12. കേഴുന്ന വഴിത്താര
പണ്ടു ഞാൻ വെറുമൊരു വഴിത്താരയാരുന്നു
പതിവായ് താണ്ടീടുന്ന നാട്ടാർക്കു മാത്രം വേണ്ടി
വളഞ്ഞും പുളഞ്ഞും ഞാൻ കിടന്നൂ അവർക്കായി,
കളങ്കം തീണ്ടാത്തോരു വാല്യക്കാരനെപ്പോലെ.
നടന്നുപോയിരുന്നവർ വളരെപ്പതുക്കെ,
നഗ്നപാദങ്ങളാലേ എന്നെനോവിച്ചിടാതെ
മുതിർന്നോർ ചന്തേലേയ്ക്കു പോകുമ്പോൾ കുട്ടിക്കൂട്ടം
മതിവിട്ടോടിച്ചാടീം തമ്മിൽത്തല്ലുകൂടിയും
വഴിയോരത്തെ മാവിൽ കയറീം എറിഞ്ഞിട്ടും
വഴിയോരത്തെ പൂക്കൾ മുത്തിയും മണപ്പിച്ചും
വിദ്യാലയത്തിലേയ്ക്കും തിരികേം പോകുമവർ
വലിയാഹ്ളാദത്തോടെ, പൂമ്പാറ്റക്കൂട്ടം പോലെ
******* ******* ***
ഒരുനാൾ മൺവെട്ടിയും പിക്കാസ്സും കയ്യിലേന്തി
ഒരുപറ്റമാളുകൾ വന്നെന്നെ വെട്ടിക്കീറി,
വീതിയേറെക്കൂട്ടീട്ടു നല്ലപോൽ നിരപ്പാക്കി
വെട്ടുകല്ലും നിരത്തി മണ്ണുമിട്ടുറപ്പിച്ചു
മാറിപ്പോയെന്റെ കോലം കാലം മാറിപ്പോയില്ലേ
മാറിപ്പോയെൻ്റെ പേരും, പേരു 'റോഡെ' ന്നിട്ടവർ
വേദനിച്ചിട്ടാണേലും സഹിച്ചൂ ഞാനതൊക്കെ
വേണമല്ലോ പുതുമ, കാലത്തിന്നൊത്തു പോണം
വന്നൂ കാളവണ്ടികൾ കഴുത്തിൽ മണിയാട്ടി
മന്ദമായലസമായ് അയവുമിറക്കീട്ടു
നടക്കും കാളജോഡി വലിച്ചീടും വണ്ടികൾ
'കടകടാ'രവത്തോടെ റാന്തലും തൂക്കിയിട്ട്
പിറകേയെത്തീ സൈക്കിൾ' മണിയുമടിച്ചോണ്ടു
പിന്നെ ഭാരവുമേറ്റി ചീറിപ്പായും ലോറികൾ
പുകയും തുപ്പിക്കൊണ്ടു പൊടിമണ്ണു വായുവിൽ
പറത്തീമെൻ്റെയിടനെഞ്ചു പിളർത്തീം വന്നൂ !
പിറകേ ബസ്സും വന്നൂ ഒന്നല്ല, മത്സരിച്ചു
പറക്കുവാൻ വേണ്ടത്രയും, 'കിളി'തൻ കളിയുമായ്,
മഴക്കാലമാകുമ്പോൾ ചെളിവെള്ളവും കെട്ടി
വഴിയേ പോകുന്നൊരെ ചെളിയിൽക്കുളിപ്പിക്കാൻ!!!
******* ******* *******
കാലമങ്ങിനെയൊട്ടു കടന്നേപോയീ പിന്നേം
കാലക്കേ,ടെന്റെ മാറിൽ ടാറിട്ടെന്നേ മിനുക്കി
അധികാരികളെന്നെ താമസംവിനാ രാജ-
വീഥിയായി വാഴിച്ചിട്ടിട്ടൊരു പുത്തൻ പേരും!
ഏറെ ഞാൻ സന്തോഷിച്ചു തരിമ്പും മണ്ണില്ലാതെ
മാറിക്കിട്ടീടും പൊടി, ചെളിയുമതുപോലെ!
എന്റെ മോളിൽക്കൂടിപ്പോൾ ഓടുന്നു 'മോഡേ'ണായ
'എസീ', 'ലോയർ ഫ്ലോറുകൾ', 'സൂപ്പർ ഫാസ്റ്റുകൾ', പിന്നെ
എത്രയോ പേരുള്ളോരോ കാറുകൾ, സ്‌കൂട്ടർ, ബൈക്ക്
എത്ര വേഗത്തിലെന്നോ!, പായുന്നൂ നിരന്തരം!
ഏറെനാളെന്നാലെന്റെ സന്തോഷം നീണ്ടില്ലല്ലോ!
ടാറു ചൂടായിട്ടെന്റെ മേലാകെ പൊള്ളിപ്പൊങ്ങി!
മഴക്കാലമാകവേ എന്റെ ദേഹത്തെ ടാറു
മെല്ലെ മെല്ലേയിളകി കല്ലുകൾ തെളിഞ്ഞിട്ടു
ഒരുപാടു വണ്ടികൾ പാഞ്ഞുപോകൂമ്പോളവ
ഒന്നൊന്നായിളകീട്ടു കുഴിയായി കുണ്ടായി
ആഴമേറും കുഴികൾ പൈപ്പും കേബിളുമിടാൻ
കുഴിച്ചിട്ടു മൂടാതെ ഇട്ടേക്കുമനേകനാൾ
പൊട്ടച്ചെളിക്കുളമായ് ഞാൻ മാറിപ്പോകവേയെൻ
പണ്ടത്തെ ഒറ്റയടി വഴിത്താരക്കാലത്തെ
കളങ്കം തീണ്ടാത്തോരു വാല്യക്കാരനെപ്പോലെ
വളഞ്ഞുപുളഞ്ഞിട്ടു കിടന്നാൽ മതിയെന്നു
അതിയായിട്ടാഗ്രഹം മനസ്സിലുദിച്ചുപോയ്
അതിന്നായി ഞാനിന്നു മനംനൊന്തു കേഴുന്നു!
Q
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ