ഗഗന പുരാണം
ശൂന്യതയാമെനി'ക്കാകാശ'മെന്ന പേർ
മാനവനേകീ, അതിന്നർത്ഥമെന്താണോ!
രൂപമില്ലാത്തോരെനിക്കെന്തിനാണുപേർ?
ആപേരു സ്വീകരിക്കുന്നു ഞാ,നെങ്കിലും!
ഇല്ലാത്തതൊന്നിവിടുണ്ടെന്നതവനെ
വല്ലാതെ തെറ്റിദ്ധരിപ്പിച്ചതെൻ ജയം
അതിനാലല്ലേ പഞ്ചഭൂതത്തിലൊന്നായ്
അംഗീകരിപ്പതവനെന്നെയും കൂടി?
ആകാശമില്ലെന്നു ഞാനുരച്ചീടിലും
ആരുമത് വിശ്വസിക്കില്ലെന്നതറിയാം
ആഴത്തിലായോരാ വിശ്വാസം മാറ്റിടാൻ
ആവില്ലവന്നു, മറിച്ചു ചിന്തിക്കാനും!
ആരുമെന്നേ നേരിൽ കണ്ടിട്ടുമില്ലല്ലോ?
ആരുമെന്നേ തൊട്ടറിഞ്ഞിട്ടുമില്ലല്ലോ?
ആകാരവും നിറവുമില്ലാതെ "നീല
ആകാശ'മെന്നെന്തേ വിളിക്കുന്നതെന്നേ?
വേറേയുമെത്രയോ പേരിട്ടെനിക്കവൻ ?
വ്യോമം,അംബരം, നഭസ്സും വിഹായസ്സും
പോരെങ്കി,ലഭ്രം ഗഗനമെന്നും മറ്റും;
'പേരിലൊരർത്ഥവുമില്ലെ'ന്നിരിക്കിലും
എങ്കിലും ഞാനൊരു സത്യമുരച്ചീടാം
എന്റെ നേർക്കെത്രയോ റോക്കറ്റയച്ചാലും
എത്ര കാതം നിങ്ങൾ താണ്ടിക്കടന്നാലും
എന്നിലേയ്ക്കെത്തുവാനാകില്ല മനുജാ!
മുകളിലേയ്ക്കും നോക്കി നിങ്ങൾ ധ്യാനിക്കേ
മനസ്സിലെനിക്കു തോന്നുന്നതെന്തെന്നോ?
നിങ്ങൾതൻ ദൈവങ്ങളെന്റടുത്താണെന്നും
നിങ്ങൾ തൊഴുന്നതെന്നെക്കൂടിയാണെന്നും!!!
ഞാനാകുമാകാശമെത്ര ചേതോഹരം!
ഞാൻ കാത്തിടുന്നൊരാ സൂര്യചന്ദ്രന്മാരും
മിന്നിത്തിളങ്ങുന്ന താരാഗണങ്ങളും
മിഴിവേറും മാരിവില്ലും വെണ്മേഘവും
ഒത്തുചേർന്നീടുന്നതാണെൻ തിരുമുറ്റം
എത്രയോ ചന്തം തികഞ്ഞോരു ചത്വരം!
മനുഷ്യനെന്നാലത് മനസ്സിലാക്കാതെ
മലീമസമാക്കീടുന്നെന്നുടെയങ്കണം!
കാതടച്ചീടുന്ന ശബ്ദവുമായിട്ടു
കാച്ചിവിടുന്നേറെ റോക്കറ്റും റോബോട്ടും
സ്പുട്നിക്കും സോയുസ്സും, ചന്ദ്രയാൻ, പയനീർ,
സർവേയർ, ലൂണാ,പോലെത്രയോ 'പേടകം'?!
അവ വമിച്ചീടും പുകയാണപാരം
അവസാനമവയാകെ പൊട്ടിപ്പൊളിഞ്ഞ്
കുറുമ്പുകാട്ടും കുട്ടി ദൂരേക്കെറിയും
കളിപ്പാട്ടങ്ങൾ പോൽ ചിതറിക്കിടക്കും
എന്റെ മുറ്റത്തു മാലിന്യക്കൂമ്പാരമായ് !
എന്റെ മനമതു കാൺകെ വിങ്ങീടുന്നു
എങ്ങനെ,വിടേയ്ക്കവയെ ഞാൻ മാറ്റിടും?
നിങ്ങൾക്കവയെ തിരികെയെടുത്തൂടേ?
ശുദ്ധമായ് സൂക്ഷിക്കീ ആകാശ വീഥികൾ
ശൂന്യമായ് മാറീടുമല്ലേലൊരിക്കലത്,
പുകമറയ്ക്കുള്ളിൽ മറയും ഞാനുമെൻ
പരിവാരങ്ങളുമെന്നെന്നത്തേയ്ക്കുമേ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ