2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

40. ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ

40.  ഞാൻ കവളപ്പാറയുടെ     
        ദുഃഖപുത്രൻ
(കവളപ്പാറ ഉരുൾ പൊട്ടലിനെ ആധാരമാക്കി) 

കളിചിരിയില്ലെനിക്കിന്നൊട്ടുമേ 
കരയുവാനോ കണ്ണുനീരുമില്ല
കരളിൽ കദനം നിറഞ്ഞു നിൽക്കേ
കരയുന്നതു  മരുന്നാണുപോലും!

കണ്ണീര് വറ്റിയാലെങ്ങിനെ കരയും?
കരയുന്നുണ്ടെങ്കിലുമെൻ ഹൃദയം
കരയാതെ കരയുകയാണതെന്ന്
കരുതുന്നതിൽ തെറ്റൊട്ടില്ല താനും

കവളപ്പാറേലായിരുന്നെൻ്റെ വീട്
കവളപ്പാറയിന്നു കാണ്മാനില്ല
ഉരുൾപൊട്ടി വീടും പോയ്‌ വീട്ടുകാരും
ഒരുദിനം ഞാനേകനായി മാറി!

കൂട്ടുകാർ ചിലരിന്നും മണ്ണിന്നടീൽ
നാട്ടുകാരിൽ പലർ മണ്ണിന്നടിയിൽ
പ്രകൃതി ക്ഷോഭിച്ചാലുമിങ്ങനാമോ?
പ്രകൃതിയ്ക്ക് കണ്ണില്ലേ, ചോരയില്ലേ? 
 
വന്നുപെട്ടീ അനാഥാലയത്തിൽ ഞാൻ
എന്നേപ്പോലുണ്ടനേകം പേരിവിടെ!
ജന്മനാ തന്നെയനാഥരായോരും
ജനിപ്പിച്ചിട്ടു കളയപ്പെട്ടോരും!
 
പോറ്റുവാനാകാതെ മാതാപിതാക്കൾ
തെറ്റെന്നറിഞ്ഞോണ്ടു കൊണ്ടുവന്നോരും!
പാതകളിൽ തെണ്ടിത്തിരിഞ്ഞതിനാൽ
പോലീസ്സു പിടിച്ചോണ്ടു  വന്നവരും!

എന്നാലുമെല്ലാർക്കുമിവിടൊരുപോൽ 
നന്നായിച്ചേരുന്ന പേരാ'ണനാഥൻ'!
കേൾക്കുവാൻ ചേലുള്ളോരോമനപ്പേരാ!
കേൾക്കുവാനിമ്പവും നോന്നുന്നതില്ലേ?

നെറ്റിയിൽ ഞങ്ങടെ ഒട്ടിച്ചുപോയി
മാറ്റുവാനാകുമോ ഇനിയുമാപ്പേര്!
വിധിയാണിതെന്നൊക്കെ നിങ്ങൾ ചൊല്ലും
വിധിയെപ്പഴിക്കുവാൻ ഞങ്ങളില്ല

ഓർക്കാതിരിക്കുവാനാകില്ലെനിക്ക്
ഓർമ്മച്ചെപ്പൊന്നു തുറന്നീടട്ടേ ഞാൻ
കവളപ്പാറേലെ പറമ്പിലൊക്കെ
കൂട്ടരോടൊപ്പം കറങ്ങി നടന്നു ഞാൻ

തമ്മിലടിച്ചും കളിച്ചു രസിച്ചും
തോമ്മനും ചെല്ലനും ഖാദറുമൊപ്പം
മാവിലും പിന്നെക്കശുമാവിലുമായ്
മാറിമാറിക്കേറീം കല്ലെറിഞ്ഞിട്ടും

കുട്ടിയും കോലും തലയോലപ്പന്തും
വട്ടും കിളിത്തട്ടുമണ്ടികളിയും
തീർന്നില്ല, കളികളുണ്ടേറെയിനീം
ഓർത്തെടുക്കേണ്ടുന്ന കാര്യമേയുള്ളു

കളം ചാടും കാളീടേം മീനുവിന്റേം
കളമൊക്കെയും തേച്ച് മാച്ചു കളഞ്ഞും
അവരെ ശരിക്കൊന്നു ശുണ്ഠികൂട്ടീട്ട്
അവർതൻ മുഖത്തെപ്പരിഭവങ്ങൾ  

കണ്ടിട്ടു കൈകൊട്ടി ആർത്തുചിരിക്കും 
കനിവു തോന്നിപ്പിന്നെയാക്കളങ്ങൾ
വരച്ചുകൊടുത്തിട്ടവരോടൊപ്പം
പരിഭവം തീർക്കാൻ കളം കളിക്കും  

സ്കൂളിലേക്കൊരുമിച്ചെല്ലാരും പോകും 
സ്‌കെയ്ലു കൊണ്ടന്യോന്യമടികൂടീടും
വൈകിട്ടു  കുളത്തിലേക്കൂളിയിട്ടിട്ട്
വെള്ളം തെറ്റിച്ചു കളിച്ച് രസിച്ചീടും!
 
അങ്ങിനെയെത്രയോ കളികൾ കളിച്ച്
ഞങ്ങൾ സന്തോഷമായ് കാലം കഴിച്ചു
അന്നൊക്കെ ഞങ്ങളൊരുമിച്ചാരുന്നേൽ
ഇന്നില്ലവരാരും ഞാനേകനായി!

അച്ഛനുമമ്മയും മീനുവെന്നയെൻ 
കൊച്ചനുജത്തിയുമൊത്തുചേരുമ്പോൾ
എന്തർഥമാരുന്നു ജീവിതമെന്നാൽ
എന്തോരു വ്യർത്ഥതയിന്നെൻ്റെ ജീവന്ന്

പ്രകൃതിയെയാര്  പ്രകോപിപ്പിച്ചാലും
പ്രതികാരമുണ്ടാം പകരമായിട്ട്
പ്രകൃതിക്ക് ഹൃദയമില്ലെന്നുവന്നാൽ
പാവങ്ങളാണോ പിഴയൊടുക്കേണ്ടൂ? 
  
ജീവിച്ചിരുന്നിട്ടിനിക്കാര്യമില്ലെന്ന്
ജീവിച്ചിരിക്കുവാനായാശയില്ലെന്ന്
പറയുവാനെത്രയെളുപ്പമെന്നാൽ
അറിയുന്നു ഞാനതസാദ്ധ്യമെന്നും

ആശ കൈവിട്ട്  കളയുവാനാവില്ല
വാശിയോടെ തന്നെ മുന്നോട്ടു പോണം 
കാലമെനിക്കായി കാത്തുസൂക്ഷിക്കും
കാര്യമെന്താണേലും വേണമെനിക്കത്!!! 
  
 
 
 
  
 
   
  
   
 
   
 
   
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ