എനിക്ക് ഏതാണ്ട് നാലു വയസ്സ് പ്രായമുള്ള സമയം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടേയുള്ളു. പക്ഷേ ഞങ്ങളുടെ അയിലറ എന്ന മലയോര കുഗ്രാമത്തിൽ വളരെച്ചുരുക്കം പേർക്കേ അന്ന് അതേപ്പറ്റി അറിയൂ. കാരണം അവിടെ ആർക്കും റേഡിയോ ഉണ്ടായിരുന്നില്ല. ന്യൂസ് പേപ്പർ വരുത്തിയിരുന്നത് രണ്ടു ചെറിയ ജന്മി വീടുകളിൽ മാത്രം. നാട്ടുകാരെല്ലാം നല്ല ശുദ്ധഗതിക്കാർ. അടുത്തുള്ള വനങ്ങൾ വെട്ടിത്തെളിപ്പിക്കുന്നതിന്റെ ഭാഗമായി തടി ലോറിയ്ക്കു പോകുവാനായി ഒരു ചെറിയ മൺറോഡ് കടന്നു പോകുന്നുണ്ട്. കുഴിയുള്ളിടത്തൊക്കെ മെറ്റലിട്ടിട്ടുണ്ട്. ഞങ്ങളാണെങ്കിൽ പത്തനംതിട്ടയിൽ നിന്നും അവിടെ വന്നു താമസമാക്കിയിട്ട് കുറച്ചു വർഷങ്ങളേ ആകുന്നുള്ളു. ഒരു പ്രൈമറി സ്കൂൾ പോലുമില്ല. മൂത്ത ചേച്ചി മൂന്നു മൈൽ (4.5 km) അകലെയുള്ള പ്രൈമറി സ്കൂളിൽ നടന്നു പോയിവരുന്നുണ്ട്. അര മൈൽ അകലെയുള്ള ഓലപ്പള്ളിക്കൂടത്തിൽ ഞാനും നേരേ മൂത്ത ചേച്ചിയും പോകുന്നുണ്ട്. നാട്ടിൽ ഒരു ചായക്കടയും ഒരു ചെറിയ പലവ്യഞ്ജനക്കടയും മാത്രം.
ആ സാഹചര്യത്തിൽ എന്റെ അച്ഛൻ അവിടെ ആരും അതേവരെ ധൈര്യപ്പെടാത്ത ഒരു കാര്യം ചെയ്തു. ആ വർഷം ഓണത്തിന് ഒരു നാടകം അരങ്ങേറണമെന്ന് അച്ഛന് ഒരാഗ്രഹം. ആ നാട്ടിൽ ആരെങ്കിലും അതേ വരെ നാടകം കണ്ടിരിക്കുമോ എന്നു തന്നെ സംശയമാണ്. അച്ഛൻ തന്നെ നാടകവും തെരഞ്ഞെടുത്തു. 'ഹോട്ടൽക്കാരി'. കുറച്ചൊക്കെ വിദ്യാഭ്യാസമുള്ള അഞ്ചാറു ചെറുപ്പക്കാരെയുംമദ്ധ്യവയസ്‌ക്കരെയും സംഘടിപ്പിച്ചിട്ട് അച്ഛൻ അവർക്ക് വേണ്ട ഡയറകഷ്നും നിർദ്ദേശങ്ങളും നൽകി റിഹേഴ്സലും നടത്തി. ഞങ്ങൾ കുട്ടികൾക്ക് അതേപ്പറ്റി ഒന്നും അറിവുണ്ടായിരുന്നില്ല. അച്ഛൻ ആയിടയ്ക്ക് താടി വളർത്തുവാൻ തുടങ്ങിയിരുന്നു. നാടകം അരങ്ങേറുവാനായി റോഡരുകിൽ ഒഴിഞ്ഞു കിടന്ന പറമ്പിൽ ഒരു ഓലപ്പന്തലിട്ട് ഒന്നരയടിയോളം ഉയരത്തിൽ സ്റ്റേജും കെട്ടി, അതിലേയ്ക്ക് കയറുവാൻ ഒരറ്റത്ത് ഒരു
കുട്ടി ബഞ്ചും ഇട്ടു. കർട്ടന് പകരം സാമാന്യം കട്ടിയുള്ള ഒരു ഡബിൾ വേഷ്ടി നിവർത്തി രണ്ടു മൂലകളും പന്തലിന്റെ തൂണുകളിൽ ബന്ധിപ്പിച്ചു. ഓരോ രംഗം തുടങ്ങുമ്പോഴും അതഴിച്ചിടും, ഇടയ്ക്ക് വീണ്ടും കെട്ടും. അന്ന് വൈദ്യുതി ഇല്ല. അകലെയെവിടെ നിന്നോ മൂന്ന് നാല് പെട്രോമാക്സ് വിളക്കുകൾ തരപ്പെടുത്തി തൂക്കിയിട്ടിരിക്കുകയാണ്. നല്ല ഓണാനിലാവുള്ള സമയം. ആളുകൾ സ്റ്റേജിനു മുന്നിലുള്ള തുറസ്സായ സ്ഥലത്ത് കൂടെക്കൊണ്ടുവന്ന പായകളിലും പരമ്പുകളിലുമാണിരിപ്പ്. വീട്ടിൽ നിന്നും അമ്മയും അനുജനുൾപ്പെടെ ഞങ്ങൾ നാലു കുട്ടികളുമെത്തിയിട്ടുണ്ട്. അമ്മ അനുജനെയും കൊണ്ട് സ്ത്രീകൾക്കൊപ്പം അൽപ്പം പിറകിലും ഞാനും ചേച്ചിമാരും ഏറ്റവും മുന്നിലും ഇരിപ്പായി. നാടകം എന്ന് കേട്ടതല്ലാതെ സംഭവം എന്തെന്ന് എനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല. നാടകം തുടങ്ങി. അന്നു മൈക്കുമില്ല. ഒരു ചായക്കടയിൽ രണ്ടുമൂന്നുപേരിരുന്നു ആഹാരമോ ചായയോ കഴിക്കുന്നു. മൂന്നു നാലു മിഠ>യിക്കുപ്പികൾ വച്ച ഒരു മേശയ്ക്ക് പിറകിൽ ഒരു സ്ത്രീ ഇരുന്ന് വിളമ്പുന്ന ആൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നു. പലരും വന്ന് ഇരുന്നും നിന്നും ഉറക്കെയും പതുക്കെയും സംസാരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ കർട്ടൻ ഉയർന്നു. അൽപ്പം കഴിഞ്ഞ് അത് താഴ്ത്തി. അപ്പോൾ ഒരു പഴയ കയറുകട്ടിലിൽ അച്ഛനെപ്പോലുള്ള, തലയും താടിയും നരച്ച ഒരാളിരിക്കുന്നു. കാഴ്ചയിൽ അവശനായ ഒരു രോഗി. നേരത്തേ കണ്ട സ്ത്രീ അയാളോടെന്തൊക്കെയോ ഉറക്കെ ദേഷ്യപ്പെട്ടു സംസാരിക്കുന്നു. അയാളുടെ സംസാരവും വയസ്സന്മാരുടേത്. ശബ്ദം പക്ഷേ അച്ഛന്റേതും. അപ്പോഴാണ് മൂത്ത ചേച്ചി പറഞ്ഞത്, അത് നമ്മുടെ അച്ഛനാണെന്നും താടിയും മുടിയും പൗഡറോ മറ്റോ തേച്ച് വെള്ള നിറത്തിലാക്കിയതാണെന്നും, ആ സ്ത്രീയുടെ അച്ഛനായിട്ട് അഭിനയിക്കുകയാണെന്നും. നാലോ മറ്റോ രംഗങ്ങൾ കഴിഞ്ഞ് ഒന്നിൽ അച്ഛൻ ആ കട്ടിലിൽ കിടക്കുന്നതും, "മോളേ, ഒന്നിങ്ങോട്ട് വന്നേ എനിക്ക് തീരെ വയ്യാടീ, എന്നേ ഒന്നു പിടിക്ക്,.... ഞാനൊട്ടു ചാകുന്നുമില്ലല്ലോ എന്റീശ്വരാ... രാ....". ...എന്നോ മറ്റോ വളരെ അവശനായി പറയുകയും നിറുത്താതെ ചുമച്ചു മരണ വെപ്രാളം കാണിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ പിടഞ്ഞെഴുന്നേറ്റ് "എന്റച്ചാച്ചന് വയ്യായേ...." എന്ന് ഉറക്കെകരഞ്ഞു കൊണ്ട് സ്റ്റേജിലേയ്ക്ക് കയറാനിട്ടിരുന്ന ബഞ്ചിലേയ്ക്ക് ചാടിക്കയറുവാൻ ശ്രമിച്ചതും, അവിടെ നിന്നിരുന്ന, കാര്യം മനസ്സിലായ, ഗംഗാധരൻ മാമൻ എന്നേ കോരിയെടുത്തു അൽപ്പം അകലേയ്ക്ക് കൊണ്ടുപോയിട്ട് ഒരുവിധം സമാധാനിപ്പിച്ചിട്ട് പറഞ്ഞു : "അച്ഛൻ ആ സ്ത്രീയെ ഒന്നു പേടിപ്പിക്കാനായിട്ട് അങ്ങിനെ പറഞ്ഞതാണ്. അച്ഛന് ഒരസുഖവുമില്ല" എന്നും മറ്റും. ഞാൻ കരച്ചിൽ നിറുത്തുവാൻ ഭാവമില്ലെന്നു കണ്ടപ്പോൾ ആ രംഗം അവസാനിച്ചയുടനെ എന്നേ ഒരു വശത്തുകൂടി കൊണ്ടുപോയി നേരിട്ട് അച്ഛനെ കാണിച്ചതിനു ശേഷമാണ് എനിക്ക് അമളി പറ്റിയതാണെന്ന് മനസ്സിലായത്. എന്നാലും, ഇന്ന് ആ കാര്യമോർത്തപ്പോൾ അകന്ന ബന്ധുവായ ഗംഗാധരൻ മാമനോട് എനിക്ക് അങ്ങേയറ്റത്തെ ദേഷ്യം തോന്നുകയാണ്. എന്നേ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ എനിക്കവിടെ ഒന്നാംതരം ഒരു നാട്യപ്രകടനം നടത്തുവാൻ കഴിയുമായിരുന്നു;നല്ല ഒരു ബാലനടൻ എന്ന ഖ്യാദിയും, വേണ്ടി വന്നാൽ 'Best Child Artist" പട്ടവും കിട്ടുമായിരുന്നു. കാരണം കാഴ്ചക്കാരെല്ലാം ആദ്യമായി നാടകം കാണുന്ന ശുദ്ധർ. എന്റെ role നാടകത്തിന്റ ഭാഗമായിട്ടേ അവർ കരുതുമായിരുന്നുള്ളെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ