2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ധരണീ വിലാപം (No.2)

                      

                   ധരണീ വിലാപം (2)
                          
വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ
 
മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെ തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല, മഗ്നി എന്നിവരെ സൃഷ്ടിച്ചു   
നെഞ്ചിലേക്കാവാഹിച്ചടിമകളാക്കി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവായ് മാറ്റിയെടുത്തു ഞാൻ പതിയെ
ഒരു ചെറു കോശം മെനഞ്ഞിട്ടു ജീവൻറെ   
പൊരുളാം  തുടിപ്പേകി സംതൃപ്തയായി  

കടലിൽ  പായലും, ചെടികൾ മൽസ്യങ്ങളും  
കരയിലുരഗങ്ങൾ  സസ്യലതകൾ ,  
പറവകൾ നാൽക്കാലികളെന്നിവയ്ക്കെല്ലാം  
ഒരുപോലെ നൽകീ ജന്മവും ജീവനും

ഇനി എൻറെ സൃഷ്ടിയാണവസാനത്തേത്‌ 
ഇരുകാലി ജന്തുവാകട്ടെന്ന്  കരുതീട്ട്
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധി'നടി'ക്കുമിരുകാലിയെ വാർത്തു 

മനസ്സിൽ പ്രതീക്ഷയോടേകീയവനു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര നാമം 
'മനുഷ്യനും മണ്ണാകുമെന്നതു  മറന്നിട്ട്
മാതൃത്വത്തെ  മുറിവേൽപ്പിച്ചീടുന്നവൻ  

എന്നസ്ഥിയാകുന്ന  ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
എൻറെ ദശയാകുന്ന  മണ്ണും കൂടിച്ചേർന്നു 
എന്നെ ഞാനാക്കും  ധരണിയാണിന്നു  ഞാൻ  

എന്നസ്ഥി മുഴുവനും വെടിവച്ചു  പൊട്ടിച്ച് 
എൻ മാംസഭാഗങ്ങൾ കീറിമുറിച്ചിട്ടു
എൻചോരയാകെത്തിളപ്പിച്ചു  മറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കുവാനറിയില്ലവന്
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ചു  നദിയെ തോടാക്കീട്ട്
വയലൊക്കെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള   മോഹമേറീട്ടവൻ
വളമെന്ന് കരുതീട്ട്  വിഷം തളിക്കുന്നു
അതുവീണിട്ടെൻ തനു ചുട്ടു പൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും

സഹജീവിസ്നേഹമെന്തെന്നറിയില്ലവന്  
സഹജീവി ഹത്യയ്ക്കു    മടിയുമില്ല !
പാവപ്പെട്ടവരു പശിയാൽ കരഞ്ഞാലും 
പണച്ചാക്കുവീർപ്പിക്കാൻ ധിറുതിയവന് 

പുക തുപ്പീടുന്ന തൊഴിൽശാലകളേറെ  
പുകതുപ്പിയോടും ശകടങ്ങളേറെ
കോൺക്രീറ്റു പൊതിഞ്ഞെൻ ശരീരം മറച്ചിട്ടു 
വിമ്മിട്ടത്താൽഞാനെൻകണ്ണുമിഴിക്കുന്നു
 
ചൂടേറ്റിട്ടെന്നുള്ളം പഴുത്തങ്ങു പൊള്ളുന്നു
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ല
വിലപിക്കുക  മാത്രമേ   വഴിയുള്ളെനിക്ക്  
വിലപിക്കട്ടേ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായി  ഞാൻ നേടിയതാകെ
മക്കളിൽ കേമനാം മനുജൻറെ   നന്മയ്ക്കായ്
മർത്യനോ  മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വം തീണ്ടാത്ത മൃഗമിന്നവൻ 

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച് 
കുഴികുഴിച്ചിട്ട്  വീഴുന്ന  മനുജനെ  
കണ്ടിട്ടു സഹതപിച്ചീടുന്നു  ഞാനിന്നു  
കേഴുന്നീ വസുമതി, മർത്യനെയോർത്ത്  !

(Copy Right :  Upagupthan K. Ayilara)
  
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ