14. പൂമ്പാറ്റയുടെ മനോഗതം.
ഒരുകൊച്ചു മുത്തുപോൽ തളിരിലക്കീഴിലായ്
ഒരുദിവസമെന്നമ്മയെന്നെ നിക്ഷേപിച്ചു
എന്നെപ്പോലുള്ളകുറേ ചെറിയ ബിന്ദുക്കളേം
ഒന്നൊന്നായിട്ടിട്ടു പോയിമറഞ്ഞെവിടേയ്‌ക്കോ
ദിവസങ്ങളധികം കഴിയും മുൻപേ ഞങ്ങൾ
ജീവിതപ്പാതയിലെ രണ്ടാം ദശയും പൂകി
ഇഴയുന്ന പുഴുവായി മാറിയിട്ടു തളി-
രിലകളൊക്കെ തിന്നു തടിച്ചു കൊഴുത്തേറെ
അധികനാളങ്ങിനെ കഴിഞ്ഞില്ലൊരു പക്ഷേ
വിധിയുടെ കളിയാകാം മുജ്ജന്മ പാപമാം
കൂടപ്പിറപ്പുകളിലധികം പേരുമെന്റെ
കണ്മുൻപിൽ വച്ചുതന്നെ പക്ഷികൾക്കിരയായി
മുജ്ജന്മ സുകൃതമാം ദൈവഹിതമായിടാ-
മീയവനീലെനിക്കൊരു ജീവിതമുണ്ടായി
മൂന്നാം ദശ പൂകിയിട്ടു പൂപ്പതൻ വേഷത്തിൽ
മൗനിയായുറങ്ങി ഞാൻ കുംഭകർണനെപ്പോലെ
ഉണരവേ കണ്ടെതെൻ സുന്ദര കളേബരം!
ഉന്മാദവിവശയായ് മാറി ഞാനുടൻ തന്നെ.
എത്രയോ നിറമെനി,ക്കെന്തു ഭംഗിയാണെന്നോ
എനിക്കെന്റെ നാലാം ദശ സൗകുമാര്യസാന്ദ്രമോ?
ഉല്ലാസവതിയായി പറന്നുഞാനുയരേ
വല്ലാത്തൊരാഹ്ലാദത്തിരതല്ലിലമർന്നുപോയ്
ഉന്മാദമടങ്ങിടേ, വിശപ്പിൻ വിളിയെന്റെ
ഉള്ളിൽനിന്നുയരവേ, തിരികെപ്പറന്നു ഞാൻ
പറന്നുവന്നിരുന്നതോ വർണപ്പകിട്ടുള്ള
നറുതേൻ നിറഞ്ഞോരു കുസുമത്തിൻ ദളത്തിൽ!
"ആവോളം മധുവുണ്ണൂ മടികൂടാതൊട്ടുമേ"
ആതിഥ്യ മര്യാദ കാട്ടിയാ കുസുമമുടൻ!
"പകരമെൻ പൂമ്പൊടി മറുപൂക്കളിലെത്തിച്ച്
പരാഗണം നടക്കാൻ സഹായിക്കണമെന്നെ"
അതിഥി സൽക്കാരം ഞാൻ സ്വീകരിച്ചെന്ന വിധം
അതിമോദമോടെയാ മധുവുണ്ടു നിറയെ
കുസുമത്തിന്നാവശ്യം ഞാനറിയാതെയെന്റെ
കുറുകിയ പാദവുമറിയാതെ വഹിക്കും
തേനൂറുവാനായി മറുപൂക്കളിലെത്തവേ
തനിയെയാ പൂമ്പൊടി അവയിൽ നിക്ഷേപിക്കും!
ചേതമേതുമില്ലാത്തൊരന്യോന്യ സഹായമാം
അതുതന്നെയാണല്ലോ പ്രകൃതീ നിയമവും!
പ്രകൃതിയിലെ ജന്തുക്കളെല്ലാർക്കുമതുപോൽ
പക്വതയുണ്ടാവുമോ? അറിയില്ലെനിക്കത് !
സന്തോഷത്തിൻ ദിനങ്ങൾ വന്നൂ താമസിയാതെ
സന്തോഷമൊടെയതാ കുഞ്ഞുങ്ങളെൻ പിറകേ!
എന്നെക്കാൺകേയവർ തുള്ളിച്ചാടീടുവതും
എന്നെപ്പിടിക്കുവാനായ് കുതൂഹലമൊടവർ
ഓടിനടക്കുവതും ഞാനവരെ നന്നായി
ഓടിച്ചിട്ടു പറന്നകലെ മറയുന്നതും
ഒളിച്ചുകളിപോലെത്ര രസമുള്ളതെന്നോ
ഒരുപാടതോർത്തിട്ടാനന്ദിക്കാൻ വകയായി
ഇനിയെത്ര ദിവസം ഈനല്ല നാളുകളെ
അനുഭവിച്ചീടുവാനുമാനന്ദം കൊള്ളാനും
സമയമുണ്ടാകുമോ? ജീവിതം നൈമിഷികം!
സമയമായാലിനി പോകാതെ തരമുണ്ടോ !!!
തരമില്ലെന്നറിയാ,മതുകൊണ്ടു തന്നിനി
ഒരുനല്ലയിണയെയും കണ്ടുപിടിക്കണം
തലമുറയെന്റേതു നിലനിൽക്കവേണമ-
തിനായിട്ടെനിക്കെടുക്കേണം തയ്യാറുകൾ!