3. വായു ഭൂതം
വായു പുരാണം.
ആസ്വാദനങ്ങളെനിക്കുമുണ്ടു സ്വന്തം
പഞ്ചഭൂതങ്ങളിലൊന്നാണു ഞാനീപ്ര-
പഞ്ചത്തിന്നാധാരമെന്റെയും സാന്നിദ്ധ്യം
ആകാരമില്ലാത്ത വായു ഞാ,നെങ്കിലും
അറിയുന്നുണ്ടെന്റെയപാരത മർത്യൻ
മർത്യന്നു ജീവൻ നിലനിർത്തണമെങ്കിൽ
മൂക്കിലെയ്‌ക്കെന്നെ വലിച്ചങ്ങു കേറ്റണം
മൂക്കിലേയ്ക്കൊന്നു ഞാൻ കേറാൻ മടിക്കുകിൽ
മർത്യൻ വലിച്ചീടുമൂർദ്ധ്വശ്വാസം പിന്നെ !
രൗദ്രഭാവത്തിൽ ഞാൻ വീശിയെന്നാലോ
ആർദ്രതയില്ലാക്കൊടുങ്കാറ്റായ് മാറിടും
മരുഭൂമീൽ ഞാനൊന്ന് ചുറ്റി വരികിലോ
മണൽക്കാറ്റായോ ചുടുകാറ്റായോ മാറും!
ചുറ്റും ചൂടുള്ളോരിടത്തിൽ പെട്ടിട്ടു ഞാൻ
ചക്രശ്വാസം വലിച്ചോടിക്കറങ്ങുകിൽ
ചുഴലിക്കാറ്റെന്നോരു ചക്കരപ്പേരാണ്
ചാർത്തിത്തരുന്നതീ മർത്യൻ മഹാകേമൻ!
ശാന്തതയോടൊന്നു ചുറ്റിക്കറങ്ങുകിൽ
മന്ദമാരുതനെന്നെന്നേ വിളിച്ചീടും
പൂവിൻമണവും വഹിച്ചു ഞാൻ വീശുകിൽ
പൂങ്കാറ്റെന്നുള്ളോരു ഓമനപ്പേരിലും
അറിയാതൊരു നാറുന്ന വസ്തുവിന്റെ
അരികെക്കൂടൊന്നു കടന്നുപോയെന്നാൽ
നാറ്റക്കാറ്റായിട്ടു മാറിപ്പോയീടും ഞാൻ
നാട്ടുകാരോടിപ്പോം മൂക്കും പൊത്തിക്കൊണ്ടു !
രൂപമില്ലാത്തയെനിക്കവരുണ്ടാക്കും
രൂപം ടയറിൻറെയും ബലൂണിൻറെയും!
നന്നായി പമ്പുചെയ്തും ഊതിക്കേറ്റിയും
എന്നേയൊരു പരതന്ത്രനായ് മാറ്റീടും!
കാറ്റാടിയന്ത്രത്തിലെന്നേ കുരുക്കീട്ടു
കറക്കിത്തിരിച്ചെന്റെ 'കാറ്റു പോക്കീട്ടു'
കറന്റുണ്ടാക്കീട്ട് കറങ്ങുന്ന ഫാനിന്റെ
കാറ്റു കൊണ്ടിട്ടു സുഖിക്കുന്നു മനുജൻ
ഇത്രയേറെയെന്നെ പീഡിപ്പിച്ചീടിലും
ഇത്രമേലെന്നെയധിക്ഷേപിച്ചീടിലും
ഇല്ലെനിക്കൊട്ടും പരിഭവമെന്തെന്നാൽ
ഇപ്പോഴുമെപ്പോഴും ഞാനൊരു സാത്ത്വികൻ
മഴവേണ്ടും നേരത്ത് കാർമേഘപ്പാളികൾ
മലയിലെത്തിച്ച് മഴ പെയ്യിച്ചീടും ഞാൻ
മനുജന്ന് മാനസോല്ലാസമേകാനായി
മാദക ഗന്ധങ്ങളെത്തിച്ചു നൽകും ഞാൻ
മാഞ്ചോട്ടിൽ കൂടീട്ട് കരിമാടിക്കുട്ടന്മാർ
മേലോട്ടുനോക്കീട്ട് കൊതിവെള്ളോമൂറിട്ടു
മാടിവിളിക്കുമ്പോളോടിയെത്തീട്ടു ഞാൻ
മാവു കുലുക്കീട്ടു മാമ്പഴം വീഴ്ത്തിടും
പുല്ലാംകുഴലിൻറെയുള്ളിൽക്കയറീട്ടു
എല്ലാ രാഗങ്ങളും മെച്ചമായ് മൂളീട്ടു
മനുജന് കർണത്തിനാനന്ദവും പിന്നെ
മാനസോല്ലാസ്സവുമേകുമൊരുപോലെ
ആസ്വാദനങ്ങളെനിക്കുമുണ്ടു സ്വന്തം
അപ്പൂപ്പന്താടികൾ തട്ടിക്കളിച്ചിട്ടും
മുളംകാട്ടിൽ ചുറ്റീട്ട് ചൂളം വിളിച്ചിട്ടും
മൂളിപ്പാട്ടും പാടി പൂക്കളെ ചുംബിച്ചും
പൂമരത്തിൽ നിന്നും പൂമഴ പെയ്യിച്ചും
പാടത്തെ നെൽക്കതിർ കുലകളിട്ടാട്ടീം
തരുണിതന്നളകങ്ങളാട്ടി രസിച്ചും
തരമോടവൾതൻ കുട കയ്ക്കലാക്കീം
പട്ടങ്ങളുയരത്തിൽ പാറിപ്പറത്തീട്ട്
കുട്ടികൾതൻ ബലൂൺ പൊക്കിപ്പറത്തീട്ട്
കുസൃതികളോരോന്നു കാണിച്ചു കൂട്ടീട്ട്
രസിക്കുന്ന ഞാനൊരു സാത്ത്വികനല്ലേ?
മനുഷ്യന്നു ഞാൻ ജീവവായുവാണല്ലോ?
മരണത്തെ അവന് ഭയവുമാണല്ലോ ?
എന്നിട്ടെന്തേയെന്നെ കാത്തുരക്ഷിക്കാതെ
തോന്നിയപോലൊക്കെ ദുഷിപ്പിച്ചിടുന്നു?
പകലെന്നോ രാവെന്നോ ഭേദമില്ലാതെ
പുകയുന്ന വസ്തുക്കളൊക്കെയെരിച്ചും
പുകയുന്ന വസ്തുക്കളൊക്കെയെരിച്ചും
രാസവസ്തുക്കളും വിഷവും കലർത്തി
ശ്വാസം മുട്ടിച്ചെന്നെ കൊല്ലാതെ കൊല്ലുന്നു!
ഇനിയും തുടർന്നിട്ടിതുപോലെ പോയാൽ
ഞാനൊരു കാകോളപ്പുകഗോളമാകും !
മനുജാ നീ സ്വന്തം കുഴി കുഴിച്ചീടും
എന്നേയും കൂട്ടി നീ അതിലേക്കു വീഴും!
അതുകൊണ്ട് മർത്യാ നീ മനസ്സൊന്നുമാറ്റൂ
അവിവേകമൊക്കെയും മതിയാക്കിയിട്ട്
നിന്നന്തരീക്ഷം ശുചിയാക്കി സൂക്ഷിച്ചി-
ട്ടെന്നേയും നിന്നേയുമൊന്നിച്ചു രക്ഷിക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ