2020 ജനുവരി 2, വ്യാഴാഴ്‌ച

4. അഗ്നി ഭൂതം.

                4. അഗ്നി ഭൂതം   

              അഗ്നി പുരാണം 

പഞ്ചഭൂതങ്ങളിൽ ഒരു 'ഭൂത'മഗ്നി  ഞാൻ 
അഞ്ചാതെ നിങ്ങളതു സമ്മതിച്ചീടുകിൽ
ചൊല്ലിടൂ മനുജാ നീയെന്നെ ഭയക്കുന്നോ?
ഇല്ലെങ്കിലെന്നെയൊന്നെടുത്തിടൂ  കയ്യിലായ്  

അറിയാമെന്നേ നിങ്ങൾ  എടുക്കുകില്ലെന്നും
അറിവോടെ നിങ്ങളതു ചെയ്യുകില്ലെന്നും 
അറിയാമെന്നാലൊരു സത്യം നിങ്ങൾക്കെന്നെ 
അധികമായ് ഇഷ്ടവും ഭയവുമാണെന്നത്  

എന്നേ നിങ്ങളൊരു ദൈവമായ്    കരുതുന്നു  
എന്നിലൂടറിയുന്നു  മറ്റു ദൈവങ്ങളേം
എന്നേ ദീപം തെളിച്ചാദ്യം തൊഴുമെല്ലാരും
എന്നിട്ടേ തൊഴുതീടൂ മറ്റു ദൈവങ്ങളെ
                   
പഞ്ചഭൂതങ്ങളിൽ എനിക്കുള്ളയത്രയും  
പരിശുദ്ധി മാറ്റാർക്കുമില്ലെന്നറിയുക 
കളങ്കമുള്ളോരല്ലേ മറ്റുള്ള നാലുപേർ? 
കളങ്കപ്പെടുത്തുന്നു നിങ്ങൾ തന്നവരെ! 
                     
ശുദ്ധനാമെന്നെ കരുവാക്കിടും നിങ്ങൾ   
ശുദ്ധിക്കുമതുപോൽ നശീകരണത്തിനും!
ആത്മഹത്യയ്ക്കായും,  മനുജനെത്തന്നെയും
ആഹുതി ചെയ്യാനുമെന്നെ  കരുവാക്കുന്നു! 
                         
അജയ്യനല്ലാ ഞാനെന്നറിയുന്നെന്തെന്നാൽ
അണച്ചിടും ജലമെന്നെ  ഞാനൊന്നെരിഞ്ഞാൽ                 
അജയ്യനാണെന്ന്‌ ഞാൻ കരുതി  മുന്നേറുമ്പോൾ 
അഹങ്കാരമെന്റേതൊടുക്കിടുന്നു ജലം!

ഞാനെന്നാലും തോറ്റു പിന്മാറുകയില്ലല്ലോ 
ഞാനഭ്രപാളികളിലൊളിച്ചിരുന്നിട്ടു  
കൊള്ളിമീൻ രൂപത്തിൽ   പുനർജനിച്ചീടുന്നത് 
വെള്ളത്തിൽ നിന്നാണെന്നറിയേണമെല്ലാരും 
                     
വേണ്ടപ്പോളെരിക്കാനായ്
തീപ്പെട്ടിക്കോലിലും
വൈദ്യുതിക്കമ്പിയിലും ഗ്യാസിൻ  ലയ്റ്ററിലും
പിന്നെ നിങ്ങൾക്കിഷ്ടമാകും വിധമൊക്കെയും 
എന്നേയെന്നും തടവിലാക്കി വയ്ക്കും  നിങ്ങൾ          
                      
ആഹാരം പാചകം ചെയ്യുവാൻ മനുജനു 
'അവ'നുണ്ട്  ഇൻഡക്ഷൻ  കുക്കറുമുണ്ടെന്നാലോ
അറിയാതെ പോകുന്നവൻ       അവയ്ക്കുള്ളിലായ് 
അർബുദമെന്നുള്ളോരു ഭീകരനുണ്ടെന്നത് 
                            
എന്നേയില്ലാതിന്നു ജീവിക്കുക സാധ്യമോ? 
മന്നവാ ചൊല്ലീടൂ ആത്മാർത്ഥതയോടെ നീ
പറ്റുകില്ലെന്നാണു നിന്നുത്തരമെങ്കിലാ
പോയ്‌മുഖം മാറ്റിയിട്ടെന്നെ വാഴ്ത്തിപ്പാടൂ

  
                   
  
                  





   
    




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ