2020 ജനുവരി 2, വ്യാഴാഴ്‌ച

2. ജല ഭൂതം

               2.  ജല ഭൂതം 

               വാരി പുരാണം 

ഭൂമി രൂപമെടുത്തിടേ ജലമായി ഞാനും
ഭൂതലേവന്നെത്തി വാസം സാഗരത്തിലാക്കി 
ജീവജാലങ്ങൾക്കു ജന്മമേകുവാനുമൊപ്പം
ജീവൻ നിലനിർത്തുവാനുമെന്നുമെന്നെ  വേണം

വാരിബിന്ദുക്കൾ ഞങ്ങൾ വെള്ളമെന്ന  നാമത്തിൽ  
പാരാവാരം നിറഞ്ഞിട്ട് വരുണദേവൻ  തന്റെ
കാരുണ്യത്തിൽ ഓളമായി,  തിരമാലകളായ്
തീരമാം കാമുകനെ നിരന്തരം ചുംബിക്കേ
    
അരുണനസൂയമൂലം നീരാവിയാക്കിയിട്ട്
കരുണയില്ലാതെ ഞങ്ങളെ  ഉയർത്തിവിട്ടു   
ഭാരമൊട്ടുമില്ലാതെ രൂപമൊന്നുമില്ലാതെ
ആരുമൊന്നുമറിയാതെ പറന്നുപൊങ്ങി  ഞങ്ങൾ 

ആകാശവീഥികളിൽ ലക്ഷ്യമേതുമില്ലാതെ
ആശയറ്റു മനസ്സുനൊന്തിട്ടലഞ്ഞു  ഞങ്ങൾ
ആകാരം നെടുവാനായ്  വെൺമേഘപ്പാളികൾതൻ  
ആവലികൾക്കുള്ളിൽക്കയറി ഒളിച്ചു  ഞങ്ങൾ

അരുണനരിശത്താൽ കരിമേഘമാം പയോ- 
ധരമായിമാറ്റി ഞങ്ങളെ ശിക്ഷിക്കയായി 
കരൾനൊന്തു കദനമേറിക്കരഞ്ഞു ഞങ്ങൾ
പെരുമഴയായ്പെയ്തിറങ്ങി പൃഥിവിയിലേക്ക്  
  
ദാഹജലത്തിനായി കാത്തിരുന്ന മാനവർ  
മോഹമോടെ തളച്ചിട്ടൂ ഞങ്ങളേയെല്ലാം!
അണക്കെട്ടിൽ, തടയണയിൽ,  കുളങ്ങളിലും
കിണറ്റിലുമൊക്കെ ഞങ്ങളെ തടഞ്ഞു  നിർത്തി  

അണക്കെട്ടിൽ നിറുത്തീട്ട്, ഊർജമൂറ്റിയെടുത്തിട്ട്
പിണമാക്കി മാറ്റിയിട്ടവർ ഒഴുക്കിവിട്ടു
വഴക്കിട്ടു പോരെങ്കിൽ ഞങ്ങൾക്കായി  മാനവർ
വാദപ്രതിവാദവുമായ് കോടതീം കയറി   

സഹികെട്ട ഞങ്ങളുടെ സഹജരതു കണ്ട് 
സഹനമോടെ ഭൂമിയിലേയ്ക്കെടുത്തു  ചാടി! 
ശക്തിയും വാശിയുമൊരുമിച്ചു  കൂടിയപ്പോൾ  
മത്തുകേറിയാർത്തലറിക്കുതിച്ചു  ഞങ്ങൾ 
   
വഴിയിൽക്കണ്ട തടസ്സമാകെ തട്ടിമാറ്റീട്ട് 
പുഴതാണ്ടീട്ടലയാഴിയിൽ ലയിക്കാനായി  
വരുണഭഗവാന്റെ സാമിപ്യമണയുവാൻ
വെറിപൂണ്ട് ഞങ്ങളൊന്നായ്  പ്രളയമായൊഴുകി 
   
നഷ്ടങ്ങൾ കണ്ടിട്ടേറെ വിലപിപ്പൂ മാനവർ
കഷ്ടമായിപ്പോയതെന്നു ഞങ്ങൾക്കും തോന്നി
ഇഷ്ടമോടെയല്ലവ ചെയ്തുപോയതെന്നിന്നു
സ്പഷ്ടമായിപ്പറയുവാൻ മടിയില്ലൊട്ടും!

ഞങ്ങളേ പഴിച്ചിട്ടു കാര്യമില്ല കാരണം
ഞങ്ങളായി ചെയ്തുവച്ചൊരു വിനയല്ലിത് 
മാനവാ നിങ്ങളല്ലേ ഞങ്ങളെത്തടയേണ്ട
മാനം മുട്ടും വനങ്ങൾ വെട്ടി വെളുപ്പിച്ചതും?

പുഴയോരം കയ്യേറീം പുഴയുടെ ഗതിമാറ്റീം
വഴിയില്ലാതെ ഞങ്ങളെ പീഡിപ്പിച്ചതും?
ഖേദിച്ചിട്ടെന്തു നേട്ടം സ്വയമിനി തിരുത്തീടൂ
ഖേദിച്ചെന്നാൽ നഷ്ടമായത്  തിരികെക്കിട്ടുമോ  

അതുകൊണ്ട് മാനവാ ജലം മലിനമാക്കാതെ 
അത് ശുദ്ധമായ്‌ സൂക്ഷിക്കാൻ    വേണ്ടതൊക്കെ ചെയ്തിടൂ
മഴവെള്ളമെത്രയും ഭൂമിയിലേക്കിറക്കീട്ട് 
പാഴാക്കാതെ ഉള്ള വെള്ളം  പുനഃസംസ്‌ക്കരിക്കൂ

   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ