2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

31. പ്രണയചാപല്യങ്ങൾ.

           31.  പ്രണയചാപല്യങ്ങൾ

തിമിരം കടക്കണ്ണിലൊളിപ്പിച്ച്  ഞാനൊരു
തരുണിയെ പതിയേ പ്രണയിച്ചു നോക്കി
പ്രണയചാപല്യങ്ങളധികമായിട്ടാ
പ്രണയം വിഫലമായെന്നറിഞ്ഞീടവേ
    
അടവ് മാറ്റീട്ടൊരു കവിയുടെ വേഷത്തിൽ
അവളെ സമീപിച്ചിട്ടെന്റെ കവിതകൾ
അനുരാഗമൂറീടുമീണത്തിൽ പാടിയത്
വാനത്തുനോക്കിനിന്നവൾ കേട്ടുനിന്നല്ലോ!

അവളെന്റെ വലയിലാകുന്നതിൻ  തെളിവ്
അവളെയെൻ പാട്ടിലാക്കാനില്ല വിഷമം!
പതിയേ വശീകരിച്ചരികത്താക്കേണം
അതിനായി ഞാൻ നടന്നവളുടെ നേർക്ക്

കണ്ടു ഞാനപ്പോളവൾ നമ്രമുഖിയായി
കാൽവിരലാലേ രചിക്കുന്നതു പൂഴിയിൽ
ചിത്രങ്ങൾ നാണമോടത് തന്നെയവളുടെ
തത്രപ്പാടല്ലേയെൻ സാമിപ്യമറിയുവാൻ?

മിടിക്കും മനമോടെയെത്തീയടുത്തായി
മിഴിമാറ്റിയില്ല ഞാനവളിൽ നിന്നെന്നാൽ
തിരിഞ്ഞു നോക്കാതെ നടന്നവളകലേയ്ക്ക്
തരമോടെയെന്നടവ് മാറ്റേണമിനിയും  

വരികൾക്കുമദ്ധ്യേയവൾക്കുവായിക്കുവാൻ
വേണ്ടും മസാലകൾ കുറയാതെ ചേർത്തിട്ട്
മോഹത്തിൻമേമ്പൊടിയും പൂശീയൊരു നല്ല
സ്നേഹക്കൂട്ടാം പ്രേമലേഖനമെഴുതീ ഞാൻ

ഇനിയതവളുടെ കയ്യിലെത്തിക്കുവാൻ
കനിവു കാട്ടേണമാരെങ്കിലുമത്  തന്റെ 
അനിയത്തിക്കുട്ടിയായാലതും നന്നല്ലേ,
അനിയത്തി നിർവഹിച്ചാ ജോലി നന്നായി

പ്രതികരണമെന്താകുമോ അവളുടേത് ?
പ്രതിദിനം ദ്രുതതരം ഹൃത്തിൻ്റെ താളം   
മറുപടി കിട്ടിയില്ലിതുവരെയെന്നത്
മനസ്സിൻ്റെ താളത്തെ തെറ്റിക്കുമെന്നായി

ഇനിയും പ്രതീക്ഷിച്ചിരിക്കുവാനാകില്ല
പതിയേ നടന്നവൾക്കരികിലേക്കായി
മുഖപടമൊക്കെയഴിച്ചു ഞാൻ നോക്കവേ
നഖവും കടിച്ചവൾ നിൽപ്പൂ വിവശയായ് 

അവൾ തൻ്റെ  വലയിലായെന്നു തോന്നുന്നു
അല്ലേലവൾ വ്രീളാവിവശയാകില്ലല്ലോ!
അരികത്തണഞ്ഞ് തൻ വിരലാലവളുടെ
അരുമയാം താടിയുയർത്താൻ ശ്രമിക്കവേ

അറിയില്ലയെന്താണ് കവിളിൽ പതിച്ചതെ-
ന്നറിയുന്നതിന്നു മുൻപുണർന്നുപോയല്ലോ!
തൻവലം കൈപ്പത്തി തന്നിടതു കവിളിൽ
തടവുന്നുണ്ടെന്നതറിഞ്ഞുതാനുടനേ

പ്രണയചാപല്യങ്ങൾ കാട്ടിയാലുണ്ടാകും
പ്രതികരണമെന്താകാമെന്നത് നല്ലപോൽ
പ്രായോഗികമായിട്ടല്ലാതെയറിഞ്ഞു ഞാൻ
പ്രായോഗികമായെന്നാൽ അറിയുന്നനേകർ! 
   
  
 

  
 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ