2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

എന്റെ മട്ടുപ്പാവ് കൃഷിക്കാഴ്ച്ചകൾ

എൻ്റെ  മട്ടുപ്പാവ് കൃഷി ചരിതം

ഉപഗുപ്തൻ കെ.  അയിലറ

പച്ചക്കറി കൃഷി എൻ വിനോദം
കൊച്ചായിരിക്കുന്ന കാലം തൊട്ടേ
അച്ഛനെക്കണ്ടു പഠിച്ച ശീലം
മെച്ചത്തിലച്ഛൻ ചെയ്തോരു കാര്യം

പച്ചവിരിച്ച കൃഷിയിടത്തിൽ
പച്ചക്കറി വിള  മെച്ചത്തിലന്ന്
നോക്കിനിന്നാൽ കൊതി തീരുകില്ല
നാക്കിലുമൂറിടും വെള്ളമേറെ

ജോലിക്കായ്‌ നാടുവിട്ടേറെക്കാലം
കാലമൊരൻപതു വർഷം  പോയി
താമസിക്കാനായ് തെരഞ്ഞെടുത്തു 
തിരികെവന്നപ്പോഴനന്തപുരി "

പോക്കുവതെങ്ങിനെ സമയമെന്ന്
പേർത്തും ചിന്തിക്കേണ്ടി വന്നതില്ല
മട്ടുപ്പാവില്ലേ മുകളിലായി,
മൊത്തവും പച്ചക്കറി കൃഷിക്കായ്?

വാങ്ങാനാവില്ലിനി പച്ചക്കറി
വിഷമയമായവ ചന്തേൽ നിന്ന്
കൃഷിചെയ്യുകയല്ലേ നല്ലതെന്ന്
കരുതീട്ടു ഞാനതുറപ്പാക്കി
     
മണ്ണില്ല കൃഷിയിറക്കാനായിട്ട്
മണ്ണില്ലൊട്ടും വീട്ടിൻ ചുറ്റുപാടും
കൊണ്ടുവന്നൂ മണ്ണു ദൂരെനിന്നും
കാറിൻ്റെ  ഡിക്കിയിൽ ചാക്കിലാക്കി

വാങ്ങീ ഗ്രോബാഗു കടയിൽ നിന്നും
വാങ്ങീയൊപ്പം പയറിൻ്റെ  വിത്തും
വെണ്ടവിത്തും ചാണകപ്പൊടിയും
വിത്തുകൾ  നട്ടു തളിച്ചു വെള്ളം 

വിത്തു മുളച്ചിട്ടിലകൾ വന്നു
പൂത്തു കായ്ക്കുന്നതു കാണുവതും
സ്വന്തം കയ്യാൽ കായ് പറിക്കുന്നതും
എത്രയോ നിർവൃതി തന്നീടുന്നു!

പിന്നെത്തിരിഞ്ഞൊന്നു നോക്കിയില്ല
തന്നൂ കൃഷിഭവൻ സബ്സിഡിയായ്
അൻപതു ഗ്രോബാഗും മണ്ണും വിത്തും
അതിനായ്  വളവും പിന്നെന്ത് വേണം?

പാവല്  തക്കാളീം  പടവലവും
പാലക്ക് കാബേജും വഴുതനയും
പച്ചമുളകും   കാരറ്റും ചീരേം
കാച്ചിലും ചേനയും ചേമ്പും പിന്നെ

ബീറ്റ്‌റൂട്ടും  ചെറുവള്ളിക്കിഴങ്ങും
ബീൻസും  മരച്ചീനി, ഇഞ്ചി, കൈതേം
മാറി മാറി കാലാകാലങ്ങളിൽ
നൂറോളം ഗ്രോബാഗിൽ ഞാൻ വളർത്തി

ജാറിലായ്‌ നട്ടു സപ്പോട്ടേം പിന്നെ  
കറിവേപ്പ്  വാഴയും  മുന്തിരിയും    
കോവൽ തൈ വാങ്ങീട്ടു താഴെ നട്ടു
കാര്യമായ്  നോക്കാതതു വളർന്നു

മട്ടുപ്പാവിൻ  ചുറ്റൂം കമ്പിത്തൂണു
നാട്ടിട്ടു  കമ്പി വലിച്ചുകെട്ടി
പന്തലിട്ടിട്ടതിലായ് പടർത്തി
പടവലം, പാവല്,  പയറ്, കോവൽ

എന്തുരസമവ പൂത്തു കായ്ച്ചു
പന്തലിൽ ഞാന്നു കിടപ്പത് കാണ്മാൻ
പാവല് പടവലം കായകൾക്ക്  
കവറിട്ട് കീടത്തിൻ ശല്യം  മാറ്റി
      
സന്തോഷിക്കാനിനി എന്തു വേണം?
സന്തോഷിക്കട്ടെ ഞാൻ വേണ്ടുവോളം!
വായിച്ചസൂയപ്പെട്ടിട്ടെന്ത് കാര്യം?
വേണോങ്കിൽ കായ്ക്കും! വേരിലും ചക്ക. 

മട്ടുപ്പാവിൽ പണി ചെയ്തീടവേ
പെട്ടെന്ന് ദാഹമോ പശിയോ വന്നാൽ
തിന്നിടും കോവയ്ക്കാ,  പച്ചപ്പയർ
എന്നിവ പോരെങ്കിൽ വെണ്ടയ്ക്കയും
 
മുള്ളാത്തേം നാട്ടാത്തേം താഴെ നട്ടു
മുരിങ്ങയും പേരയും തെങ്ങുമുണ്ട്
പപ്പായ ശിഖരങ്ങളോടെയുണ്ട്
പഴത്തിന്  ചെങ്കലതി വാഴേമുണ്ട് 

മനസ്സൊന്നു  നിങ്ങളും കാട്ടിയിട്ട്  
തനതായി  ജൈവ കൃഷി ചെയ്യൂ
പച്ചക്കറികൾ വിഷം തീണ്ടാതെ 
രുചിയോട് ഭക്ഷിക്കാനാകുമല്ലോ!


(Copy Right :  Upagupthan K Ayilara)
 
    
 

 
  
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ