അപകടത്തിൽപ്പെട്ട് കൊണ്ടുവന്നില്ലേ? അവർക്കിപ്പോൾ എങ്ങനെയുണ്ട്? അവരുടെ ആളുകൾ ആരെങ്കിലും വന്നോ?"
"അവർ ഇന്ന് രാവിലെ മരിച്ചു. അവരുടെ ബോഡിയാണ് ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയത്."
ഒരായിരം വെള്ളിടി ഒന്നിച്ച് വീണ  പോലെ, ഹൃദയം നിലച്ച് പോകുമെന്നു തോന്നി. ഞരമ്പുകളിൽ രക്തപ്രവാഹം നിലച്ചതു പോലെ , ഉള്ളിൽ നിന്ന് ഒരായിരം നിലവിളി തൊണ്ടയിലെത്തി, പുറത്തേക്ക് വരാതെ ആ നിലവിളി നെഞ്ചിൽ കിടന്ന് പെരുമ്പറ മുഴക്കി. പെട്ടെന്ന് ആൾകൂട്ടത്തിൽ തനിച്ചായത്‌പോലെ.

നിന്നിടത്ത് നിന്ന് ചലിക്കാൻ കഴിയാതെ ഒരു ജീവച്ഛവം കണക്കെ അയാൾ നിന്നു.  ഒരു അനാഥപ്രേതത്തെ പോലെ മോർച്ചറിയിൽ കിടക്കുന്നത് തന്റെ ദുരഭിമാനം കൊണ്ട് തനിക്ക് നഷ്ടപ്പെട്ട തന്റെ ജീവന്റെ പാതിയാണ്.  താൻ കാരണം, തനിക്ക് മുമ്പേ ജീവനുപേക്ഷിച്ച് പറന്ന് പോയി അവൾ.  ഒരു ഏറ്റുപറച്ചിലിനു പോലും ചെവി തരാതെ, കുറ്റങ്ങളും വേദനകളും ആർക്കും നൽകാതെ അവൾ തനിയെ യാത്രയായിരിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും ശാസനകളുമില്ലാത്ത ഒരു ലോകത്തേക്ക് അവൾ പോയിരിക്കുന്നു.  ഒരിക്കൽ കൂടി  അവസാനമായി ഒന്ന് കാണണമെന്നുണ്ട്. പക്ഷേ, വേണ്ട..അവളുടെ ചേതനയില്ലാത്ത മുഖം തനിക്ക് കാണണ്ട.. അയാൾ തിരികെ നടന്നു. അപ്പോഴും അറ്റന്റർ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. "ജീവിച്ചിരുന്നപ്പോൾ ആവശ്യമില്ലാതിരുന്ന എന്റെ ശരീരം, എന്റെ മരണശേഷം ആർക്കും വിട്ടുകൊടുക്കരുത് : " ഇതായിരുന്നു അവളുടെ അവസാന ആഗ്രഹം. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നിലയില്ലാ കയത്തിലൂടെ കൈകാലിട്ടടിച്ച് മരണത്തെ അതിജീവിക്കാൻ കാണിക്കുന്ന ഒരാളെ പോലെ അയാൾ തിരികെ നടന്നു. നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികളെ തുടച്ച് മാറ്റാൻ പോലും അയാൾ മറന്നിരുന്നു.!!!

ബി. ശകുന്തള

********-----------------*******---*********



മാർജ്‌ജാരയോഗം
   (ഹാസ്യ കഥ)

വിജയം നായർ 
        *******
സമയം രാത്രി 10 മണി കഴിഞ്ഞു.
പൂച്ചപ്പട്ടണത്തിലെ, പൂച്ചക്കുന്നെന്ന ഗ്രാമത്തിലെ, മാർജ്ജാര മുക്കിൽ, അടിയന്തിര യോഗം നടക്കുന്നു.
മാർജ്ജാര ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും എത്തിയിട്ടുണ്ട്.
"മ്യാവൂ..... മ്യാവൂ"..എന്തൊരു ബഹളം.
കാര്യമറിയാതെ എല്ലാവരും പകച്ചിരുന്നു.
ഇടയ്ക്ക് പ്രായമായവരുടെ മൂളലുകൾ....
ആരേയും വശത്താക്കുന്ന നോട്ടത്തോടെ, നീണ്ട വാലും ആട്ടിയാട്ടി, അതാ വരുന്നു, നീലൻ, ഗ്രൂപ്പിന്റെ നായകൻ.
"മ്യാ ............. വൂ.."   നീണ്ട കൈയ്യടി.
"ചില സാമാന്യ മര്യാദകളെക്കുറിച്ച് പറയാനാണ് ഇന്ന് എല്ലാവരേയും വിളിച്ചു കൂട്ടിയത്.  പുതുവർഷമെത്തി.  കഴിഞ്ഞതെല്ലാം മറക്കാം.  പുതിയ ശീലങ്ങൾ നമുക്കിന്നു മുതൽ തുടങ്ങാം"....... നീലൻ തുടക്കമിട്ടു.
"മ്യാവു....മ്യാവൂ.....മ്യാവൂ".  എല്ലാവർക്കും സമ്മതം. 
"ആദ്യം തന്നെ, പോയ വർഷം ലഭിച്ച പരാതികൾ പറയാം." നീലൻ എല്ലാവരെയും ഒന്നു നോക്കിയിട്ട്  തുടർന്നു:
"ആദ്യ പരാതി 'എലിപ്പിടിയ'നെതിരേയാണ്. 
നാട്ടിലെ എലികളെയെല്ലാം നശിപ്പിക്കുന്നതിന് പകരം,
അവിടെയുള്ള മൊഞ്ചത്തികളെ ഒളിഞ്ഞും പതുങ്ങിയും നിന്ന് അവൻ കമൻറടിക്കുന്നത്രേ!  രാത്രി കാലങ്ങളിൽ മൊഞ്ചത്തികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.
അയലത്തെ വീട്ടിലെ അമ്മച്ചിയുടെ പരാതിയാണ്."
"മ്യാവൂ.. മ്യാവൂ..: മ്യാവൂ"..ശരിയെന്ന മട്ടിൽ മൊഞ്ചത്തികളെല്ലാം അത് ഏറ്റു പറഞ്ഞു.
'എലിപ്പിടിയൻ' വാലും താഴ്ത്തി തേരാപ്പാര നടന്നു.
"അതു കൊണ്ട് നീ നിന്റെ കർമ്മം മാത്രം ചെയ്താൽ മതി".  നീലൻ അവനെ നോക്കി മുന്നറിയിപ്പ് കൊടുത്തു 

"അടുത്തതായി, ഈ ഗ്രൂപ്പിലെ കുഞ്ഞുകുട്ടികളെ അപ്പൻമാരും, അമ്മമാരുമൊന്ന് ശ്രദ്ധിക്കണം.
മാളിക വീട്ടിലെ ക്ലാര മാഡത്തിന്റെ പരാതിയാണ്."  നീലൻ തുടർന്നു:
"ചെത്തിമിനുക്കി ഭംഗിയാക്കിയിട്ടിരിക്കുന്ന പുൽത്തകിടിയിലെല്ലാം അപ്പിയിട്ടുവയ്ക്കുന്നുവത്രെ, ഈ പിള്ളേർ.  ഇനി അത് തുടർന്നാൽ എല്ലാറ്റിനേം വിഷം വച്ചു തട്ടിക്കളയുമത്രെ!
ശ്രദ്ധിക്കണം. പിള്ളേരെ ആയുസ്സെത്താതെ കൊലയ്ക്ക് കൊടുക്കരുത്."
"മ്യാവൂ....... മ്യാവൂ...മ്യാവൂ". എല്ലാവരും കൈയടിച്ചു പാസാക്കി.

"അടുത്ത പരാതി നമ്മുടെ പൂച്ചപ്പട്ടണത്തിന്റെ സെക്യൂരിറ്റി യേക്കുറിച്ചാണ്.. എവിടെ ഗൂർഖാപ്പൂച്ച?"
നീലൻ 
"മ്യാവൂ......."   ഗൂർഖാപ്പൂച്ച മുന്നോട്ടു വന്ന് വാലുമാട്ടി നിന്നു.
"രാത്രികാലങ്ങളിൽ താങ്കളെ കാണാനേയില്ലെന്ന് .
അന്വേഷണത്തിൽ, വയറു നിറയെ തീറ്റ തിന്ന്, കക്കി, കുഴഞ്ഞ്, തത്തമ്മപ്പെണ്ണിന്റെ കൂടിനു താഴെ കാത്തു കിടപ്പാണത്രെ"  നീലൻ പറഞ്ഞു നിർത്തി.
"മ്യാവൂ .....മ്യാവു..."  ഘനഗംഭീരമായ ഒരു മൂളലുമായി  ഇൻസ്പെക്ടർ 'ഇടിയൻ' മാർജ്ജാരൻ  എണീറ്റു.
"ഹും. ഞാനിവനെ നോട്ടമിട്ടിട്ടു കുറെ നാളായി.  ആരും വിഷമിക്കേണ്ടാ.  നാളെ മുതൽ രാത്രി മുഴുവൻ പട്രോളിംഗ് ഉണ്ടാകും. പിടിച്ചാൽ, വാലുമുറിച്ച്, മാർജ്ജാരമുക്ക് കടത്തും. മ്..., കേട്ടോടാ...." 
'ഇടിയൻ' മീശ പിരിച്ചുകൊണ്ട് ഗൂർഖാപ്പൂച്ചയെ നോക്കി പറഞ്ഞു.
"മ്യാവൂ.....മ്യാവൂ....."  പാവം പേടിച്ചു പോയി,  കപ്പടാ മീശക്കാരന്റെ വിരട്ടലിൽ.

നീലൻ അടുത്ത പരാതി വെളിപ്പെടുത്തി : 
"അതിരാവിലെ മാർജ്ജാര ക്ഷേത്രത്തിലേക്കു പോകുന്ന പൊന്നിപ്പൂച്ചയെ ശല്യം ചെയ്യുന്നത്രെ പൂവാലൻ പൂച്ച.   കൊട്ടാരം വീട്ടിലെ കൊച്ചുതമ്പുരാട്ടിയുടെ പരാതിയാണ്. അവരുടെ റോസാപ്പൂക്കൾ എന്നും ആരോ കട്ടുപറിക്കുന്നത്രെ.
കാത്തിരുന്ന് ആളെ കണ്ടു പിടിച്ചു.
പൊന്നിപ്പെണ്ണിന്റെ പിറകേ റോസാപ്പൂവും കൊണ്ട് പൂവാലൻ നടക്കുന്നതു കണ്ടവരുണ്ടെന്ന്.  മേലാൽ റോസാപ്പൂ കട്ടാൽ, റോസമുള്ളു കൊണ്ട് കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന്.
മര്യാദ്യയ്ക്ക്  നടന്നോണം, കേട്ടോടാ."... നീലൻ.
'മ്യാവൂ..... മ്യാവൂ....."  കാമുകൻ പൂവാലൻ വാലാട്ടി ചിന്തിച്ചിരുന്നു.... പവം. 

"ഇനിയുമുണ്ട് പരാതികളേറെ.
മോഷണം!  അടുത്ത വീടുകളിലെല്ലാം കയറി, മീൻകറി, പാല്, തുടങ്ങിയവ കട്ടു തിന്നുവേം കുടിക്കുവേം ചെയ്യുന്നത്രേ"
നീലൻ പറഞ്ഞവസാനിപ്പിച്ചു 

"ഹെന്റെ മാർജ്ജാര ദേവാ.... ഗ്രൂപ്പിലും കള്ളന്മാരോ.... മ്യാവൂ, മ്യാവൂ, മ്യാവു......"  ഒരേ ഈണത്തിൽ പ്രതികരിച്ചു, എല്ലാവരും.'
പെട്ടെന്ന് പുസ്സിക്കുട്ടി ചാടിയെണീറ്റു.  വെളുത്തു തുടുത്ത, നീണ്ട വാലും തിളക്കമുള്ള കണ്ണുകളുമുള്ള പൂച്ചപ്പട്ടണത്തിന്റെ ഐശ്വര്യ റായി.
എല്ലാ കണ്ണുകളും പുസ്സിയിലേക്ക്.

"എനിക്കൊരു കാര്യം പറയാനുണ്ട്.
നമ്മുടെ ചക്കിയമ്മയില്ലേ,... ത്തിരിപ്രായമായല്ലോ!  അവരെ നോക്കാൻ ആരുമില്ല!
ഇവിടുത്തെ കണ്ടൻ കൊച്ചേട്ടന് ചക്കിയമ്മയോടെന്തോ ഒരിത്.....!"  അതു പറഞ്ഞപ്പോൾ പുസ്സിപ്പെണ്ണിന് നാണം.
"ഉം. പറയൂ."  എല്ലാവർക്കും ആകാംക്ഷയായി.
"ചക്കിയമ്മക്കും ഇഷ്ടാത്രേ": പുസ്സി.
"മ്യാവൂ... മ്യാവു.. മ്യാവു..."
മുതിർന്ന മാർജ്ജാരരെല്ലാം ഒരുമിച്ചു കൈയടിച്ചു.   മ്യാവൂ കച്ചേരികൾ "...മ്യാവൂ..മ്യാവൂ..വൂ...വൂ.....വൂ.. .."
"ശരി ശരി. സൈലൻസ്.
എങ്കിൽ നമുക്കവരെ തമ്മിൽ കെട്ടിക്കാം."  എല്ലാവരും 
ഏകകണ്ഠമായി തീരുമാനിച്ചു.
കണ്ടൻ കൊച്ചേട്ടൻ ചക്കിയമ്മയെ നോക്കി കണ്ണിറുക്കി.  
അങ്ങനെ ചക്കിയമ്മയുടെയും കണ്ടൻ കൊച്ചേട്ടന്റെയും മംഗല്യം അടുത്ത ദിവസത്തെ മാർജ്‌ജാര യോഗത്തിൽ,  ആദ്യ മുഹൂർത്തത്തിൽ തന്നെ നടന്നു.  മാർജ്ജാര ഗായകർ മ്യാവൂ കച്ചേരി നടത്തി.  മാർജ്ജാര നർത്തകികൾ മാർജ്ജാര നടനമാടി.  അങ്ങനെ 
മാർജ്ജാര യോഗം സമംഗളം പിരിഞ്ഞു.

********

ചെറുകഥ 

 "വാരിക്കുഴികൾ "

മോഹൻദാസ് എവർഷൈൻ 

അവൾ വളരെ പതുക്കെയാണ് നടന്നത്.  ഇടവഴി വിജനമായിരുന്നെങ്കിലും അവൾക്ക് ഭയം തോന്നിയിരുന്നില്ല.  ഇടവഴിയോട് ചേർന്ന് ആശുപത്രിയുടെ വലിയ മതിലുകൾ.   മറുവശത്തു ഒന്നോ രണ്ടോ വീടുകൾ മാത്രം.  ആശുപത്രിയുടെ മതിലിനോട് ചേർന്നാണ് മോർച്ചറി; ഓട് പാകിയ, പ്രേതാലയം പോലെ, പഴയൊരു
കെട്ടിടം.  ചിലപ്പോൾ ഇതുവഴി വരുമ്പോൾ ചീഞ്ഞളിഞ്ഞ ശവങ്ങളുടെ
ദുർഗന്ധം നിറഞ്ഞ കാറ്റ് മതിലിറങ്ങി വരും.  പുഴയിലോ, കുളത്തിലോ പൊങ്ങുന്ന അനാഥപ്രേതങ്ങളുടെ നീണ്ട കാത്തിരിപ്പ്.....

ആദ്യമൊക്കെ ഇതുവഴി വരുവാൻ ഭയം തോന്നിയിരുന്നു.  അന്നൊരിക്കൽ അയാളെ അവൾ ആദ്യമായി കണ്ടത്  ഈ ഇടവഴിയിൽ വെച്ചായിരുന്നു.  ഒരു
പരിചയവുമില്ലെങ്കിലും വിജനതയിൽ, പരിചയക്കാരനെപ്പോലെ, അയാൾ പുഞ്ചിരിച്ചു.  അറിയാതെ അവളും...
അയാളുടെ നിറം കറുത്തിട്ടായിരുന്നു. ചുരുണ്ട മുടി നീട്ടി വളർത്തി ഭംഗിയായി ചീകിമിനുക്കിയിരുന്നു.   അയാളെ പിന്നീട് പ്പോഴും കണ്ടിട്ടുള്ളതും അങ്ങനെതന്നെ!.  പക്ഷേ  അയാളുടെ ഇത്രയും വലിയ താടി ഒരഭംഗിയായിട്ട്  അവൾക്ക് തോന്നി.  കുർത്തയും മുണ്ടുമായിരുന്നു വേഷം. വെള്ളയിൽ കറുത്ത ചെറു പുള്ളിയുള്ളതും, പിന്നെ ആകാശനീലിമയുടെ മറ്റൊന്നും!. മിക്കവാറും അയാളെ ആ രണ്ട് നിറങ്ങളിൽ മാത്രം കണ്ടപ്പോൾ അവൾക്ക് അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു,
"ഇത് രണ്ടെണ്ണമേ ഉള്ളോയെന്ന്!."
'ഏയ്‌ വേണ്ട, അയാൾക്കത് ക്ഷീണമായാലോ?, അല്ലെങ്കിൽ തന്നെ ഇതുവരെ ഒന്ന് മിണ്ടുവാൻ കൂട്ടാക്കാത്ത ഒരാളോട് എങ്ങിനെ...'
അയാൾ എന്തെങ്കിലും ചോദിക്കുമെന്ന്, എന്നും അവൾ പ്രതീക്ഷിച്ചിരുന്നു.  അയാൾ ചെറുപുഞ്ചിരിയോടെ അരിക് ചേർന്ന് നിന്നതേയുള്ളു.
'ഇതെന്തു മനുഷ്യൻ, ഒന്ന് വായ് തുറന്ന് മിണ്ടിക്കൂടെ?', ശരിക്കും ദേഷ്യം തോന്നി.
ഒരു ദിവസം അയാളുടെ കയ്യിൽ ഒരു പുസ്തകം ഇരിക്കുന്നത് കണ്ടു.  എവിടെ തുടങ്ങണമെന്ന ബുദ്ധിമുട്ടിന് തിരശീലയിട്ട് കൊണ്ട് അവൾ ചോദിച്ചു.
"ഏതാ ആ പുസ്തകം? വായിച്ചിട്ട് തിരികെ തന്നാൽ മതിയിയോ?" .
അയാൾ സന്തോഷത്തോടെ പുസ്തകം നീട്ടി.
"ഉൾക്കടൽ " ജോർജ് ഓണക്കൂർ' അവൾ അത് വാങ്ങി.
"വായനാ ശീലം ഉണ്ടോ?". പാറപ്പുറത്തു ചിരട്ടയുരയുന്ന ശബ്ദം പോലെയായിരുന്നു. ഒട്ടും മധുരമില്ലാത്ത പരുക്കൻ ശബ്ദം!.
എങ്കിലും മുത്തു പൊഴിച്ചല്ലോ അവൾ ഓർത്തു.
"അങ്ങനെയില്ല, വാരികകൾ വായിക്കും, ചിലപ്പോൾ അനുജൻ ഇതുപോലെ ലൈബ്രറിയിൽ നിന്നും എടുത്തുകൊണ്ട് വരുന്നതും ...."  അയാൾ തുടർന്നു:
" ഞാനിത് പലവട്ടം വായിച്ചതാണ്!.എന്തോ വീണ്ടും വീണ്ടും വായിക്കുവാൻ ഒരു സുഖം!. ഇത് വായിച്ചിട്ടുണ്ടോ ".അയാൾ ചോദിച്ചു.
"ഇല്ല ഞാൻ വായിച്ചിട്ടില്ല!.വീണ്ടും വീണ്ടും വായിച്ചെങ്കിൽ അതെന്താണെന്ന് ഒന്ന്   നോക്കട്ടെ ".  അവൾ പറഞ്ഞു.
അയാൾ ചിരിച്ചു.  ഇടവഴി രണ്ടായി പിരിയുന്നിടത്തു അവർ യാത്രപറഞ്ഞു.


പിന്നെ പലപ്പോഴും അവർ സംസാരിച്ചത് പല പുസ്തകങ്ങളെയും കുറിച്ചായിരുന്നു!.
അതിനപ്പുറം കടന്ന് മറ്റെന്തോ സംസാരിക്കാൻ അവൾ ആഗ്രഹിച്ചു. അയാളും അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകുമോ? ആവോ അതിന്റെ ഒരു സൂചനയും സംഭാഷണങ്ങളിൽ ഇതുവരെ കണ്ടില്ല.
എങ്കിലും എന്നും അവൾ വരുന്ന സമയത്ത് വരുവാൻ അയാൾ ശ്രദ്ധിക്കുന്നത് അവൾക്ക് കൗതുകമായിരുന്നു.
"വീട്ടിൽ ആരൊക്കെയുണ്ട്?"  അവൾ ചോദിച്ചു.
"അമ്മയും ഞാനും മാത്രം ".  അയാൾ അത് പറയുമ്പോൾ ചുണ്ടുകൾ വല്ലാതെ വിറച്ചു.
"ഇവിടെ എവിടെയാണ് താമസം?" വീണ്ടും ചോദിച്ചപ്പോൾ വലിയ താല്പര്യം ഇല്ലാതെയാണയാൾ മറുപടി പറഞ്ഞത്!.
"ഇവിടെ അപ്പുറത്ത് കാവിനടുത്തുള്ള ഒരു വാടകവീട്ടിൽ.."
കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന്
മുന്നെ അയാൾ വിഷയം മാറ്റുവാൻ വേണ്ടി പറഞ്ഞു.
"ഇവിടുത്തെ ലൈബ്രറിയിൽ നല്ല കളക്ഷൻസ് ഒന്നുമില്ല... എം. ടി. യുടെയും, മുകുന്ദന്റെയും, പത്മനാഭന്റെയും പുസ്തകങ്ങൾ ചോദിക്കുമ്പോൾ  'പോയിരിക്കുന്നു,' എന്നും,  'അവ മടങ്ങി വന്നതേയില്ല' എന്നും പറയും.
എന്തോ വീണ്ടും എന്തെങ്കിലും ചോദിക്കുവാൻ അവൾക്ക് തോന്നിയില്ല.
രാത്രിയിൽ ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും, ഇരുട്ടിലേക്ക് കണ്ണുകൾ തുറന്ന് കിടക്കുമ്പോൾ ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞ്, അലിഞ്ഞലിഞ്ഞു നേരിയ പ്രകാശം  കണ്ണിൽ നിറഞ്ഞു.
അവളുടെ ചിന്തകളിൽ ചിതലുപോലെ അയാൾ അരിച്ചു പടർന്നു കയറിക്കൊണ്ടിരുന്നു.
എപ്പോഴാണ് ഉറങ്ങിയതെന്ന് ഒരു പിടിത്തവുമില്ല.
പുറത്ത് മഴ പെയ്തതും അവൾ അറിഞ്ഞതേയില്ല.  വേനൽ മഴയുടെ സാന്ത്വനത്തിൽ മണ്ണ് മയങ്ങികിടക്കുന്നു.
അടുത്ത ദിവസം അയാളെ കണ്ടപ്പോൾ അവൾ ഒന്നും ചോദിച്ചില്ല. മിണ്ടാതെ തന്നെ അയാളും നടന്നു.
വഴി രണ്ടായി പിരിയുന്നിടം എത്തിയപ്പോൾ അയാൾ പറഞ്ഞു..
"എന്തൊക്കെയോ സംസാരിക്കണമെന്ന് കരുതിയാണ് ഇന്ന് വന്നത്.. എന്തോ എവിടെ  തുടങ്ങണമെന്ന് അറിയില്ലായിരുന്നു.  ഇനിയിപ്പോൾ വേണ്ട, നാളെ ആകട്ടെ!".
കുറെ നടന്നിട്ട് പതിവില്ലാതെ അവൾ തിരിഞ്ഞു നോക്കി.
അപ്പോഴും അയാൾ അവളെയും നോക്കി
നില്ക്കുകയായിരുന്നു.
പിറ്റേന്ന് കണ്ടപ്പോൾ അവൾ ചോദിച്ചു.
"എന്താ ഇന്നലെ പോകാതെ നോക്കി നിന്നത്?"
"ഞാൻ എന്നും നോക്കി നിൽക്കാറുണ്ട്, ഇയാൾ ഇന്നലെയാണ് തിരിഞ്ഞ് നോക്കിയതെന്ന് മാത്രം..."
അയാൾ പറഞ്ഞു. അത് കേട്ട് അവൾ  ചിരിച്ചു.
"എന്താ ഇന്നലെ പറയാമെന്നു പറഞ്ഞത്?
ഇന്നും സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടോ?".
അയാൾ അതുകേട്ടു ചിരിക്കുമെന്ന് പ്രതീക്ഷിച്ചു. അയാൾ ചിരിച്ചില്ലെന്ന് മാത്രമല്ല, അല്പം ഗൗരവം ഭാവിക്കുകയും ചെയ്തു.
അയാൾ പറഞ്ഞു...
"ഇവിടെ എനിക്ക് ആരെയും അറിയില്ല, എന്നെയും ആർക്കും അറിയില്ല!.  അറിയരുതെന്ന് ഞാനും കരുതിയിരുന്നു.
അറിയുവാൻ താല്പര്യം കാണിച്ചത് ഇയാൾ മാത്രമാണ് ". 
"സാധാരണ ഇയാളുടെ പ്രായത്തിലുള്ള കുട്ടികൾക്ക് ഒത്തിരി കൂട്ടുകാരികൾ ഉണ്ടാകും, തന്നെ കാണുമ്പോഴെല്ലാം താൻ ഒറ്റയ്ക്കായിരുന്നു.  അവളും തന്നെ പോലെ ആയിരുന്നു, ഒറ്റയ്ക്ക്, അധികം കൂട്ടൊന്നും ഇല്ലാതെ.. ആകെയുള്ള കൂട്ട് ഞാനായിരുന്നു."
"അവളോ? അതാരാ?".  അവൾ ജിജ്ഞാസയോടെ  ചോദിച്ചു.
"അവൾ ഇന്ദുലേഖ... ചന്തുമേനോന്റെയല്ല എന്റെ സ്വന്തം ഇന്ദുലേഖ ".
സായാഹ്നത്തിൽ ചേക്കേറിയ കിളികൾ വീണ്ടും കൂട് വിട്ട് പറക്കുന്നത് പോലെ അവൾക്ക് തോന്നി.  അവയുടെ ചിറകടികളുടെ ശബ്ദം അവളുടെ ഹൃദയതാളത്തിനും മുകളിലായി മുഴങ്ങിക്കൊണ്ടിരുന്നു.
"അവൾ ഇപ്പോൾ എവിടെയാണ്?"  അവളുടെ ചോദ്യത്തിലെ ആകാംക്ഷ  അയാൾക്ക് മനസ്സിലായി.
"അവൾ തന്നേ  പോലെ ഇത്രയും വെളുത്തിട്ടായിരുന്നില്ല.  എന്നാൽ കറുത്തിട്ടും അല്ലായിരുന്നു. Bഎന്നാലും അവളുടെ കണ്ണുകൾ തന്റെ കണ്ണുകൾ പോലെ കഥ പറയുന്നവയായിരുന്നു."
"എന്നിട്ട് ആ കുട്ടിയെവിടെ "..അവൾ വീണ്ടും ചോദിച്ചു.
അവളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു..,  "അവൾ ഇപ്പോൾ ഇവിടെ നമുക്കൊപ്പം ഉണ്ടാകും ".
അയാൾ പറഞ്ഞത് അവൾക്ക് ഒട്ടും മനസ്സിലായില്ല.
"ആളൊഴിഞ്ഞ ഈ വഴിയിലൂടെ താൻ ഒറ്റയ്ക്ക് വരുന്നത് കാണുമ്പോൾ എന്റെ ഉള്ളൊന്ന് പിടയും, അവളെ കഴുകന്മാർ കൊത്തിവലിച്ചത് ഓർമ്മവരും..."
അയാളുടെ ശബ്ദം നന്നായി പതറിയിരുന്നു...
"കഴുകന്മാരോ??
"ഇതുപോലെ വിജനമായ വഴികളിൽ എപ്പോഴും കഴുകന്മാർ നിഴലുകളിൽ പതുങ്ങിയിരിക്കും, ഇര പിടിയ്ക്കുവാൻ..
അതാ താൻ ഒറ്റയ്ക്ക് നടന്നപ്പോൾ നിഴൽ പോലെ കൂട്ടായ് ഞാൻ നടന്നത്...അല്ലാതെ..
അവിടെ ഒരു നിമിഷം മൗനം നിറഞ്ഞു നിന്നു..
അപ്പോൾ ശവമുറിയുടെ അടുത്തെത്തിയിരുന്നു.   പെട്ടെന്ന്  ഒരു പോലീസ് ജീപ്പ് അവരുടെ മുന്നിൽ കൊണ്ട് നിർത്തി. അതിൽ നിന്ന് മൂന്നാല് പോലീസുകാർ ചാടിയിറങ്ങി അയാളെ മുറുകെ പിടികൂടി.
ഒരു പോലീസുകാരൻ അവളോട് ചോദിച്ചു
"ഇവനെ അറിയുമോ?"
അവൾ ഇല്ലെന്ന് മറുപടി പറഞ്ഞു.
എങ്കിലും അവൾ പേടിച്ചു അടിമുടി വിറച്ചുപോയി..
"ഇതാണ് ദേവൻ, നാലുപേരെ വകവരുത്തിയിട്ട് മാസങ്ങളായി മുങ്ങി നടക്കുകയാണ്!.
ഒരു ഞെട്ടലോടെയാണ് അവളത് കേട്ടത്..
പോലീസ് അയാളെ ഉപദ്രവിച്ചില്ല. ജീപ്പിന്റെ പിൻസീറ്റിൽ കയറ്റിയിരുത്തി ".
"ചത്തവന്മാരും അത്ര നല്ല പുള്ളികളൊന്നുമല്ല, ഇവന്റെ പെണ്ണിനെ...."
അതിൽ അല്പം പ്രായം ഉള്ള പോലീസ്കാരൻ അവൾ കേൾക്കെ പിറു പിറുത്തു...
ജീപ്പിലിരിക്കുന്ന അയാൾക്ക് തന്നോട് ഇനിയും എന്തോ പറയുവാനുണ്ടെന്ന് തോന്നി.  വാക്കുകൾ ശബ്ദമില്ലാതെ മരവിച്ചു പോയ അവസ്ഥ.
അയാളുടെ മുഖത്തു കുറ്റവാളിയുടെ യാതൊരു ഭയവും ഉണ്ടായിരുന്നില്ല.
"സർ, ഈ മരുന്ന് എന്റെ അമ്മയ്ക്കുള്ളതാണ്, ആ കാവിന്റ അടുത്താണ് വീട്."..   അയാൾ ഒരു പോലീസുകാരനോട് പറഞ്ഞു.
"അത് ഞാനവിടെ കൊടുത്തോളാം.. നീ അവിടെ മിണ്ടാതിരിക്ക്.."
പ്രായമുള്ള പോലീസ്കാരൻ തന്നെയാണ് അതും പറഞ്ഞത്.
വഴി രണ്ടായി പിരിയുന്നിടത്ത്  ജീപ്പ് തിരിഞ്ഞ് പോയി...
ജീപ്പിന്റെ പിൻ സീറ്റിലിരുന്ന് അയാൾ അവളെ നോക്കുന്നുണ്ടായിരുന്നു.
മനഃപൂർവം അല്ലെങ്കിലും അയാളുടെ കാഴ്ച്ചകളെ മറച്ചു കൊണ്ടാണ് പോലീസ് പുറകിൽ ഇരുന്നത്...
ജീപ്പ് കണ്ണിൽ നിന്നും മറയുന്നതുവരെ  അവൾ അവിടെ നോക്കി നിന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ