1971. ഞാൻ കാൽക്കട്ടയിൽ പ്ലാനിങ് കമ്മീഷന്റ റീജിയണൽ ഓഫീസിൽ ജോലി ചെയ്യുന്ന സമയം. ഞാനും അനുജൻ ഭദ്രനും പിന്നെ നേരത്തേ എന്നോടൊപ്പം ഒറീസ്സയിലെ ദണ്ഡകാരണ്യ പ്രോജെക്ടിൽ എന്റെ seniors ആയി ഉണ്ടായിരുന്ന ഏബ്രഹാം സാറും ചെറിയാച്ചനും ഒരുമിച്ചാണ് താമസം. കൽക്കട്ടയിലെ CPWD യിൽ ജോലി ചെയ്യുന്ന ഏബ്രാഹാം സാറും Income Tax ൽ ജോലി ചെയ്യുന്ന ചെറിയാച്ചനും വിവാഹിതരാണെങ്കിലും അവരുടെ കുടുംബങ്ങൾ നാട്ടിലാണ്. ശരിക്കും പറഞ്ഞാൽ Forced bachelors. അവർ രണ്ടുപേരും വൈകിട്ട് അടുക്കളയിൽ കയറി പാചകക്കാരാകും. ഞാനും അനുജനും അവിവാഹിതരും, ജോലിയുണ്ടെങ്കിലും, രാത്രി കോളേജിലെ വിദ്യാർത്ഥികളും രാവിലത്തെ പാചകക്കാരുമാണ് . ചെറിയാച്ചൻ ഒരു ഒന്നാം തരം മീൻകറി വിദഗ്ധൻ കൂടിയാണ്. മീൻകറി ഉണ്ടാക്കാനായി അദ്ദേഹം ആറു കിലോമീറ്റർ അകലെയുള്ള ഒരു ചന്തയിൽ പോയി ലക്ഷണമൊത്ത ഒരു നല്ല മൺചട്ടി വാങ്ങിക്കൊണ്ടു വന്ന് വെളിച്ചെണ്ണയോ മറ്റോ പുരട്ടി മയപ്പെടുത്തി മീൻകറി വച്ചാൽ രുചിയേറും വിധം മാറ്റം വരുത്തിയെടുത്തിട്ടുമുണ്ട്.
ശനിയാഴ്ച്ചകളിലെ പതിവനുസരിച്ച് ആ ശനിയാഴ്ചയും ഓഫിസിൽ നിന്നും മടങ്ങിവരുമ്പോൾ ചെറിയാച്ചൻ ഇടയ്ക്കുള്ള കിഡ്ഡർപൂർ ചന്തയിൽ നിന്നും വിലകൂടിയ ഒന്നാം തരം Hilsa മീൻ വാങ്ങിക്കൊണ്ടു വന്ന് വെട്ടിക്കഴുകി കുറച്ചെടുത്ത് അന്നത്തെ അത്താഴത്തിനായി പൊരിച്ചെടുത്തിട്ട് കൂടുതലും കറിവയ്ക്കുവാനായി ഉപ്പും മീൻപുളിയും മറ്റു കൂട്ടുകളും ചേർത്ത് അടച്ചു വച്ചു. അതിനി, പതിവ് പോലെ, ആഹാരമൊക്കെയുണ്ടാക്കി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചതിനു ശേഷമേ അടുപ്പിൽ കയറ്റൂ. ഞാനും അനുജനും കോളേജിൽ നിന്നും ഒൻപതരയോടെ എത്തുകയും എല്ലാവരും കൂടി ആഹാരം കഴിച്ചതിനു ശേഷം ചെറിയാച്ചൻ മീൻകറി അടുപ്പത്താക്കിയിട്ട് ഹാളിൽ വന്ന് ഞങ്ങളോടൊപ്പം റമ്മി കളിയിലേർപ്പെട്ടു. അത് ശനിയാഴ്ചകളിലെ പതിവ് പരിപാടിയാണ്. കളിയിൽ ഹരം കേറിക്കഴിഞ്ഞാൽ രാത്രി രണ്ടു മണി വരെയൊക്കെ ഇരുന്നു കളിച്ചു കളയും. ഓരോ ബ്രേക്കിലും ചെറിയാച്ചൻ ഓടിപ്പോയി ലോബിയ്ക്കും അപ്പുറം വീടിന്റെ അറ്റത്തുള്ള അടുക്കളയിൽ പോയി മീൻകറിയുടെ പാകം നോക്കിയിട്ട് വരും. അടുക്കളയുടെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ളതും രണ്ടു വശവും തുറസ്സായ സ്ഥലവുമാണ്. തീ വളരെക്കുറച്ചിട്ടിരിക്കും. എങ്കിലേ മീനിൽ എരിവും പുളിയും ശരിക്ക് പിടിച്ചിട്ട് മീൻകറിയുടെ അസ്സൽ ടേസ്റ്റ് കിട്ടുകയുള്ളെന്നാണ് ചെറിയാച്ചന്റെ വിദഗ്ധാഭിപ്രായം! അന്ന് നിർഭാഗ്യവശാൽ, ചെറിയാച്ചൻ ഒരു പ്രാവശ്യം പോയി നോക്കി പകുതി പാകമേ ആയിട്ടുള്ളെന്ന് ഉറപ്പുവരുത്തിയിട്ടു വന്നതിനു ശേഷം കളിയിൽ ഹരമേറി എല്ലാവരും മീൻകറിയുടെ കാര്യമേ മറന്നുപോയി. രാത്രി ഒരുമണിയായിക്കാണും. അടുത്തടുത്തുള്ള കുറേയധികം വീടുകളിൽ നിന്നും, ഞങ്ങളുടെ മുകൾ നിലയിലുള്ള വീട്ടുടമസ്ഥന്റെ മുറികളിൽ നിന്നും ഒന്നിന് പിറകേ ഒന്നായി ചുമയുടെ ശബ്ദം കേൾക്കായി. അതിന്റെ ആക്കവും കൂടുതൽ ആളുകളുടെ ചുമകളും കൂടിയായിട്ടും കാര്യമെന്തെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല. ഞാൻ ഇടയ്ക്ക് മുൻവശത്തെ വരാന്തയിലിറങ്ങി നോക്കി. റോഡിനപ്പുറത്തെ വീടുകളിലെ മുകളിലത്തെ നിലയിലുള്ള ആളുകൾ അവരുടെ വരാന്തയിലിറങ്ങി നിന്നും ചുമയോടു ചുമ. എന്തൊക്കെയോ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചുമ കാരണം വ്യക്തമായി സംസാരിക്കാനാകുന്നുമില്ല അൽപ്പം ഉയരത്തിൽ മാത്രം ഒരു പുകമയം കാണുന്നുമുണ്ട്. എന്തോ അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ടെന്നു വ്യക്തം. സിറ്റി ആയതിനാൽ ചേർന്നുചെർന്നുള്ള മൂന്നും നാലും നിലകളുള്ള വീടുകളാണ്. താഴത്തെ നിലകളിൽ പ്രശ്നമൊട്ടില്ല താനും. ഞാൻ അകത്തു ചെന്ന് വിവരം എല്ലാവരോടും പറഞ്ഞെങ്കിലും ആരുമതത്ര കാര്യമാക്കിയില്ല. ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ലല്ലോ!ഞങ്ങൾ വീണ്ടും കളിയിൽ മുഴുകി. പത്തു മിനിട്ട് കഴിഞ്ഞപ്പോൾ കയ്യിലിരുന്ന ചീട്ടുകൾ മേശപ്പുറത്തേയ്‌ക്ക് ആഞ്ഞെറിഞ്ഞുകൊണ്ട് ചെറിയാച്ചൻ പിടഞ്ഞെഴുന്നേറ്റ് മുറിയ്ക്കു വെളിയിലേക്ക് ഒറ്റ ഓട്ടം! ആദ്യം കാര്യമെന്തെന്ന് ഞങ്ങൾക്കു മനസ്സിലായില്ല. ഞങ്ങൾ പിറകെയെത്തുമ്പോൾ, അടുക്കളയുടെ ചാരിയിരുന്നു കതക് തുറക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ചുണ്ടത്ത് ചൂണ്ടുവിരൽ വച്ച് ഞങ്ങളോട് ശബ്ദമുണ്ടാക്കരുതെന്നും പിറകേ ആ കൈകൊണ്ടു തന്നെ അകത്തേയ്ക്ക് തിരികെ പോകുവാനും ആംഗ്യം കാണിച്ചു. തിരികെ പോകുവാനായി തിരിയവേ വെളിയിലെ ലൈറ്റിന്റ പ്രകാശത്തിൽ ഞാൻ ആ കാഴ്ച കണ്ടു. അടുക്കളയുടെ വശത്തെയും പിറകിലത്തെയും ജനലിൽ കൂടി കുമുകുമാന്ന് കട്ടപ്പുക ഉയർന്നുയർന്നു പോകുന്നു. എനിക്കും കാര്യം മനസ്സിലായി. മീൻകറിയിലെ വെള്ളമെല്ലാം വറ്റി മീൻ മാംസവും മുളകും മല്ലിയും മഞ്ഞളും ഉലുവയും കലർന്ന മസാലയും കറിവേപ്പിലയും മീൻചട്ടിയോടൊപ്പം കരിഞ്ഞു കരിക്കട്ടയായായിട്ട് കുമിഞ്ഞു പൊങ്ങിയ വിഷപ്പുക തലമണ്ടയിൽ കയറിയതിന്റെ പ്രത്യാഘാതമായിരുന്നു ശ്വാസം മുട്ടി വെപ്രാളപ്പെട്ട് അയൽവാസികളെല്ലാം മൽസരിച്ച് ചുമച്ചു വശാകുന്നത്. ഞങ്ങൾ മുറിയിലെത്തിയ പിറകേതന്നെ ചെറിയാച്ചനും ചുമച്ചും ചുമയാടാക്കാനായി വെപ്രാളപ്പെട്ടു കൊണ്ടും എത്തിയിട്ട് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു: "മീൻകറി നോക്കാൻ
മറന്നുപോയി. ചട്ടിയോടെ കരിഞ്ഞു പുക അടുക്കളയിൽ നിറഞ്ഞിട്ട് പുറത്തു പോയി അടുത്തുള്ള വീടുകളിലും കയറി. അതാ എല്ലാവരും ചൊമയ്ക്കുന്നെ. ഞാൻ ഒരുവിധം സ്റ്റോവ് അണച്ചു. ഇനി പുക കുറേശ്ശയായി നിന്നോളും. ലൈറ്റ് അണച്ചിട്ട് എല്ലാവരും കിടന്നോ. ഇവിടുന്നാണെന്ന് ആരും അറിയണ്ടാ."
ചെറിയാച്ചന്റെ മീൻകറിയ്ക്ക് ഇത്രയും വീര്യമോ! പിറ്റേന്നത്തെ അവധി ദിവസം ഉച്ചയ്ക്ക് ഫസ്റ്റ് ക്ലാസ് hilsa മീൻകറിയും കൂട്ടി കുശാലായി ശാപ്പാടടിയ്ക്കുവാൻ കാത്തിരുന്ന ഞങ്ങൾ നിരാശയോടെയും, സ്വപ്നങ്ങളൊന്നും കാണാതെയും അന്നുറങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ