2019 ഡിസംബർ 25, ബുധനാഴ്‌ച

38.. ഉത്തരം പറയാമോ?


.        38.  ഉത്തരം പറയാമോ?
      (സ്കൂൾ കുട്ടികൾക്കായി).

മഹിയിലെ ജീവജാലങ്ങൾക്കശേഷം 
മനമറിഞ്ഞാരെ  തുടിപ്പു നൽകിയത് ?
മനുഷ്യനെ സൃഷ്ടിച്ച ഈശ്വരാനാണോ
മനുജൻ്റെ 'തത്വം' 'പരിണാമമാണോ ?   

മാരിവില്ലിന്നേഴു നിറമാരു നല്കീ?
മാരിക്കാറോ സൂര്യരശ്മിയോ, രണ്ടുമോ?
മാമലയ്ക്ക് മഞ്ഞിൻപുടവയാരേ നല്കീ?
മാലാഖമാരാണോ, നീരാവിയാകുമോ?

മിന്നാമിനുങ്ങിന്നു   വെട്ടം പകർന്നതു 
മിന്നുന്ന താരകളാണോ? ചൊല്ലീടുക  
മിന്നിത്തിളങ്ങുന്ന പൂന്തിങ്കളാകുമോ?
മിന്നുന്ന കൊള്ളിമീനാണോ? പറയുവിൻ
.
മീനിൻ്റെയാകൃതിക്കണ്ണുള്ള പെണ്ണിന്ന്
'മീനാക്ഷി'യെന്നുള്ളൊരു പേരാരു നല്കീ?
മീനാക്ഷി തന്നുടെയമ്മയോ താതനോ?
മീമാംസകന്മാരോ കവിശ്രേഷ്ഠരാണോ?

മുകിലിന്ന് തൂവെള്ള നിറമേകിയതാര്?
മുകളിലെ വാനമോ സൂര്യരശ്മിയോ? 
മുകിലിന്നു ശ്യാമ നിറമാരു നല്കീ?
മുകളിലെ ഭൗമമോ നീരാവിയോ ചൊൽ

മൂളുന്ന വണ്ടിന്നു സ്വരമേകിയതാര്?
മൂങ്ങയ്ക്കു മൂളുവാൻ ലയമേകിയതാര്?
മൂവന്തി നേരത്തീയാകാശ വീഥിയിൽ
മൂശേന്ന് തീക്കനലുകളാരേ വിതറി?

മൃത്യുവിൻ രൂപത്തിലെത്തുന്ന കാലനു   
മൃഗമാമൊരു വാഹനം നൽകിയതാര്?
മൃതനാം രാമസഹജനെ രക്ഷിക്കാൻ 
മൃതസഞ്ജീവനീമലയാരെത്തിച്ചു?

മ്ലാവിൻ്റെ രൂപത്തിലെത്തി ശ്രീരാമനെ
മ്ലാനതയിലാഴ്ത്തിയോരസുരനാരാണ്? 
മ്ലാനാംഗി മന്ദിരേ ധ്യാനിക്കാൻ  പോയാലത്
മ്ലേച്ഛമായ് കരുതുന്ന മാമലയേതാണ് ? 

മെത്തേക്കിടത്തിയാൽ  താഴേയ്ക്കിഴയുന്ന
മെരുകാത്തൊരുജന്തുവിൻപേരെന്താണ്?
മെലിഞാലെരുത്തിലിൽ കേട്ടാനാകാത്ത 
മെയ്യൊതുങ്ങീടാത്തൊരുജന്തുവേതാകും?

മേചകപ്പീലിക്കിരീടം ധരിക്കുന്ന
മേനി കറുത്തയൊരു യാദവനാരാണ് 
മേനകപുത്രിയെ പ്രണയിച്ച രാജന്ന് 
മേൽക്കുമേൽമറവികൊടുത്തതെന്താകാം?

മൈഥിലൻ സ്ഥാപിച്ചൊരു വൻ വില്ലൊടിച്ചിട്ട് 
മൈഥിലിയെ വേട്ടൊരു കുമാരനാരാണ്?
മൈത്രൻ സുമദാവിൻ കാല് കഴുകിയിട്ട് 
മൈത്രി പുതുക്കിയ സഹപാഠിയാരാണ്?

മൊട്ടാകുമാമ്പലിനെ തൊട്ടുണർത്തുന്ന
മൊഞ്ചുള്ളൊരു താരകരാജാവാരാകും?
മൊഞ്ചുള്ള താജ്മഹൽ  പണികഴിപ്പിച്ച
മൊഗൾവംശ രാജാധിരാജനാരാകും ?
 
മോരിൻ്റെ പുളി പോയാൽ ചാകേണ്ടതാരാണ്?  
മോഹിപ്പിച്ചീടും മരീചികയെവിടെ?
മോഹിപ്പിക്കാനായിട്ടാടിത്തകർക്കുവാൻ
മോഹിനിയുടെ വേഷം ധരിച്ചതാരാണ്?

മൗനവ്രതം പൂണ്ട വിശ്വാമിത്രന്നുടെ
മൗനം ഭേദിക്കുവാൻ നടനമാരാടി?
മൗക്തികം തന്നുടെ ഉള്ളിലൊളിപ്പിച്ചു
മൗനിയായ് കഴിയുന്നൊരു ജീവിയേതാണ്?

മംഗല്യസൂത്രമില്ലാതെ നടക്കുന്ന
മംഗല്യത്തിന്റെ പേരെന്തെന്നു ചൊല്ലാമോ?
മംഗള കർമ്മം നടക്കുന്ന വേളയിൽ 
മംഗളശബ്ദം മുഴക്കുവതെന്താകാം ? 

'മകാര'ത്തിലുള്ളയീ ചോദ്യങ്ങൾക്കാകെ
മറുപടി തെറ്റാതെ നൽകും ബാലകർ
മടയരാവില്ല, മടിയരാവില്ല, 
മനീഷികളാകുമെന്നെന്മനം ചൊല്ലൂ!


   
 
  
 

7. ചൊല്ലുമോ തിങ്കളേ?

            7.   ചൊല്ലുമോ തിങ്കളേ
                          
തിരുവോണരാവിലീയംബര മുറ്റത്ത് 
തിരക്കേതുമില്ലാതലയും പനിമതീ 
തരുവാനാകുമോയെന്റെ ചോദ്യങ്ങൾക്ക് 
ശരിയാമുത്തരം പൊളിചൊല്ലിടാതെ?   

മാനത്തെ വെൺമേഘത്തോപ്പിലൂടെ മെല്ലെ
താനേ നടന്നൊരു ചൂട്ടും തെളിച്ചുകൊ- 
ണ്ടമ്പിളിയമ്മാവാ എന്തേ തിരയുന്ന-
താമ്പൽ  വിരിഞ്ഞോന്നു  നോക്കിയതാണോ നീ?

നേരം വെളുക്കുമ്പോൾ ഓടിയൊളിക്കുവാൻ 
കാരണമെന്തെന്നു ചൊല്ലുമോ തിങ്കളേ?
സൂര്യതാപത്തെ ഭയന്നോ നിൻ ചൂട്ടൊളി  
സൂര്യപ്രശോഭയിൽ മങ്ങും ഭത്താലോ?

ഓരോ ദിവസവുമെന്നിട്ടും നിൻശോഭ  
കാരണമില്ലാതെ മങ്ങുമോ? ചൊല്ലു നീ  
സൂര്യപ്രഭയുടെ മൂർച്ചയിൽ തേഞ്ഞുവോ?
താരകൾ നിൻപ്രഭ മോഷ്ടിച്ചെടുത്തുവോ?

രാത്രിജം കൺചിമ്മി നിന്നെ ക്ഷണിച്ചീടും 
പൂത്താലി നിൻമുൻപിൽ തരളിതയായീടും   
ഉഡുരാജാ നിൻ പ്രേമമാരോട് കൂടുതൽ?
ഉഡുവിനോടാണോ  നെയ്താമ്പലിനോടോ?

വെമ്പൽകൊൾവൂ നിന്റെ    കിരണസ്പർശത്തിനായ്   
ആമ്പൽമുകുളങ്ങൾ, കനിയൂ നിശാകരാ 
കുവലയപ്രണയത്തെ കാണാതിരിക്കുവാൻ 
ആവില്ല തന്നെ നിനക്കു കലാധരാ.

ഹിമകരാ നീയെന്തേയർക്കനെ ധ്യാനിക്കേ
ഭൂമുഖമാകെയിരുട്ടിലാഴ്ത്തീടുന്നൂ?  
ധ്യാനിക്കും നിൻമുഖഭാവങ്ങളെന്തെന്നീ
ധരണിയിലാരുമേ കാണാതിരിക്കാനോ?

എവിടുന്ന് കിട്ടിയീ മുയലിന്റെ കുഞ്ഞിനെ?
എന്തിനാണെപ്പോഴും കൂടെക്കൂട്ടീടുന്നെ?
മേഞ്ഞുനടക്കാനനുവദിച്ചീടുകിൽ
മേഘങ്ങൾക്കുള്ളിലൊളിച്ചീടുമോ അവൻ?

തമോസുദാ നിൻറെയീ സുന്ദരയാനനം 
തമസ്സിൻ നിഴലാലേ മങ്ങിയതെങ്ങിനെ? 
അർക്കനെ ധ്യാനിക്കേ ചൂടേറ്റു വാടിയോ? 
അരുമമുയലിന്റെ നിഴൽ വീണ് മൂടിയോ?

എത്രമേൽ നിന്മുഖം വാടിയാലും വിധൂ 
എത്രമേൽ നിന്നൊളി മങ്ങിയാലും ശശീ, 
ധാത്രീനിവാസിക്കു നീ പ്രിയ 'ചന്തിരൻ'
അത്രയ്ക്കവർ നിന്നെപ്പാടിപ്പുകഴ്ത്തീടും 
                

     

2019 ഡിസംബർ 20, വെള്ളിയാഴ്‌ച

30 പ്രണയ പുഷ്പങ്ങൾ

  
      30.  പ്രണയ പുഷ്പങ്ങൾ

നളിനം പുലർകാലേ  കാത്തിരിക്കുവതെന്നും
കുളിരകറ്റുമൂഷ്‌മള ഭാസ്കര രശ്മിതൻ
മൃദുലതലോടലാൽ പുളകിതയായിട്ടു 
മെല്ലവേപേലവ ദളങ്ങൾവിടർത്തീടുവാൻ

പ്രണയസാഫല്യത്തിൻ നിർവൃതിയാൽ  വദനം
പ്രകാശപൂരിതമായ് മിന്നീടും പകലെല്ലാം 
പകൽ പോലിഞ്ഞീടവേ മൃദുല  ദലങ്ങളാൽ
പകലോനെ തൊഴുതിട്ട് പയസ്സിലായ്  താണിടും

അധികമായിട്ടൂർജ്ജം സ്വരുക്കൂട്ടിയിട്ടു തൻ 
അനുകനെ തന്നുടെ വിടരും  സ്മിതത്താലേ
വരവേറ്റവൻ രശ്മി  സ്പർശന സുഖം  നേടി
പരമമാം പ്രണയസായൂജ്യമണയുവാൻ

ചെളിയിൽ മുളച്ചിട്ടു  പ്രകാശവുമൂർജവും
ചിരിക്കും വദനത്താൽ  പ്രകൃതിയ്ക്ക്  നൽകീട്ടു
ത്രിദിനത്തിൻ ജീവിതം  മതിയാക്കിയംബുജം
ഉദകത്തിലേയ്ക്കു മടങ്ങും  കൃതാർത്ഥയായ്.
                    
സൂര്യകാന്തിയാണെങ്കിൽ ഉൽഫുല്ലമാകുവതും  
സൂര്യകിരണങ്ങൾതൻ മൃദുസ്പർശനമേറ്റിട്ട്
അവളുടെയനുസ്യൂത സൂര്യപ്രണയത്തിൻ
തീവ്രതയെത്രയെന്നറിയണമോ നിങ്ങൾക്ക്?

പകലന്തിയോളവും കണ്ണിമയനങ്ങാതെ
പകലോനെയുറ്റങ്ങു  നോക്കിനിന്നീടുമവൾ!
അരുണോദയം മുതൽ സൂര്യാസ്തമയം വരെ
ഉരുകുന്ന ചൂടിലായ് ചുടുകാറ്റു  കൊണ്ടാലും

തളരാതെ, ഒട്ടുമേ വാടാതവൾ നിന്നിടും
ഗളമെത്രതന്നെയോ  വളഞ്ഞുവെന്നാകിലും
വാശിയോടവൾ തന്റെ പ്രിയതമനെ നോക്കീടും!
വേറിട്ടൊന്നുമവളെ ബാധിക്കുകയില്ലെന്നേ!

ദിവസങ്ങളോളം തപസ്സവളുടേതൊരു 
ദിനചര്യയാകുവത് അതിശയമല്ലയോ!?
പ്രിയതമനെ ധ്യാനിച്ച് കോതിതീരവേയവൾ
സ്വയം തൻ്റെയിതളുകൾ കൊഴിയിച്ചു കളയും
                  
പത്തുമണി മൊട്ടുകൾ   ഉണരേണമെങ്കിലോ 
പത്തിനു സൂര്യന്റെ ചുടുചുംബനമേൽക്കണം
ചുംബനത്തിന്റെ നറു  നിർവൃതി നുണഞ്ഞിട്ടു  
അംബരം നോക്കിയവൾ നിന്നീടും സന്ധ്യവരെ!
                 
നാലുമണിച്ചെടിയുടെ മൊട്ടു വിടർന്നീടുവാൻ
നിത്യവുമേറ്റിടണം നാലുമണിക്കാദിത്യ-
ന്നതിനീല ലോഹിത രശ്മികൾതൻ ചുംബനം 
അതു കഴിഞ്ഞാൽ  സുഖനിദ്രയിലാകുമവൾ
            
ആമ്പൽമൊട്ടിൻ പ്രണയം  സാഫല്യമടയുവത്
അമ്പിളിതൻ ശീതള  കരസ്പർശമേറ്റെന്നാൽ
തണുപ്പിനെ സ്നേഹിക്കും ഹിമാംശുവുമാമ്പലും
അണയാത്ത പ്രണയ  പ്രതീകങ്ങളാണല്ലോ!  
                      
പ്രസൂന പ്രണയങ്ങൾ മനുജന്ന് മേൽക്കുമേൽ
പ്രകീർത്തിച്ചുപാടുവാൻ വിഷയമാണെന്നാലോ
ഭാനുവിനുമിന്ദുവിനും സൂനപ്രണയവും
മനുജന്റെ വാഴ്ത്തലും വിഷയമാകുന്നില്ല 

ഒരുപോലെ രണ്ടാൾക്കുമന്യമാണവയെന്നാൽ  
ഒരു ലക്ഷ്യമുണ്ടുദിച്ചുയർന്നസ്തമിക്കുക!
അറിയാമെന്നാലൊരു നിലനിൽപ്പീ ധരണിക്ക് 
അവരുടെയഭാവത്തിൽ ഉണ്ടാകുകയില്ലെന്ന് 
   
               
(അനുകൻ  =  കാമുകൻ)
(ഉദകം =  ജലം)
                                                                                    




  
  

21. മനസ്സൊരു പ്രഹേളിക.

      21.  മനസ്സൊരു പ്രഹേളിക.
 
നിറങ്ങൾ നൂറ്റിയൊന്നും    കൂട്ടിക്കലർത്തിയതിൽ
നവരസങ്ങൾതൻ കൂട്ടും ചാലിച്ചു ചേർത്തശേഷം 
തീവ്രവികാരങ്ങൾതൻ ഊടുംപാവും നിരത്തി
തീർത്തോരു ക്യാൻവാസ്സാണ് മനസ്സിൻ മായാപ്രതലം
                   
ഏവർക്കും സ്വയമതിൽ വരയ്ക്കാം ഇഷ്ട്ടപ്പെട്ട
ഭാവരൂപങ്ങളെന്നാൽ കരുതലുണ്ടാകേണം !
വലിപ്പച്ചെറുപ്പമൊന്നും കല്പിതമല്ലതിന്ന്
വരയ്ക്കും ചിത്രത്തിൻ്റെ വിഷയം പോലിരിക്കും

വിഷയമെന്തായാലും വ്യക്തിതൻ മനസ്സിൻ്റ
വലിപ്പം പോലിരിക്കും, നല്ലതാമല്ലാത്തതാം   
വരയ്ക്കും വിഷയവും തൂലികതൻ മൂർച്ചയും
വരയ്ക്കും വ്യക്തിതന്റെ മനോവിരുതും മുഖ്യം!  

സ്നേഹവും വിദ്വേഷവും. ദ്വേഷ്യവും വരച്ചീടാം
സ്വപ്നവും സായൂജ്യവും ആശയും നിരാശയും
കരുണയും കാലുഷ്യവും  എന്തുവേണമെങ്കിലും! 
വരയ്ക്കുന്നതെന്തെന്ന  സ്വബോധമുണ്ടാവണം
                      
വികാരത്തിൻ തലത്തിൽ  അറിയാതേയമർത്തി 
വരച്ചാലൊലിച്ചീടും  നിറമില്ലാക്കണ്ണീർച്ചായം
നർമഭാവം കലർത്തി വരച്ചാൽ തെളിഞ്ഞീടും
നറുപുഞ്ചരി, പിന്നെ പൊട്ടിച്ചിരിയും കേൾക്കാം

പ്രണയത്തിന്റേയിളം ചൂടുള്ള വികാരങ്ങൾ
പ്രകടിപ്പിച്ചീടുകിൽ മനസ്സിന്നുന്മേഷമാം
കരുണതന്നരുണാഭ ഭാവം നിറയുമ്പോൾ
കരുതൂ മനസ്സൊരു തുളുമ്പാ നിറകുംഭം !

അനുരാഗമായിടാം ഒഴിവാക്കിടൂ കാമം
മനപ്പായസം കുടി അഭിവാഞ്ചയായ് മാറാം
വെറുപ്പും വിദ്വേഷവും മനസ്സിൽ വരയ്ക്കുകിൽ 
കറുപ്പിൻ നിറമാർന്നു വിഷലിപ്തമായിടും

അരുതാത്ത ചിന്തകൾ മനസ്സിൽ വരച്ചെന്നാൽ
അകതാരൊരു വെറും  തരിശ്ശിന്നിടമാകാം 
ചിലന്തിവലകളാൽ വികലമാകാം, നൂലാ-  
മാലകളാലേ ചുറ്റി വീർപ്പുമുട്ടാലുഴറാം

സംശയ രോഗം വന്നാൽ മനസ്സിന്റെ താളവും  
സാരഭാവാദികളും കൈമോശം വന്നുപോകും!
മനസ്സിന്റെ പ്രതലത്തിൽ സ്നേഹോഷ്‌മളമാകും 
മാസ്മരിക ഭാവങ്ങൾ തെളിയിക്കേണമെന്നും 

നന്മതൻ നറുതേനിൽ ചിന്തകൾ വിളയിക്കൂ
സന്മനോഭാവങ്ങളാലുള്ളങ്ങൾ തിളങ്ങട്ടേ 
അറിയൂ മനസ്സിന്റെ കണ്ണാടിയാം വദനം
അറിയൂ മനസ്സൊരു വലിയ പ്രഹേളിക!!!



          
                      
     
  
         
                                 

.   
                    
"


           

                     
                     


   
                    
   

2019 ഡിസംബർ 16, തിങ്കളാഴ്‌ച

15. അരുണവർണങ്ങൾ.

       15.  അരുണ വർണ്ണങ്ങൾ.

ഉദയസമയമരുണനൊരു  സൗമ്യൻ  
വദനം തുടുത്തരുണവർണ്ണമായിടും
കുളിരിൻമഞ്ഞു വകഞ്ഞരുണരശ്മികൾ
ഒളിപരത്തിടുമീ പ്രഭാതവേളയിൽ

പുൽനാമ്പിലൂറിനിന്നിടുന്ന  നീർമുത്തുകൾ
പകലിൻ താരകങ്ങളായ് മാറിടുന്നുവോ  
അരുണകിരണസ്പർശമേറ്റിടുന്നൊരാ  
തരുവും തനുവുമൊരുപോലെ നേടിടും

പുതുതായൊരൂർജ്ജമതു നൽകിടുന്നതോ
പകലന്തിയോളമുണർവ്വിൻ്റെയൗഷധം
ദിനദൈർഘ്യമേറി വെയിലിൻ നിറമാർന്ന  
ദിനകരൻ്റെയൂർജ്ജവുമുച്ചകോടിയിൽ
  
തരുലതാദികളവരുടെ ഭോജനം 
അരുണകിരണയൂർജ്ജമുപയോഗിച്ചു
പരുവപ്പെടുത്തിയെടുക്കവേ മാനവൻ  
കരുതുന്നതൊരു വാണിജ്യ പദാർത്ഥമായ് 
      
കഠിനവെയിലിൻ നിറമാർന്ന ഭാസുരൻ
കരുണ ദ്യോതത്തിലൊളിപ്പിച്ചു മെല്ലവേ 
സായന്തനമാകവേയെത്തിയിടു'മൾട്രാ-
വയലറ്റു' നിറമാർന്ന രശ്മിയുമായിട്ട്,  

മനുജൻ്റെയസ്ഥിതൻ ശക്തി കൂട്ടീടുവാൻ 
ദിനപതിതൻ ദയ, എത്രയപാരമോ!
വർഷം ചൊരിയവേ സവിതാവു തന്നുടെ
വർണ്ണച്ചിമിഴിൽ നിന്നും ചായങ്ങളൊക്കെയും
  
ചേരുംപടി ചാലിച്ചു ചാരുതയാർന്നിടും 
മാരിവില്ലിൻ ചിത്രമേഴുനിറങ്ങളിലായ്
വരച്ചിട്ടു തൻ്റെ കിരണകരങ്ങൾ തൻ
വിരുതെത്രയേറെയെന്നറിയിപ്പൂ നമ്മേ

വൈകുന്നവേളയിൽ  പാശ്ചാത്യദിക്കിലൊരു
വൈവിധ്യ വർണ്ണത്തിൻ വിസ്മയം തീർത്തീട്ടു
കറുപ്പിൻ നിറത്തിൽ ലയിച്ചു ചേരുന്നോരു
കിരണവർണ്ണങ്ങളുടെ നാഥനാമർക്കൻ!! 
 


   

എന്റെ 'മറവി രോഗം'

എൻ്റെ  മറവി രോഗം - ഒരനുഗ്രഹം
.         
      (എൻ്റെ  ആത്മകഥയ്ക്കും 
കവിതാരചനയ്ക്കും ആധാരം!) 

   ഉപഗുപ്തൻ കെ.  അയിലറ

                     *******

സപ്തതിയായീടവേ 
              ചൊല്ലീ സഹധർമിണി
സഖീയേ,  നിങ്ങൾക്കുണ്ടു    
              മറവിയുടെ  രോഗം!

അറിയാതെ ഞാനൊന്നു
              ഞെട്ടിയെന്നതു  സത്യം
അറിയാഴികയല്ലത് 
              എന്നതുമൊരു സത്യം!    

"പീടികയിൽ പോയാലോ
              പകുതിയും വാങ്ങില്ല
പച്ചക്കറി മേടിച്ചാൽ 
              പറയാനുമില്ലൊട്ടും  

"പലപല കാര്യങ്ങൾ 
             പലവട്ടം ചൊല്ല്യാലും
പറയും 'മറന്നു പോയ്‌
              ഇനിയതു ചെയ്തീടാം'

എന്നാലോ ചെയ്യില്ലതു
              പിന്നെയും പറയാതെ!
എന്തായിത്, ഓഫീസ്സിലു 
               മിതുപോലെയോ നിങ്ങൾ ?"

എനിക്കെൻ്റെ  മൊഴിമുട്ടി, 
              ശരിയാണ്  ചൊല്ലിയത്
എന്നാലെന്നോഫീസ്സിൽ
               എനിക്കില്ലൊരു പ്രശ്നവും! 

മറവിയും കൊണ്ടു  ലോകാ-
               രോഗ്യ സംഘടനേൽ
മരുവിടാനാകുമോ
               അവിവേകമാവില്ലേ!

ഓഫീസ്സു ജോലികളിൽ 
               കൂടുതലായ് ചിന്തിച്ചാൽ
ഓർത്തെന്നുവരില്ലെന്നേ
               വീട്ടിലെക്കാര്യങ്ങൾ 
                
ചിന്തിച്ചൊട്ടേറെ ഞാ, 
              നെൻ തലപുകയും വിധം, 
എന്താണുണ്ടായതെ
              ന്നറിയേണമല്ലോ

അടുത്ത കാലത്തായി 
             ടിവിയിൽ കണ്ടവയും
അതുപോലെ കേട്ടതും 
             ഓർമ്മയിൽ പരതീട്ടും    
  
പകുതിയും കിട്ടീല്ല
             തലച്ചോറിൽ പതിഞ്ഞില്ലേ? 
പതിഞ്ഞിട്ടുറച്ചില്ലേ? 
             പതിയാനിടമില്ലേ?

അറിയുന്നു ഞാനിപ്പോൾ
              വയസ്സായ ബുദ്ധിയിൽ
അധികമൊന്നുമിനി
               പതിയുവാനില്ലിടം 

അധികം വയസ്സായാൽ
                സ്ഥിരമായ് പതിഞ്ഞതും
അറിയാതെ മാഞ്ഞുപോം
                അറിയുന്നൂ ഞാനതും!

 മറന്നുപോയോ ഞാനെൻ
               ബാല്യത്തിൻ കഥകളും!?
പിറകോട്ടു  പോയിട്ടെൻ 
              തലച്ചോർ ചികഞ്ഞു ഞാൻ 

പതിയെ, പതിയേ ഞാൻ
              പരതി നോക്കീയെൻ്റെ  
പത്തേഴു വയസ്സുള്ളൊരു
              പാവം തലച്ചോറിൽ

ഇല്ലില്ലാ, ചതിച്ചിട്ടി-
              ല്ലെന്നേ, യെൻ തലച്ചോറ്  
മെല്ലെ മെല്ലേയെല്ലാ 
               മിഴഞ്ഞിഴഞ്ഞു വന്നു!

എത്ര നിസ്സാരമായ് 
               അടുക്കോടും ചിട്ടയുമായ്!
എഴുപതു വർഷത്തെ
               അനുഭവപാഠങ്ങൾ!
എൻ ബുദ്ധിയൊരു നല്ല
                ഡയറിക്കുറിപ്പായി!
എനിക്കുതന്നെത്രയോ
                അത്ഭുതമുളവായി!
               
എഴുതിയെടുത്തവ, 
               എന്നാത്മ കഥയായി!
എന്നാലിനി ചിന്തയായ്
               അച്ചടിച്ചീടണമത് 

അറിയപ്പെടാത്തോരു
               ആളെന്ന നിലയിലെൻ
ആത്മകഥയെത്രപേർ
               വായിക്കും? സംശയമായ്

പുതുപുത്തൻ ശൈലിയിൽ
                അവതരിപ്പിച്ചെന്നാൽ
പലരും വായിച്ചീടാം, 
                ചിന്തിച്ചു ഞാനങ്ങിനെ

ആത്മകഥ പോയിട്ടു  
                നോവലിൽ, ചെറുകഥയിൽ 
ആരുമിതേവരെ
                കവിതയും ചേർത്തിട്ടൊരു

പുസ്തകമിറക്കിയി-
                ട്ടില്ലെന്ന കാര്യമുടൻ
പുതിയ ശൈലിക്കെനി-
                 ക്കാധാരമായ് മാറി!

താമസ്സിച്ചില്ലൊട്ടും
                 കവിതയിലും കൈവച്ചു
തോന്നിയെനിക്കത്ഭുതം
                 കവിതയും വഴങ്ങുന്നു!

എല്ലായദ്ധ്യായത്തിനു-
                 മന്ത്യമതിൻ സാരാംശം  
എഴുതിച്ചേർത്തൂ നല്ല
                 ശ്ലോകങ്ങൾ, മേമ്പൊടിയായ് 
"ദണ്ഡകാരണ്യം മുതൽ
              ഇന്ദ്രപ്രസ്ഥം വരെ"
എന്നാത്മകഥയുണ്ടായ്‌ , 
              'മറവിരോഗം' മൂലം!   

ബാല്യത്തിൻ കഥകളിൽ
              തുടങ്ങിവച്ചെങ്കിലും
വലിയ പ്രാധാന്യവും
              ഔദ്യോഗിക കാലത്തിന് 

അഴിമതിയ്‌ക്കെതിരേ,
              അനീതികൾക്കെതിരേ
അനുസ്യൂതമൊറ്റയാൾ
              പടപൊരുതി ജയിച്ചത്!                 
                   
ആത്മകഥ വായിച്ച-
                 വരെല്ലാരുമൊന്നുപോൽ
അനുമോദിച്ചൂ, ചിലർ 
                 ചൊല്ലീയിത് വെറുമൊരു

ആത്മകഥ മാത്രമ-
                 ല്ലുണ്ടിതിലൊരു നല്ല
ബാലസാഹിത്യവും
                ഡിക്ടറ്റീവ്  നോവലും

യാത്രാവിവരണോം  
                 കവിതസമാഹാരവും
സാധാരണ നോവലും
                 ഒഴുക്കുള്ള ശൈലിയും!

മുഖപുസ്തക താളിലെ 
                 നേരിൽക്കാണാത്തോരു 
സഖിയൊരു പടികട-
                   ന്നെഴുതീയാ പുസ്തകേ  
           
"അടൂരിൻ്റെ  നല്ലയൊരു 
                 ചിത്രം കാണും പോലെ
അത്യന്തമൊഴുക്കോടെ
                 വായിച്ചുപോകാമിതു!

"വേണേലിതിൽ നിന്നൊരു
                 ഉഗ്രൻ തിരക്കഥയും
വേർതിരിച്ചെഴുതീടാം
                 സംശയമെനിക്കില്ല!"

'എഴുതാ'നൊരിക്കലും
                 ചിന്തിച്ചില്ലാ,  കവിത
എഴുതാൻ, രചിക്കുവാൻ
                  ഒട്ടുമേയതു പോലെ

എന്നിട്ടും രണ്ടിന്നും 
                  മറവിയൊരു കാരണമായ്
എന്താണിതിങ്ങനെ,   
                  'മറവിയൊരനുഗ്രഹമോ'!?

(Copy Right :  Upagupthan  K. Ayilara) 
                    
               

       



            









  


                 
                
                 


            


             

               




2019 ഡിസംബർ 14, ശനിയാഴ്‌ച

51. വൃശ്ചികക്കാർത്തിക

51.  വൃശ്ചികക്കാർത്തിക 
                           
നനുനനെക്കുളിരുള്ള വൃശ്ചികപ്പുലരിയിൽ 
തനുവിനെ തണുപ്പിൻ കരത്തിൽ നിന്നകറ്റുവാൻ

ഇരുകൈകളുമന്യോന്യം ഗുണനമുദ്രയാക്കീട്ട്  
ഉരസ്സിനെ മറച്ചിട്ടു  കൈപ്പത്തികൾ തോളേറ്റി

ചേച്ചിയുടെ പിറകിലായ്, നഗ്നപാദങ്ങളുമായ്
ചുളുചുളെ കാൽവെള്ളയിലേൽക്കുന്ന  വേദനയെ

തെല്ലും വകവയ്ക്കാതൊരു നിഴലായി, കൂട്ടായി   
മെല്ലവേ നടന്നോരാ ദിവസങ്ങളെയോർക്കുന്നു !
               
നീഹാര മുത്തുകൾ തൻ പൊട്ടണിഞ്ഞു നിന്നിടുന്ന
നറുപുഷ്‌പം കനിവോടെ ഇറുത്തു പൂക്കൂടയിൽ

മെല്ലവേയിട്ടു തിരികെ വസതിയിലെത്തിയാ
മുറ്റത്തിൻ  നടുവിലെ ചാണകം മെഴുകിയൊരു  

വൃത്തത്തിൽ നിലവിളക്കു ചേലോടെ തെളിയിച്ചു
ഭക്തിയോടെ  തൊഴുതിട്ടു ചന്തമോടെ പൂക്കളാൽ

വിളക്കിന്നു ചുറ്റുമായി പൂക്കളം വിരചിച്ചു  
വിടരുമാഹ്ളാദവുമായ്  നോക്കിനിന്നീടും ഞങ്ങൾ!

ഒരു വ്രതം പോലെയാ ഒരുമാസം മുഴുവനും
ഒരു ദിവസം പോലുമേ മുടക്കം വന്നീടാതെ

ഒന്നുമുതൽ മുപ്പതാം ദിവസമാകും വരെയും
നന്നായാ ദിനചര്യകൾ ഞങ്ങൾ നിറവേറ്റീടും !

വൃശ്ചികക്കാർത്തികയൊരു  ശുഭ ദിനമാണെങ്കിൽ 
നിശ്ചയമാ മാസവു മതുപോലെ ശുഭമാസം

കാർഷിക വിള, കാച്ചിലും, കായ, ചേമ്പ്, ചീനിയിവ
കാർത്തികപ്പുഴുക്കാക്കി സ്വാദോടെ കഴിക്കും പ്രാതൽ      
              
കാർത്തികമാസം നെല്ലുപൂത്തിടുന്ന മാസമല്ലോ  
കാർത്തികവിളക്ക് കാത്തു നിൽപ്പുണ്ടു  വയലേല

മന്ദമാരുതൻ മൃദുല കൈകളാലുള്ള ലോല
ആന്ദോളനത്തിൻ്റെ സുഖമറിഞ്ഞു, തലയാട്ടി!

കാർത്തിക ദിവസം ഞങ്ങളീറ്റയിൽ പന്തം ചുറ്റി
കൂട്ടരോടെത്തീ വയലിൽ, സ്നേഹത്തിൽ പന്തം മുക്കി,
   
ആർപ്പോടെ പകരും ദീപം കാണുമർച്ചന  പാടം     
കാർത്തിക രാവിലാ പാടം നീണ്ടോരമ്പലമാകും !