2020 ജനുവരി 15, ബുധനാഴ്‌ച

കൈപ്പിൻ്റെ മധുരം

             മധുരിക്കും കയ്പ്പ്

       ഉപഗുപ്തൻ കെ. അയിലറ

കയ് പ്പൊരു  രസമാണാരസമൊരു രുചിയാണ്
കയ് പ്പെന്നു കേട്ടാലോ  രസമില്ല,  രുചിയില്ല
കയ്പ്പിൻ്റെ ഗുണങ്ങളെന്തെന്നറിയണമെങ്കിൽ
കൈവിരലാലെണ്ണാമവ നന്നായിക്കേട്ടോളൂ   

നെല്ലിക്കാതാൻ  ഗുണമറിയാത്തവരില്ലല്ലോ
വല്ലാതതു കൈച്ചീടും ചവയ്ക്കുമ്പോഴാദ്യമായ്
പിറകേയറിഞ്ഞീടും പുളിയും മധുരവും
പറയേണ്ടതില്ലല്ലോ മധുരത്തിനു കൈപ്പുണ്ട്

കൈപ്പയ്ക്കാ തന്നുടെയും രുചി കൈപ്പു തന്നല്ലോ
കൈപ്പെന്ന് കരുതിയത് കഴിക്കാത്തവർ വിരളം
കൈപ്പു രസമില്ലാത്ത കഷായങ്ങളില്ലല്ലോ!
കുടിക്കാതെയിരുന്നാലോ മാറില്ലല്ലോ ദീനം!

വേപ്പിൻ്റെയിലയ് ക്കെന്തു കൈപ്പിൻ രസമാണെന്നോ
കൈപ്പിൻരസമാണേലും മരുന്നിൻ്റെ ഗുണമാണ്
കൈക്കുന്നൊരു വേപ്പെണ്ണയും നല്ലോരു മരുന്നാണ്
വേപ്പിൻതളിർ സ്വാദുള്ളൊരു തോരനായ് വച്ചീടാം

കൈപ്പാണു കഷായത്തിനെന്നറിയാത്തോരില്ല
കൈപ്പെന്നു പറഞ്ഞിട്ടതു കുടിച്ചില്ലെന്നാകിൽ
മാറില്ലസുഖമെന്നറിയാത്തവരുമില്ല
മൂക്കു പൊത്തീട്ടാണേലും കുടിക്കും കഷായങ്ങൾ

കൈപ്പൊരു രസമാണത് രുചിയുമാണെങ്കിലും
കൈപ്പൊരു വികാരവുമനുഭവവുമാകാം
ജീവിതാനുഭവം  നിരാശാ നിർഭരമെങ്കിൽ
ജീവിതം മനുജന്നു കൈപ്പുള്ളോരനുഭവം

പ്രേമനൈരാശ്യത്തിലുഴറുന്ന കമിതാവിന്
പ്രേമമൊരു കയ്ക്കുന്ന  വികാരമായ് മാറിടാം
കൈപ്പിനെച്ചൊല്ലിയിനി വിലപിക്കൊല്ലാ മനം
കൈപ്പുണ്ട് ഉപ്പിനുമെന്നോർക്കുകിലോ ശുഭമെല്ലാം

ഉപ്പൊഴിവാക്കീടുവാനാകില്ലെന്നറിയുക
ഉപ്പും കൈപ്പുമൊരുപോലാസ്വദിക്കേണ്ടുന്നവ
ചേരുംപടി മധുരവും കയ്പ്പും പുളീമുപ്പും
ചേർന്നാൽ  ജീവിതമൊരു വൻവിജയമായിടാം!

   ( Copy Right  :  Upagupthan K. Ayilara )

 




   



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ