ഗംഗാമുണ്ടയിൽ നനഞ്ഞുപോയ സാഹസികത കഴിഞ്ഞ് ഒരു മാസമായപ്പോൾ (1963 മാർച്ച് 15) എനിക്ക് ദണ്ഡകാരണ്ണ്യ പ്രോജക്ടിന്റെ Financial Adviser & Chief Accounts Officer റുടെ (FA& CAO) ഓഫിസിൽ ജോലികിട്ടി. 'ഇടിച്ചു കേറി' ഇല്ലാത്ത വേക്കൻസിയിൽ കയറിപ്പറ്റിയെന്നതാണ് ശരി. പിന്നെ, മലയാളിയായ FA&CAO, V.K. സുബ്രമണ്യൻ IA&AS അൽപ്പം കരുണയും കാണിച്ചു. (ആ കഥ വിശദമായി ആത്മകഥയിൽ കുറിച്ചിട്ടുണ്ട്). സുബ്രഹ്മമണ്യൻ സാറുൾപ്പെടെ ഇരുപതോളം മലയാളികൾ ഉണ്ട്. പ്രോജക്ടിന്റെ മറ്റു പല ഓഫീസുകളും സ്റ്റാഫ് ക്വാർട്ടേഴ്സും അവിടെനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ധരംപുര എന്ന സ്ഥലത്താണ്. അവിടെയും ധാരാളം മലയാളികളുണ്ട്. ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഓഫിസിനോട് ചേർന്നുള്ള industries ഓഫീസിലെ ഗംഗാധരനും ഞാനും ചേർന്ന് city യിൽ തന്നെ ധരംപുരയ്ക്കു പോകുന്ന റോഡ്‌സൈഡിൽ ഒരുമുറിയും അടുക്കളയും വാടകയ്‌ക്കെടുത്ത്, ഹോട്ടൽ ഭക്ഷണത്തോട് goodby പറഞ്ഞിട്ട് ആഹാരം സ്വയം പാചകം ചെയ്യുവാൻ തുടങ്ങിയിട്ടേയുള്ളു. തൊട്ടടുത്ത മുറിയിൽ ചുനക്കരക്കാരായ മൂന്നു ബാച്‌ലേഴ്‌സ് താമസമുള്ളതിൽ പയ്യനായ 19 വയസ്സുകാരൻ രാമകൃഷ്ണൻ നാട്ടിൽ നിന്ന് എത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ജോലിയൊന്നുമായിട്ടില്ല. പ്രൊജക്റ്റിലുള്ള മലയാളികൾ ആ വർഷത്തെ ഓണപ്രോഗ്രാമിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ധരംപുരയിൽ ഓണാഘോഷക്കമ്മിറ്റി കൂടി ആലോചനയായി. പകലത്തെ പ്രോഗ്രാമിന് ശേഷം സന്ധ്യ കഴിഞ്ഞ് ഒരു നാടകം അവതരിപ്പിക്കണം. പല നാടകങ്ങൾ പരിഗണിച്ച ശേഷം അവർ തീരുമാനിച്ചു: "ഞാൻ ഒരധികപ്പറ്റ്" മതി. ഇനി അഭിനേതാക്കളെ തീരുമാനിക്കണം. പിറ്റേദിവസം ലഞ്ച് സമയത്ത് എന്റെ ഓഫിസിലെ seniors ആയ RK നായരും ഗോപാലകൃഷ്ണനും കൂടി എന്നെ സമീപിച്ചിട്ട് ഓണാഘോഷക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: "നാടകത്തിലെ സ്ത്രീ കഥാപാത്രമായ നായിക സേതുവിന്റെ റോളിന് ഞങ്ങൾ ഉപഗുപ്തനെയാണ് കണ്ടു വച്ചിരിക്കുന്നത്. അതിന് ഏറ്റവും യോജിച്ച ആൾ ഉപഗുപ്തൻ തന്നെയാണ്. പറ്റിയ വേറേ ആരും ഇവിടെ ഇല്ല." എനിക്ക് അത്ഭുതമായി. കഴിഞ്ഞ വർഷത്തെ ഓണത്തിന് നാട്ടിൽ വച്ച് ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചെന്ന് ഇവരെങ്ങിനെ അറിഞ്ഞു? പെട്ടെന്ന് "നീ കലക്കിയല്ലോടീ സേതൂ" എന്ന കളിക്കൂട്ടുകാരന്റെ പഞ്ചാര പറച്ചിലും പിറകേയുളള അവന്റെ 'കൈ' പ്രയോഗവും എന്റെ മനസ്സിലേയ്ക്കോടിവന്നു. അതോ സേതുവിന് എന്നോട് പ്രണയമായിട്ട് എന്റെ പിറകേ കൂടിയിരിക്കുകയാണോ?
ഇല്ല, ഒരിക്കൽ ഞാൻ ചൂടുവെള്ളത്തിൽ വീണതാണ്. ഇതു നനഞ്ഞ വെള്ളമായാൽ പോലും വീഴുവാൻ ഞാനില്ല. ഇവിടെ നാട്ടിലുണ്ടായ പോലെയുള്ള സംഭവമുണ്ടായെന്നുവരില്ല. എല്ലാവരും സംസ്‌കാരമുള്ള, വിവേകമുള്ള ഉദ്യോഗസ്ഥർ. എന്നാലും ഇനി പെൺവേഷം വേണ്ടാ. മനുഷ്യന്റെ കാര്യമല്ലേ. പറയാൻ പറ്റില്ല. പെട്ടെന്ന് ഞാൻ ഗോപാലകൃഷ്ണൻ സാറിനോട് പറഞ്ഞു. "സാറിന്റെ അനുജൻ ദിവാകരനുണ്ടല്ലോ? ആ റോളിന് എന്നെക്കാൾ പറ്റിയത് അയാളാകും". (ദിവാകരൻ ഞങ്ങളുടെ ഓഫീസിൽ ജോയിൻ ചെയ്തിട്ട് രണ്ടു മാസമാകുന്നതേയുള്ളു. വെളുത്ത് നല്ല ഉയരമുള്ള ഒരു ഇരുപതുകാരൻ). പെട്ടെന്ന് ഗോപാലകൃഷ്ണൻ സാറ് KT നായരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: "നായകൻ ബാലന്റെ റോളെടുക്കയന്നത് ഈ RK യാണ്. ദിവാകരനെയാണ് ഞങ്ങൾ ആദ്യം പരിഗണിച്ചത്. പക്ഷേ അവന് ഇയാളേക്കാൾ മൂന്നിഞ്ചേലും കൂടുതൽ ഉയരമുണ്ട്. അതു കൊണ്ട് അവൻ ശരിയാകില്ല. ഇനി ഉപഗുപ്തൻ ഒഴിവുകഴിവൊന്നും പറയണ്ടാ. നിങ്ങൾ രണ്ടുമാണ് നാടകത്തിലെ അതേ ജോഡി! ഞങ്ങളത് തീരുമാനിച്ചു കഴിഞ്ഞു." എന്നാൽ ഇതിനകം മനസ്സാ ഞാനും തീരുമാനിച്ചു കഴിഞ്ഞൂ, ഞാനീ റോളെടുക്കില്ലെന്ന്. "ഓണത്തിനെനിക്ക് ബോർഗാവിൽ അളിയന്റെയടുത്തു പോകണം. നാട്ടിൽ നിന്ന് വന്നിട്ട് ഇതുവരെ അളിയന്റെയടുത്തു പോകുവാൻ പറ്റിയിട്ടില്ല. ഓണത്തിന് തീർച്ചയായും ചെല്ലണമെന്ന് അളിയന്റെ കത്ത് വരികയും ചെല്ലാമെന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു കഴിഞ്ഞു. അതുകൊണ്ട് അന്ന് ഞാനിവിടെ കാണുകയില്ല." ഞാൻ ഒരു കള്ളം പറഞ്ഞു ഒഴിഞ്ഞു മാറി. എന്നാൽ ഉടൻ തന്നെ എനിക്ക് രാമകൃഷ്ണന്റെ ഓർമ്മ വന്നു. അവനേ ഒപ്പിച്ചെടുക്കാം. ഇരുനിറം. നായകനായ RK യേക്കാൾ നിറമുണ്ട്. വേഷമിട്ടാൽ കഥയിൽ പറയുന്നത്ര സൗന്ദര്യം കിട്ടണമെന്നുമില്ല.
ഇവർക്കാർക്കും അവനെപ്പറ്റി അറിയില്ലല്ലോ. "എനിക്കൊരു ദിവസത്തെ സമയം തരൂ. ഒത്താൽ നാളെ ഞാൻ പറ്റിയ ഒരാളിനെ പറഞ്ഞു തരാം" ഞാൻ അവർക്ക് ഒരു ആശ്വാസത്തിനുള്ള വക കൊടുത്തു.
അന്ന് വൈകിട്ട് ഞാൻ രാമകൃഷ്ണനുമായി, നാടകത്തെപ്പറ്റി ആദ്യം പറയാതെ തന്നെ, അവന്റെ സ്കൂളിലെ കാര്യങ്ങളൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ സ്കൂളിൽ വല്ല കലാപരിപാടികളിലും പങ്കെടുത്തിട്ടുണ്ടോ എന്ന് സാധാരണപോലെ ചോദിച്ചു. ഭാഗ്യം. അവൻ പറഞ്ഞു " ഞാൻ സ്‌കൂളിലെ annual day ക്കൊക്കെ നാടകത്തിൽ ആണിന്റെയും പെണ്ണിന്റെയും വേഷമിട്ടിട്ടുണ്ട്, പിന്നെ പ്രസംഗ മത്സരത്തിലും പദ്യപാരായണ
ത്തിനുമൊക്ക ചേർന്നിട്ടുമുണ്ട്" ഇനിയെന്ത് വേണം? "യൂറേക്കാ" എന്റെ മനസ്സ് പെട്ടെന്ന് പറഞ്ഞുപോയി. ഒരു ഭാവഭേദവുമില്ലാതെ ഞാൻ അവനോട് ഓണാഘോഷത്തെപ്പറ്റിയും നാടകത്തെപ്പറ്റിയും പറഞ്ഞിട്ട് ഒരു ചൂണ്ടകൂടി ഇട്ടുകൊടുത്തു. "കഥാനായികയുടെ റോൾ എടുക്കാനായി അവർ പറ്റിയ ആളിനെ അന്വേഷിക്കുകയാണെന്നറിഞ്ഞു. ഓണാഘോഷക്കമ്മിറ്റിക്കാരൊക്കെ അവരവരുടെ ഓഫീസിൽ നല്ല പിടിപാടുള്ളവരാണ്. ആ റോളെടുക്കുവാൻ രാമകൃഷ്ണൻ താൽപ്പര്യം കാണിച്ചാൽ അവരുടെ ഓഫിസിൽ വല്ല വേക്കൻസിയും ഉണ്ടായാൽ രാമകൃഷ്ണനെ ഒരു പക്ഷേ അവർക്ക് സഹായിക്കാൻ കഴിഞ്ഞെന്നു വരും." രാമകൃഷ്ണൻ എന്റെ ചൂണ്ടയിൽ അല്പം ആർത്തിയോടെ കൊത്തി. "അതിനെന്താ, ഞാൻ തയ്യാറാണ്. സ്കൂൾ കുട്ടികളുടെ കൂടെ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളു. എന്നാലും സാരമില്ല. ഞാൻ ശ്രമിച്ചു നോക്കാം" രാമകൃഷ്ണന്റെ വാക്കുകളിൽ അവന്റെ പ്രതീക്ഷ നിഴലിച്ചിരുന്നു. "അതു സാരമില്ല. ഒരിക്കലെങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിൽ അതും എക്സ്പീരിയൻസ് ആണല്ലോ? പിന്നെ, ആ റോൾ തനിക്ക് കിട്ടുകയാണെങ്കിൽ, നാടകത്തിലെ നായികയുടെ സംഭാഷണങ്ങൾ എഴുതിയ ഭാഗം കിട്ടുമ്പോൾ അത് എന്നെ കാണിച്ചാൽ ഞാൻ തനിക്ക് കുറച്ച് ടിപ്പുകളൊക്കെ തന്ന് സഹായിക്കാം, എന്താ? ഇനി പറയ്, ഞാൻ അവരോട് തന്റെ പേര് suggest ചെയ്യട്ടേ?" ഞാൻ അവസാനത്തെ ആണിയുമടിച്ചു. "സാറ് പറഞ്ഞോളൂ. ഞാൻ റെഡിയാണ്". അങ്ങിനെ എന്റെ "സേതു" വിന്റെ രണ്ടാമൂഴം വേഷം ഞാൻ രാമകൃഷ്ണന്റെ തലയിലോ ചുമലിലോ അല്ല, ദേഹത്തു തന്നെ ഭംഗിയായി അണിയിച്ചു കൊടുത്തു! അവനെവച്ച് നാടകം നടത്തുവാൻ തീരുമാനവുമായി.
റിഹേഴ്സൽ നടക്കുന്നതിനിടയിൽ ഞാനും വീട്ടിൽ വച്ച് രാമകൃഷ്ണന് വേണ്ട നിർദ്ദേശങ്ങളും തിരുത്തലുകളും കൊടുത്തു. നാടകദിവസമെത്തി. FA സുബ്രമണ്യൻ സാറാണ് Chief Guest. സ്ത്രീ വേഷമണിഞ്ഞെങ്കിലും എന്തുകൊണ്ടോ കഥാപാത്രത്തിന്റെ ആ വശ്യത രാമകൃഷ്ണനിൽ കണ്ടില്ല. അയാൾ സാമാന്യം നല്ല പ്രകടനം നടത്തിയെങ്കിലും അവസാനത്തെ വൈകാരിക രംഗം പാളിപ്പോയി. കരയേണ്ട സമയത്ത് ഗ്ലിസറിനോ ഉള്ളിയോ മറ്റോ കരുതിയിരുന്നെങ്കിലും അത് വേണ്ടവിധം പ്രയോഗിചില്ലെന്ന് തോന്നി. അതിന്റെ വൈക്ലബ്യം ആകാം മുഖത്ത് നിഴലിച്ചിരുന്നത്.
നാടകം കഴിഞ്ഞിട്ടും രാമകൃഷ്ണൻ വേഷം മാറി കൂടെ വരുവാൻ അല്പം സമയമെടുത്തു. ഞാനും ഗംഗാധരനും രാമകൃഷ്ണന്റെ സഹമുറിയന്മാരും അവനുവേണ്ടി wait ചെയ്യുമ്പോൾ ഗോപാലകൃഷ്ണൻ സാറും RK നായര് സാറും മറ്റു സംഘാടകരും അതുവഴി വന്നു. എന്നെക്കണ്ടപ്പോൾ ഗോപാലകൃഷ്ണൻ സാറ് ചോദിച്ചു : "താൻ ബോർഗാവിന് പോയില്ലേ?"
"അളിയന് പെട്ടെന്ന് നാട്ടിലേയ്ക്ക് കഴിഞ്ഞയാഴ്ച പോകേണ്ടി വന്നു. എനിക്കതുകൊണ്ട് പോകേണ്ടി വന്നില്ല".
"രാമകൃഷ്ണന് വേണ്ടത്ര ഷൈൻ ചെയ്യുവാൻ പറ്റിയില്ല. താനായിരുന്നെങ്കിൽ കലക്കിയേനെ"
ർക്ക് നായരുടെ വക. തന്റെ നായിക തന്നെ നിരാശപ്പെടുത്തിയത്തിന്റെ നിരാശ ആ വാക്കുകളിൽ ധ്വനിച്ചിരുന്നു. ആ വാക്ക് കേട്ടതും, എനിക്ക് എടുത്തടിച്ചു പ്രതികരിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.
"ഒരിക്കൽ ഞാൻ കലക്കിയതിന്റെ അനുഭവം കൊണ്ടുതന്നയാണ്, ഇന്ന് ഒന്നുകൂടി കലക്കണ്ടായെന്നു കരുതി അന്ന് നിങ്ങളെന്നെ സമീപിച്ചപ്പോൾ ഞാൻ പറ്റില്ലെന്ന് പറയാൻ കാരണം"
അവർക്ക് കാര്യം മനസ്സിലായില്ല. "താൻ കാര്യം തെളിച്ചു പറ"- ഗോപാലകൃഷ്ണൻ. ഞാൻ നാട്ടിലുണ്ടായ സംഭവം വിശദീകരിച്ചു. എല്ലാവരും കൂടി ആർത്തു ചിരിച്ചു. "എടോ, താൻ കലക്കുമെന്നറിയാവുന്നതു കൊണ്ടു തന്നെയാണ് ഞങ്ങൾ ആദ്യം തന്നെ നോട്ടമിട്ടത്. ഇതിപ്പം താൻ എല്ലാം നശിപ്പിച്ചല്ലോ. തനിക്ക് നമ്മുടെ ബോസ്സ് Chief Guest സുബ്രമണ്യൻ സാറിന്റെ മുന്നിൽ നല്ലപോലൊന്നു മിനുങ്ങുവാനുള്ള അവസരവും കളഞ്ഞു കുളിച്ചു, ഞങ്ങൾക്കും കുറച്ചു കൂടി ക്രെഡിറ്റ് കിട്ടിയേനെ. പിന്നെ ഇവിടെ കുറേ മൂത്ത ബാച്‌ലേഴ്‌സ് ഉണ്ട്. താൻ സ്ത്രീ വേഷമിട്ടു നല്ലപോലൊന്നു അഭിനയിക്കുക കൂടി ചെയ്തിരുന്നെങ്കിൽ, അന്നു സംഭവിച്ചതും പോരെങ്കിൽ, താനാരെന്നറിയാത്ത ബാച്ചലേഴ്‌സിൽ നിന്ന് ശരിക്ക് കല്യാണാലോചനയും വന്നേനെ!" വീണ്ടും കൂട്ടച്ചിരി.
അതു കേട്ടപ്പോൾ എന്റെ തീരുമാനം എത്ര നാന്നായെന്ന ആശ്വാസമാണ് എനിക്കുണ്ടായത്.! 'സേതു'വിന്റെ ഓരോ കളികളേ !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ