2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

8. ഗിരി രോദനം.

                  

   
           8.  ഗിരി രോദനം 

മോഹമുണ്ടെനിക്കിന്ന്  കരിമുകിൽ  കൂട്ടങ്ങളെ
ദാഹിക്കും മനമോടെ തടഞ്ഞൊന്നു  നിർത്തീട്ടു 
മാരി പെയ്തിറക്കുവാൻ നനഞ്ഞു  കുളിർക്കൊള്ളാൻ
മോഹമെന്നാലിന്നെന്റേതതിമോഹമാണല്ലോ!

ഇന്നു ഞാൻ ഉയർന്നോരു ഊഷര  ഭൂവായ്  മാറി
എന്നിലേയിടതൂർന്നു വളർന്ന മരങ്ങളെ
ഒന്നോടെ വെട്ടിക്കോതി വെളുപ്പിച്ചില്ലേ  നിങ്ങൾ? 
പിന്നെയെങ്ങിനെ മാരിക്കാറിനെ തടയും  ഞാൻ?

മാരിക്കാറുകളിന്നെൻ കയ്യെത്താദൂരത്തെത്തി 
മോഹിപ്പിച്ചുകൊണ്ടെന്നെ, തെന്നിമാറിപ്പോകവേ
എന്മനം തപിച്ചിട്ടു മഴവെള്ളമേൽക്കാതെ
എരിപൊരിക്കൊള്ളുന്നത്  അറിയുന്നുണ്ടോ നിങ്ങൾ?
 
എന്മാറിൽ വളർന്നെത്ര തരുക്കൾ,   ലതകളും
'എത്രയോ പേരുള്ളവ,   ഓർത്തെടുക്കാനാവില്ല
പൂത്തുകായിച്ചിട്ടവ, കാലാകാലങ്ങളിലായ് 
പ്രജനം നടത്തിയും മഴപെയ്യിച്ചും  പൊന്നു.

പക്ഷി മൃഗാദികൾക്കും  മർത്യന്നുtമൊരുപോലെ
പശിയ്ക്കും ദാഹത്തിനും  ഉതകിയിരുന്നവ
അവയിലൊക്കെത്തന്നെ പക്ഷികൾ  കൂടും കൂട്ടി
ആർത്തുല്ലസിച്ചിരുന്നു വംശവും  നിലനിർത്തി 

എന്നുടെ ധമനികളാകും നീരുറവകൾ
എൻ്റെ  താഴ് വാരങ്ങളിൽ ചെറുനീർച്ചോലകളായ്
ചിരിച്ചുല്ലാസമോടെ, ഒഴുകി ഒരുമിച്ചോ-
രരുവിയായ് ഗ്രാമത്തിൻ ജീവനാഡിയായില്ലേ!

ഇടതൂർന്നൊരെൻ തനു കയ്യേറിയിട്ടു  നല്ല
തടിയും കായ് കനികളും ചൂരലും  തേനും മറ്റും 
വനവിഭവങ്ങളെന്ന ഓമനപ്പേര് ചൊല്ലി
വേണ്ടുവോളവും നിങ്ങൾ സംഭരിച്ചിരുന്നില്ലേ 

എന്നെന്നുമെനിക്കതു സന്തോഷമായിരുന്നു
അന്നെൻ ജീവിതമെത്ര ധന്യമായിരുന്നെന്നോ!
ഇന്നവയൊക്കെപ്പഴങ്കഥകൾ വല്ലപ്പോഴും 
ഒന്നോർത്തു മനം കുളിർപ്പിക്കാനുതകുന്നവ!

നല്ലതല്ലാത്തതൊന്നും ചെയ്തില്ല  നിങ്ങൾക്കു ഞാൻ
നിലകൊണ്ടിരുന്നു ഞാൻ നിങ്ങൾ തൻ  സമൃദ്ധിക്കായ്
എന്നിട്ടുമെന്തേ നിങ്ങൾ കണ്ണിൽച്ചോരയില്ലാതെ
എന്നെ വെട്ടിനിരത്തി നഗ്നയായിട്ടു  നിർത്തീ?

പതിവായ് നിങ്ങളിന്നു കേൾക്കും  വാക്കുകളല്ലോ   
'പരിസ്ഥിതി പ്രശ്നവും'  'ആഗോളോഷ്ണവും' പിന്നെ
'പ്രകൃതീ സംരക്ഷണോം'  "വനവൽക്കരണവും
പറയൂ അറിയുമോ  അർത്ഥമെന്തവയുടെ 

പശ്ചാത്താപമെങ്കിലോ എന്നെയൊർത്തുണ്ടാകണം   
പകരം പ്രായശ്ചിത്തം ചെയ്യുവാൻ തോന്നുന്നുണ്ടോ?
എങ്കിൽ നിങ്ങളെന്നേയൊന്നു 'വനവൽക്കരിച്ചിട്ട് '
എനിക്കു പുനർജ്ജന്മം തന്നു നേടീടൂ പുണ്യം!!!

കഴിയുമോ നിങ്ങൾക്കെന്നേ വനമായ്മാറ്റാനൊന്ന്? 
കഴിയില്ലെങ്കിൽ, ഇതെൻ വനരോദന'മായി  
കരുതുന്നൂ നിങ്ങളെങ്കിൽ, വന്നിടും മഹാനഷ്ടം
കരുതിക്കോളൂ നിങ്ങൾക്കാവില്ലത് നികത്തുവാൻ!!!
                                                                             
                  
                       
            

                                                               
 
           
                   
 
           
       
                    
                      
                      
                     
                     
 
                  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ