സാഹസികത
ജോലിക്കായി നാട്ടിൽ നിന്നും അന്നത്തെ മദ്ധ്യപ്രദേശിലെ ബസ്തർ ഡിസ്ട്രിക്ടിന്റെ തലസ്ഥാനമായ ജഗദൽപ്പൂരിൽ എത്തി അവിടുത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞ് ജോലിയും പ്രതീക്ഷിച്ചുനിൽക്കാൻ തുടങ്ങിയിട്ട് ഒരുമാസത്തോളമായ സമയം. താമസം അളിയന്റെ പരിചയക്കാരൻ മാധവൻ നായരുടെ തയ്യൽക്കടയിൽ. അവിടുത്തെ മലയാളി തയ്യൽ ജോലിക്കാരൻ ശശിയും ഞാനും മാത്രം അവിടെ രാത്രി നിവാസികൾ. കുളിയും രണ്ടിനുപോക്കും ഒരു കിലോമീറ്റർ അകലെയുള്ള ഗാംഗാമുണ്ടയെന്ന അതിവിശാലമായ തടാകത്തിലും അതിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലും. ആദ്യമൊക്കെ ഞാനും ശശിയും അതിരാവിലെ ഒരുമിച്ചു പോകുമായിരുന്നെങ്കിലും, നല്ല തണുപ്പ് സമയമായിരുന്നതിനാലും തേരാപ്പാരാ നടപ്പ് തൊഴിലായിരുന്നതിനാലും കുളി ഞാൻ പത്തുമണി കഴിഞ്ഞാക്കി. ആയിരക്കണക്കിന് ഏക്കറിൽ കായൽ പോലെ പരന്നു കിടക്കുന്ന ആഴമേറിയ തടാകം. വലിയ തിരകൾ കരയ്ക്ക് എപ്പോഴും വന്നടിയ്ക്കുമെന്നറിയുമ്പോൾ അതിന്റെ വലിപ്പം എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാമല്ലോ. നാട്ടിൽ മഴക്കാലത്തു മാത്രം നെഞ്ചൊപ്പം വെള്ളം കാണുന്ന ചെറിയ തോട്ടിലെ പത്തടിയോളം നീളമുള്ള കുഴിയിൽ കുട്ടിക്കാലത്ത് നീന്തൽ പഠിച്ചു മദ്ധ്യവേനലവധിയ്ക്ക് രണ്ടുമാസങ്ങളോളം പത്തനംതിട്ടയിലെ കുടുംബവീട്ടിലെത്തുമ്പോൾ അവിടെയുള്ള നാല്പതടിയോളം നീളവും ഏഴടിയോളം ആഴവുമുള്ള കുളത്തിൽ നീന്തിത്തുടിച്ചു 'മേജർ' ആയ നീന്തൽ വിദഗ്ധനാണെന്ന് സ്വയം അഭിമാനിച്ചിരുന്ന ഞാൻ ഗംഗാമുണ്ട തടാകവും അതിലെ തിരകളും കണ്ട് ഒന്നു പകച്ചു പോയെങ്കിലും
ആദ്യമൊക്കെ അധികം ഉള്ളിലോട്ടു പോകാതെ തീരത്തോടടുത്തു മാത്രം നീന്തിയിരുന്നു. ചില ചെറുപ്പക്കാർ അക്കരെ വരെ നീന്തിപ്പോകുന്നത് കാണുമ്പോൾ അസൂയ തോന്നുമായിരുന്നു. അവരൊക്കെ പ്രൊഫഷണൽ നീന്തൽക്കാരാണെന്ന് അന്നെനിക്കറിയില്ലായിരുന്നു. അക്കരെ നിൽക്കുന്നവരെ വെള്ളനിറമുള്ള വസ്ത്രമാണെങ്കിൽ മാത്രം ഒരു ബിന്ദുവായിട്ടു കാണാൻ പറ്റും. ശരിക്കുള്ള ദൂരം എത്രയെന്നറിയാൻ പറ്റുകയില്ല. ക്രമേണ ഞാൻ ഉള്ളിലോട്ടുള്ള നീന്തൽ ദൂരം കൂട്ടിക്കൊണ്ടു വന്നു. മൂന്നാഴ്ചയോളം കഴിഞ്ഞപ്പോൾ എനിക്കൊരതിമോഹം വളർന്നുവളർന്നു വലുതായപ്പോൾ അക്കരെവരെ ഒന്നു നീന്തണമെന്നു തീരുമാനിച്ചുറപ്പിച്ചു. തിരികെ വേണമെങ്കിൽ തടാകം ചുറ്റി മൂന്നു നാലു കിലോമീറ്റർ നടന്നുവേണമെങ്കിലും വരാം. എന്നാലും വേണ്ടില്ല ആഗ്രഹം വന്നു പോയില്ലേ, അമർത്തിവയ്ക്കുന്നത് നിരാശയ്ക്കു കാരണമായെന്ന് വരും. പിന്നെ അധികം താമസിച്ചില്ല. ഒരുദിവസം, പലപ്പോഴും അക്കരെ വരെ നീന്തുന്ന ഒരു ചെറുപ്പക്കാരൻ നീന്തിത്തുടങ്ങിയപ്പോൾ, ഒരു സെക്യൂരിറ്റി ബോധത്തോടെ ഞാനും അയാളുടെ പിറകേ വച്ചുപിടിച്ചു. അയാൾ സാമാന്യം നല്ല വേഗത്തിലാണ് നീന്തുന്നത്. അഞ്ചു മിനിറ്റോളം നീന്തിക്കഴിഞ്ഞപ്പോഴേയ്ക്കും അയാൾ എനിക്ക് കാണാനാകാത്ത വിധം ബഹുദൂരം പോയിക്കഴിഞ്ഞു. അടുത്തെങ്ങും വേറെയാരുമില്ല. രാത്രിയിലത്തെ ആകാശനീലിമയിൽ തനിയേ എത്തിപ്പെട്ട പ്രതീതി.
വെള്ളത്തിനാണെങ്കിൽ ഘനം ഏറിയേറി വരുന്നു. ഓളങ്ങളുമില്ല. അത് ആഴക്കൂടുതലിന്റെയും ഗ്രാവിറ്റിയുടെയും ഒരുമിച്ചുള്ള ഒരവസ്ഥത്തയാണെന്ന് അന്നറിഞ്ഞിരുന്നില്ല. ഞാൻ തുഴയുന്നതിന്റെ ശബ്ദം മാത്രം.p
കാലുകൾക്കും കൈകൾക്കും വേഗത തീരെക്കുറഞ്ഞെന്ന തോന്നൽ.
ഒരു കുഴച്ചിലും. എന്നിട്ടും ഫ്രീസ്റ്റൈലിലും breast stroke ലും, കമിഴ്ന്നും, മലർന്നും ഒക്കെ നീന്തിക്കൊണ്ടേയിരുന്നു. പിന്മാറുന്നത് ധൈര്യമില്ലാഴികയല്ലേ! ഇടയ്ക്കൊക്കെ കാലിൽ തുഴഞ്ഞു 'നിലവെള്ളം ചവിട്ടി'ക്കൊണ്ട് പൊങ്ങി നോക്കും - ഇനി എത്ര ദൂരമുണ്ടെന്ന്. അപ്പോൾ തോന്നും തുടങ്ങിയപ്പോൾ കണ്ട ദൂരം തന്നെ ഇനിയുമുണ്ടെന്ന്. പിറകോട്ടു നോക്കുമ്പോൾ പത്തൻപതടിയേ പിന്നിട്ടിട്ടുള്ളെന്നു തോന്നും. ഏതാണ്ട് അര മണിക്കൂറിലധികം നീന്തിയെന്നു തോന്നിയ സമയം എനിക്കു മനസ്സിലായി അക്കരെയെത്തിപ്പെടുവാനായി ഞാൻ ബാക്കിയുണ്ടാവില്ലെന്ന്! ആ നിമിഷം, ഇനി തിരികെപ്പോകുന്നതാണ് നല്ലതെന്നുള്ള ബോധോദയമുണ്ടായി. തിരികെ അത്രയും ദൂരം ഇനിയും താണ്ടണമെന്നായപ്പോൾ ഒരു ഭയം ഉള്ളിലേയ്ക്ക് പതുക്കെപ്പതുക്കെ നീന്തിക്കയറി. ഇനി അതേ മാർഗ്ഗമുള്ളു താനും. മുന്നോട്ടു പോകാനാണെങ്കിൽ അതിന്റെ നാലിരട്ടിയിലധികം നീന്തേണ്ടി വരും. അതാലോചിക്കുകതന്നെ അപ്പോൾ അസാദ്ധ്യം. അൽപ്പനേരം മലർന്ന് ബാലൻസ് ചെയ്ത് കണ്ണുമടച്ചു കിടന്നു. ആ സമയമൊക്കെ ഞാൻ മനസ്സാ 'വേണ്ടാത്ത കാര്യങ്ങളൊന്നും' ആലോചിക്കേണ്ടെന്നൊരു തീരുമാനവുമെടുത്തു. ഉള്ളിന്റെയുള്ളിൽ അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് ആരോ ഒരു തോന്നലുണ്ടാക്കുന്നതു പോലെയുള്ള തോന്നലുമുണ്ടായി. പിന്നെ അതേ കിടപ്പിൽ സാവകാശം മലർന്ന് തിരികെ ഇഴയലായി. മലർന്നും കമിഴ്ന്നും പതുക്കെ പതുക്കെ നീന്തി അരമണിക്കൂർ കൊണ്ടു നീന്തിയ ദൂരം
ഏതാണ്ട് ഒന്നര മണിക്കൂറിലധികം എടുത്ത് കരയെത്തിയെന്ന് പറയട്ടെ. തിരികെയെത്തുമ്പോൾ ഉച്ചസമയമായതിനാൽ തീരം വിജനം. എന്റെ പരാക്രമവും പരാജയവും ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്ന ആശ്വാസം. എത്തിയതും, കണ്ണുമടച്ചു തീരത്തു തന്നെ വെയിലിൽ തലപോലും തുവാർത്താതെ കുറേ നേരം കിടന്നു. ഒന്നു മയങ്ങുകയും ചെയ്തു. വിശപ്പ് സഹിക്കാതെ വന്നപ്പോൾ എഴുന്നേറ്റ് ഡ്രെസ്സ് മാറി പതുക്കെ നടന്നു. അങ്ങനെ ഞാൻ എന്റെ നീന്തൽ വൈദഗ്ധ്യം ഗംഗാമുണ്ടയ്ക്ക് അടിയറവു വച്ചു.
എങ്കിലും കാര്യങ്ങൾ അവിടം കൊണ്ട് നിന്നില്ല.
ഇടയ്ക്ക് ഒരിക്കൽ ജോലിയില്ലാതെ നടന്നിരുന്ന കോട്ടയംകാരൻ ജോർജിനെ പരിചയപ്പെട്ടിരുന്നു. നാട്ടുകാരനൊപ്പം അധികം ആൾതാമസമില്ലാത്ത ഗംഗാമുണ്ടയ്ക്ക് കുറച്ചടുത്തായി താമസം. പിന്നീട് ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ അയാളുമൊത്തായിരുന്നു കറക്കം. ഗംഗാമുണ്ട പരാക്രമത്തിന് മൂന്നു ദിവസങ്ങൾക്കു മുൻപ് അയാളുടെ സഹമുറിയൻ നാട്ടിൽ പോയ സമയം തനിയേ രാത്രി കഴിക്കുവാൻ പേടിയായതിനാൽ കൂട്ടൂ കിടക്കുവാൻ ചെല്ലണമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. തുറസ്സായതും ഗംഗാമുണ്ടയിൽ നിന്നുള്ള തണുത്ത കാറ്റടിക്കുന്ന സ്ഥലത്ത് a നിലത്തു ചൗക്കാളവും ഒരു ഷീറ്റും മാത്രം വിരിച്ചുള്ള കിടപ്പുമായ കാരണത്താലും രാത്രിയിൽ അവിടെ തണുപ്പേറെയായിരുന്നു. നീന്തൽ പരാക്രമം കഴിഞ്ഞ രണ്ടാം ദിവസം രാത്രി എനിക്ക് ദേഹമാസകലം വേദനയും ജലദോഷവും പനിയും തുടങ്ങി. മാധവൻ നായർ വാങ്ങിത്തന്ന മരുന്നൊന്നും ഫലിക്കാതെ വന്നപ്പോൾ അയാൾ എന്നെ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലാക്കി. പരിശോധിച്ചിട്ട് ഡോക്ടർ പറഞ്ഞു: " ന്യൂമോണിയാ ആണ്, അഡ്‌മിറ്റാകൂ". 75 കിലോമീറ്റർ അകലെയുള്ള അളിയനെ വിവരമറിയിക്കേണ്ടെന്ന് ഞാൻ. നായരോട് പറഞ്ഞു. അഞ്ചു ദിവസം അവിടെ കിടന്നു. ശശി മൂന്നു നേരവും ഹോട്ടലിൽ നിന്ന് ആഹാരവുമായെത്തും. എന്നെ ശുശ്രൂഷിച്ചിരുന്ന, കണ്ണുകളിൽ കാരുണ്യം നിഴലിക്കുന്ന, ഡോക്ടർ ശ്രീവാസ്തവ എന്റെ രക്ഷകനായി വന്നു. എനിക്ക് വേണ്ടപ്പെട്ടവർ അവിടെയില്ലെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം എന്നെ പ്രത്യേകം ശ്രദ്ധിക്കുവാൻ തുടങ്ങി. അധികം തുറന്ന് സംസാരിക്കാത്ത എന്നോട് (ഇഗ്ളീഷിലും ഹിന്ദിയിലും പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ), "മിണ്ടാപ്പൂച്ചയ്ക്ക് ഇന്നെങ്ങനെയുണ്ട്" എന്നു ചോദിച്ചുകൊണ്ടായിരുന്നു ദിവസവും രാവിലെ അദ്ദേഹം എന്റെയടുത്തേക്ക് വന്നിരുന്നത്. ഒരു 'ആൺ മാലാഖ'യെ പോലെ, വെളുത്ത ഓവർകോട്ടും സ്റ്റെതസ്‌കോപ്പുമായി, ആത്മവിശ്വാസം നിറയ്ക്കുന്ന നിറപുഞ്ചിരിയോടെ നടന്നടുക്കുന്ന ആ രൂപം ഒരിക്കലും മാഞ്ഞു പോകാത്ത വിധം എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ