നോവൽ
.
"നീലക്കടമ്പ്"
ഭാഗം-1
ആരണ്യത്തിലൂടെ അടിവാരം ലക്ഷ്യമാക്കി മെല്ലെ ഒഴുകുന്ന അരുവി പോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പന്ഥാവിലൂടെ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും തുപ്പി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാഗരികത നടമാടാത്ത നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി.
പാതയുടെ ഇരുവശങ്ങളിലും, പൂത്തുലഞ്ഞ ലതകളാൽ ചുറ്റപ്പെട്ട്, പച്ചപ്പട്ടണിഞ്ഞ മാമരങ്ങൾ നാടൻ പെണ്‍കൊടികളെ പോലെ നാണിച്ചു നിന്നു.
അകലെ ആകാശപ്പൊയ്കയിൽ വെൺമേഘങ്ങള്‍ പാഴൂരെന്ന ഗ്രാമീണപ്പെൺകൊടിയെ നോക്കി ആമോദത്തോടെ നീന്തിത്തുടിക്കുകയണ്. വെൺമേഘക്കൊട്ടാരത്തിൻ്റെ കിളിവാതിലുകളിൽക്കൂടി ആദിത്യ ഭഗവാൻ, സുരസുന്ദരി പാഴൂരിനെ തൻ്റെ സൂര്യ കിരണങ്ങളാൽ, വിശ്വാമിത്ര മഹർഷിയെപ്പോലെ, ഒളികണ്ണിട്ട് നോക്കുന്നുണ്ട്. ആ ഗ്രാമത്തിന്റെ അഭൗമ്യ സൗന്ദര്യത്തിൽ മയങ്ങിയാണോ എന്ന് സംശയിക്കത്തക്കവണ്ണം തന്നെയാണ് പാതയുടെ ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന മാമരങ്ങൾ നാണത്താല്‍ കുണുങ്ങുന്നത്. മര്‍മ്മരങ്ങൾ മാമരങ്ങളെ ഇക്കിളി കൂട്ടുകയും, അവ ആ ഗ്രാമീണസുന്ദരിയെ നോക്കി നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.
പ്രായം ചെന്ന ക്ഷയരോഗിയെപ്പോലെ വലിച്ചും കിതച്ചും, കറുത്ത പുക അന്തരീക്ഷത്തിലേക്ക് തുപ്പിയും, പായുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് വലിയൊരു ഞരക്കത്തോടെ പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍, നാടിന്‍റെ മനോഹാരിതകള്‍ കണ്ടാസ്വദിച്ച് മയങ്ങിപ്പോയ സുരേഷ് ഞെട്ടിയുണർന്നു. തനിക്ക് ഇറങ്ങേണ്ടുന്ന നാട്ടിൽത്തന്നെയാണ് ബസ്സ് നിർത്തിയതെന്നു ബോധ്യപ്പെട്ട സുരേഷ്, എഴുന്നേറ്റ് ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങേ താമസം, കണ്ടക്ടർ രണ്ട് ബല്ലടിച്ചു. ആ ശകടം അടുത്ത കവല ലക്ഷ്യമാക്കി പാഞ്ഞു...
പായുന്ന ബസ്സില്‍ നിന്നും പുറം തള്ളിയ പുകപടലം സുരേഷിനെ ചുറ്റിപ്പടര്‍ന്ന് അന്തരീക്ഷത്തിലേക്ക് മെല്ലെ ഉയർന്നു. പുകയുടെ അവ്യക്തതയില്‍, കവലയിൽ നിത്യവും സൊറ പറയാൻ കൂടുന്ന നാട്ടുകാര്‍ക്ക് സുരേഷിനെ കണ്ടപ്പോൾ അയാൾ ഒരു വഴിപോക്കന്‍ മാത്രമായേ തോന്നിയുള്ളു. അവർ വഴിക്കണക്ക് എടുത്ത് സൊറ പറയലിൽ മുഴുകി.
. സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. ഒരുവശത്ത് തൃപ്പാഴൂരപ്പന്‍റെ അമ്പലവും, അതിന് മുന്നിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറും അവൻ്റെ കണ്ണുകൾക്ക് കുളിർമയേകി. കവലയിലെ പിള്ളേച്ചൻ്റെ ചായക്കടയ്ക്കും ശശിച്ചേട്ടൻ്റെ മുറുക്കാന്‍ കടയ്ക്കും കാലങ്ങൾക്ക് മുമ്പ് കൊത്തിവച്ച അതേ രൂപം തന്നെ. ഒരു നിമിഷം അവൻ പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു. കടകളുടെ മുന്നിൽ പഴയ ബഞ്ചിലിരുന്നു മൂട്ടകടിയും കൊണ്ട്, പൃഷ്ഠവും ചൊറിഞ്ഞ്, കൊച്ചു വര്‍ത്തമാനം പറയുന്ന നാട്ടുകാരെയൊക്കെ കണ്ടപ്പോൾ സുരേഷിന്റെ ഉള്ളിൽ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കവലയുടെ അതെ പ്രതിച്ഛായ തന്നെ സൃഷ്ടിക്കപ്പെട്ടു..
. ആ നാല്‍ക്കവലയ്ക്ക് കാലങ്ങളായിട്ട് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കുറച്ച് പുതിയ മനുഷ്യ രൂപങ്ങള്‍ കവലയിലെ കൊച്ചു വര്‍ത്താനത്തിന് ഇടയില്‍, ജന്മം കൊണ്ടിട്ടുണ്ട് എന്ന് മാത്രം. വർഷങ്ങള്‍ നല്‍കിയ ഏക വ്യതിയാനമായി അത് മാത്രമേ ആ നാടിന് സുരേഷിനോട് പറയുവാൻ ഉണ്ടായിരുന്നുള്ളു...
. ഭൂമിദേവിയുടെ മാറ്, വറ്റി വരണ്ട് പിളര്‍ന്നിരിക്കുന്നു! മണല് വാരി, പുഴ വറ്റി മെലിഞ്ഞു! വൻ മരങ്ങൾ പിഴുതെടുത്ത്, പാടങ്ങൾ നിരത്തി മണിമാളികകൾ തീർത്തിരിക്കുന്നു! പ്രകൃതിയാകുന്ന അമ്മയോട് മക്കള്‍ ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകള്‍ക്ക് സ്രഷ്ടാവ് ഏറെ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. കാലമെല്ലാം കോലം തെറ്റിയാണ് കടന്ന് വരുന്നത്. വസന്തവും ഗ്രീഷ്മവും വർഷവും ശരത്കാലവും ഹേമന്തവും ശിശിരവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു! ഋതുഭേദങ്ങൾ മരവിച്ചിരിക്കുന്നു. നാട്ടിൽ ചുട്ടുപൊള്ളുന്ന ചൂടാണ്.
. ഉഷ്ണം അസഹ്യമായതിനാൽ സുരേഷിന്‍റെ നെറ്റിയിൽ നിന്നും വിയര്‍പ്പുതുള്ളികള്‍ മണ്ണിൻ്റെ മാറിലേക്ക് ഇറ്റിറ്റ് വീണു. മരണക്കിടക്കയില്‍, മകനില്‍ നിന്ന് ലഭിച്ച ഓരോ തുള്ളി വിയർപ്പും, ഉപ്പ് നീരെങ്കിലും, ദാഹജലം പോലെ ആര്‍ത്തിയോടെ അമ്മ കുടിച്ചിറക്കി. പ്രാണന് വേണ്ടി കേഴുമ്പോളും, മക്കള്‍ മറന്ന അമ്മയുടെ അന്ത്യാഭിലാഷം മക്കളുടെ ഒര് തുള്ളി വിയർപ്പോ, ചുടുചോരയോ, അമ്മക്ക് ദാഹജലം ആകരുതെന്ന് മാത്രമായിരുന്നു. എന്നാൽ മക്കൾ, രമണീയമായ പ്രകൃതിയെ സ്വാർത്ഥതക്ക് വേണ്ടി തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമ്പോൾ സ്രഷ്ടാവ് പ്രളയമായും, ഉരുൾ പൊട്ടലയും, പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളുമായും താണ്ഡവമാടി പ്രതിഷേധിക്കുന്നുമുണ്ട് . അമ്മയ്ക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളായിരുന്നു. മൂവാറ്റുപുഴയുടെ ഓരത്ത് കിന്നാരം പറയാന്‍ വന്ന മന്ദമാരുതന്‍, ജാലവിദ്യപോലെ, വണ്ടിയിൽ നിന്ന് പുറം തള്ളപ്പെട്ട പുകപടലങ്ങളെ അവളുടെ കൈകളിൽ ഒതുക്കി എങ്ങോ പറന്നകന്നു!
. പുകപടലങ്ങൾ മാറിയപ്പോൾ സുരേഷിന്‍റെ വ്യക്തമായ രൂപം കവലയില്‍ കൊച്ചുവര്‍ത്താമാനം പറഞ്ഞിരുന്നവര്‍ക്ക് വെളിപ്പെട്ട് വന്നു. ആറടിയോളം പൊക്കം തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രൻ. കണ്ടാല്‍ മുന്തിയ തറവാട്ടിലേത് എന്ന് തോന്നിക്കുന്ന ശരീരഘടനയെങ്കിലും, ഇട്ടിരിക്കുന്ന, അവിടവിടെ തുന്നല്ലിളകിയ, പഴയ ജുബ്ബയും പഴക്കമേറെ തോന്നിക്കുന്ന പാന്റ്സും തോളില്‍ തൂക്കിയിരിക്കുന്ന പഴകിയ സഞ്ചിയും ഒക്കെ അവിടിരുന്നവരെ ഒരു ക്ഷയിച്ച തറവാടിന്‍റെ ക്ലാവുപിടിച്ച ഓര്‍മ്മകളിലേയ്ക്ക് അയാൾ സ്വയം എത്തിച്ചു.
. കവലയിൽ കൂടിയിരുന്നവരില്‍ പഴമക്കാരായവർ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. ആ രൂപം കേശവന്‍ സാറിന്‍റെ ചെറുപ്പം അവരുടെ ഓർമ്മയിൽ നിഴൽവിരിച്ചു. യുവത്വങ്ങൾ ആ രൂപത്തെ കേശവന്‍ സാറിന്‍റെ മൂത്തമകന്‍ സുരേഷിലേക്ക് അവരുടെ ചിന്തകളെ കൊണ്ടെത്തിച്ചു. സുരേഷ്, ശശിച്ചേട്ടൻ്റെ കടയിലെ ബഞ്ചിൽ കൂടിയിരുന്നവരുടെ അരികിലേക്ക് ചെന്നു. തൻ്റെ പഴയ കൂട്ടുകാരായ കുറച്ചുപേര്‍ കണ്ണെടുക്കാതെ സംശയ ദൃഷ്ടിയോടെ തന്നെ നോക്കിയപ്പോള്‍ സുരേഷ് അവരോട് പറഞ്ഞു:
. "സംശയിക്കേണ്ടാ ഞാന്‍ നിങ്ങളുടെ പഴയ കൂട്ടുകാരൻ, കേശവന്‍ സാറിന്‍റെ മകന്‍, സുരേഷ് തന്നെയാണ്".
. ഇത് കേട്ടതും, പണ്ട് ഒളിച്ചോടിപ്പോയ തങ്ങളുടെ കൂട്ടുകാരനെ കണ്ട് ഷാജിയും, ജയനും, രാജേഷും ഒക്കെ അടുത്ത് കൂടി, ദുഃഖങ്ങളും പരാതികളും പറഞ്ഞ് തീർത്ത്, കെട്ടിപ്പിടിക്കലും ചിരിയും ഒക്കെയായ് കുറെ നിമിഷങ്ങൾ കഴിച്ചുകൂട്ടി.
. ഈ സമയം ദൂരെ നിന്നും ചീറി പാഞ്ഞുവരുന്ന ഒരു പഴയ വില്ലിസ് ജീപ്പിന്‍റെ ശബ്ദവും, ബുള്ളറ്റ് ബൈക്കുകളുടെ കാതടപ്പിക്കുന്ന ശബ്ദവും ശ്രവിച്ച കൂട്ടുകാര്‍ പെട്ടന്ന് തന്നെ ചായക്കടയിലേക്കും
മുറുക്കാൻ കടയിലേക്കും പിന്‍വാങ്ങി. അവരുടെ ദൃഷ്ടികളില്‍ വളരെയേറെ ഭയം അലയടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. വണ്ടികളുടെ ഉറച്ച ശബ്ദങ്ങൾ അകലെ നിന്നും അലകളായ് അടുത്തതും കവലയാകെ നിശബ്ദതയിലാണ്ടു!
. കാര്യം എന്തെന്ന് അറിയാത്ത സുരേഷ് ആകാംക്ഷയോടെ ചുറ്റിനും വീക്ഷിച്ചുകൊണ്ടിരിക്കെ, കര്‍ണ്ണകഠോര ശബ്ദത്തില്‍ മൂന്നുനാല് ബുള്ളറ്റുകളും പുതുരൂപത്തില്‍ പണിതെടുത്ത പഴയയൊരു വില്ലിസ് ജീപ്പും അമര്‍ഷത്താലെന്നപോലെ അമ്പലമുറ്റത്തെ ചിതറിയ മണ്‍തരികളെ ഞെക്കി ഞെരുക്കി കടന്ന് വന്നു. വില്ലിസ് തൻ്റെ ബ്രേക്കുകളെ മൂളി കരയിച്ച് ചവുട്ടി നിര്‍ത്തി. പൊടിപടലങ്ങള്‍ ആകാശത്ത് പറന്നുയര്‍ന്നു കൊണ്ടിരുന്നു...
. ബുള്ളറ്റിൽ നിന്ന് ഇറങ്ങി വന്നവരെ സുരേഷിന് മനസ്സിലായില്ലെങ്കിലും, അവസാനമായി ജീപ്പിൻ്റെ മുൻവശത്ത് നിന്ന് ഇറങ്ങിവന്ന രൂപം, ഓര്‍മ്മകളിൽ തപ്പി നോക്കിയപ്പോൾ, സുരേഷിന് വ്യക്തമായി ഓർമ്മ വന്നു! അതെ അത് ഐസക്ക് തന്നെ. ഒരേ ബഞ്ചിലിരുന്നു പഠിച്ച, സായിപ്പെന്ന് വിളിപ്പേര് ഉണ്ടായിരുന്ന, ഐസക്ക് തന്നെ അത്.
. ഒരുമിച്ചു പഠിച്ചിരുന്നവരെങ്കിലും, ഒരു പെൺകുട്ടിയെ തന്നെ രണ്ട് പേരും പ്രണയിച്ച് അതിൽ ഐസക്ക് പരാജയപ്പെട്ടിരുന്നതിനാല്‍ നീരസങ്ങള്ളും ശത്രുതകളും ചെറുപ്പം മുതല്‍ക്കേ പരസ്പര കലഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
. സുരേഷിന്‍റെ മുന്‍പിലൂടെ ഐസക്ക് കടയിലേക്ക് കടന്ന് പോയെങ്കിലും, തൻ്റെ മുന്നിൽ നിൽക്കുന്ന സുരേഷിനെ ഐസക്കിന് സത്യത്തിൽ മനസിലായില്ല. അതിനാൽ അപരിചിതനെ ഒന്ന് തുറിച്ച് നോക്കിയിട്ട് കടകളില്‍ പോയി പലിശപ്പിരിവ് നടത്തി തിരിച്ചുവരുമ്പോള്‍, തന്നെ മനസ്സിലാക്കാത്ത ഐസക്കിനെ പേരുവിളിച്ച് സുരേഷ് പറഞ്ഞു:
. "ഞാൻ സുരേഷാണ്!"
. ഇത് കേട്ടതും, ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ ഐസക്ക്, സുരേഷിനു നേരേ തിരിഞ്ഞു. വിശന്ന് വലഞ്ഞിരിക്കുന്ന സിംഹത്തിന്‍റെ മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെ സുരേഷ് മൗനിയായി. വെളിപ്പെടുത്തൽ തെറ്റായിപ്പോയെന്ന് ഒരു നിമിഷം സുരേഷിനും തോന്നി.
. ഈ സമയം, ഒരു കൈനറ്റിക് ഹോണ്ട സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് സുരേഷിന്‍റെയും ഐസക്കിൻ്റെയും നോട്ടം അവിടേക്ക് പാഞ്ഞു. ആ സ്കൂട്ടറിൽ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വണ്ടി നിർത്തി അവൾ ഇറങ്ങി വന്ന് രണ്ട് പേരെയും ഒന്ന് നോക്കിയെങ്കിലും, പെട്ടന്ന് അവളുടെ നോട്ടം സുരേഷിനെ മാത്രം കേന്ദ്രീകരിച്ചു. നിമിഷങ്ങള്‍ പരസ്പരം ഇമവെട്ടാതെ നോക്കി നിന്ന സുരേഷ് അറിയാതെ മന്ത്രിച്ചു, ശാലിനി...
. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മറന്ന് പോയ സഹപാഠികളെപ്പോലെ ആയിരുന്നില്ല ശാലിനിക്ക് സുരേഷ്! ഇന്നലെകളില്‍ കണ്ട് പിരിഞ്ഞപോലെ ശാലിനി സുരേഷിനെ ഓര്‍മ്മിച്ചു. ഇരുവരുടെയും ഇമവെട്ടാതെയുള്ള നോട്ടം ഐസക്കിനെ വീണ്ടും ചൊടിപ്പിച്ചു. അവൻ്റെ ശൗര്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. പണ്ട് ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒരു പെൺകുട്ടിക്ക് വേണ്ടി ശത്രുക്കളായവർ. അവിടെ പരാജയപ്പെട്ട ഐസക്ക് ഇരുവരെയും കണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓർത്തപ്പോൾ വീണ്ടും കോപാകുലനായി മാറി.
. ഐസക്ക് നടന്നടുത്ത് സുരേഷിന്‍റെ വലത്തെ കരണത്ത് ശക്തിയിൽ ആഞ്ഞടിച്ചു. അറിയാതെ, അപ്രതീക്ഷിതമായി, കിട്ടിയ അടിയിൽ, ശാലിനിയെ നോക്കിക്കൊണ്ടുനിന്ന സുരേഷ് നിലത്ത് വീണെങ്കിലും, പതിയെ എഴുന്നേറ്റ് ഐസക്കിനോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചു. അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഐസക്ക് വീണ്ടും താണ്ഡവമാടി. ഇത് കണ്ട് ഐസക്കിൻ്റെ കൂടെ ബുള്ളറ്റിൽ വന്നവർ സുരേഷിൻ്റെ അടുത്തെത്തി, അവനെ അതിക്രൂരമായ് മര്‍ദ്ദിക്കുന്നത് കണ്ട് ശാലിനിയിലെ പത്രപ്രവര്‍ത്തക ഉണര്‍ന്നു.
. അവള്‍ തന്‍റെ വണ്ടിയില്‍ നിന്നും വേഗത്തിൽ ക്യാമറ തപ്പിയെടുത്ത് മര്‍ദ്ദന രംഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തികൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഐസക്ക് പൊടുന്നനെ ശാലിനിയുടെ അരികിലെത്തി, അവളിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങി ഉച്ചത്തിൽ അലറി:
. "നിന്‍റെ ചേട്ടന്‍, സബ് ഇന്‍സ്പെക്ടറും നീയൊരു പെണ്ണും... അതുകൊണ്ട് നിന്നെ ഞാൻ ഇപ്രാവശ്യവും വെറുതെ വിടുന്നു... ഇനി നീ ഇത് ആവര്‍ത്തിച്ചാല്‍..."
. ഇത്രയും ഉറക്കെ പറഞ്ഞ്, ഐസക്ക് ക്യാമറയിലെ ചിപ്പ് ഊരിയെടുത്ത് നിലത്തിട്ട് ചവുട്ടിയരച്ച്, കൈയ്യിലിരുന്ന ക്യാമറ റോഡിലേക്ക് വലിച്ചെറിഞ്ഞു.
. ക്യാമറ പറന്നെത്തിയത് അബദ്ധവശാൽ എതിരാളികളുടെ ആക്രമണത്തിൽ നിലം പതിച്ച, സുരേഷിന്‍റെ നേരെയാണ്. സുരേഷ് ക്യാമറ റോഡിൽ വീഴാതെ കൈയ്യിലൊതുക്കി.
. ഇത് കണ്ടതും ഐസക്കിന് സുരേഷിനോടുള്ള രോഷം രൂക്ഷമായി. ബുള്ളറ്റിൽ വന്ന തൻ്റെ കൂട്ടാളികളോട് മാറി നിൽക്കാൻ ആഗ്യം കാണിച്ചിട്ട്, ഐസക്ക് സുരേഷിൻ്റെ അടുത്തെത്തി. അവശനായ സുരേഷിനെ നോക്കി ആഞ്ഞ് തുപ്പി:
. "ഫൂ... ചാവാന്‍ കിടന്നാലും കാമുകിയോടുള്ള അവൻ്റെ ഒരു പ്രേമം..."
. ഐസക്ക് സുരേഷിനെ വീണ്ടും വീണ്ടും ആഞ്ഞ് ചവുട്ടി. ക്യാമറ തന്‍റെ മാറോട് ചേര്‍ത്ത് സുരേഷ് കമിഴ്ന്ന് കിടന്നു. പിന്നെയും തീരാത്ത ദേഷ്യത്തില്‍ ഐസക്ക് കൈയ്യൊന്ന് ആകാശത്ത് ഉയര്‍ത്തി. ഇത് കണ്ട് കൂട്ടത്തിലുള്ള ഒരുവന്‍ വില്ലിസ് ജീപ്പിൽ നിന്ന് ഒരു വടിവാള്‍ എടുത്തുകൊണ്ടു വന്ന് ഐസക്കിന് കൈമാറി. വീണ്ടും ഐസക്ക് ചുറ്റിനും നോക്കി. ഇത് കണ്ട് അവിടെ കൂടിനിന്നവരെല്ലാം ഓടി കടകളിലും, വീടുകളിലും കയറിയൊളിച്ച് ഷട്ടറുകളും, വാതിലുകളും അടച്ചു!
. ശാലിനി നിലത്ത് കിടന്ന സുരേഷിന്‍റെ അരികിൽ ഓടിയെത്തി. ശാലിനിയെ വിറയ്ക്കുന്നുണ്ടായിരുന്നു. സുരേഷ് കിടന്നിടത്ത് നിന്ന് അവൾ തിരിഞ്ഞ്, ഐസക്കിനെ ദയനീയമായി ഒന്ന് നോക്കി. വടിവാള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഐസക്കിനെ കണ്ട്, തൻ്റെ കൈകളില്‍ നിന്ന് സുരേഷ് പെട്ടന്ന് ക്യാമറമാറ്റി. സുരേഷ് എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉയര്‍ത്തിയ വടിവാളുമായി ഐസക്ക് അലറിയടുത്തു!
. സുരേഷ് തന്‍റെ കൈകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ, ശാലിനി, സുരേഷിന് വടിവാളിൻ്റെ വെട്ട് കൊള്ളാതിരിക്കാന്‍, അവനോടുള്ള ദേഷ്യം മറന്ന്, തന്‍റെ പഴയ കാമുകന്റെ മാറിലേയ്ക്ക് വീണു... ഐസക്ക് സര്‍വ്വ ശക്തിയുമെടുത്ത് കൈ ആകാശത്ത് ഉയർത്തി ആഞ്ഞുവീശി... ശാലിനിയുടെ പൊട്ടിക്കരച്ചിൽ ആകാശത്ത് അലയടിച്ചു!
. "തുടരും"
നീലക്കടമ്പ്
പാര_3 പിടിവിട്ടു
4 എന്നോടു
5 സംഭവിക്കാത്തതിനെ
7 വാലുപോലെ
9പരിചയംപോലും
10 നടന്നുനീങ്ങി
11 ഗേറ്റുതുറന്ന്
13 ആൺമക്കളിൽ
14 അതുകേട്ടുകൊണ്ട്
17 ഒരുതുള്ളി
18 ചിന്തവേണ്ട
19ഇതുകേട്ട
പോയേ
22 ഇതുകേട്ടു
26 അതുകേട്ട
28അതുകേട്ട്
31 ഒന്നുമാത്രം
ലാസ്റ്റ് പാര മനസ്സിൽനിന്നും
...........*****---------------**----------/=-==
നോവൽ
നീലക്കടമ്പ്
(നോവൽ ഇതുവരെ : പാഴൂരെന്ന മലയോരഗ്രാമം. അവിടെനിന്നും പണ്ട് ജോലിയന്വേഷിച്ചു അന്യനാട്ടിൽ പോയിരുന്ന സുരേഷ് തിരികെയെത്തുന്നു. കവലയിൽവച്ച് സഹപാഠിയും ഒരേ യുവതിയെ പ്രണയിച്ച് എതിരാളിയുമായ
പലിശ്ശക്കാരൻ ഐസക്കിനെ കാണുന്നു. ആ സമയം അവർ പ്രണയിച്ചിരുന്ന ശാലിനി യദൃശ്ചയാ അവിടെ എത്തുന്നു. കണ്ണിൽക്കണ്ണിൽ നോക്കിനിൽക്കുന്ന സുരേഷിനേയും ശാലിനിയേയും കണ്ട് കോപാകുലനായ ഐസക്ക് സുരേഷിനെ അടിച്ചു വീഴ്ത്തുകയും വടിവാളുകൊണ്ട് വെട്ടാനാഞ്ഞപ്പോൾ, സുരേഷിനെ രക്ഷിക്കാനായി ശാലിനി അവന്റെ പുറത്തു വീഴുകയും, ഒപ്പം ഭയത്താൽ അലറി വിളിയ്ക്കുകയും ചെയ്യുന്നു.........ഇനി തുടർന്നു വായിക്കുക.... )
അദ്ധ്യായം -2
ഐസക്ക് തന്‍റെ വടിവാള്‍ ഉയര്‍ത്തി സുരേഷിനെ വെട്ടുവാന്‍ തുനിഞ്ഞെങ്കിലും, അവന്‍റെ മാറോട് ചേര്‍ന്നുകിടക്കുന്ന ശാലിനിയെ, തൻ്റെ നഷ്ടപ്രണയത്തെ കണ്ട്, അറിയാതെതന്നെ വാൾ അലക്ഷ്യത്തിലേക്ക് വ്യതിചലിപ്പിച്ചു. അത് ലക്ഷ്യം മാറി പതിഞ്ഞത് അടുത്തു നിന്നിരുന്ന ബദാം മരത്തിലായിരുന്നു. ആ തണൽ വൃക്ഷത്തിൻ്റെ വലിയൊരു ചില്ല മുറിഞ്ഞു താഴേകയ്ക്കു പതിച്ചു. അത്രക്ക് ശക്തമായിരുന്നു, ആ വീശൽ.
കണ്ണുകളടച്ച് അലമുറയിട്ടു കരഞ്ഞ ശാലിനി, നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നതറിഞ്ഞ്, വിയർത്തു വിളറി കണ്ണു തുറന്നപ്പോൾ അപ്രതീക്ഷിതമായി കണ്ടത്, സുരേഷിന്റെ കയ്യിലിരുന്ന മൂർച്ചയേറിയ വടിവാൾ, സൂര്യരശ്മിയേറ്റു വെട്ടിത്തിളങ്ങുന്നതാണ്. അരുതാത്തതൊന്നും സംഭവിക്കാഞ്ഞതിന്റെ ആശ്വാസത്തിനൊപ്പം, ആ രശ്മികൾ അവളുടെ കണ്ണുകളിൽ തുളുമ്പിനിന്ന കണ്ണുനീരിൽ തട്ടി പ്രകാശിതമായി, അതിന് ആനന്ദക്കണ്ണീരിന്റെ പരിവേഷവുമണിയിച്ചു.
സുരേഷിനെ ഇത്തിള്‍ക്കണ്ണിപോലെ ചുറ്റിപ്പിണഞ്ഞു കിടന്ന ശാലിനി, ഒരുനിമിഷം തന്‍റെ പഴയകാല പ്രണയനിമിഷങ്ങളൊക്കെ ഓർത്തെടുത്തു. അവളുടെ മനസ്സിലൂടെ മിന്നല്‍വേഗത്തിൽ ആ രംഗങ്ങൾ കടന്നുപോയി. പെട്ടന്ന്, പരിസരബോധം വീണ്ടെടുത്ത്, ശാലിനി സുരേഷിന്‍റെ ശരീരത്തിൽ നിന്നും പിടിവിട്ടു മെല്ലെ എഴുന്നേറ്റ് സര്‍വ്വ ധൈര്യവും സംഭരിച്ച് ഐസക്കിനോട് ഒറ്റ ശ്വാസത്തിൽ ചോദിച്ചു:
"എന്തിനാണു നീ സുരേഷിനെ ആക്രമിക്കുന്നത്? സുരേഷ് നിങ്ങളോടെന്തു തെറ്റാണു ചെയ്തത്? പ്രണയിക്കുന്നത് ഒരു തെറ്റാണെങ്കിൽ അത് ചെയ്തതു ഞാനാണ്; എന്നെയാണ് ശിക്ഷിക്കേണ്ടത്. ഞാനാണ് നിങ്ങളെ എനിക്ക് ഇഷ്ടമല്ലെന്നു പറഞ്ഞത്. പ്രതികരിക്കാത്തവനെ ആക്രമിക്കുന്നതാണോ ശക്തന്മാരുടെ ധീരത? പഴയകാല പ്രണയ നൈരാശ്യത്തിൻ്റെ ദേഷ്യം തീര്‍ക്കാനാണെങ്കില്‍ നിങ്ങള്‍ എന്നോടു തീര്‍ക്കണം, അല്ലാതെ ഒന്നും പ്രതികരിക്കാൻ ശേഷിയില്ലാത്ത ഈ പാവത്തിനോടല്ല നിങ്ങളുടെ ദേഷ്യം തീര്‍ക്കേണ്ടത്!
പഴയകാല കാമുകിയെ അപ്പോഴും മനസ്സിൽ ആരാധിക്കുന്നതു കൊണ്ടോ എന്തോ, ഐസക്ക് തന്‍റെ ദേഷ്യമെല്ലാം കടിച്ചമര്‍ത്തി, എന്തെല്ലാമോ പിറുപിറുത്തുകൊണ്ട്, ജീപ്പ് ലക്ഷ്യമാക്കി നടന്നു നീങ്ങി. ഈ സമയം അവിടെ ഒന്നും സംഭവിക്കാത്തതിനെ തുടര്‍ന്ന് കടകളിൽ നിന്നും ഇറങ്ങിവന്നവർക്കു നേരേ ആക്രോശിച്ചുകൊണ്ടും, സുരേഷിനു നേരേ കൈ ചൂണ്ടിക്കൊണ്ടും, ഐസക്ക് പറഞ്ഞു:
"ഇവനെ ആരെങ്കിലും പഴയ കാല സുഹൃത്തെന്നു കരുതി തോളിലേറ്റി നടക്കാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് മുളയിലേ നുള്ളിക്കോ! ആരെങ്കിലും ഇവനുമായി കൂടുന്നത് കണ്ടാല്‍, ഇവന് കിട്ടിയ അനുഭവമായിരിക്കില്ല അവനുണ്ടാകുവാൻ പോകുന്നത്."
ഇത്രയും പറഞ്ഞിട്ട്, ശാലിനിയുടെ അടുത്തെത്തി, അവളോടും പറഞ്ഞു: "ഈ പറഞ്ഞത് നിന്നോടും കൂടിയാണ്, ഓര്‍മ്മയിൽ ഇരുന്നാല്‍ നിനക്കും നല്ലത്!"
അതിൽ പ്രതികരിക്കും വിധം ശാലിനി ഐസക്കിനെ രൂക്ഷമായിട്ട് ഒന്നു നോക്കി. ഐസക്ക് അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ ജീപ്പില്‍ കയറിയിരുന്നു. പന്തയക്കുതിരകള്‍ കടിഞ്ഞാൺ പൊട്ടി കുതറിപ്പായും പോലെ വണ്ടി പാഞ്ഞുപോയി. ബുള്ളറ്റുകള്‍ ആനയുടെ വാലുപോലെ ജീപ്പിന് അകമ്പടിയായി ഓടി മറഞ്ഞു.
ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അവിടെ കൂടി നിന്ന നാട്ടുകാരും കൂട്ടുകാരും ദീര്‍ഘനിശ്വാസം വിട്ടു. കാരണം, അവരുടെ അനുഭവത്തിൽ, വാളെടുത്തുകഴിഞ്ഞാൽപ്പിന്നെ, ഐസക്ക് ചോര കാണാതെ മടങ്ങില്ലെന്നതു തന്നെ.
നാടിൻ്റെ ഈ മാറ്റങ്ങളും ഗുണ്ടായിസങ്ങളും അറിയാതിരുന്ന സുരേഷ് നിലത്തുനിന്നും എഴുന്നേറ്റ് അടുത്തുള്ള സർക്കാർ ടാപ്പില്‍ നിന്നും കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖത്തു തളിച്ചിട്ട്, കുറച്ചു വെള്ളം കുടിക്കുകയും ചെയ്തു. ഒപ്പം, അറിയാതെ ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ ചെന്നപ്പോൾ, തന്‍റെ അച്ഛന്‍ നാട്ടുകാർക്കിടയിൽ നിന്നുകൊണ്ട്, അവിടെ നടന്നതൊക്കെ ഒരു നിസ്സംഗതയോടെ വീക്ഷിക്കുന്നതാണ് കണ്ടത്. അവന്‍ കണ്ണിമയ്ക്കാതെ അച്ഛനെ കുറച്ചുനേരം നോക്കി നിന്നു. എന്നാൽ പാഴൂർ ശിവരാത്രിക്ക് കണ്ട പരിചയംപോലും ഭാവിക്കാതെ കേശവൻ സാർ അവിടെ നിന്നും വീട്ടിലേക്ക് പോയി.
സുരേഷിൻ്റെ അച്ഛനിൽ നിന്നുമുള്ള ആ നിസ്സംഗതാ മനോഭാവം കണ്ട ശാലിനിക്ക് സുരേഷിനോടു വീണ്ടും ദയ തോന്നി. മനസ്സില്‍ വർഷങ്ങളായി അവനോടുണ്ടായിരുന്ന ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. അവള്‍ സുരേഷിനേത്തന്നെ നോക്കിനിന്നു. സുരേഷ് അവളെ ശ്രദ്ധിക്കാതെ, നിലത്തു കിടന്നിരുന്ന തൻ്റെ ബാഗെടുത്ത് തോളിൽ തൂക്കിയിട്ടുകൊണ്ട്, തൻ്റെ വീടു ലക്ഷ്യമാക്കി പതിയെ നടന്നുനീങ്ങി.
ശാലിനി തന്‍റെ സ്കൂട്ടറില്‍ സുരേഷിനെ പിന്തുടര്‍ന്നു. സുരേഷ് വീടിന്‍റെ ഗേറ്റുതുറന്ന് പടികൾ കയറി അകത്തേക്ക് കടന്ന്, കോളിങ്ങ് ബെല്‍ അമര്‍ത്തി. ഈ സമയം, ശാലിനി അൽപ്പം അകലെ വണ്ടി നിർത്തിയിട്ട്, അവിടെ എന്തു നടക്കുന്നെന്ന് ശ്രദ്ധിച്ചു കൊണ്ട് അതിലിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വാതില്‍ തുറന്ന്, ഒരപരിചിതനോടെന്നപോലെ, സുരേഷിനോട് ചോദിച്ചു: "എന്താ നിനക്ക് വേണ്ടത്?"
അതുകേട്ട സുരേഷ്, "അച്ഛാ" എന്ന് പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ, അച്ഛൻ കൈകൾ കൊണ്ട് ആഗ്യം കാട്ടി അവനെ സംസാരിക്കുവാൻ അനുവദിയ്ക്കാതെ, തുടര്‍ന്നു:
"ആരുടെ അച്ഛൻ? ഇവിടെ ആരുടെയും അച്ഛനുമില്ല, അമ്മയുമില്ല. എനിക്ക് ഇങ്ങനെ ഒരു മകനുമില്ല. രണ്ട് ആൺമക്കളിൽ ഒരുവൻ പണ്ടേ മരിച്ചുപോയി. ഇനി എനിക്കുള്ളത് ഒരു മകനും മകളും മാത്രമാണ്. അവര്‍ എന്നോടൊപ്പം ഇവിടെയുണ്ട്."
അതുകേട്ടുകൊണ്ട് ഇറങ്ങിവന്ന കൊച്ചുപെങ്ങളെ കണ്ട് സുരേഷ് സന്തോഷത്താല്‍ പുഞ്ചിരിച്ചു. എന്നാല്‍ ചെറുപ്പത്തിൽ കുഞ്ഞുപെങ്ങളുടെ എല്ലാ കാര്യങ്ങളും സ്നേഹത്തോടെ സാധിച്ചു കൊടുത്തു തോളിലിട്ട് വളർത്തിയ ഏട്ടനെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല!
സുരേഷിന്‍റെ കണ്ണുകള്‍ തിളങ്ങി. പെട്ടെന്ന് അവന്‍ തന്‍റെ ബാഗില്‍ കൈയ്യിട്ട്, അവൻ്റെ അദ്ധ്വാനത്തിൽ നിന്നും മിച്ചബാക്കി പിടിച്ച സമ്പാദ്യത്താൽ അവള്‍ക്ക് മാത്രം കരുതിയിരുന്ന ഒരു കുഞ്ഞു സ്വര്‍ണ്ണമാല എടുത്ത് അവളുടെ നേർക്കു നീട്ടിയിട്ട് പറഞ്ഞു:
"മോളേ, ഇത് ഞാനാണ്, നിന്‍റെ കൊച്ചേട്ടന്‍... സുരഭിമോള്‍ എന്നെ മറന്നല്ലേ? ദേ, മോളിത് ഒന്നു കഴുത്തിലിട്ടേ, ഏട്ടൻ കാണട്ടെ."
ഇതെല്ലാം കണ്ടുകൊണ്ടുനിന്ന അച്ഛന്‍ അതു കേട്ട് ദേഷ്യത്തില്‍ സുരേഷിനെ നോക്കി പറഞ്ഞു:
"ആരുടെ കൊച്ചേട്ടന്‍? ഇവിടെ അങ്ങനെ ഒരു കൊച്ചേട്ടനുമില്ല അനുജത്തിയുമില്ല, ഇറങ്ങ് വെളിയില്‍. പണ്ട് 'ഈ മുറ്റത്ത് കാലു ചവിട്ടില്ല' എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ നിനക്ക് നാണമുണ്ടോ വീണ്ടും ഈ പടികള്‍ ചവിട്ടാന്‍! പട്ടിണിയും പരിവട്ടവും ആയപ്പോള്‍ വീണ്ടും ഞാൻ പാടു പെട്ട് സമ്പാദിച്ചതിൽ നിന്നുമുള്ള ഉച്ചിഷ്ടം ഉണ്ണാൻ വന്നിരിക്കുന്നു, നാണമില്ലാത്തവൻ."
ഇത്രയും പറഞ്ഞ് സുരേഷിനൊട് അവിടെ നിന്നും ഇറങ്ങിപ്പോകുവാൻ അച്ഛൻ ശക്തമായ സ്വരത്തിൽ കല്പിച്ചു.
ഇരമ്പിവന്ന വേദന മനസ്സിൽ ഒതുക്കി, ഒന്നും മിണ്ടാതെ, സുരേഷ് അവിടെ നിന്നും പടികളിറങ്ങി. ഐസക്കിൻ്റെയും കൂട്ടാളികളുടേയും മർദ്ദനമേറ്റിട്ടും ഒരുതുള്ളി കണ്ണുനീർ ഉതിരാത്ത ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അവനറിയാതെ കവിള്‍ത്തടങ്ങളില്‍ക്കൂടി ഒലിച്ചിറങ്ങി.
ഇതെല്ലാം കണ്ടും കേട്ടും ശാലിനി തന്‍റെ സ്കൂട്ടറിൽ വെളിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ട സുരേഷ് അവളിൽ നിന്നും ശ്രദ്ധ തിരിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു. ശാലിനി തന്‍റെ സ്കൂട്ടറില്‍ നിന്നുമിറങ്ങി സുരേഷിന്‍റെ അടുത്തെത്തി, അവനെ തടഞ്ഞു നിര്‍ത്തിയിട്ട്, ചോദിച്ചു:
"സുരേഷ് എങ്ങോട്ട് പോകുന്നു?ഇനിയും എങ്ങോട്ടെന്നില്ലാതെ, ആരോടും പറയാതെ, തിരിച്ചുപോകുവാന്‍ ചിന്തിക്കുകയാണോ?! എങ്കിൽ ഇനി ആ ഒരു ചിന്തവേണ്ട, ഇനി ഈ നാട്ടില്‍ നിന്നും സുരേഷ് എങ്ങും പോകേണ്ട. ഇവിടെ എന്തെങ്കിലും പണിയെടുത്ത് സ്വന്തമായി ജീവിച്ചാല്‍ മതി. എന്തിനാണ് അന്യനാട്ടില്‍ പോയി ഇനിയും കഷ്ടപ്പെടുന്നത്? ആർക്ക് വേണ്ടി?"
ഇതുകേട്ട സുരേഷ് ശാലിനിയെ ദയനീയമായി ഒന്നു നോക്കി. അവളുടെ വാക്കുകൾ മനസ്സിൽ തട്ടിയ സുരേഷ് പറഞ്ഞു:
"എല്ലാം എന്‍റെ വിധിയാണ്, അത് മാറ്റാന്‍ ആർക്കും സാധിക്കില്ല. സ്നേഹിക്കാത്തവരുടെ ഇടയിൽ ഏകനായി, നീറുന്ന മനസ്സുമായി, ജീവിക്കുന്നതിനേക്കാള്‍ നല്ലത്, ആരോരുമില്ലാത്ത നാട്ടില്‍ പട്ടിണിയും പരിവട്ടവുമായി ജീവിതം തളളി നീക്കുന്നതാണ്. അതിനാൽ എനിക്ക് പോയേ മതിയാകു."
ശാലിനി ഉടൻ പ്രതികരിച്ചു. പതറിയ ശബ്ദത്തിലാണെങ്കിലും, അവൾ സുരേഷിനോട് പറഞ്ഞു:
"ആരു പറഞ്ഞു, സുരേഷിനെ സ്നേഹിക്കാൻ ഇവിടെ ആരുമില്ലെന്ന്? എല്ലാം സുരേഷ് സ്വയം വരുത്തിവച്ചതല്ലേ? എല്ലാം സ്വയം നഷ്ടപ്പെടുത്തിയതല്ലേ?"
അതുക്കെട്ടു സുരേഷും ശക്തമായി പ്രതികരിച്ചു: "അല്ല, ഞാനായി നഷ്ടപ്പെടുത്തിയതല്ല. അങ്ങനെ ഞാന്‍ വരുത്തിവച്ചില്ലെങ്കിൽ, എന്റെ മനസ്സില്‍
ഏറ്റവുമധികം ഞാൻ സ്നേഹിച്ചയാൾ എനിക്കു നഷ്ടപ്പെടുമെന്ന് തോന്നി. അതുകൊണ്ട് ഒന്നു നേടുവാൻ വേണ്ടി ഞാൻ മറ്റൊന്ന് നഷ്ടപ്പെടുത്തി. അതാണ് ശരിയ്ക്കും സംഭവിച്ചത്".
സുരേഷിന്‍റെ മറുപടി ശാലിനിയുടെ മനസ്സിലേയ്ക്ക് അസ്ത്രങ്ങൾ തറച്ച പ്രതീതിയുളവാക്കി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശാലിനി വീണ്ടും പ്രതികരിച്ചു:
"എന്നിട്ട് ആ സ്നേഹവും സുരേഷ് തന്നെയല്ലേ തട്ടിയെറിഞ്ഞത്? അതു കൊണ്ടല്ലേ ആ സ്നേഹവും വേണ്ടാന്നു വച്ച് നാടു വിട്ടത്!"
സുരേഷ് പറഞ്ഞു: "അല്ല, ആ സ്നേഹം മുന്നോട്ടു കൊണ്ടുപോകണമായിരുന്നെങ്കില്‍ എനിക്കു പിടിച്ചുനിൽക്കാൻ ഒരു ജോലി ആവശ്യമായിരുന്നു. ആ പ്രായത്തിൽ ഈ നാട്ടിൽ എന്ത് ജോലി കിട്ടാൻ? ആര് ജോലി നൽകാൻ? അതുകൊണ്ട് ഒരു ജോലി തേടി ഞാൻ അന്യനാട് ലക്ഷ്യമാക്കി പോകുകയായിരുന്നു. എന്നിട്ടും നല്ലൊരു ജോലി കിട്ടാതെ ഇത്രയും നാൾ കഷ്ടപ്പെട്ട് പിടിച്ചുനിന്നു. എല്ലാം നഷ്ടപ്പെട്ടുകാണുമെന്ന് അറിയാമായിരുന്നെങ്കിലും, തിരിച്ചുവന്ന് എല്ലാരെയും ഒന്ന് കാണണമെന്നത് മനസ്സിന്റെ ഒരു ആഗ്രഹമായിരുന്നു.
വന്നു, കണ്ടു, അറിഞ്ഞു; ഇനി തിരിച്ചുപോണം. കുടുംബവും നാട്ടുകാരും കൂട്ടുകാരും ആരുമില്ലാത്തവനായി എന്നെന്നത്തേക്കുമായി തിരിച്ചു പോകട്ടെ. അങ്ങനെയാകുമ്പോൾ, മനസ്സിൽ ഒന്നും അവശേഷിപ്പിക്കാതെ, ഒരിക്കലും തിരിച്ചുവരാതെ, എല്ലാം മറന്ന്, എനിക്ക് മരണം വരെ അവിടെ ഓർമ്മകളുടെ ഭാരമില്ലാതെ ജീവിക്കാമല്ലോ!?"
ശാലിനി ചോദിച്ചു "ആരു പറഞ്ഞു എല്ലാം നഷ്ടപ്പെട്ടുവെന്ന്?"
അവൾ തുടർന്നു: "സുരേഷിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സുരേഷ് ഇവിടെത്തന്നെ നില്‍ക്കണം, ഇവിടെ നിന്ന് നഷ്ടപ്പെട്ട കുടുംബത്തെ സുരേഷ് സ്നേഹത്താല്‍ തിരിച്ചു പിടിക്കണം."
സുരേഷ് പറഞ്ഞു: "കുടുംബത്തെ തിരിച്ചു പിടിച്ചാലും എനിക്കിവിടെ നില്‍ക്കാന്‍ ആകില്ല. എല്ലാം എനിക്ക് തിരിച്ചു പിടിക്കാനും സാധിക്കില്ല. എന്തു നേടിയാലും, എന്റെ എല്ലാമായ ഒന്ന് എനിയ്ക്കു തിരിച്ചുപിടിക്കാനാകില്ല!'
അതുകേട്ട ശാലിനിയ്ക്ക് ജിജ്ഞാസയായി. "എന്ത് നഷ്ടപ്പെട്ടു; എന്ത് തിരിച്ച് പിടിക്കാനാവില്ല!?" അവൾ ഉത്കണ്ഠയോടെ ചോദിച്ചു.
സുരേഷ് പറഞ്ഞു: "നീ! നിന്നേത്തന്നെ! എന്റെ എല്ലാമെല്ലാമായിരുന്ന നിന്നേത്തന്നെ..."
അതുകേട്ട് ശാലിനി പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ആ ചിരി തന്നേ കളിയാക്കുന്നതു പോലെയാണ് സുരേഷിനു തോന്നിയത്. അവന്‍ ചോദിച്ചു: "എന്ത്? നീ എനിക്ക് നഷ്ടപ്പെട്ടില്ല, എന്നാണോ?"
അതിനുള്ള ഉത്തരം നൽകാതെ അവള്‍ അവനെയും കൂട്ടി അടുത്തുള്ള ഒരു ചെറിയ വീട്ടിലേക്ക് പോയി. ആ വീടു തുറന്ന് അകത്തു കയറിയിട്ട് അവൾ പറഞ്ഞു:
"ഇത് എന്‍റെ ജോലിക്കാര്യങ്ങൾക്കായി ഞാൻ വാടകയ്ക്ക് എടുത്ത വീടാണ്.
ഇതില്‍ സുരേഷിന് താമസിക്കാം.
ഇതില്‍ ഒരു റൂം മാത്രം എനിക്ക് മതി!"
അവൾ ഇതൊക്കെ പറയുമ്പോൾ
സുരേഷ് അവളോട് ഒന്നുമാത്രം ചോദിച്ചു: "എന്തിനാ നീ എനിക്ക് ഇതൊക്കെ ചെയ്തു തരുന്നത്? നിന്നേയെനിക്ക് നഷ്ടപ്പെട്ടില്ലേ? പിന്നെ എന്തിന് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു!?"
ഉടനെ അവൾ പറഞ്ഞു: "ഇത്രയുമായിട്ടും സുരേഷിന് എന്നെ മനസിലായില്ല! അന്ന് എന്നെ സ്നേഹിച്ചപ്പോൾപ്പോലും ഇങ്ങനെ തന്നെയായിരുന്നോ നീ എന്നേ മനസിലാക്കിയത്! എന്നാല്‍ ഞാന്‍ സ്നേഹിച്ചത് ഒരാളെ മാത്രമായിരുന്നു. അയാൾ തിരിച്ചു വന്നാലും ഇല്ലെങ്കിലും, മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാൻ പോലും എനിക്കു സാധിക്കുമായിരുന്നില്ല. മരണംവരെ അയാള്‍ മാത്രമാണ് എന്റെ മനസ്സില്‍. എന്നെങ്കിലും തിരിച്ചു വരുന്നതും കാത്ത്, വേഴാമ്പലിനെ പോലെ, ഞാൻ ഇരിപ്പു തുടങ്ങിയിട്ട് നാളുകൾ ഏറെയായി... അയാൾ തിരികെ വന്നപ്പോള്‍ എന്റെ സ്നേഹം മനസിലാക്കാതെ, എൻ്റെ ദു:ഖംപോലും മനസ്സിലാക്കാതെ, എന്നിൽ വീണ്ടും ദു:ഖത്തിൻ്റെ കണ്ണുനീർ മാത്രം കോരിയൊഴിക്കുന്ന ഒരാളാകാൻ മാത്രമേ അയാള്‍ക്ക് കഴിയുന്നുള്ളെന്ന് വന്നാൽ!!!".
അതുകേട്ട സുരേഷ് എന്തെന്നില്ലാത്ത ഒരു നിർവൃതിയോടെ, അവളുടെ അടുത്തു ചെന്ന് അവളെ നോക്കി, വികാരവായ്‌പ്പോടെ, പറഞ്ഞു:
"ശാലിനീ....., എന്തായിത്, ഞാന്‍ നിന്നെ സ്നേഹിച്ചില്ലെന്നോ? ഞാന്‍ സ്നേഹിച്ചത് നിന്നേത്രമാണ്. ഞാൻ അനുഭവിച്ച വേദനകള്‍ എല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു! ഞാൻ ഒളിച്ചോടിയതു പോലും ഒരിക്കൽ നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമായിരുന്നു! എൻ്റെ ജീവൻ തുടിക്കുന്നതുപോലും നിനക്കുവേണ്ടിയാണ്!"
അറിയാതെ തന്നെ അവന്‍ ശാലിനിയുടെ കൈകളില്‍ തലോടി. ആ കൈകള്‍ അവളിലേക്ക് ഒരു വള്ളി പോലെ പടർന്ന് കയറി. അവൻ അവളെ കെട്ടിപ്പിടിച്ച് അവളുടെ നെറുകില്‍ ഒരു ചുടുചുംബനം നല്‍കി. പിന്നീട് ചുംബനങ്ങൾ ചുണ്ടിലേക്കും കഴുത്തിലേക്കും ഒക്കെ വഴി മാറിക്കൊണ്ടിരുന്നു.
"നിൻ്റെ ചുണ്ടുകൾ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്" എന്ന ഷെയ്ക് സ്പിയർ വാക്യത്തെ അനുസ്മരിപ്പിക്കുന്നവയായിരുന്നു, ആ ചുംബന നിമിഷങ്ങൾ...
ശാലിനിയുടെ കണ്ണുകൾ അസ്ത്രങ്ങൾ പോലെ അവനിലേക്ക് പാഞ്ഞു. അവന്‍ വീണ്ടും ശാലിനിയെ ചുംബനങ്ങള്‍ കൊണ്ടു മൂടി, കെട്ടിപ്പുണർന്നുകൊണ്ടേയിരുന്നു. ശാലിനിയും അവന്റെ മാറിലേക്ക് അറിയാതെ ചാഞ്ഞു. പാമ്പുകള്‍ ഇണചേരുന്ന നിമിഷങ്ങള്‍ പോലെ രണ്ട് പേരും കെട്ടിപ്പുണർന്നു. അവള്‍ സുരേഷിന്‍റെ മുഖത്തൊക്കെ തന്‍റെ കൈകളാല്‍ തലോടി മാറോടു ചേര്‍ത്ത്, വീണ്ടും വീണ്ടും മൃദുചുംബനങ്ങള്‍ നല്‍കി.
പ്രണയത്തിന്റെ ഭാഷയാണ് യഥാർത്ഥ ചുംബനം. തീവ്രമായ പ്രണയത്തിന്റെ, നാമറിയാത്ത, സന്ദേശം അതിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിനുണ്ടെന്നു പണ്ടാരോ പറഞ്ഞത് അതുകൊണ്ടു
തന്നെയായിരിക്കും! പ്രണയ കവികൾ കാലാകാലങ്ങളായി ചുംബനത്തിന്റെ മാസ്മരികതയെക്കുറിച്ച് എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
ഒരു ചുടുചുംബനം കൊണ്ടും തലോടൽ കൊണ്ടും മായിച്ചു കളയപ്പെട്ട പിണക്കങ്ങളും പരിഭവങ്ങളും മാത്രമായി മാറി, വർഷങ്ങളായുള്ള അവരുടെ അകൽച്ചപോലും. പ്രണയം, പ്രപഞ്ചമാകെ പൂത്തുലഞ്ഞതുപോലെ, അവർ ഇരുവരുടെയും ഹൃദയത്തിലും ശരീരത്തിലും പൂത്ത് വിടർന്നു.
കാലങ്ങൾ കാത്തിരുന്ന ആശ്വാസത്തിൻ്റെ പദനിസ്വനം പോലെയായിരുന്നു, ആ നിർമ്മല നിമിഷങ്ങൾ. പ്രണയം മനസ്സിൽനിന്നും ശരീരത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ അതൊരു വിസ്മയാനുഭവമായി മാറി. പരിസരം മറന്ന്, പരസ്പരം മറന്ന്, അവർ ഇരുവരും ആ വിസ്മയത്തിൽ മുഴുകിയൊഴുകി. രതിശാസ്ത്രജ്ഞരായ വാൻഡി വെൽഡും ഹാവ്ലോക് എല്ലിസും പ്രകീർത്തിക്കുന്ന ചുംബനസൂത്രങ്ങൾ അവർ യാഥാർത്ഥ്യമാക്കി അവിടെ പരീക്ഷിച്ചുകൊണ്ടേയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ