2023 ജൂലൈ 9, ഞായറാഴ്‌ച

വിരഹം (ഇന്ദിര മാനന്തവാടി)

വിരഹം

കാത്തിരുന്നു വലഞ്ഞ നിന്നുടെ 
ചാരെയെത്തിടുവാൻ സഖീ
മോഹമെത്രയോ ഉണ്ടെന്നാകിലും
ഒക്കുകില്ലെന്നതോർക്ക നീ

കാരണങ്ങളതൊക്കെയും നിന്നോ-
ടോതി ഞാനെന്നിരിക്കിലും
പേർത്തുംപേർത്തും കരഞ്ഞുകൊണ്ടുനീ
ഓതിയോരോരോ വാക്കുകൾ

എന്മനസ്സിന്റെ കോണിലായിത്ത-
ണുത്തുറഞ്ഞു കിടന്നുപോയ്
എന്നു ഞാനിനി നിന്നെക്കണ്ടിടു-
മെന്നതോർത്തിരിക്കുന്നു ഞാൻ

ജീവിതം തള്ളിനീക്കുവാനായി 
ജന്മം ഹോമിക്കും ഞങ്ങൾതൻ
വീട്ടുകാരുടെ കാത്തിരിപ്പുകൾ
ഓർത്തുകൊണ്ട് കിനാവുകൾ
നെയ്തെടുത്തവ ഏറ്റിടാനായി-
ക്കാത്തുവച്ചു ധനത്തെയും

യാത്രപോകുവാൻ നോക്കും നേരത്തോ
വിഘ്നമേറെക്കടക്കുവാൻ
തിക്കുകൂട്ടി പരിഭ്രമിച്ചങ്ങു 
എത്തി തൻ്റെ ഗൃഹത്തിലായ്,

മക്കളേയും പ്രിയസഖിയേയും
നോക്കിക്കണ്ടങ്ങിരിക്കവേ
"അമ്മയേയൊട്ടു കാണുന്നില്ലല്ലോ"
ആധിയോടെ ചോദിച്ചുപോയ്‌

"എവിടെയെന്നമ്മ പറയൂ വേഗം നീ
കാണുവാൻ കൊതിയേറെയായ്
ഓടിച്ചെന്നു വിളിക്കിൻ മക്കളെ 
കൈപിടിച്ചിങ്ങു കൊണ്ടു വാ"

ഇത്രയും പാതി കേട്ടനേരത്തു
ദു:ഖമോടെ പറഞ്ഞവൾ
"വിട്ടുപോയിട്ടധികനാളായി,
കാരണമൊട്ടറിയൊലാ"

കോപമോടവൻ ചീറിയടുത്ത
നേരത്തവൾതൻ പിന്നിലായ്
ഒത്തുചേർന്നതാ നിൽക്കുന്നിതമ്മ
ചുണ്ടിലൂറും ചിരിയുമായ്

പേടിക്കേണ്ട നിൻ പൊക്കിൾക്കൊടിതൻ
ബന്ധമറ്റുപോയെങ്കിലും
എന്നുമേ മനം കൂടെ നിന്നു നിൻ
നന്മക്കായിട്ടോരോ ദിനം.

സ്വന്തമമ്മയെപ്പോൽ നോക്കും മരു-
മക്കളെന്നുടെ ഭാഗ്യമാം
കൂണുപോലെ വൃദ്ധസദനങ്ങൾ
ഏറിടും നേരവുമെന്നെ
ജാഗ്രതയോടെ പാലിച്ചീടുന്ന-
തോർക്കെ സന്തോഷക്കണ്ണുനീർ!

കണ്ണുകളൊപ്പി, മക്കളെല്ലാരും
ചേർത്തൊരുക്കിയ ഭക്ഷണം
ഒത്തുചേർന്നു കഴിച്ചിടേ, വീണ്ടും
എന്മിഴികൾ നിറഞ്ഞുപോയ്!

==========(=====(((((((((

വിരഹം
കാത്തിരുന്നു വലഞ്ഞ നിന്നുടെ 
ചാരെയെത്തിടുവാൻ സഖീ
മോഹമെത്രയുമുണ്ടെന്നാകിലും
ഒക്കുകില്ലെന്നു ഓർക്ക നീ

കാരണങ്ങളതൊക്കെയും
 ചൊല്ലി നിന്നൊടെങ്കിലും
പേർത്തു പേർത്തു കരഞ്ഞു കൊണ്ടു നീ
ഓതിയോരോരോ വാക്കുകൾ

എൻ മനസ്സിൻ്റെ കോണിലായതു
തണുത്തുറഞ്ഞു കിടന്നു പോയ്
എന്നു ഞാനിനി കാണും നിന്നെയും
എന്നതോർത്തിരിക്കുന്നു ഞാൻ

ജീവിതം തള്ളിനീക്കുവാനായ്
ജന്മം ഹോമിക്കും ഞങ്ങൾ തൻ
വീട്ടുകാരുടെ കാത്തിരിപ്പുകൾ
ഓർത്തുകൊണ്ട് കിനാവുകൾ
നെയ്തെടുത്തവ ഏററിടാനായ്
സ്വരുക്കൂട്ടി വച്ചു ധനത്തേയും

യാത്ര പോകുവാൻ നോക്കും നേരത്ത്
കടമ്പയേറെ കടക്കുവാൻ
തിക്കുകൂട്ടി പരിഭ്രമിച്ചങ്ങു 
എത്തി തൻ്റെ ഗൃഹത്തിലായ്,

മക്കളേയും തൻ പ്രിയസഖിയേയും
നോക്കിയങ്ങുയിരിക്കവേ
കാണുന്നില്ലല്ലോ അമ്മയെന്നോർത്തു
ആധിയൂറി ചോദിച്ചുപോയ്

എവിടെയെന്നമ്മ പറയൂ വേഗം നീ
കാണുവാൻ കൊതിയേറെയായ്
ഓടിച്ചെന്നു വിളിക്കിൻ മക്കളെ 
കൈപിടിച്ചിങ്ങു കൊണ്ടു വാ

ഇത്രയും പാതി കേട്ടനേരത്തു
ദു:ഖമോടെ പറഞ്ഞവൾ
വിട്ടുപോയിട്ടൊട്ടൊരു നാളായ്
കാരണങ്ങളറിയൊല

കോപമോടവൻ ചീറിയടുത്ത 
നേരത്തവളുടെ പിറകിലായ്
ഒത്തുചേർന്നിതാ നിൽക്കുന്നിതമ്മ
ചുണ്ടിൽ ചെറിയൊരു ചിരിയുമായ്

പേടിക്കേണ്ടനിൻ പൊക്കിൾകൊടിയുടെ
അറ്റം വിട്ടു പോയെങ്കിലും
എന്നുമേ മനം കൂടെ നിന്നു നിൻ
നന്മക്കായിയോരോ ദിനം.

സ്വന്തമമ്മയെപ്പോലെ നോക്കുന്ന
മരുമക്കളെൻ്റെ ഭാഗ്യമായ്
വൃദ്ധസദനങ്ങൾ കുണുപോലെ
മുളച്ചിടുന്നൊരു നേരവും
കരുതലായെന്നെ പാലിച്ചീടുന്ന
തോർത്തെനിക്കൊരു സങ്കടം

മിഴികൾ തുടച്ചു മക്കളെല്ലാരും
ചേർന്നൊരുക്കിയ ഭക്ഷണം
ഒത്തുചേർന്നു കഴിച്ച നേരത്ത്
എൻമിഴികൾ നനഞ്ഞുപോയ്!

================================



ഗംഗതൻ തീരത്തുള്ളോ-
            രാശ്രമത്തിങ്കലായി
വാണിടേയഹല്യയും
            പതിയാം ഗൗതമനും
വിശ്വമോഹിനിയാകു-
             മഹല്യാരൂപം കാൺകേ 
ആമോദചിത്തനായി
             ദേവേന്ദ്രനൊരു ദിനം
 
ആസക്തിയേറേയവ-
               ന്നവളെപ്രാപിക്കാനായ് 
താമസം വിനായൊരു
              മുനിതൻ രൂപം പൂണ്ടി-
ട്ടാശ്രമസമീപത്തായ്
              തക്കംപാർത്തിരിപ്പായി,
ഗൗതമന്നഭാവവും
               നോക്കിയക്ഷമനായി

സന്ധ്യാവന്ദനത്തിന്നു
               മാമുനി പോയനേരം 
ആശ്രമേ പ്രവേശിച്ചു
               പ്രാപിച്ചാനഹല്യയെ
മാമുനി തിരിച്ചെത്തേ
               കണ്ടോരു കാഴ്ചയല്ലോ
ഇന്ദ്രനെയാശ്രമത്തിൽ,
               ചാരത്തായ് തൻപത്നിയും

ക്രുദ്ധനായ് മുനി ചോദി-
                "ച്ചാരു നീ ചൊല്ലൂവേഗം, 
അല്ലയെന്നാകിൽ നിന്നെ
                 ഭസ്മമാക്കി മാറ്റും ഞാൻ" 
"സ്വർഗ്ഗലോകാധിപനാ-
                 മിന്ദ്രൻ ഞാൻ, പൊറുത്താലും, 
തെറ്റു ഞാൻ ചെയ്തേപോയി",
                 താഴ്മയോടിന്ദ്രൻ ചൊല്ലി 
                  
ദുഷ്കർമ്മമല്ലോ ചെയ്തൂ,
                 ഗൗതമശാപമേറ്റി-
ട്ടിന്ദ്രനും കർമഫലം
                 സഹിക്കയല്ലോ മാർഗ്ഗം
കേണുകൊണ്ടിരിക്കുമാ
                 പത്നിയാമഹല്യയെ
നോക്കി ശപിച്ചൂ മുനി:
                "ശീലയായ് മാറട്ടേ നീ"

"കാനനവാസത്തിന്നായ്
                 ദശരഥ തനൂജൻ 
എത്തുമിവിടൊരിക്കൽ
                 തന്നനുജനോടൊപ്പം 
അന്നു ശ്രീരാമപാദ
                 സ്പർശനമേൽക്കേ നീയും
ശാപമോചിതയാകും,
                 വസിക്കുമെന്നോടൊപ്പം"

വർഷങ്ങൾ നീങ്ങീടവേ,
                 ശാപമോചിതയാകേ,
ഗൗതമൻതൻ ജീവിത
                 സഖിയായഹല്യയും. 
അറിയാതെ ചെയ്തീടും
                 തെറ്റിനാലല്ലോ സ്ത്രീകൾ 
അപമാനഭാരത്താൽ
                 നാളുകൾ നീക്കീടുന്നു.

അതിൻദൃഷ്ടാന്തമല്ലോ 
                 അഹല്യാദേവിതന്നെ-
യെന്നുള്ള പരമാർത്ഥം
                 അറിയേണമെല്ലാരും 
നാരികൾതൻ വ്യഥകൾ
                 എന്നുമരങ്ങേറീടേ 
ജീവിതം ലഹരിയാൽ
                 ഹോമിച്ചീടുന്നു ചിലർ!

ഇന്ദിരാ ഗംഗാധരൻ
മാനന്തവാടി


==================================

 
                 
                 






ഗംഗാതീരം തന്നിലായ് ആശ്രമത്തിങ്കലായി
വാഴുന്നോരഹല്യയും പതിയാം ഗൗതമനും
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദേവേന്ദ്രനൊരു ദിനം ആമോദചിത്തനായി

മതിഭ്രമം മൂത്തു അവളെ പ്രാപിക്കുവാൻ തക്കം പാർത്തിരുന്നവൻ
ആശ്രമത്തിന്നരികേ

സന്ധ്യാവന്ദനത്തിനായ് 
മാമുനി പോയ നേരം
മുനിതൻ രൂപം പൂണ്ടു പ്രാപിച്ചാനഹല്യയെ

'മാമുനി വന്ന നേരം കണ്ടൊരു കാഴ്ചയല്ലോ
തന്നുടെ രൂപത്തോടെ നിൽക്കുന്നോരിന്ദ്രനേയും 
ചാരത്തായ് പത്നിയേയും

ക്രുദ്ധനായ് മുനി ചൊല്ലി ആരിവൻ എന്നു ചൊല്ലു 
അല്ലെങ്കിൽ ഭസ്മമാക്കീടുവൻ നിന്നെ ഞാനും
ചൊല്ലിനാനതു നേരം സ്വർഗ്ഗലോകാധിപൻ ഞാനും
പൊറുത്തുകൊള്ളേണമീ കുരുത്തക്കേടിൽ നിന്നും 

ഗൗതമശാപമേറ്റു ദുഷ്കർമ്മഫലം കിട്ടി തന്താൻ ചെയ്തോരുകർമ്മം 
തനിക്കു തന്നെ വരും
കേണുകൊണ്ടിരിക്കുന്ന അഹല്യാ തന്നെ നോക്കി 
ശപിച്ചു മാമുനിയും ശിലയായ് തീർന്നീടുവാൻ

കാനനദേശേ രാമൻ അനുജൻ തൻ്റെ കൂടെ വരുന്ന കാലത്തിങ്കൽ
ശ്രീരാമ പാദസ്പർശം ഏൽക്കുന്ന
 വേളയിങ്കൽ 
ദുരിതങ്ങളെല്ലാം തീരും എന്നെന്നുമെന്നോടൊപ്പം പിന്നീട് വസിക്കും നീ.

വർഷങ്ങൾ നീങ്ങിടവെ ശാപമോചിതയായി
വീണ്ടുമാ പതിതൻ്റെ ജീവിത സഖിയായി

അറിയാതെ ചെയ്തീടുന്ന തെറ്റിനാൽ നാരികളും
അപമാനഭാരത്താലെ നാളുകൾ നീക്കീടുന്നു.
അതിനൊരു ദൃഗ്സാക്ഷി അഹല്യാദേവി തന്നെ
എന്നുള്ള പരമാർത്ഥം അറിഞ്ഞീടേണം നമ്മൾ

നാരികൾ തൻ വ്യഥകൾ ഇന്നും അരങ്ങേറുന്നു
ജീവിതം ലഹരിയിലായ് ഹോമിച്ചീടുന്നു ചിലർ!

ഇന്ദിരാ ഗംഗാധരൻ
മാനന്തവാടി




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ