45. വീണ്ടും ഒരു പക്ഷി - വൃക്ഷ സംവാദം.
മരമൊന്നുലഞ്ഞൊരു വിറയലോടുലഞ്ഞു
മനമൊന്നുലഞ്ഞിട്ടു കിളി ചോദിച്ചുറക്കെ
"എന്താണിതു സോദരീ പേടിപ്പിക്കുവതെന്നെ?
എന്താണിതിങ്ങനെ? കാറ്റില്ലാതുലയുവത്?"
ഒരു വൻ വിറയലാൽ വീണ്ടുമുലഞ്ഞൂ മരം
തുരുതുരെ ഉലയവേ കിളിയോടു ചൊല്ലി
"താഴെയെൻ ശിഖരത്തിൽ നീയൊന്നു നോക്കീടുക
"താഴെയെൻ ശിഖരത്തിൽ നീയൊന്നു നോക്കീടുക
വീഴുന്നതു നീ കണ്ടോ മഴുവിനാൽ വെട്ടുകൾ
"ഇനിയോരോ ശിഖരവും വെട്ടേറ്റു വീണീടും
പിന്നെയെൻ തായ്ത്തടിയും കടയോടെ വീഴ്ത്തിടും!
"മരണം ഉറപ്പായെനിക്കില്ലിനി ജീവിതം
ഒരു സമാധാനമുണ്ടെൻ വംശ വർധനവു
"നീ വിത്തുകൾ എന്റേതു അങ്ങകലെ എത്തിച്ചു
അവ മുളച്ചിട്ടേറെ വളർന്നെന്നുറപ്പാക്കി
"സോദരീ അകലെപ്പോയ് അവയിൽ ചേക്കേറുക
സുഖമായി വാണീടുക, കൂടവയിൽ കൂട്ടീട്ട്
"നമ്മൾ തൻ കഥകൾ നീ അവരോടു ചൊല്ലുക
നാമെത്ര കഥകളോ അന്യോന്യം ചൊല്ലിയവ
"വിലപിച്ചിടട്ടെ ഞാൻ എന്നിട്ടു പ്രകൃതിയിൽ
വിലയിച്ചീടട്ടെ ഞാൻ സമയമായ് വിടചൊല്ലാൻ"
വൃക്ഷത്തിൻ ഖേദമതു തന്റേതായ് കരുതീടും
പക്ഷിയ്ക്കു തൻ തോഴിയെ ആവില്ല കൈവിടുവാൻ!
ആപത്തിൽ അകപ്പെട്ടൊരു തോഴിയെ രക്ഷിക്കാൻ
ഉപകാരി ആവേണം, കിളി ചൊല്ലിയുടനെ
"തളരാതെ സോദരീ ഞാനെന്നുടെ കൂട്ടരേ
തഞ്ചത്തിൽ കൂട്ടീട്ട് തടയുമീ വഞ്ചകരെ
"ഫലമെത്ര നീയേകീ തണലെത്ര നീയേകീ
ഫലമെന്തീ മനുഷ്യന്നു നന്ദിയില്ലാതെ പോയ്
"പൊരിയുന്ന വെയിലത്ത് ചൂടേറ്റു വലയുമ്പോൾ
പെരിയ ദാഹത്താലേ നാവു വരണ്ടീടുമ്പോൾ
"ഓർക്കുമവർ നിൻ തണലും പഴമാങ്ങാ സ്വാദും
പേർത്തും പശ്ചാത്താപം നിശ്ചയ, മവരെ ചൂഴും!"
കിളി പറന്നകലേയ്ക്ക്, തിരിച്ചെത്തീ കൂട്ടരുമായ്
കൂട്ടമായ് പറന്നിട്ട് ഉറക്കെ പ്രതിഷേധിച്ചു
താഴേയ്ക്കും മേലേയ്ക്കും പറന്നൂളിയുമിട്ടവർ
മഴുവേന്തിയ കൈകളെ ആക്രമിച്ചൊന്നായി
ഫലമെന്ത് മലയോടെലി പൊരുതും പോലല്ലേ
വിലപിക്ക മാത്രമേ തരുവിന്നു കഴിയൂ
മുറിവിലെ കറയാലവളൊഴുക്കീ കണ്ണീർ
പറയാതെ പലതും പറഞ്ഞവൾ കണ്ണാലെ
ശിഖരങ്ങളൊന്നൊന്നായ് നിലത്തേയ്ക്കു വീഴവേ
ദുഖത്തിലാണ്ടവൾ കിളിയോടു വിടചൊല്ലി
പക്ഷിക്കു സങ്കടമേറീട്ടവൾ സഹിയാതെ
വൃക്ഷത്തിൻ പക്ഷങ്ങൾ വേർപെട്ടു കിടന്നവയിൽ
ഓരോന്നിലുമായ് മാറി മാറിച്ചാടിക്കൊണ്ടവൾ
ഓതുകയായ് തന്നുടെ ഉറച്ചോരു നിശ്ചയം
"പോകില്ല സോദരീ ഇവിടം വിട്ടിനിയെങ്ങും
പോകുവാനാവില്ലെനിക്കെന്നതറിയില്ലേ
"അടുത്തുള്ളൊരാ കല്പ വൃക്ഷത്തിലിനി മേലിൽ
കൂടുകൂട്ടീടും ഞാൻ കഴിയും നിന്നോർമ്മയുമായ്
"കദനമെന്റേതെന്നു തീരുമെന്നറിയില്ല
വേദനയോ,ടെങ്കിലും ഞാനും വിടചൊല്ലുന്നു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ