2023 ജൂലൈ 17, തിങ്കളാഴ്‌ച

സമാഹാരം

1   ചാന്ദ്രയാൻ 3
2   അതിജീവനത്തിനൊരു
      പുതുനിർവചനം 
3    ഒരു പരിസ്ഥിതിദിനച്ചിന്ത 
4    ബാല്യം
5    അരി രുചിക്കും കരിവീരൻ ഞാൻ
6    നീലവിഹായസ്സ്
7    ഞാൻ ഗർഭസ്ഥൻ     
8    ജനപ്പെരുപ്പം അത്ര മോശം കാര്യമല്ല!
      (സാമ്പത്തികശാസ്ത്ര കവിത)
9    ഞാനും എന്റെ ആത്മാവും
10  ഗുരുദേവൻ
11  പാഞ്ചാലിയെന്ന ശാപജന്മം
12   പൂർവ്വജന്മത്തിലെ കർണ്ണൻ
13   കംസപുരാണം
14   ചിങ്ങമാസക്കാഴ്ചകൾ
15   മനസ്സെന്ന 'സൂത്രം' 
.     (ഭൂജംഗപ്രയാതം ) 
16   വസുന്ധയുടെ പരിവേദനങ്ങൾ
17   തീരം തേടും തിരകൾ
18   കർഷകസമര വിജയം
19   പരിചിന്തനം
20   പൂട്ടു വീണ ജീവിതങ്ങൾ
21   മനസ്സൊരു മായാലോകം
22   അരുവി പുഴയാകുമ്പോൾ
23   നർമ്മ,കാരുണ്യ,ച്ചിരിത്തമ്പുരാൻ
24   കുരുട്ടു മരങ്ങൾ
25    മാവേലിയുടെ ദുഃഖം
26    കേരള ഗാനം 
27
28
29
30



.                   സമാഹാരം


                              1

.                   ചാന്ദ്രയാൻ 3

ശ്രീഹരിക്കൊട്ടയിൽ നിന്നുപൊങ്ങി 
മോഹതീരത്തേക്കു 'ചന്ദ്രയാൻ ത്രീ'

മാനത്തോളം തന്നുയർന്നതഭി-
മാനമാണിന്ത്യതൻ, ലോകമാകെ

എത്തീ ഭ്രമണപഥത്തിലായി
എത്രയോ വേഗത്തിൽ ചന്ദ്രയാനം

മാസമൊന്നു യാത്ര ചെയ്തേ ചന്ദ്ര-
മാമന്നുപരിതലത്തിലെത്തൂ
 
കാത്തിരിക്കാമിനി മാസമൊന്ന- 
ങ്ങെത്തിടാനായതാ സോമതീരേ

ചന്ദ്രന്റെ തെക്കേ ധ്രുവത്തിലായി 
ആരുമിതേവരെയെത്തിടാത്ത

ഭൂപ്രദേശമെന്ന പ്രത്യേകത
ഇപ്രാവശ്യത്തെ യാത്രക്കുള്ളതാം

റോക്കറ്റു 'ബാഹുബലി' മേലേറി 
'വിക്രമൻ' ചെന്നിറങ്ങും ചന്ദ്രനിൽ

'പ്രാഗ്യനോ' ചന്ദ്രന്നുപരിതലേ
പ്രാഞ്ചി നടന്നു തിരഞ്ഞെടുക്കും

ശാസ്ത്രീയമായ പരീക്ഷണത്തി-
ന്നെത്രേമുതകും തെളിവൊക്കെയും 

'ലൂണാർ ദിന'മാമീരേഴ് ദിനങ്ങൾ 
വേണം തെളിവുകൾ ശേഖരിക്കാൻ  

ദൗത്യം വിജയിച്ചാൽ നമ്മളാകും
നാലാമത്തെയംഗമീ സംഘത്തിൽ

ധ്യാനനിരതരായ് നമ്മൾക്കിനി
ദൗത്യം വിജയിക്കാൻ കാത്തിരിക്കാം


.                              2              

അതിജീവനത്തിനൊരു പുതുനിർവചനം 


കാണാതെപോയോരു താതനേയും തേടി-
യാണാ കുരുന്നുകൾ പോയതല്ലോ 

ആമസോൺ ഗ്രാമമാം ആരാരക്വാരയി-ലായിരുന്നക്കുടുംബത്തിൻ വാസം 

ഗോറില്ലകൾ ഭീഷണിപ്പെടുത്തെ,യച്ഛൻ
മാറിനിന്നു തന്റെ വീട്ടിൽനിന്നും

വർഷമൊന്നുപോകേയാരിലോനിന്നോരു
വൃത്താന്തമച്ഛനെപ്പറ്റിയെത്തി

ഏറെദൂരേയുള്ള സാൻജോസെഡെഗ്വാ
വാറെന്ന ഗ്രാമത്തിലുണ്ടുപോലും

ഒന്നുമേ പിന്നെയാലോചിച്ചതേയില്ല
ഒന്നിച്ചവർ പ്രയാണം തുടങ്ങി 

അമ്മ മഗ്‌നലീന,ക്കൊപ്പമാ മക്കളാം 
ആദ്യ പുത്രി ലേസ്ലി, സോളിനിയും,

മൂന്നാമനാം ടിയാൻ,പിന്നെപ്പത്തുമൊന്നും
മാസങ്ങളെത്തിയോരാ ക്രിസ്റ്റിനും

ഗോത്രനേതാവുമുണ്ടായിരുന്നൊപ്പമാ 
യാത്രയിലാശ്രയമേകുവാനായ് 

കുഞ്ഞൻ വിമാനമാം സെസ്‌നയിൽ കേറി, വൻ 
കാടാകുമാമസോണിൻ മേലെത്തേ

കാട്ടിന്റെ മദ്ധ്യത്തു മൂക്കുകുത്തി വീണു,
പെട്ടെന്നു, യന്ത്രത്തകരാറിനാൽ

ഗോത്രനേതാവുമാ വൈമാനികനും തൽ
മാത്രയിൽ മൃത്യുവെ പ്രാപിച്ചിടേ

വേണ്ടുന്നുപദേശം മക്കൾക്കേകാനാ യ്ജീ-
വിച്ചിരുന്നാ അമ്മ നാൽദിനങ്ങൾ 

രണ്ടാഴ്ചകൾ പോകെയേറെയന്വേഷിച്ചു
കണ്ടെത്തിയല്ലോ തകർന്ന യാനം

പ്രായമായോർ മൂന്നുപേരും പരലോകം
പൂശീ, ശവങ്ങൾ സമീപേ കണ്ടു 

കാണുവാനായില്ലയെന്നാലാ നാൽവരാം
കുഞ്ഞുങ്ങളേയാ സമീപത്തെങ്ങും! 

അമ്മതൻശിക്ഷണം പേറിയാക്കുട്ടികൾ
അപ്രദേശം വിട്ടുപോയിരുന്നു 

കുഞ്ഞുപ്രായത്തിലേയമ്മതൻ വേഷമ-
ണിഞ്ഞു ലെസ്ലി താഴെയുള്ളവർക്കായ്

കയ്യിലേന്തി കുഞ്ഞു ക്രിസ്റ്റിനെ, പിന്നിലായ്
പയ്യെ നീങ്ങി മറ്റു രണ്ടുപേരും

രണ്ടു സഞ്ചി, സോഡാ,പാൽക്കുപ്പി, വസ്ത്ര വും
രണ്ടു ഫോണും , പാട്ടുപെട്ടീം ടോർച്ചും

മാത്രം എടുത്തുകൊണ്ടുൾവനത്തിലേക്കു
യാത്രയായീ ലക്ഷ്യമില്ലാതവർ

പാൽക്കുപ്പിയും, ജോഡിപാദുകങ്ങളും, കാൽ-
പാദങ്ങൾ തന്നടയാളങ്ങളും,
 
അന്വേഷണത്തോടെയെത്തുവോർ കാണുവാൻ
പിന്നിൽ ഉപേക്ഷിച്ചവരു നീങ്ങി

അന്ധകാരം തഴച്ചാകേയിടതൂർന്ന 
ആമസോണാരണ്യമാണതോർക്കൂ.

പോരേലൊരു വർഷം ഏഴെട്ടു മാസവും 
കോരിച്ചൊരിഞ്ഞിടും വർഷമല്ലോ

വന്യമൃഗങ്ങൾ, വിഷപ്പാമ്പുമൊപ്പമാ-
വോളമല്ലോ ക്ഷുദ്രജന്തുക്കളും

ഭീതിക്കു കൂട്ടായിരൂട്ടേറുമക്കാന-
നത്തിന്നകത്തകപ്പെട്ടുപോയാൽ 

സംഭ്രമം തോന്നുമോരാകാനനത്തിലാ-
യിത്രക്ലേശം സഹിച്ചോരാനാലു 

പിഞ്ചോമനകൾതൻ ദുർഘടാവസ്ഥയി ൽ
നെഞ്ചുരുകാത്തവരാരുണ്ടാകും?

കാടുമായടുപ്പം, ജീവിക്കുവാനിച്ഛ,
കാടിന്റെ സിദ്ധാന്തത്തിന്നറിവും

സമ്പാദ്യമുള്ളൊരാ മാലാഖമാർക്കു നി-
സ്സാരമാ കാടു താണ്ടീടുവാനായ്!

കാട്ടുപഴങ്ങൾ പറിച്ചു തിന്നും ശുദ്ധ
കാട്ടുചോലതൻ ജലം കുടിച്ചും,

വന്യമൃഗങ്ങളിൽ നിന്നകന്നു മാറീം
വർഷത്തെ വേണ്ടവിധം ചെറുത്തും

പണ്ടൊരിക്കലെട്ടുവീട്ടു പിള്ളമാരെ-
പ്പേടിച്ചു മാർത്താണ്ടവർമ്മ രാജൻ 

അമ്മച്ചിപ്ലാവിന്റെ പൊത്തിൽ മറഞ്ഞ പോൽ
വന്മരപ്പോട്ടിൽ ഒളിച്ചുറങ്ങീo
 
നാലിലേറെക്കിലോമീറ്റർ നടന്നവർ
നാൽപ്പത് ദിവസമതിജീവിച്ചു

നൂറ്റമ്പതിൽപ്പരം യോദ്ധാക്കളും പിന്നെ 
നായ്ക്കൾ ഹെലിക്കോപ്റ്ററെന്നിവയും 

നാട്ടാരുമൊത്തുചേർ'ന്നോപ്പറേഷൻഹോപ്പെ'ന്നുള്ളോരു പേരിലന്വേഷിച്ചിടേ 

നാൽപ്പതാംദിവസ്സം കണ്ടെത്തിസൈനിക ൻ 
നിക്കോളസ്സ് ഗോമസ്സാ നാൽവരേയും

കോളംബിയായിലെ'ക്കാക്വെറ്റ' പ്രൊവിൻ സിൽ 
കാട്ടിലുള്ളോരു വെളിമ്പ്രദേശത്ത്.

(വിമ്പലുണ്ടെന്നാലവരെക്കണ്ടെത്തിയ
'വിത്സൺ' നായയപ്രത്യക്ഷനായി')

കാടിനേ നന്നായറിഞ്ഞു വളർന്നവർ
കാടോ അവരെത്തൻ മക്കളാക്കി

എത്രയോ ആഴത്തിലുള്ളോരു ബന്ധമാം
അത്രവേഗം വേർപെടുത്താനാമോ?

ചേർത്തു നിർത്താനായിയാരുമേയില്ലാ തെ 
ഇത്രയും ദുർഘടമാം വനത്തിൽ 

ജീവിച്ചവരിത്രേം നാളെന്നതാമതി-
ജ്ജീവനത്തിൻ പുതുനിർവ്വചനം!!!



                           3


        ഒരു പരിസ്ഥിതിദിനച്ചിന്ത 

വിത്തിനുള്ളിൽച്ചെറുബീജമായി
എത്രനാൾ ഞാൻ മയങ്ങിക്കിടന്നോ!
ഏതൊവിദ്യാർത്ഥിയെറിഞ്ഞതാകാം,
മൂത്തുപഴുത്ത പഴംതിന്നു തൻ 
വായിലൂറും സ്വാദുമാസ്വദിച്ചീ
വിദ്യാലയത്തിൻ മുറ്റത്തരികിൽ
 
പേമാരിയൊന്നു കടന്നുപോകേ
പാരിലേക്കെത്തി ഞാൻ നോക്കിയല്ലോ!
എത്ര മൃദുലമന്നെന്റെ മേനി!
പുത്തനാം സിൽക്കുടുപ്പിട്ടപോലെ!
മെല്ലേയിലകൾ വിരിഞ്ഞ ശേഷം
വെല്ലും മരതകപ്പച്ചയായി 
പുത്തനാം നാമ്പു വിരിയേയിന്നും
പാടലവർണ്ണം തന്നായിരിക്കും

ശാഖകളോടെ വളർന്നുപോങ്ങി
ശോഭതോന്നും യുവചൈതന്യമായ്
താമസിച്ചില്ല, താരുണ്യമെന്നിൽ
താരിന്റെ മൊട്ടണിയിക്കയായി
മൊട്ടുവിരിഞ്ഞു മലരാകവേ
മാണ്പെഴും വർണ്ണമനോഹരിയായ്
തേൻകിനിഞ്ഞുള്ളിൽ, സൗരഭ്യമൊപ്പം 
തേനീച്ചയും വണ്ടുമോടിയെത്തി
മോദമോടേയവർ മധുനുണയു-
മൊപ്പമറിയാതെ പൂമ്പൊടിയും
ഒപ്പിയെടുത്തു മൂളിപ്പാട്ടുമായ്
ഒത്തിരി ദൂരെ പറന്നകലും

പൂവിൻ ദളങ്ങൾ മെല്ലെക്കൊഴിഞ്ഞു
പോകേയവ കായ്കനിയായ് മാറി
മൂത്തുപഴുത്തു കിനിഞ്ഞീടവേ
എത്രയോ അണ്ണാറക്കണ്ണന്മാരും
പക്ഷികളും തൻകുക്ഷി നിറയെ
ഭക്ഷിക്കായായിയാമോദമോടെ.
എത്തിച്ചവരെന്റെ വിത്തുകളെ
ഏറെ ദൂരെത്തൈച്ചെടികളാക്കാൻ
വിദ്യാർത്ഥികളുമെല്ലാ വർഷവും
സ്വാദോടെയെൻഫലമാസ്വദിച്ചു 
വിത്തുകളവരും കഴിച്ചിടുന്നു
പാതയോരത്തും പലയിടത്തും.

ശാഖകളേറിയും നീണ്ടും വന്നു
ശോഭയു,മൊപ്പമൊരോവർഷവും 
പത്രങ്ങളെന്റെ കൊഴിഞ്ഞുപോകേ 
പുത്തനിലകൾ കിളിർത്തുവന്നു
പച്ചയിലകൾ ചിരിച്ചില്ലമൂ-
പ്പെത്തിപ്പഴുത്തയിലകൊഴിയേ
പാഴ് വാക്കുരയ്ക്കുകയാണു മർത്യർ
പ്രകൃതിക്കില്ലാ നീതി, തിട്ടമാണ്

വർഷങ്ങളേറെക്കടന്നുപോകെ
വന്മരമായിഞാൻ മാറിയല്ലോ
ഭാഗ്യവാൻ ഞാൻ, മർത്യൻ വെട്ടിയില്ല,
യോഗ്യനായ് നിൽക്കുന്നു സ്കൂൾമുറ്റത്ത്
കുട്ടികൾ, ഭാവിതാൻ വാഗ്ദാനങ്ങൾ,
ഒട്ടുമാശങ്കയില്ലാതെയെന്നും
ഉല്ലാസമോടെ കളിപ്പെൻ ചുറ്റും
വല്ലാത്തൊരാഹ്ലാദമാണെനിക്കും
 
ഇന്ന് പരിസ്ഥിതിദിനമാണല്ലോ!
ഇന്നവർക്കേകി ഞാൻ തൈകളേറെ
നട്ടു നനച്ചു വളർത്തുമവർ
ഒട്ടേറെ വൃക്ഷങ്ങളായ് വളരും
പ്രകൃതീസ്നേഹിയായ് മാറി മർത്യൻ
പക്വതകാട്ടുകയെത്ര നന്നാം 

എത്രയോ ധന്യനാണിന്നു ഞാനും
പത്രാസെനിക്കില്ലയെന്നാലൊട്ടും



                          4


.                     ബാല്യം

മന്ദഹസിക്കവേ, നയനം ചിരിക്കുന്ന
സുന്ദരമാം ബാല്യകാലം

മോണകൾ കാട്ടിച്ചിരിച്ചുവെന്നാൽ മണി-
മുത്തുപൊഴിക്കുന്ന കാലം  

ഒന്നും രണ്ടും പോകേയവിടെ തിരിഞ്ഞി-
രുന്നു കയ്യാൽ തൂക്കും കാലം 

മുട്ടിലിഴയവേ കിട്ടുന്നതൊക്കെയും
പൊട്ടിക്കാൻ വെമ്പുന്ന കാലം

മാമുണ്ണുവാൻ നേരത്തെപ്പോഴുമമ്പിളി-
മാമനെക്കാണേണ്ട കാലം

മാതാമഹിയുടെ മടിയിൽത്തലവച്ച് 
ഐതിഹ്യങ്ങൾ കേൾക്കും കാലം

അച്ഛന്റെകൈവിരൽത്തുമ്പിലൂയലാടി 
പിച്ചനടന്നു പഠിക്കും കാലം

കൂത്താടിയോടും പശുക്കിടാവിൻ മുഖം
മുത്തുവാൻ വെമ്പിടും കാലം

ഉറക്കം നയനത്തിൽ നിന്നുമകറ്റുവാൻ 
ഉറക്കെക്കരയുന്ന കാലം

ഉണരവേയമ്മയെക്കണ്ടില്ലയെങ്കിലും
ഉറക്കെക്കരയുന്ന കാലം

ഉടുപ്പ് ധരിപ്പതനാവശ്യമാകയാൽ
ഉരിഞ്ഞെറിഞ്ഞീടുന്ന കാലം

കയ്യിൽക്കളിപ്പാട്ടമേതു കിട്ടിയാലും
വായിലാക്കീടുന്ന കാലം 

ബാലഭാവങ്ങളും വേഷങ്ങളുമതേ- 
പോലൊന്നുകൂടാടാൻ മോഹം 


                         5

അരി രുചിക്കും കരിവീരൻ ഞാൻ


അരി രുചിച്ചെന്ന പഴിചാരിയെന്റെ
കരചരണാദി കെട്ടി
പെരിയാറിന്റെയുൾവനങ്ങളിൽ കൊണ്ടു
കരുതലില്ലാതെ തള്ളി
അരിരുചിച്ചിട്ടു പശിയൊടുക്കുക 
പെരിയകുറ്റമാണെന്നോ?
ഒളിവെടി വച്ചു മയക്കിയല്ലയോ
തളച്ചതീയെന്നേ നിങ്ങൾ?
ഒരു തരംകെട്ട അനീതിയെന്നോടു
കരുതിചെയ്തില്ലേ നിങ്ങൾ
എനിക്കുതുല്യനാം, കുസൃതി കാട്ടുന്ന, 
പനസപ്രിയനെ പിടിച്ചോ? 
കുടുംബമായിഞാനിടുക്കിയിൽ വാഴേ
പിടിച്ചുകെട്ടിയതല്ലേ?
പരിചയമൊന്നും പെരിയാർ സങ്കേതേ
തരിമ്പുമേയെനിക്കില്ല
തനിയെയിങ്ങനെയലയുവാനായി
തുറന്നിവിടെ വിടാമോ?
കുടുംബത്തേക്കൂടി പിടികൂടിക്കൂടെ 
വിടുക മാന്യതയല്ലേ?
കരുതലാകുമായിരുന്നതെന്നതിൽ
തരിമ്പും സംശയമില്ല
കുടുംബവുമായിട്ടിവിടെ ഞാനപ്പോൾ
അടങ്ങിവാണിരുന്നേനെ
അടക്കിവഴുവാൻ ഒരുക്കമാണു ഞാൻ
കുടുംബത്തെക്കൂടി തന്നാൽ
തിരയുന്നുണ്ടാകാം എനിക്കായ്കുടുംബം 
പെരിയ ദുഃഖവുമായി
ഒരിക്കലും ചോരാ തരിമ്പുമെൻ വീര്യം
ഒരായിരം വെടി വെച്ചാൽ 
കുടുംബജീവിതം നയിച്ചിടും മർത്യൻ
കൊടുംചതിയല്ലോ ചെയ്തൂ 
സഹിക്കാനാവതില്ലെനിക്കൊട്ടുമിത്
സഹനമെൻ ശീലമല്ല
അടവികൾ താണ്ടാൻ എനിക്കില്ലയൊട്ടും 
മടിയെന്നതു മറന്നോ?
പൊടുന്നനെയൊരു പുലരിയിൽ ഞാനാ 
ഇടുക്കിയിൽ തിരിച്ചെത്തും
അതുവേണ്ടെന്നാലോകുടുംബത്തെക്കൂടിഅതിവേഗം ഇവിടാക്കൂ.
പനസ്സപ്രിയനെപ്പിടിച്ചില്ലെങ്കിലും
എനിക്കില്ലപ്പോൾപ്പരാതി!


                          6


              നീലവിഹായസ്സ്
-----------------------------------------------------------

നീലവിഹായസ്സേ! നിന്റെയോളങ്ങളിൽ
നീന്തിത്തുടിക്കാനെനിക്കു മോഹം.

ഇത്രയഗാധമാം നീലിമ നേടുവാൻ 
ഇന്ദ്രനീലം നീയുരച്ചുചേർത്തോ?

നീലക്കടമ്പിന്റെ പൂക്കൾ തിളപ്പിച്ച
നീരിൻരസായനക്കൂട്ടു ചേർത്തോ?

ആദിയുമന്തവുമില്ലാത്ത നിന്നുടെ
ആഴപ്പരപ്പിൻ നിബിഡതയ്ക്കായ്

ആരാം നിനക്കിത്രയേറെയബ്ദം നൽക?
ആകാശഗംഗയോ അബ്ധിതാനോ?

ആകില്ല കാർമേഘമെന്നതാം നിശ്ചയം
ആജലത്തിന്നവകാശി ഭൂമി!

ഇന്ദുവാം പത്മവും താരകയാമ്പലും  
നീന്തിത്തുടിപ്പൂ നിന്നോളങ്ങളിൽ.

ഒപ്പമവരുമായ് നീന്തിക്കളിക്കുവാൻ
ഒത്തിരി മോഹമെനിക്കുമുണ്ടേ!   

പേടിയാണെന്നാലവർക്കിടേലായേറെ    
പൃഥ്‌വിതൻ പേടകപ്പൂളുകളും 

ലക്ഷ്യമില്ലാതെ കറങ്ങുന്നവ,യെന്റെ  
കുക്ഷിയിൽ വന്നു തറച്ചെന്നാലോ?

ചീറിപ്പാഞ്ഞെത്തിടും ശീൽക്കാരവുമായി 
ഏറെപ്പുകപടലം പരത്തി,

എത്രയോ ആകാശപേടകമാണിന്നു
മർത്യനവിടേയ്ക്കയച്ചീടുക,

നിന്റെ വിശാലമാമങ്കണം തന്നിലായ്,
നിന്നേയിടത്താവളമാക്കിയും 

മറ്റു ഗ്രഹങ്ങളിലെത്തിപ്പെടാനായു- 
മേറെനിരീക്ഷണങ്ങൾക്കുമായും

മർത്യന്റെയത്യാഗ്രഹങ്ങൾക്കതിരില്ല,
എത്ര പഠിച്ചാലുമില്ലറുതി!

ഇല്ല, ഞാൻകൂടവിടെത്തിയായങ്കണം
വല്ലാതെ വൃത്തികേടാക്കിടേണ്ടാ!

വീക്ഷിച്ചു നന്നായിട്ടാസ്വദിച്ചുകൊള്ളാ
മിക്ഷിതിയിൽ നിന്നുകൊണ്ടു നിന്നെ!


                            7

.              ഞാൻ ഗർഭസ്ഥൻ       


ഭൂവിലെത്തുംമുൻപ് ഗർഭാശയത്തിലായ്
ജീവിപ്പു വേറിട്ട ജീവിതം ഞാൻ.   

വിത്തുപാകീട്ടുതൻ ജോലി തീർത്തച്ഛനോ
പത്തുമാസം ചുമക്കേണ്ടതമ്മ.

കോശമൊന്നിൽനിന്നുമെ
ന്റെ ജന്മമിന്നു 
മോശമല്ലാത്ത വളർച്ചയെത്തി.

ജീവന്റെ തന്മാത്രയെന്നേനിയന്ത്രിപ്പൂ 
ജീവിതം നേരാംവഴിക്കുപോകാൻ.

ഭൂവിലേക്കെത്തിയാൽ ജീവിക്കുവാനായി
ഭ്രൂണമാകും ഞാൻ തയ്യാറെടുപ്പൂ 

എത്രയോയത്ഭുതം തോന്നിടുന്നീലോക-
മെത്രമനോഹരം ഗർഭാശയം!

അമ്മയോടേറേയടുത്തോരുബന്ധത്തെ
ഉണ്മയോടേയുറപ്പിച്ചിതല്ലോ.

ഒത്തുഞങ്ങൾ പത്തുമാസമദ്ധ്വാനിക്കു-
മെത്രകരുതലെടുക്കുമെന്നോ!

ആലോലമാടിക്കളിക്കാനെനിക്കെന്റെ 
അമ്മേടെ പൊക്കിൾക്കൊടിയുണ്ടല്ലി!

അസ്വസ്ഥനാകുന്ന നേരമൊക്കെയെന്റെ 
അമ്മയെയാഞ്ഞു തൊഴിച്ചിടും ഞാൻ.

ആശ്വസിപ്പിച്ചീടുമെന്നെയപ്പോഴമ്മ,
ആശ്വാസമോടെയുറങ്ങും ഞാനും.

എന്റേയുമൊപ്പമമ്മേടേയുമാരോഗ്യ-
മെന്നും തുലാസ്സിൽത്തന്നാടിടുന്നു. 

എന്നമ്മയെന്നെയിപ്പാകത്തിലാക്കുവാൻ
എത്രയോക്ലേശം സഹിക്കുന്നുണ്ടാം!

ഭൂവിലെത്തിപ്പെടാനാഗ്രഹിക്കുന്നു ഞാൻ 
ഭാവിയെന്റേതെത്ര ശോഭനമോ?


                            8 


.     (സാമ്പത്തികശാസ്ത്ര കവിത)

ജനപ്പെരുപ്പം അത്ര മോശം കാര്യമല്ല!


എണ്ണൂറു കോടിയായീടും മനുഷ്യന്റെ 
എണ്ണമീലോകത്തീവർഷം പോലും!

ഇന്ത്യയീവർഷം കടന്നുപോം ചൈനതൻ
മുന്തിയോരൊന്നാം ജനസംഖ്യയും!

നല്ലതല്ലാപോലുമീയാൾപ്പെരുപ്പമെ-
ന്നല്ലോ ജനസംഖ്യാശാസ്ത്രം ചൊല്ലൂ.

ലോകത്തിലൊന്നാമതായിമാറീടുകി-
ലാകുവതെങ്ങനെ മോശം കാര്യം?

ആയിരത്തിയെണ്ണൂറാമാണ്ടിലോ ജനം 
ആയിരുന്നു നൂറു കോടിയെങ്കിൽ

ഇന്നാജനസംഖ്യയെണ്ണൂറു കൊടിയാം
ഇന്ന് നാൽപ്പത്തഞ്ചാണ്ടധികായുസ്സും!

ആളുക്കുപഭോഗം പതിന്നാലിരട്ടി
ആയേലു,മുൽപ്പന്നമേറെപ്പോലും! 
   
ആൾപെരുപ്പം പിന്നിലാക്കിയിപ്പൊഴിതാ 
ഉത്പാദനമേറെ മുന്നിൽപോലും!

എത്രമാത്രം സത്യമുണ്ടായിടുമിക്കാ- 
ര്യത്തിലെന്നൊന്നറിഞ്ഞീടവേണ്ടേ?

മൊത്തം പ്രപഞ്ചസമ്പത്തേയളക്കുവാൻ
ഒത്തിടാനാകാത്ത കാരണത്താൽ

എപ്രകാരം കണക്കാക്കാമതെന്നുള്ള
ഏകകം വേണ്ടിടും തിട്ടമാക്കാൻ

മാനദണ്ഡം പുത്തനായിട്ടിതാ കൊണ്ടു-
വന്നിതേ രണ്ടര്‍ത്ഥശാസ്ത്രജ്ഞന്മാർ 

'പൂലിയും' 'തൂപി'യുംചൊല്ലുന്നുപുത്തനാം 
പോംവഴിയുണ്ടു മറികടക്കാൻ 

ഒറ്റയാൾക്കായിട്ടൊരേദിനം വേണ്ടിടും 
ഒറ്റയുൽപ്പാദനം,വാങ്ങുവാനായ് 

എത്രയാകും മണിക്കൂറയാൾ തൻജോലി
ചെയ്തീടവേണ്ടതെന്ന കണക്കിൽ,

'നേരം-നിരക്കെ'ന്ന സിദ്ധാന്തമോതുന്നു 
കാര്യവും കാരണവും നിരത്തി!

"വ്യക്തിസമ്പത്തു സമൃദ്ധി സംവർധക-
*തത്വം", അതിന്നവർ പേരുമിട്ടു!
 
അപ്രകാരം പതിറ്റാണ്ടുകൾ ഏഴിന്നു- 
മപ്പുറം ചെയ്തോരു ജോലിക്കന്ന് 

വേണ്ടിവന്നേഴെട്ടു മണിക്കൂറെങ്കിലോ  
വേണ്ടതിന്നൊറ്റ മണിക്കൂർ മാത്രം!

നൂറിന്നെഴുപത്തഞ്ചെന്നതോതിൽ,പോയ
നാൽപ്പതോളം നീണ്ട വർഷങ്ങളിൽ

പാരിൽ ജനപ്പെരുപ്പമുണ്ടായീടവേ
'നേരം-നിര'ക്കോ കുറഞ്ഞുപോലും:

നൂറ്റിന്നെഴുപത്തഞ്ചെന്നതോതിലുൽപ്പ-
ന്നങ്ങളമ്പതെണ്ണം ചേർത്തുവച്ചാൽ 

നൂറിന്നൊരംശമെന്ന തോതിൽ ഭൂമിയിൽ
ഏറും ജനസംഖ്യയെന്നിരീക്കേ 

'സമ്പദ്സമൃദ്ധിതൻ മുന്നേറ്റമാകട്ടെ 
സമ്പൂർണമാമെട്ട് ശതമാനമാം .

സാങ്കേതികത്വവും മസ്തിഷ്കശക്തിയും
കെങ്കേമമായിട്ടു വർദ്ധിക്കയാൽ 

എത്രയേറേയാൾപെരുപ്പമുണ്ടാകിലും  
അത്രനാം വേവലാതിപ്പെടേണ്ടാ!

ബുദ്ധിശക്തിയുള്ളോരേറെയുണ്ടായിടും
ഒത്തൊരുമിച്ചു മുന്നേറാനാകും!

ആഘോഷമാക്കിടാമെണ്ണൂറു
കോടിതി-
കക്കുന്നൊരാപ്പുതുജീവനേയും!

പ്രത്യാശയോടിരിക്കാം ചൈനയേജയി-
പ്പാനായിട്ടെത്തുമാ മുത്തിനായും!.
 
സമ്പദ് വ്യവസ്ഥയിൽ *രണ്ടാ*മതിന്നിന്ത്യ
സാദ്ധ്യമാമൊന്നാമതാകാൻ വേഗം.

ഒന്നാമതായിടേ രണ്ടുകാര്യത്തിലും***
അന്നുമാഘോഷമാക്കാമെന്നാലും  

സമ്പത്തു കൂട്ടുന്നതിൽ കാര്യമില്ലഹോ 
സമ്പത്തൊരുപോലെല്ലാർക്കുമില്ലേൽ?

സമ്പത്തൊരേപോലെവീതിക്കിലിന്ത്യയോ
കൊമ്പത്തെ രാജ്യമായിട്ടു മാറും!


                           9  


      ഞാനും എന്റെ ആത്മാവും


പഞ്ചകർമ്മക്രിയയ്ക്കായ്   
               നിവർന്നു കിടക്കവേ
പഞ്ചേന്ദ്രിയങ്ങളേയും
               അടക്കിക്കിടത്തി ഞാൻ

മെല്ലവേചോദിച്ചെന്നി-        
               ട്ടെന്റെയാത്മാവിനോടായ് 
"വല്ലാത്തൊരീവേളയിൽ
               നീയെന്തു ചെയ്തീടുന്നു?"

"ഞാനെന്തു ചെയ്തീടട്ടേ?
                ഒന്നിനും കൊള്ളാത്തനിൻ
മേനിതന്നുള്ളിൽപ്പെട്ടു
                കുരുങ്ങിക്കിടക്കുന്നു"

കേട്ടതൊ'രാത്മാവിന്റെ
                 രോദനം' തന്നല്ലയോ,
കേട്ടതുമെന്റെയുള്ളിൽ 
                 ആർദ്രത തളംകെട്ടി    

"എങ്കിലിന്നൊന്നു പോകൂ
                  പുറത്തേയ്ക്കെന്നിട്ടു നീ
എന്നുള്ളിലെത്തിക്കോളൂ
                  ചുറ്റിക്കറങ്ങിയിട്ടു.
.
"അരമുക്കാൽ മണിക്കൂർ 
                   കിടക്കും ഞാനിതേപോൽ
ശരിക്കുമപ്പോഴേയ്ക്കും
                   തിരിച്ചു വരാമല്ലോ" 

"ഇല്ലില്ല, പോയീടുവാൻ,
                   ഇല്ലെനിക്കാവില്ലെന്നേ 
നല്ലപോൽ നിദ്രയിൽ നീ
                   പൂണ്ടുപോയില്ലെന്നാകിൽ

"ഗാഢനിദ്രയിലാണ്ടു
                  നീകിടപ്പതു കാണ്മേ
ഗോപ്യമായിട്ടു ഞാനും
                  പുറത്തേയ്ക്കു പോയീടും.

"നിന്നിൽ ഞാനുപേക്ഷിക്കും
                  എന്റെയൊരംശം മാത്രം
വന്നിട്ടു  പ്രവേശിക്കാൻ
                   വേണ്ടും പിടിവള്ളിയായ്.

"സുന്ദരസ്വപ്‌നങ്ങളും
                   കണ്ടു നീയുണർന്നീടെ
വന്നുകേറും തിരിച്ചു
                   നിന്നുടെ ശരീരത്തിൽ"

"ഒന്നുപോയ് വരാനായി,
                   ഉണർന്നിരിക്കെത്തന്നെ
ഇന്നനുവാദോ,മൊപ്പം 
                   ഉറപ്പും ഞാനായ്ത്തരാം.

"പ്രജ്ഞയുണ്ടായിരിക്കെ
                   നീയെന്നെ വിട്ടുപോയാൽ
പ്രത്യേകിച്ചെന്തുണ്ടാവാൻ
                   ഒന്നറിയേണമല്ലോ! 

നിന്റെയൊരംശം മാത്രം
                   എന്റെയുള്ളിലുള്ളപ്പോൾ
എന്റെയവസ്ഥയെന്താം,
                   അറിയാനാകാംക്ഷയായ് "

കണ്ണടച്ചിരുട്ടാക്കി
                    ഞാൻ കിടപ്പായപ്പോഴേ
വിണ്ണിലേക്കുയർന്നു ഞാൻ
                    പോയോരു പ്രതീതിയായ്‌!

ശൂന്യത മുറിച്ചുഞാൻ
                    എത്തിപ്പെട്ടതാവട്ടെ,
എന്നമ്മതന്റെ ഗർഭ
                     പാത്രത്തിന്നുള്ളിലേയ്ക്കും!

അമ്മതൻ ചൂടും ചൂരും
                     പോഷകവും ചോർത്തിയീ 
പൊന്മകൻ നിമിഷാർദ്ധേ 
                     പൂർണ്ണരൂപത്തിലെത്തി,

സ്വർഗ്ഗീയ സുഖം നേടേ
                    ചിന്തിച്ചീയവസ്ഥയിൽ
സർവ്വകാലത്തേയ്ക്കുമായ്   
                    ഇവിടെക്കഴിഞ്ഞാലോ?

ജീവിതത്തിന്റെ നൂലാ
                   മാലകളൊന്നുംതന്നെ
ഭാവിയിലൊരിക്കലും
                   അറിയേണ്ടതില്ലല്ലോ!

ചിന്തിച്ചു കഴിഞ്ഞില്ല,
                   കേട്ടുഞാനപ്പോഴെന്റെ
സ്വന്തമാദ്യരോദനം,
                   പിറന്നു വീണുപോയ്ഞാൻ!
  
അമ്മിഞ്ഞപ്പാൽ നുണഞ്ഞും 
                   മുട്ടുകാലേലിഴഞ്ഞും
അച്ഛന്റെ കൈപിടിച്ചു
                   പിച്ചവച്ചു നടന്നും,

ആദ്യമായ് വിദ്യാലയ-
                   മെത്തവേയുണ്ടായൊരാ 
ആമോദമെത്രയെന്നാ-
                   വോളമനുഭവിച്ചും 

ബാല്യകാലത്തെ നല്ല
                   കാര്യങ്ങളാവർത്തിക്കേ,
ബാല്യകാലത്തിൽ മാത്രം
                   ജീവിച്ചാൽ പോരേ,യെന്നായ്!

കിട്ടിയാ ചിന്തയ്ക്കായും
                   ശിക്ഷയൊന്നുടൻതന്നെ, 
പെട്ടെന്നു തീർന്നുപോയി
                   ആ നല്ല ബാല്യകാലം!

പാഞ്ഞുപോയി കൗമാരം,
                   യൗവ്വനമെത്തേയെന്റെ
പൗരുഷത്തിന്റെ മൂർത്ത
                   ഭാവങ്ങൾ പുറത്തെത്തി.

സംഘർഷഭരിതമാ-
                   മൗദ്യോഗിക കാലം
ദീർഘമാം സംഭവങ്ങൾ  
                   തന്നുടെ പരമ്പര!

ദീർഘിച്ചു പോയീടല്ലേ 
                   ഏറെനേരമീയെന്റെ 
ദുർഘടനാളുകൾതൻ
                   കാലം, ഞാനാശിച്ചുപൊയ്!

വിധിയെന്നാലെനിയ്ക്ക്
                   എതിരായിരുന്നെന്നും
കഥനീണ്ടുപോയില്ലേൽ
                   രസമെന്തെന്നാം സാരം!

മേലധികാരികൾതൻ  
                   അനീതിക്കെതിരെയും
മാലോകർക്കുള്ള നീതി
                   നിഷേധതിന്നെതിരേം,

രാഷ്ട്രീയക്കാരുടെയാ
                  എന്തിനും പോരുന്നോരു  
മുഷ്‌ക്കിന്നെതിരായിട്ടു
                   പോരാടി ജയിച്ചതും,

രണ്ടുംകൽപ്പിച്ചിട്ടവർ 
           .      കേറ്റുന്നു പാർലമെന്റിൻ 
രണ്ടുസഭയ്ക്കുള്ളിലും
                   എന്നെ, ക്രൂശിക്കാനായി!

സത്യത്തിൻ മുന്നിലവർ
                   തോറ്റതേ മിച്ചമായി
എത്രപോയാലുമെന്നും
                   സത്യമേ ജയിച്ചീടൂ! 

പോലീസുകാരെപ്പോലും
     .             വെല്ലുവിളിച്ചവർതൻ
കോലായിലെത്തിക്കോഴ-
                   ക്കേസ്സിലൊതുക്കിയതും!

ജോലിയിൽ നിന്നുമൊന്നു
                   വിരമിച്ചൊരാദിനം 
മേലധികാരികൾതൻ
                   വേലകൾ പൊളിച്ചതും,

വിശ്രമജീവിതത്തിൽ
.                  അറിയാതെയുണ്ടായ 
വീഴ്ചയിലേറ്റ ക്ഷതം  
                   ആവർത്തിയ്ക്കേ തൊന്നി

വെള്ളിത്തിരക്കഥയിൽ 
                   കാണ്മതു പോലെയെന്റെ
വീഴ്ചമൂലമുണ്ടായ
                   ക്ഷതവും മാറിക്കിട്ടി!

ആഹ്ലാദത്തിമിർപ്പോടെ
                   ശ്രമിക്കേയെഴുന്നേൽക്കാൻ
ആരോയെന്നേ ബലമായ്
                   പിടിച്ചു കിടത്തിയോ!

കൺതുറക്കവേ കണ്ടു  
                   'തെറാപ്പിസ്റ്റി'ന്റെ മുഖം
കണ്ണടച്ചുടൻ ഞാനും
                   മറയ്ക്കാ,നിളിഭ്യത!

"ഇറങ്ങിക്കോളൂ," കെട്ടൂ 
                   ശബ്ദവുമയാൾതന്റെ,  
"കൈലിയും കണ്ണടയും
                   എടുക്കാൻ മറക്കണ്ടാ" 

എഴുന്നേൽക്കവേയെന്റെ
                   ഉള്ളിലൊരാന്തലുണ്ടായ്
'എന്താകുമോ അവസ്ഥ
                   യെന്റെയാത്മാവു തന്റെ'?
 
തിരിച്ചുവന്നോ അവൻ 
                   എന്നുടെയുള്ളിലേയ്ക്ക-
തറിയാനെന്തേ മാർഗ്ഗം?
                   ഞാനുണർന്നിരിപ്പതോ?

           
                        10


                ഗുരുദേവൻ

പഞ്ചമഹായോഗത്താൽ
    ധന്യമാം മുഹൂർത്തത്തിൽ
വഞ്ചിരാജ്യത്തിൽ ജന്മം
    കൊണ്ടോരു ധന്യാത്മാവ്

മാനവ നവോത്ഥാന
     നായകനായി സ്വയം 
മാറിയ ചരിത്രമി-
     ന്നേവരുമറിയുന്നു.

ചെമ്പഴന്തിയിൽ വയൽ
     വാരത്തുവീട്ടിൽ ജനി-
ച്ചമ്പോടുലോകമെല്ലാം
     തൻകീർത്തിയെത്തിച്ചൊരു

നാണുവാം നാരായണൻ
     തന്നുടെ ജന്മദിനം
പുണ്യകർമങ്ങൾക്കായി
     മാറ്റിവയ്‌ക്കേണ്ടതല്ലോ!

പാണ്ഡിത്യം നേടി,യച്ഛൻ
     മാടനാശാനിൽ നിന്നും
പാരമ്പര്യമായുമ,
     ന്വേഷണ ബുദ്ധിയോടും

ശിഷ്യത്വം സ്വീകരിച്ചും 
     പണ്ഡിതന്മാരിൽനിന്നും
ശ്രദ്ധാപൂർവ്വമെല്ലാമേ
     തന്നിലേക്കാവാഹിച്ചു.
      
വർണ്ണവിവേചനത്താൽ
     ജീവിതം മുരടിച്ച എണ്ണിയാലൊടുങ്ങാത്ത
     പാവപ്പെട്ടവർക്കൊപ്പം

തന്റെ സഹാനുഭൂതി
     എന്നുമർപ്പിച്ച നാണു
തന്റേടമോടെയെന്നും
     നിന്നിരുന്നവർക്കൊപ്പം.
 
കുഞ്ഞൻപിള്ളനാമേയൻ
     ചട്ടമ്പിസ്വാമിയേയും
കൂട്ടുകാരനായ്കിട്ടി
     നവോത്ഥാന മാർഗ്ഗത്തിൽ 

ലൗകീക ജീവിതത്തെ
      വെടിഞ്ഞിട്ടാത്മീയമാം 
ലോകത്തിലേയ്ക്കു മാറി
      സഞ്ചാരിക്കയായ് നാണു 
     
പിള്ളത്തടത്തിലിരു,
      ന്നനുതാപം ചെയ്കയാൽ 
ഉള്ളിന്നിരുട്ടകന്നി-
      ട്ടുൾക്കാഴ്ചയേറീടവേ 

കാരുണ്യലോലുപനാം
      ജ്ഞാനിയായ് മാറീ നാണു
പാരിന്നതെത്രയേറെ
      നന്മയായ് ഭവിച്ചെന്നോ!

"ഭ്രാന്താലയം കേരളം"
      ചൊല്ലീ വിവേകാനന്ദ് 
ജാതിമതാന്ധതയാൽ
     ഈനാടുഴറീടവേ 

"ജാതിയൊന്നേ, മതവും,
     ദൈവവും ഒന്നേയുള്ളു"
ഓതി ശ്രീനാരായണൻ
    കേരളം ഏറ്റുചൊല്ലി   

നാരായണന്റെയീനൽ 
     മന്ത്രമുണർത്തിയല്ലോ 
കേരളജനത്തേയും
     മാനവ കുലത്തേയും

കണ്ണാടി, ശിവലിംഗം 
      ഇത്യാദി പ്രതിഷ്ഠയും 
കേരളക്കരമൊത്തം 
      പ്രാർത്ഥനാലയങ്ങളും

സ്ഥാപിച്ചു ഗുരുദേവൻ,
       എന്നിട്ടാഹ്വാനം ചെയ്തു,
സംഘടിച്ചിടൂ നേടൂ
       ശക്തിയും സമ്പാദ്യവും

"ആത്മസുഖത്തിനായ്നാം
      ആചരിപ്പതൊക്കേയും 
അന്യർക്കുമുതകേണം"
      അരുളീ ഗുരുവര്യൻ 
     
ജാതിമതാന്ധതയിൽ
      നിന്നു മോചിതരാകാൻ
ജീവിതം മെച്ചമാകാൻ 
      വിദ്യയാൽ പ്രബുദ്ധരായ് 

"ജാതിഭേദവും മത
      ദ്വേഷയും വെടിഞ്ഞിട്ടീ  
 മാതൃകാസ്ഥാനേ വാഴ്ക 
      സോദരരായെല്ലാരും " 

ഇല്ലിതിൽപ്പരം വേറെ
     വ്യക്തമാമാദർശങ്ങൾ
 ഈശ്വരചിന്തയോടെ
     ഏവർക്കും വർത്തിക്കുവാൻ. 

  പാരിതിലെല്ലാവരും
     ഗുരുദേവസൂക്തങ്ങൾ
പാലിക്കിൽ നിഷ്കര്‍ഷമായ് 
     ഉത്കർഷ സുനിശ്ചിതം   
      
ഇന്നു നാം പാലിക്കുന്നോ
     ഗുരുവിന്നാദർശങ്ങൾ?
ഒന്നു പുനർചിന്തനം 
     ചെയ് വതാവശ്യമല്ലോ!


                         11


         പാഞ്ചാലിയെന്ന ശാപജന്മം
                             ------------

പഞ്ചവേദത്തിലെ പാഞ്ചാലിയല്ലോ നീ  
അഞ്ചാത്ത നെഞ്ചിന്നുടമയല്ലോ!

പാഞ്ചാലരാജന്റെ പുത്രിയാണെങ്കിലും
അഞ്ചാണുങ്ങൾക്കൊറ്റ പത്നിയായോൾ!

അഞ്ചു പ്രിയന്മാരെ കിട്ടുവാൻ കാരണം
അല്ല, തീർത്തും, നിൻ നിയോഗമല്ല!

ചൊല്ലുന്നിതൈതിഹ്യം,നിന്റെ നാവിൻ തെറ്റ-
തല്ലാതെയൊന്നുമല്ലെന്ന സത്യം!

പൂർവ്വജന്മത്തിൽ ഒരുത്കൃഷ്ട പത്നിയായ്
വാണിരുന്നില്ലേ നീയാശ്രമത്തിൽ?    

'നാളായണി'പ്പേരിലല്ലോയറിഞ്ഞു നീ
വേളിയായ്, യോഗിയാം മൗൽഗല്യന്റെ.

മൗൽഗല്യ മഹർഷീടെ പ്രീതിക്കു പാത്ര-
മായ് വരമൊന്ന് നിനക്കന്നു കിട്ടി!

നിന്റെയാസക്തിതൻ കാരണം ആ വരം
നീ മാറ്റിയാക്കിനിൻ ശാപമായി!  
 
കുഷ്ഠരോഗിയാമാ യോഗി തന്നറ്റയാ
കൈവിരൽ വീണോരു ഭക്ഷണം നീ

സ്വാദോടെ ഭക്ഷിച്ചു സംതൃപ്തയായതിൽ
സ്വാമിയാ മാമുനിക്കുണ്ടായ് ദയ 
 
നിന്നഭീഷ്ടസിദ്ധിക്കായിക്കരുവാക്കാൻ
നീ വാങ്ങിയ വരമെത്രപൂർവ്വം  

"അഞ്ചു രൂപം പൂണ്ടിടൂ, രമിപ്പിക്കെന്നെ",
അഞ്ചാതെ ചോദിച്ചു വാങ്ങീ വരം.

മൗൽഗല്യനദ്രിയായ് മാറവേ നീ സ്വയം
മോദമോടേയൊഴുകീ പുഴയായ്!

വൃക്ഷമായ് മൗൽഗല്യൻ മാറവേ നീ നീണ്ട  
വള്ളിയായിപ്പടർന്നേറീയതിൽ!

പൃഥ്വിയായ് മൗൽഗല്യൻ മാറേയിരമ്പുന്ന
അബ്ധിയായിട്ടു നീ രൂപം മാറി!

പുഷ്‌പമായിട്ടവൻ വന്നിടേ നീ വന്നു
പാറിപ്പറക്കും ഭ്രമരമായി!

കാറ്റായി മാറീയവൻ വന്നിടെ നീയോ 
കാമോഷ്ണമേകും സുഗന്ധമായി!

അങ്ങനെയഞ്ചു രൂപങ്ങളിൽ ഏറെനാൾ
നിങ്ങളൊന്നിച്ചു  രമിച്ചതില്ലേ

ഓരോ അവതാരത്തിന്റേമവസാനം 
കാര്യമായ് നിന്റെയാസക്തിയേറി,

പൊള്ളീട്ടകന്നാലതിലേറ്റം വേഗേന
പാറീട്ടടുക്കുമിയ്യാമ്പാറ്റപോൽ      

നിന്നന്ത്യമങ്ങനെത്തന്നെയെന്നറിയാ- 
തന്നുനീ നന്നായ് വിരാജിച്ചില്ലേ?    

എന്നിട്ടുമാസക്തി നിന്റേതു തീരാതെ
വന്നിടേ ക്ഷമ തീർന്നു മാമുനിക്ക്    

നീ ശല്യമായ് മാറിയപ്പോൾ മഹർഷീടെ
നിഷ്ഠക്കു വിഘ്നം ഭവിച്ചതില്ലേ?

നീരസം തോന്നാതിരിക്കില്ലയാർക്കുമേ
നാളായണീ നീയതോർത്തതില്ല!

ജനിച്ചീടട്ടെ നീ വരും ജന്മമെങ്കിൽ
മനുഷ്യന്റെ വംശത്തിലൊരുനാൾ,

വരിച്ചീടുകെന്നിട്ടഞ്ചുപേരെയെന്നാ    
വന്ദ്യസന്യാസി ശപിച്ചിതല്ലോ!

ഒട്ടും പ്രതീക്ഷിച്ചതല്ലായൊരിക്കലും,
ഒച്ച നിന്റേതങ്ങടഞ്ഞു പോയി!

അഞ്ചുപേരേവേൾക്കുകെന്നാലതോ സ്വയം
അത്യന്തമായിട്ടപമാനിക്കൽ!

ഇല്ലില്ല,യൊട്ടുമേയത് സാധ്യമായ് വരാ,
വല്ലാത്തൊരാപത്തിലായപോൽ നീ

പേർത്തും വിലപിച്ചു നിന്നുള്ളം മേൽക്കുമേൽ,
പേക്കാറ്റടിച്ചുനിൻ മസ്‌തിഷ്കത്തിൽ!

എത്രമേൽ മൗൽഗല്യനെ നീ സ്നേഹിച്ചിതേ
എന്നിട്ടുമെന്തേ നിനക്കീ ഗതി! 

പോംവഴിയെന്തെന്നറിയാത്ത നിന്മനം
പാരം തപിച്ചതിന്റെയൊടുവിൽ  
  
ശാപമോക്ഷത്തിനായാശിച്ചു ചിന്തിച്ചു, ശൈവസ്തോത്രം നീയുരുവിട്ടഹോ!

തപസ്സെത്രയോനാളനുഷ്ഠിച്ചുവെന്നോ,
തപിപ്പിച്ചുവെന്നോ നീ നിന്മനസ്സ്?

പ്രതീക്ഷിച്ചതില്ലേ നീയൊരിക്കൽ നിന്റെ  
പ്രത്യാശ  സത്യമായ് വന്നീടുമെന്ന്!

പ്രത്യക്ഷനായ്മഹാദേവൻ നിന്മുന്നിലായ്
പ്രീതനായ് നിന്നിലെന്നല്ലോ വ്യക്തം!

എന്നിരുന്നാലും മഹാദേവനിത്രപെ-    
ട്ടെന്നുതൻമുന്നിലേക്കെത്തുമെന്ന്

നീ പ്രതീക്ഷിക്കാത്ത കാരണം നിന്റെപ-
രിഭ്രമം നിന്നേ വലച്ചതില്ലേ?

"എനിക്ക് ഭർത്താവിനെത്തരൂ" നീ കേണു 
ചോദിച്ചതഞ്ചുതവണകളും!

എന്തായിരിക്കാമതിൻ ഭവിഷ്യത്തെന്ന-
തന്നറിഞ്ഞില്ലനീ, സത്യമല്ലേ?

അഞ്ചുപേരുണ്ടായിടട്ടേ പതിമാരായ്
അക്ഷണം ശംഭുവാശീർവ്വദിച്ചു!

ശിരസ്സിലിടിത്തീ വീണപോലായിനി- 
ന്നുരസ്സിന്നുള്ളം നടുങ്ങിയില്ലേ!   

ഒന്നിലേറെപ്പത്നിമാരാകാം പൂരുഷർ-
ക്കെന്നാൽ കുലസ്ത്രീക്കതായിടാമോ?

സ്ത്രീയൊന്നിനഞ്ചുപേർ നായകന്മാരെന്ന
തെത്രയേറേയവൾക്കാക്ഷേപമാം!

സംശയങ്ങൾനീയുയർത്തിയെന്നാകിലും
ശംഭുവിന്നുണ്ടായതില്ല മാറ്റം!   

"ഇല്ലാ, നിനക്കൊന്നുമേ സംഭവിക്കില്ല",
തെല്ലും മടിക്കാതെ ചൊന്നൂ ഭവൻ

വിശ്വസിച്ചീടുവാനാകാതെനീ വ്യോമ-
കേശനോടായിട്ടു ചോദിച്ചിതേ

ഒന്നിലേറെപ്പത്നിമാരായിടാമാണി-
നെന്നാലതല്ല പെണ്ണിന്റെ കാര്യം

ഒന്നിലേറെ പ്രിയന്മാരെവേൾക്കാ യോഷ-
യെന്നതല്ലേ വേദവും ചൊല്ലുക?

നായകന്മാരൊന്നിലേറെയുണ്ടാകുകിൽ
നാരിമാരായിടും നീചയെന്നും!

പുത്രനുണ്ടാകുവാനായിമാത്രം നാരി
കാന്തന്റെയാദേശമോടെ വേറെ

ആണിന്റെ സൂതനെ സ്വീകരിച്ചെങ്കിലോ 
കാണിച്ചിടേണം പരിതാപവും!

എന്നിരുന്നാലതും മൂന്നിലേറെയാകാ,
നാലെങ്കിലാകും പതിത,പിന്നെ,

അഞ്ചെങ്കിലോ വന്ദ്യയായീടുമെന്നുതാൻ 
അഞ്ചിനാകട്ടേ നിനക്കു ഭാഗ്യം

നിന്നേയനുഗ്രഹിച്ചപ്രകാരം ശംഭു,
ഒന്നുമേ ചെയ്യുവാനാകാതെയായ് 

തന്റെ പ്രവർത്തിഫലമല്ലാതെന്താണി-
തെന്നുമാത്രം നീ നിനച്ചുപോയി.

മൗൽഗല്യശാപംതിരുത്തുവാനായില്ല
ഗംഗാധരന്റെ സാമിപ്യത്തിലും!
   
മാഴ്കിക്കഴിഞ്ഞു നീ നാളായണിയായി
മൂകയായ് ജീവിതാന്ത്യം വരേയും

കാലം നിനക്കായി കാത്തുവച്ചുള്ളൊരാ
ശാപജന്മത്തിൻസഫലതയ്ക്കായ്

കാത്തിരുന്നില്ലേയനേക വർഷങ്ങൾ നീ
ഓർത്തുകൊ,ണ്ടാഭാവി ജന്മത്തിനായ്    

പാഞ്ചാല രാജന്റെ പുത്രിയായങ്ങനെ
അഞ്ചു പേരേ വരിച്ചീടുവാനായ്!


                               12 


.        പൂർവ്വജന്മത്തിലെ കർണ്ണൻ                    
ഐതിഹ്യനായകന്മാർപലർക്കുമുണ്ടാം 
കൈതവം തീണ്ടിയ പൂർവ്വജന്മം. 

കർണ്ണനുമുണ്ടായിരുന്നഹോ തന്റെയാ 
പൂർവ്വജന്മത്തിൽ കഥയിതേപോൽ.

ത്രേതായുഗത്തിൽ നടന്നതാണക്കഥാ
തന്തു, അതിന്നും പ്രസക്തമല്ലോ 

ദംബോദ്ഭവ നാമാവായോരു രാക്ഷസൻ
അമ്പേ,യമരത്വം മോഹിച്ചുപോയ്!

ആദിത്യധ്യാനത്തിലായവൻ നിത്യവും,
ആണ്ടുകൾ നീണ്ടുപോയോരു ധ്യാനം!

സൂര്യദേവൻതന്റെ പ്രീതി നേടീട്ടവൻ
സാകൂതമാവശ്യപ്പെട്ടൂ വരം
 
"എന്നെച്ചിരഞ്ജീവിയാക്കിമാറ്റീടണം,
എന്നുമെൻ ജീവൻ നിലനിൽക്കണം".
 
കൂസലില്ലാതവൻ ആവശ്യമോതവേ
കോപം നിയന്ത്രിച്ചു നിന്നു ദേവൻ

അർക്കദേവന്നാകയില്ലാ വരമേകാൻ
ആരും മരിക്കാതിരിക്കില്ലല്ലോ!

ആകില്ല നല്ലകാര്യത്തിനായാവരം
ആവശ്യപ്പെട്ടതെന്നുമറിയാം 

"ചോദിച്ചിടൂ വേറെയെന്തുവേണോങ്കിലും"
ആദിത്യനന്നേരമോതിയല്ലോ.
 
കൗശലക്കാരനാമാരാക്ഷസനുണ്ടോ
കിട്ടിയോരാ യോഗം കൈവിടുവാൻ!

സൂത്രപ്പണിയാലേ കാര്യമൊപ്പിക്കുവാൻ 
സൂര്യനോടായവൻ ചൊല്ലിയല്ലോ
 
രക്ഷാകവചങ്ങൾ ആയിരം തന്നിടൂ, 
രണ്ടുകാര്യങ്ങളുറപ്പാക്കിടൂ

ആയിരം വർഷം തപസ്സനുഷ്ഠിക്കാതെ 
ആരും കവചം മുറിച്ചുകൂടാ.

പ്രാപ്തനാകുന്നവൻ ചട്ട പൊട്ടിക്കവേ 
പ്രാപിച്ചിടവേണം മൃത്യുവിനെ

ആവതില്ലാവരം നൽകാതിരിക്കുവാൻ 
അസ്വസ്ഥനായ് നിന്നുപോയർക്കനും

ഗത്യന്തരമില്ലാതേകീ വരം സൂര്യ-
നത്യന്തമാം ഖിന്നമാനസനായ്.

വിഷ്ണുദേവന്നോടുണർത്തിതൻ സങ്കടം
"വീഴ്ചയുണ്ടാകാതെ രക്ഷിക്കണം"

"വേവലാതി വേണ്ടാ" ആശ്വസിപ്പിച്ചർക്ക-
ദേവനേയും വിഷ്ണു ശാന്തനായി.

"രക്ഷിച്ചിടാം ഭൂമിയേയഥർമ്മത്തിൽനി-ന്നക്ഷോഭ്യനായിക്കഴിഞ്ഞുകൊൾക"

ദംബോദ്ഭവന്നഹങ്കാരമേറീ,ട്ടവൻ
എമ്പാടുമാടുകയായ് സംഹാരം.

തന്നോടെതിർക്കുന്നവരേയൊക്കേയവൻ  
തോൽപ്പിച്ചു കാലപുരിക്കയക്കും 

ആരുമേനേരിട്ടവനെത്തോൽപ്പിക്കുവാൻ
ആകാതെ വന്നിടേയെല്ലാവരും 
 
ഏകീ 'സഹസ്രപ്പടച്ചട്ടയുള്ളവൻ'
എന്നോരുചിതമാം പേരവാന്നായ്.


*******            *******           *******

കാലം കടന്നുപോകേ പോംവഴിയൊന്നും
കാണാതെയക്ഷമരായ് മാനവർ

എന്നിരുന്നാലുമുണ്ടാകാതെ പോയിടാ
എന്തെങ്കിലും പോംവഴിയൊരിക്കൽ

ബ്രഹ്‌മന്റെ മാനസ്സപുത്രനാം ധർമ്മന്റെ 
ഭാര്യയാം മൂർത്തി, ദക്ഷന്റെ പുത്രി,

ദംബോദ്ഭവൻ തന്റെ ശല്യങ്ങളേറിടേ
ദാക്ഷിണ്യമെന്യേ തപസ്സു ചെയ്തു 

രക്ഷകൻ വിഷ്ണുവിൻ പ്രീതിസമ്പാദിച്ചു,
രക്ഷിച്ചിടാമെന്നുറപ്പു നേടി 

ജന്മമേകീയപ്രകാരം തഥാ മൂർത്തി,
ജോഡി നാരായണനും നരന്നും.

കാനനത്തിൽ വസിച്ചീടേയവർ നീല-
കണ്ഠന്റെ ഭക്തരായിട്ടുമാറി 

ഒപ്പം പഠിക്കയായായോധനശാസ്ത്രം
എപ്പോഴുമൊന്നിച്ചവരുണ്ടാകും

എന്തെങ്കിലും ചെയ്യുവാനൊരാൾ ചിന്തിക്കെ,
അന്ത്യമതിന്നു കാണുമപരൻ.

അന്യോന്യവിശ്വാസമേറെയുണ്ടാകയാൽ
എന്നുമവർ ദൃഢബന്ധം കാത്തു.

ആരും നിനയ്ക്കാതെ ദംബോദ്ഭവൻ ചെന്നു 
നാരായണന്മാർ വസിക്കും വനേ 

പോരാട്ടവുമായിട്ടങ്ങവൻ വന്നൊരാ 
നേരം നരൻ തപസ്സ്  ചെയ്കയാലേ

നാരായണന്നുകിട്ടും നരന്റെ തപസ്സ്-
വീര്യവും കൂടെന്നതാണു സത്യം!

നാരായണനേറ്റുമുട്ടീയവനോടായ്
പോരിലാദ്യത്തെക്കവചം പൊട്ടി

വീഴേ സഹസ്രപ്പടച്ചട്ടധാരകൻ
വേവലാതിപൂണ്ടുപോയെന്നാലും 

കിട്ടിയോരാ വരത്തിന്റെ ശക്തിയാലേ
പട്ടുപോയല്ലൊ നാരായണനും 

മുക്കണ്ണനന്നേകിയോരു മൃത്യുഞ്ജയ
മന്ത്രം നാരായണന്നേകി ജീവൻ!

നാരായണന്മാരീവണ്ണം തപസ്സിലും 
പോരിലും പൂകേ സഹസ്രവർഷം

പൊട്ടിവീണുപോയ്ദംബോദ്ഭവന്റെ രണ്ടാം
ചട്ട, വരത്തിൻ ഫലത്തിനാലേ

ഓരോസഹസ്രവർഷത്തിലും തെറ്റാതെ
ഓരോരോചട്ടയെന്ന ക്രമത്തിൽ

തൊള്ളായിരവും തൊണ്ണൂറും തഥായൊമ്പ-
താമത്തെചട്ടയും പൊട്ടിവീഴേ

ദംബോദ്ഭവന്നു തോന്നീയവന്നായിടാ
ദീർഘകാലം ജീവിക്കാനിനിയും

രക്ഷ തേടീയെത്തി വേഗേന തന്റെയാ 
രക്ഷകൻ സൂര്യന്റെ പക്കലവൻ 

ഭക്തനാം ദംബോദ്ഭവന്നെ ത്യജിക്കാന-
ശക്തനായർക്കദേവൻ മാറിടേ

വിട്ടുതന്നീടൂ അവനേയെന്നായ് നരൻ,
വിട്ടുകൊടുത്തില്ല സൂര്യദേവൻ.

ശാപം വിധിച്ചൂ നരൻ സൂര്യദേവനായ്
"ദ്വാപരേ നീ പിറക്കും മർത്യനായ്"

*******             *******           *******

ത്രേതായുഗം തീർന്നതോടെ, ദംബോദ്ഭവൻ
താൽക്കാലികമായി തന്റെ ജീവൻ

കാത്തുരക്ഷിച്ചുവെന്നാകിലും പിന്നാലെ-
യെത്തുമാ, ദ്വാപര കാലഘട്ടേ 

സൂര്യാംശവും പേറി കർണ്ണനെന്നുള്ളോരു
പേരുമായ് കുന്തിതൻ പുത്രനായി,

ദംബോദ്ഭവന്റെയാ ശേഷിച്ചിടും ഏക 
ദീപ്തിയേറുന്ന കവചമാകും,

കാതിലെക്കുണ്ഡലം തന്നെ രക്ഷിക്കുവാൻ 
കൂട്ടുമായ്, ജന്മമെടുത്തു ഭൂവിൽ  

ശാപം ഫലിച്ചീടവേണമല്ലോയേതു
ശക്തിക്കുമാകാ തടുക്കുവാനായ്

വിഷ്ണുദേവൻ സൂര്യനുംതഥാ മൂർത്തിക്കും
വാഗ്ദാനമേകിയതും ഫലിക്കാൻ,

പാരിതിൽ കൃഷ്ണനായും അർജ്ജുനനായും 
നാരായണനും നരനുമെത്തി.

കർണ്ണനെത്തീ കൗരവ പക്ഷത്തെങ്കിലോ 
കൃഷ്ണാർജ്ജുനന്മാർ പിടിച്ചു പക്ഷം

പാണ്ഡവന്മാരോടുമൊപ്പം കുരുക്ഷേത്ര
യുദ്ധേ മുഖാമുഖം ഏറ്റുമുട്ടാൻ.

കർണ്ണനെക്കൊല്ലുവാനർജ്ജുനന്നായിടാ
കാതിലെക്കുണ്ഡലം ചട്ടയല്ലോ 

പാർത്ഥതാതനിന്ദ്രൻ ബാഹ്മണൻ വേഷം പ-
കർന്നിട്ടു കർണ്ണന്നടുത്തു ചെന്നു

ചോദിച്ചു മോദേന "തന്നിടൂ നിന്റെയീ
ചേലെഴും കുണ്ഡലം ദാനമായി"

ദാനശീലൻ കർണ്ണനാകില്ലൊഴിഞ്ഞുമാ-
റാനാ,കവചം കൊടുക്കവേണം

അർക്കനാ കൈതവത്തിൻ സൂചന കിട്ടേ
കർണ്ണന്നു മുന്നറിയിപ്പേകുവാൻ

എത്തീ വിഭാവാസുവാം ബ്രാഹ്മണനായി-
ട്ടെന്നിട്ടു ചൊല്ലിയാ "ദാനം വേണ്ടാ"

തൻപിതാവിന്റെയാ താക്കീത് വകവക്കാ താമകൻ തെറ്റായി സഞ്ചരിച്ചോ?

കർണ്ണന്റെ തീരുമാനത്തിലുണ്ടാകില്ല
കാര്യമാം മാറ്റമതെന്നറിയേ

അസ്വസ്ഥനായിട്ടിതർക്കൻ പറഞ്ഞിതേ
"ആവശ്യപ്പെടുക നീ പകരമായി

ശൂലം തനിക്കോരജയ്യനായീടാ"നെ-
ന്നാലാകൊലാ കർണ്ണന്നത് വാങ്ങുവാൻ 

ഏറെ വാഴ്ത്തപ്പെടാനാഗ്രഹം തോന്നിടേ
ഏകി മുൻപിൻ നോക്കിടാതെ ദാനം

നാരായണന്റേം നരന്റെയും കൈകളാൽ
പോരിലാ ജീവൻ പൊലിയുവാനായ്

വർഷങ്ങളായിരം ആയിരം അപ്പുറം 
തീർപ്പു കല്പിച്ചിരുന്നോരു വിധി

ആർക്കും തടുക്കാനാകാതെ ദംബോദ്ഭവ-
കർണ്ണൻ പൊലിഞ്ഞൂ 😘!


                             13


            കംസപുരാണം
               (വഞ്ചിപ്പാട്ട്)

.  ഉപഗുപ്തൻ കെ അയിലറ

ഹൈന്ദവൈതിഹ്യകഥകൾ
       കേൾക്കുവാനുമറിയാനു-
മെന്നുമെന്നുമാർക്കുമാർക്കും
        കമ്പമേറെയാം 

കംസനെന്ന ക്രൂരനായ
         രാക്ഷസരാജന്റെ കഥ
കേട്ടുകൊൾക, കുട്ടികൾക്കു  
          പകർന്നുനൽക. 
 
വൃഷ്ണി രാജവംശൻ കംസൻ,
      രാക്ഷസൻ ദ്രമിള പുത്രൻ, 
കൃഷ്ണൻ മാതുലനു,മമ്മ 
      പത്മാവതിയും.

ഉഗ്രസേനപത്നിയാകും
      പത്മാവതിയിൽ ദ്രമിളൻ
ഊക്കിനാലുൽപ്പാദിപ്പിച്ച 
       സന്തതി കംസൻ.

ജന്മമേകേ ശാപമേകി 
      'കാലനേമി' തന്റെ പുനർ-
ജന്മമാകും കംസ,നമ്മ ദ്രമിളൻ മുന്നിൽ 

"ഇഷ്ടനാമെൻ ഭർത്താവിന്റെ
       വംശത്തിൽ ജന്മമെടുക്കും 
ശ്രേഷ്ഠൻ വധിക്കും നിശ്ചയം     
        ഈ സന്തതിയെ".

വിഷ്ണുവിനാൽ കൊല്ലപ്പെട്ട
        കാലനേമി കംസനായും
 വിഷ്ണു വീണ്ടും കൃഷ്ണനായും 
         അവതരിച്ചു

കാലംപോകേ തക്കം നോക്കി
        കാത്തിരുന്ന കംസനാട്ടെ,
കിട്ടിയോരു സന്ദർഭത്തെ പാഴാക്കീടാതെ

ഉഗ്രസേനനെത്തടവി-
       ലാക്കിയിട്ടു നിഷ്പ്രയാസം
ആഗ്രഹിച്ചപോലെ രാജ്യം പിടിച്ചെടുത്തു.

ശൂരസേനപുത്രനാകും
        വാസുദേവരെ മംഗല്യ
സൂത്രമിട്ടു ദേവകിയും വരിച്ചു പിന്നെ.

ദേവകിതൻ വൈവാഹിക
        ഘോഷയാത്രാ വേളതന്നിൽ 
ദേവലോകേ നിന്നുകേട്ടോരശരീരിയും!

"ദേവകിതന്നെട്ടാമത്തെ
         പുത്രൻ വധിക്കും കംസനെ"
വേവലാതിപൂണ്ടു കംസൻ
          പാഞ്ഞുചെന്നല്ലോ

സ്വന്തം സോദരിയെക്കൊല്ലാൻ,
          കേണുചൊല്ലി വാസുദേവർ
"ബന്ധം മറന്നിട്ടിവളെ വധിക്കരുതേ"

എന്തുകൊണ്ടോ ക്രൂരമാകും
         കംസമനം തെല്ലലിഞ്ഞു
ബന്ധിയാക്കി ദേവകിയെ ജയിലിലാക്കി

കൂട്ടിനായിട്ടെന്നവണ്ണം 
        വാസുദേവരെത്തന്നെയും 
കൂട്ടിലാക്കിയവൾക്കൊപ്പം
        വിഡ്ഢിയാമവൻ

"ജനിക്കും മാത്രയിൽത്തന്നെ
         മടിക്കാതോരോ കുട്ടിയേം 
എനിക്കു കൈമാറിടേണം
         വധിക്കുവാനായ്"

വിധിച്ചു കംസൻ, ഒട്ടുമേ
         കരുണ കാണിച്ചിടാതെ
വിധിയെന്നു കരുതേണ്ടി
         വന്നിതെല്ലാർക്കും 
 
ദൈവഹിതം നടപ്പാകാൻ
         മാർഗ്ഗമേതേലും തെളിയും
ദേവകിക്കു പുതുജീവൻ കിട്ടുകയായി!

ദേവകീവാസുദേവന്മാർ-
         ക്കാദ്യമായ്പ്പിറന്നയാറു 
ജീവനേയും നിഷ്ക്കരുണം
         ഹിംസിച്ചു കംസൻ

ഏഴാമത്തെ പുത്രനാകും
         ബലരാമന്റെ രക്ഷക്കായ് 
ഏറ്റെടുത്താ ഭ്രൂണത്തെസ-
         പത്നി രോഹിണി

ഗർഭഛിദ്രമുണ്ടായെന്നു
          തെറ്റിദ്ധരിപ്പിച്ചു പിന്നെ
സർവ്വരും ചേർന്നു കംസനെ,
         വിശ്വസിച്ചയാൾ!

ആവണിമാസത്തിൽ കൊടും
         കാറ്റുമൊപ്പം പേമാരിയും 
ആടിത്തിമിർക്കുമഷ്ടമി
         രോഹിണി നാളിൽ

ദേവകീവസുദേവന്മാർ-
         ക്കെട്ടാമത്തെ പുത്രനായി-
ട്ടവതരിച്ചല്ലോ വിഷ്ണു
         കൃഷ്ണനാമത്തിൽ

ഒട്ടുമേതാമസിക്കാതെ
         വസുദേവരാക്കുട്ടിയെ
കുട്ടയിലാക്കി,യമുനയ്ക്കക്കരെയുള്ള

അമ്പാടിയിൽ പാർത്തിടുന്ന
         നന്ദഗോപ-യാശോധര
ദമ്പതിമാരുടെയടുത്തെത്തിച്ചശേഷം 

ദേവകിതന്നടുത്തായി
       യശോദ-നന്ദഗോപർതൻ 
ദേവിതുല്യമാകും പുത്രിയേയും കിടത്തി.

ദേവകിതന്നെട്ടാമത്തെ 
         കുട്ടിപിറന്നെന്നറിയേ 
ആവേഗമോടെത്തി കംസൻ
         കുഞ്ഞിനെ റാഞ്ചി

കല്ലിലാഞ്ഞടിച്ചുകൊല്ലാൻ
        ദയയെന്യേ തുനിയവേ
കയ്യിൽനിന്നു തെന്നിപ്പൊങ്ങി-
       ച്ചൊല്ലിയാ ദേവി :

"അല്ലയോ, ദുഷ്ടനാം കംസാ 
       ഇല്ല കൊന്നിട്ടെന്നെക്കാര്യം
കൊല്ലുവനായ് നിന്നെ,യൊരാൾ
       ജനിച്ചു വേറേ 

നിന്റെ പൂർവ്വ ജന്മത്തിലെ
       ശത്രുതന്നെയാകുമവൻ 
തന്റേടമുണ്ടെങ്കിൽ പോയി  
        കൊന്നീടവനെ"

അമ്പരന്നുപോയി കംസൻ
       തിരക്കോടെ ദൂതന്മാരെ 
അയച്ചിട്ടു തിരച്ചിലായ് രാജ്യമെമ്പാടും

അമ്പാടിയിൽ കുഞ്ഞിക്കൃഷ്ണൻ
       ഉണ്ടെന്നറിയേ കംസനു 
വെമ്പലേറി, പൂതനയെയയച്ചവിടെ 

രാക്ഷസിയാമവൾ തന്റെ
       കുചത്തിൽ വിഷംപുരട്ടി
കൃഷ്ണനെ മുലയൂട്ടീട്ടു
        കൊല്ലുവാൻ നോക്കി

വിഷ്ണുവിന്നവതാരമാം
        കൃഷ്ണനുണ്ടോ വിഷം തീണ്ടൂ
രാക്ഷസിതൻ രക്തമൂറ്റിക്കുടിച്ചുകൊന്നു.

അനുചരന്മാർ പലരെ
         പലപ്പോഴായിട്ടു കംസൻ
അയച്ചു കൃഷ്ണനെക്കൊല്ലാൻ
         ശ്രമിച്ചെങ്കിലും

കൃഷ്ണനും ബലരാമനും
        ചേർന്നവരെയെല്ലാം തന്നെ 
നിഷ്പ്രയാസം കൊന്നു
         കാലപുരിക്കയച്ചു 

അവസാന ശ്രമംപോലെ
        ഗുസ്തി മത്സരംതന്നൊരു 
അവസരമായ്ക്കരുതി 
        കെണിയൊരുക്കി 

കൃഷ്ണഭക്തൻ ആക്രൂരനെ
        വൃന്ദാവനം തന്നിലേക്ക്
കംസൻ പറഞ്ഞയച്ചല്ലോ
        ദൗത്യവുമായി  

ചതിയാണതെന്ന കാര്യം
         അറിഞ്ഞുകൊണ്ടുതന്നവർ
മഥുരാപുരിയിലെത്തി
         കാഴ്ചകൾകാണേ

പടയാളികൾ കാക്കുന്ന
          യജ്ഞവേദിയിൽ സൂക്ഷിക്കും 
പടുകൂറ്റൻ പ്രദർശന
          വില്ലു കാണായി.

വേദിയിൽക്കയറി കൃഷ്ണൻ,
         യാഗത്തിനായ് വച്ചിരുന്ന
വില്ലെടുത്തു നിഷ്പ്രയാസമൊടിച്ചുവല്ലോ

കാവൽക്കാരെതിർത്തെന്നാലും 
         നിഷ്‌ക്കരുണമയച്ചല്ലോ
കാലാപുരിക്കവരേയും 
         കൃഷ്ണഭഗവാൻ   

വില്ലൊടിഞ്ഞതിന്റെ ശബ്ദം 
         പ്രതിധ്വനിയായ് മുഴങ്ങി
വീണ്ടും വീണ്ടും ഭൂമിയിലും 
         ആകാശത്തിലും

എത്തവേയാശബ്ദം തന്റെ
         മാളികയിലുമൊരുപോൽ,
എത്തീ തന്റെ അന്തകനെ-
         ന്നറിഞ്ഞൂ കംസൻ

കണ്ണാടിയിൽ പോയിനോക്കി
         തന്മുഖമെന്നാൽ കംസനു
കാണുവാനായില്ല തന്റെ തലയവിടെ!

ഭയത്താലേ കണ്ണുകാണാൻ
         കഴിയാതെ വന്നാൽപ്പിന്നെ
കയത്തിൽ വീണുഴറുന്ന പ്രതീതിയല്ലോ! 
        
ചുറ്റിനടന്നെത്തീ പിന്നെ
         കൃഷ്ണനും ബലരാമനും
ചെറ്റുദൂരെയായിട്ടുള്ള     
         ഗുസ്തിഗോദായിൽ

ഗോദായുടെ വാതിൽക്കലായ്
         നിന്ന കൂറ്റൻ മദയാന
മോദമോടെ ചിന്നം വിളിച്ചോടിയെത്തിടേ

നിസ്സാരമോടതിൻവാലിൽ
         പിടിച്ചു ചുഴറ്റി കൃഷ്ണൻ
നാലുചുറ്റും വലിച്ചിഴച്ചതിനെക്കൊന്നു.

ഗുസ്തിമത്സരം തുടങ്ങേ 
          മത്സരത്തലവന്മാരാം
മുസ്തികനും കനുരനും
          കൃഷ്ണനോടായി

ചൊല്ലുകയായ്, "കംസരാജൻ
         കാത്തിരിപ്പൂ കാണുവാനായ്
ചേലെഴും നിങ്ങളുടെയാ
         ഗുസ്തിവൈഭവം"

അറിഞ്ഞുകൊണ്ടല്ലോ കംസൻ
         കൊടുത്തത് കൊലക്കായി
അവരെരണ്ടുപേരെയും
         സ്വയരക്ഷയ്ക്കായ്.

കാണികൾക്ക് ഭയമായി
         കുരുന്നു ബാലകരിവർ
കേൾവികേട്ട മല്ലന്മാരാൽ
.          കൊല്ലപ്പെടില്ലേ! 
            
"ചക്കിനുവച്ചതു കൊണ്ടു
         കൊക്കി"നെന്നു പണ്ടേയുള്ള 
ചൊല്ലുപോലാ ചതിക്കെണി 
         തിരിച്ചടിയായ്

കനുരനെ ബലരാമൻ
         ഇടിച്ചുകൊന്നിടേ മുസ്തി-
കനെ കൃഷ്ണനും ചുഴറ്റി
         എറിഞ്ഞു കൊന്നു

അതുകാണേ ഓടിവന്ന
         മറ്റു മല്ലന്മാരെയൊക്കെ
അതേവിധം കൊന്നു കാല-
         പുരിക്കയച്ചു.

ആധിപൂണ്ട കംസനുണ്ടോ
         അടങ്ങിയിരിക്കാനാകും
ക്രോധമോടെയാജ്ഞാപിച്ചു
         "ഓടിക്കിവരെ,

മഥുരയിൽ നിന്നെന്നിട്ട്
          കൊള്ളയടിക്കിവരുടെ
മുതലൊക്കെ പിന്നെക്കൊല്ലൂ
          പിതാവിനേയും"

കംസന്റെയാ കോപാക്രാന്ത
         വചനങ്ങൾ ചൊടിപ്പിക്കേ 
കൃഷ്ണൻ ചാടിക്കടന്നിട്ടാ 
         സുരക്ഷാമതിൽ

പിടിച്ചുതാഴെയിട്ടിട്ടു
        വലിച്ചിഴച്ചു കംസനെ 
ഇടിച്ചു മുഷ്ഠിചുരുട്ടി, മരിക്കുംവരെ

അരിശം തീരാതെ വീണ്ടും 
         കളരിയുടെ ചുറ്റിനും 
കരിയെക്കൊന്നിട്ടു സിംഹം
         ചെയ്തിടുംപോലെ,

കംസജഡo ഗോദായുടെ
         ചുറ്റിനും വലിച്ചിഴച്ചു
കാണികൾക്കു കംസൻ ചത്തെ-
          ന്നുറപ്പുവരാൻ

വിഷ്ണുവിന്നവതാരങ്ങൾ
         പതിവായി ചെയ്യുംപോലെ
കൃഷ്ണൻകൊടുത്തു കംസനും
          സാരൂപ്യമുക്തി.       
              
തിന്മകൾക്കുമേലേയെന്നും 
         വിജയം കൈവരിച്ചീടും 
നന്മയെന്നതല്ലോ വെറും
         കേവലസത്യം


                       14


         ചിങ്ങമാസക്കാഴ്ചകൾ

ചിങ്ങപ്രഭാതം പ്രഭാപൂരമാക്കിയാ
ചന്തമേറും മാമലകൾതചിങ്ങമാസക്കാഴ്ചകൾൻ മീതെകൂ-
ടെത്തിനോക്കീടുന്നൊരർക്കന്റെ രശ്മികൾ- 
ക്കെത്രചേലുണ്ടെന്നു ചൊല്ലുവാനാവില്ല!

പച്ചിലച്ചാർത്തിന്റെയഗ്രത്തു തൂങ്ങിടും 
മഞ്ഞിന്റെ തുള്ളിയിൽ മെല്ലവേചുംബിച്ചു
നിർമ്മിച്ചിടുന്നൊരാ കൊച്ചുബിംബങ്ങളോ
തീർത്തും മനസ്സിനാനന്ദമേകീടുന്നു.

തെന്നലിൽ ആലോലമാടും സുമങ്ങളിൽ 
മന്ദമായ്ചുംബിച്ചു പൂവിൻ നറുഗന്ധം 
പേറിക്കറങ്ങിയച്ചുറ്റുപാടൊക്കവേ 
ഏറെയാഗന്ധം പരത്തുന്നു മാരുതൻ

മഞ്ഞവർണ്ണപ്പൂക്കളും പതംഗങ്ങളു- 
മൊന്നുപോലോണമിങ്ങെത്തിയെന്നോതവേ
പൂക്കൂടയുമായിബ്ബാലികാബാലകർ 
പൂനുള്ളുവാനായ് പ്രഭാതേയിറങ്ങിടും.

വായ്ക്കുന്ന മോദമോടാണവർ പൂക്കളം
തീർക്കുന്നതാ ചത്വരത്തിൻ നടുക്കായി. 
വീട്ടിൻവളപ്പിലെപ്ലാവിലും മാവിലും
വീട്ടുനാഥൻ കെട്ടിടുന്നൂയ,ലാടുവാൻ.

പൈക്കളേയും കുളിപ്പിച്ചു ഗൃഹനാഥൻ
പുല്ലവയ്ക്കേകുന്നിതോണമുണ്ണാനായി.
സ്വാദിഷ്ടമാകും വിഭവക്കൂട്ടൊത്തുള്ള 
സദ്യയ്ക്കു വീട്ടമ്മ കോപ്പുകൂട്ടീടുന്നു.

മത്സരിച്ചോരോ വിനോദത്തിലേർപ്പെട്ടു
ഉത്സാഹമോടാസ്വദിക്കുന്നു ബാലകർ
മാവേലിയെയാഹ്ലാദത്തോടെതിരേൽക്കാൻ
ആവതും നന്നായൊരുങ്ങുന്നു നാട്ടുകാർ 

മന്ദാനിലനോണത്തുമ്പിപ്പുറത്തേറി
മന്ദമായ് യാത്രചെയ്തെല്ലാമെ വീക്ഷിപ്പു 
ഇക്കണ്ടകാഴ്ചകളൊക്കെയുംഞാനൊരു
ചെക്കനായിട്ടന്നു കണ്ടവമാത്രമാം

ഇന്നെൻ സഹവർത്തിയായുള്ളവർക്കൊ
ക്കെ
എന്നും ഗൃഹാതുരത്വത്തിന്റെ  കാഴ്ചകൾ
ഇന്നവകാണുവാനാകില്ലതുപോലെ
ഇന്നത്തെക്കുഞ്ഞുങ്ങൾക്കന്യമായ്തീർന്നവ!

ആവില്ലിനിയൊന്നും നേരിട്ടു കാണുവാൻ
കൈവിട്ടുപോയിതെന്നേക്കുമക്കാഴ്ചകൾ 
കാലമേ മാറി,ത്തിരിച്ചില്ലിനിപ്പോക്ക്
ചേലൊത്ത കാഴ്ചമേൽ വീണൂതിരശ്ശീല!


                            15

                മനസ്സെന്ന 'സൂത്രം' 
.                 (ഭൂജംഗപ്രയാതം ) 


വിഷാദത്തിരയ്ക്കുള്ളിലായെത്രനാൾ ഞാൻ
വലഞ്ഞെന്നതോർത്തിട്ടുതിർക്കുന്നു രോഷം.
മനസ്സിൻകടിഞ്ഞാൺ നിയന്ത്രിക്കുവാ നായ്
എനിക്കെന്തെയാകാതെപോയിത്രനാളും?

എനിക്കെൻ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ
തനിച്ചൊന്നു പൂകാൻ, വികാരം ശമിപ്പി-
ച്ചിരുന്നിന്നുഷാറോടുമുത്സാഹമോടും
ചിരിച്ചുല്ലസിക്കാൻ,കഴിഞ്ഞെന്നുവന്നാൽ!

അകത്തുള്ളതൊക്കെപ്പുറത്തേക്കുതള്ളീ
ട്ടകക്കാമ്പിനിമ്പം പകർന്നങ്ങുനൽകാം
വസിച്ചീടുവാനാകുമന്യർക്കുമുൻപിൽ 
അസന്തുഷ്ടിയും പോരുമില്ലാതെയെ ന്നും.

മനക്ലേശമില്ലാതുറക്കെച്ചിരിക്കാം
തനിച്ചെന്നതോന്നൽ തികച്ചും ത്യജിക്കാം
വെളിച്ചത്തിലേക്കങ്ങിറങ്ങിക്കുളിക്കാം
വിഹായസ്സിലെല്ലാമെ പൊങ്ങിപ്പറക്കാം.

മറക്കാമിനിത്തൊട്ടു ഞാനെന്നഭാവം
പുറത്തേക്കുതള്ളാം തനിക്കെന്നതോ ന്നൽ 
ഗമിക്കുന്നതാം നന്നു കാലത്തിനൊപ്പം,
ശ്രമിക്കാ പ്രവാഹം മുറിച്ചങ്ങുനീന്താൻ.

മറക്കേണ്ട വന്നീടുമീഭൂവിലായ് നാം
വെറുംകയ്യുമായിട്ടു തന്നെന്നകാര്യം.
മടക്കത്തിലാർക്കും അതേപോലെ,യാകി
ല്ലെടുത്തോണ്ടു പോകാ,നൊരൊറ്റത്തുരു മ്പും

മനുഷ്യന്റെ ഓരോ അവസ്ഥക്കവൻതാൻ
മെനഞ്ഞീടുമോരോ കുരുക്കിന്റെ സൂത്രം.
മറന്നാൽ 'വിതയ്ക്കുന്നതേകൊയ്യു'വെ ന്നാ 
ഉറപ്പുള്ള ചൊല്ലിൻ ഫലം തിക്തമല്ലോ!

മറക്കാതെയീനൽപ്രമാണം മനസ്സിൽ
കുറിച്ചിട്ടു വർത്തിക്കിലോ നന്മ നൂനം.
മനുഷ്യന്റെയത്യാഗ്രഹങ്ങൾ പെരുത്താൽ
മറന്നീടുമീചൊല്ലവൻ നിഷ്പ്രയാസം.


                            16


.    വസുന്ധയുടെ പരിവേദനങ്ങൾ
                              ---------
        
എന്നോനടന്നോരു വിസ്ഫോടനത്തിനാ ൽ
എങ്ങനോ ഭൂമിതൻ രൂപത്തിലായി ഞാൻ.
        
മന്വന്തരങ്ങളായെന്നച്ചുതണ്ടിലും
മാറ്റമില്ലാതെയായർക്കന്റെ ചുറ്റിനും
 
ചുറ്റിക്കറങ്ങിക്കറങ്ങിത്തിരിഞ്ഞിട്ടു
ചക്രവാളങ്ങളും താണ്ടിക്കടക്കുന്നു!,
 
എത്ര നാളിവ്വിധം ചുറ്റുക കാരണം  
പന്തുപോലങ്ങുരുണ്ടല്ലോ തുടിക്കുന്നു!
     ,
ഈവിഹായസ്സിന്റെ ശൂന്യപ്രദേശത്തു  
ഇവ്വിധത്തിൽ എത്രനാളായ്ക്കറങ്ങുന്നു!  
 
എന്തിനാണീവിധം ഞാൻകറങ്ങീടേണ്ട-തെത്രയുംനാൾകൂടി,യെന്നൊട്ടറിഞ്ഞിടാ

ഏണാങ്കനും മറ്റു താരാഗണങ്ങളും
ഏഴെട്ടു ഗോളവും കൂട്ടിനായുണ്ടഹോ!

എങ്കിലും എത്രയോ ദൂരെയാണെല്ലാരു-
മെന്നതും കൂട്ടായി കൂട്ടുവാ𝖛നാകുമോ?  
  
അമ്മ യെന്നെന്തേവിളിക്കുന്നതെന്നെയീ
അർത്ഥമോഹിയാകും മാനുഷന്മാരൊ ക്കെ?

മർത്യന്നു ഞാനല്ല ജന്മം കൊടുത്തതും
എത്രനാളാകേണമായുസ്സവനെന്നും
    
എന്നിട്ടുമെന്റെയെല്ലാം തന്നെ പോറ്റമ്മ- 
യെന്നമട്ടിൽ പങ്കുവയ്ക്കുന്നവന്നായി!

എന്റെയാ ഉള്ളിന്റെയാഴങ്ങളിലായും  
എന്റെയാനിമ്നോന്നതങ്ങൾക്കിടയ്ക്കായി

സൂക്ഷിച്ചുഞാൻവച്ച സമ്പത്തുകൾക്കൊ ക്കെ
സാക്ഷിയേയില്ലാതവന്നാണവകാശം

അമ്മയെന്നെന്നേ വിളിക്കുമെന്നാകിലും
എമ്മട്ടവനെന്നെച്ചൂഷണം ചെയ്‌വതോ!
      
എന്റെ മാറാകെത്തുളച്ചിട്ടു ബോംബിട്ടു
എന്തോപരീക്ഷിച്ചു നോക്കുന്നിതെന്നുമേ 

എന്നുള്ളിലേയ്ക്കങ്ങിടിച്ചു കേറ്റുന്നവൻ
എത്രയോ കമ്പികൾ കെട്ടിടം പൊക്കുവാൻ

എത്രയാഘാതമേൽപ്പിക്കുന്നവനെന്നോ    ഇത്രയേറെപ്പീഡനം എനിക്കേകണോ!

ഉരുൾപൊട്ടിയിട്ടങ്ങൊലിക്കുമെൻ കണ്ണീരിൽ  
ഉരുൾപൊട്ടിപ്പായും yh  പൂട്ടു വീണ ജീവിതങ്ങൾ

വറ്റുന്നയാറിന്റെയുള്ളിലെച്ചുഴിയിൽ 
വെട്ടിത്തെളിച്ചൊരാക്കുന്നുകൾക്കുള്ളിലായ്    

കാണാതവൻപോവതെന്റെയീയുള്ളിലായ്
കേഴുന്ന ഖിന്നയാം മാതൃത്വമല്ലയോ!

സർവ്വംസഹിപ്പവൾ എന്ന പേരേകീട്ടു   
സർവ്വപ്രകാരേണ പീഡനം നൽകയോ!

അമ്മയെന്നീയെന്നെ സംബോധനചെയ്യാ-
നെമ്മട്ടധികാരം നേടിയീ മാനുഷൻ?

മർത്യന്റെയത്യാഗ്രഹത്തിനെന്നെങ്കിലും
മാറ്റമുണ്ടാകുമോ കണ്ടറിഞ്ഞീടണം

മാറ്റമുണ്ടാകില്ലയെങ്കിലെൻറെ രൂപം
മാറിടും ശൂന്യമായ്  മർത്യന്നു നാശവും.


                             17


.        . തീരം തേടും തിരകൾ
       --------------------------------------------- 

സാഗരത്തിരമാലകൾതൻ നനുനനുത്ത
രാഗവായ്പ്പിലലിയുന്ന മണൽത്തരികൾ
പാൽനുരകളമരുന്ന തരിതരിപ്പിൽ
പാരംകോരിത്തരിച്ചങ്ങു മയക്കമാകും.

കരയുടെയരികിലേക്കൊരുമയോടെ
വരവായി തുരുതുരെത്തിരതരംഗം   
കരയോരത്തരികളെത്തിരകളൊന്നായ്
പരിരംഭണത്താലേ രമിപ്പിക്കയായ്.     
 
തിരകൾ കരയെവിട്ടകന്നുപോകേ
കരയിലെത്തരികളെച്ചവിട്ടി നീങ്ങും
കുരുന്നുകാൽ വിരലുകൾ തരിമണലിൽ
വരച്ചചിത്രങ്ങൾ മായ്ക്കുമടുത്ത തിര.

നുരഞ്ഞുപതഞ്ഞ് ചിരിച്ചുല്ലാസമോടെ   
കരയെവിട്ടകലുന്ന തിരകളിന്മേൽ    
അരുണന്റെ കിരണങ്ങൾ തഴുകീടവേ 
നുരകളുരുകി നീരാവിയായുയരും!
 
ദൂരെ ദൂരെത്തിരകളിലാടിയുലഞ്ഞ്
കരയിലേക്കടുക്കുന്നോരുരുക്കളിലായ് 
കരുതലോടെ കൊണ്ടുവരും ശംബരം 
കരയിലെയൊരു കൂട്ടരുടെയാധാരം!

അരുണൻ പശ്ചിമാംബരച്ചുവരിലാ യ്തൻ  
കിരണങ്ങളാലൊരുക്കി പലവർണ്ണത്താ ൽ 
ചാരുതയോലുന്നയൊരു ചുവർചിത്രവു-
മൊരു സപ്തവർണ്ണമോലും മാരിവില്ലും

പാരാവാരത്തിനപ്പുറമരുണൻ പോകേ
കൂരിരുളിൻ വരവും കാത്തിരുന്നു തീരം.
കരയോരം ശൂന്യമാകെത്തിരതരംഗം  
തുരുതുരെ തലതല്ലിത്തിരികെപ്പോകും.


                            18


.            കർഷകസമര വിജയം
                ............................


നനുനനുത്തമഞ്ഞുതിർന്നു വീഴുമാ   
തണുത്തുറഞ്ഞുപോം ശിശിരരാവിലും
തുറന്നപന്തലിൻ പരുപരുത്തൊരാ 
തറയിൽ ശ്വാനന്റെയുറക്കം പൂണ്ടിട്ടും, 
    
കടുത്തവേനലിൽ ജ്വലിക്കും പാതയിൽ
ചുടുത്ത കാലടി തടവി നീങ്ങിയും
ചറപറെമഴ പൊഴിഞ്ഞിരിപ്പിടം
ചെളിക്കുഴിയായിട്ടിരിക്കാനാകാതെ

ദിനങ്ങളെത്രയോ വിഷമവൃത്തത്തിൽ
മനസ്സിന്റെ മടുപ്പിനെയതിജീവി-
ച്ചൊരു ലക്ഷ്യം മാത്രം നിറവേറ്റാനായി-
ച്ചെറുത്തുനിന്നവരിവർ, കൃഷീവലർ.

അറിഞ്ഞിരുന്നതാണിവരിതുവരെ
ഉറച്ചനട്ടെല്ലിന്നുടമ നാടിന്റെ,
കവിഞ്ഞദാരിദ്ര്യച്ചുഴിയിലുമവർ
നിവർത്തിനിർത്തിയാ നടുവിലെയെല്ല്!

വിശന്നിടേ മുണ്ട് മുറുക്കിച്ചുറ്റിയും 
വിളമ്പിയന്യർക്കായവർ സ്വന്തമന്നം.   
അവരുടെ ത്യാഗമനോഭാവത്തിനെ
അവഗണിച്ചത് കൊടുംചതിയല്ലേ?

വിരലിലെണ്ണുവാൻ കഴിയുമാൾക്കാർക്ക് 
വഴിവിട്ടാനുകൂല്യങ്ങൾ കൊടുക്കുവാൻ   
വഴിയാധാരമാക്കി ഈനാടിൻ കെടാ-
വിളക്കുകളാകും കൃഷിക്കാരെ മൊത്തം! 

അധികാരിവർഗ്ഗമിവരുടെ വീര്യം
അളന്നുനോക്കാതെ 'നയം' നടപ്പാക്കി!
അടിച്ചമർത്തിയതവരുടെ ധൈര്യം,
അവസാനിപ്പിച്ചിതനേക ജീവനും!  
 
കറുത്ത നീതിയെത്തുരത്തുവാനായി,
പൊറുക്കുവാനാകാത്തതിക്രമങ്ങളെ,
അഹമെന്ന ഹീനമനോഭാവത്തിനെ,
സഹനമെന്നയായുധത്തിനാൽ വീഴ്ത്തി!

വിജയിച്ചിന്നഹോ ഒരുമതൻ കരം
വികലമാം നയമറിഞ്ഞു തോൽവിയും
സഹനത്തിൻ പ്രതീകമീ മണ്ണിൻമക്കൾ
സലാമിവർക്കായിപ്പകുത്തു നൽകുവിൻ


                           19

.                    പരിചിന്തനം

തിരയുന്നു ഞാനെന്നന്തരാത്മാവിലും  
പരതുന്നെന്നുടെയന്തരംഗത്തിലും 
ജരകേറിയോരീ ചിന്താതലത്തിലും,
ഒരു നല്ലനരനായിരുന്നുവോ ഞാൻ?

കരുതിക്കൂട്ടിയെന്നിച്ഛാതലങ്ങളിൽ 
തിരുകിവച്ചോ കടിഞ്ഞാണിൻ ചരടു കൾ?
പറയാൻ സൂക്ഷിച്ച വാക്കുകളാകെയും 
പുറത്തേക്കു വിടുവാൻ മടിച്ചു നിന്നോ?

കണ്ടവ കണ്ടതില്ലെന്നു നടിച്ചുവോ?
കണ്ടുകൂടാത്തവ കാണാൻ ശ്രമിച്ചുവോ?
കാണുവാനായിടാക്കാര്യങ്ങൾ പോലുമേ
കണ്ടുവെന്നങ്ങു നടിച്ചു നടന്നുവോ!
 
ചെയ്യേണ്ടവ ചെയ്യുവാനായ് മടിച്ചുവോ?
ചെയ്തവയാത്മാർത്ഥതയോടെ ചെയ്തു വോ?
ചെയ്യാത്ത കാര്യവും ചെയ്തുവെന്നും തഥാ
ചെയ്തവ ചെയ്തില്ലയെന്നും മൊഴി ഞ്ഞോ?  

കടമകളൊക്കെ സമയാസമയം
മുടങ്ങാതെതന്നെ നിറവേറ്റിയോ ഞാൻ?
അടങ്ങാത്ത മോഹങ്ങൾക്കടിമയാകേ
തടയവയ്ക്കിടുവാൻ മടിച്ചു നിന്നോ?

അപകടമൊക്കെ മണത്തറിഞ്ഞിട്ടും
കപടമാകും മറതീർത്ത് മുന്നേറിയോ?
തെറ്റിനെയൊക്കെ ശരിയെന്നതേൻപൂശി
കുറ്റമില്ലാത്ത കൃത്യങ്ങളായ്  മാറ്റിയോ?  
 
ഇനിയും ചോദ്യങ്ങളിങ്ങനെയെത്രയോ 
മനതാരിലേക്ക് തിരക്കിട്ടു വന്നിടേ
തടയിട്ടു നിർത്തുവാനേ മാർഗ്ഗമുള്ളൂ  തരമില്ലവേറേ, പറയാതെ വയ്യാ!

ഉത്തരമേകേണ്ടവയെല്ലാ ചോദ്യവു-
മുത്തരമൊന്നുമേയേകാനുമായിടാ 
കഴിഞ്ഞുപോയവ ചികഞ്ഞെടുത്തു പോയ് 
ഒഴിഞ്ഞുമാറുവാനിനിക്കഴിഞ്ഞിടാ!     
  
അസാദ്ധ്യമാമിനിയവ തിരുത്തുക,
അതിന്നറിഞ്ഞിടേ നിരാശതൻ നിഴൽ
പടർന്നിട്ടെൻറെയീ പരിചിന്തനത്തെ
പരിതാപത്തിന്റെ നിറവിലാക്കിയോ?


                           20 


        പൂട്ടു വീണ ജീവിതങ്ങൾ  
        ----------------------------------------
   
മാലോകരാകെയൊരു കൊച്ചണുവിന്റെ
പേരിൽ
മാഴ്കിത്തളർന്നു ദിനരാത്രി കഴിച്ചുകൂട്ടേ
കാലന്റെ പാശവുമൊരുഗ്രവിനാശമാകും കാലം മനുഷ്യനു പരീക്ഷകളേറെ നൽ കും.

ഓളങ്ങളായി വരുമെന്നു വിദഗ്ധ വാക്യം 
ഓഘം വിനാ,യണു 'കൊറോണ'തരംഗ  മെന്നാം!
എത്തിക്കഴിഞ്ഞിതു തരംഗമാതാദ്യര ണ്ടും
മൂന്നിന്റെ കാലടിയൊലിക്കതി ദൂരമാകാ!

മെയ്തൊട്ടടുക്കരുതൊരാളു,മതാണു കാമ്യം  
മാസ്ക്കും ധരിക്കുക തഥാ കഴുകീടണം കൈ 
വീക്ഷിച്ചുപോകിലിവയൊക്കെയുമപ്രകാരം,
രക്ഷപ്പെടുന്നതെളുതെന്നു പറഞ്ഞിടുന്നു.

ഓളങ്ങളിങ്ങനെ കടന്നു വരുന്നുവെങ്കിൽ
താളം ക്രമേണയതുപോലെ തകർന്നു പോകാം
മർത്യന്റെ ജീവിതമതിൻ ഗതിതന്നെ മാറാം
ഓർത്താലതെത്രയതിഭീകരമെന്നു സാരം!

പാവങ്ങളെത്രയിവിടെക്കഴിയുന്നുവെന്നോ
ജീവിക്കുവാൻ ദിവസ വേതന ജോലി ചെയ്താൽ 
അന്നന്നു മാത്രമതിജീവന മാർഗ്ഗമാകും 
ഒന്നോടെയാ വരവു നില്ക്കുക കഷ്ട മല്ലോ!

അങ്ങാടികൾ തുടരെയിങ്ങനടച്ചുവെ ന്നാൽ
എന്താകുമെന്നറികയില്ലയവസ്ഥ വ്യാപാ-
രത്താലെ ജീവിത ഉപാധി തരപ്പെടുത്തേ-
ണ്ടുന്നോരുടേയു,മിതുപോലെയനേകമോർക്കൂ !

ലക്ഷോപലക്ഷമിതുപോലെ,യനേകരുണ്ടാം
കുക്ഷിക്കുവേണ്ടിയലയേണ്ടിവരുന്നയാൾക്കാർ
മാർഗ്ഗങ്ങളൊക്കെയടയുമ്പൊഴിവർക്കുസ്വന്ത-
മാത്മാവിനെക്കുരുതി ചെയ്യുകയൊറ്റ മാർഗ്ഗം

കോടീശ്വരപ്രഭുവുമുണ്ടിവിടിന്നനേകം!
കോടിപ്പണം വെറുതെ കൂട്ടിയൊളിച്ചു വയ്പ്പോർ!
ആകില്ലകൂട്ടുവതിനായിപണത്തെയങ്ങേ
ലോകത്തിലേയ്ക്കവരതോർക്കുകയില്ലതെല്ലും! 

ഈരണ്ടു കൂട്ടരുടെ രക്തമൊരേ നിറ ത്തിൽ
ഇല്ലൊട്ടുമേയൊരു വിവേചനമീ കൊറോ ണയ്
ക്കീരണ്ടുപേരുമൊരുപോലെ കൊലയ്  ക്കു പോലും! 
ആരും കൊറോണയുടെ വായിലകപ്പെടാ മേ!

ചിന്തിക്കവേണമതിനാലെ ധനപ്രഭുക്കൾ
എന്തിന്നു വേണ്ടിയിനിയീ പണമൊക്കെ പൂഴ്ത്താൻ?
അന്നത്തിനായി വലയുന്നയനേക പാവം
നാട്ടാർക്കു വേണ്ടിയതുമൊന്നുപയോഗമാക്കാം.

ചിന്തിക്കവേണ,മതിനായിയൊരുക്കമായാൽ   
ചിത്തത്തിനെത്രയധികം സുഖമേറുമെ ന്നും
എന്തിന്നുവേണ്ടിയതുവേണ,മതും പ്രധാനം  
ഉത്തുംഗ ചിന്ത മനതാരിനു ശോഭയേറും!


                               21


        മനസ്സൊരു മായാലോകം
______________________________
      

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുത പ്രതിഭാസം,മാനസം 
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ലനേരിട്ട,താം സത്യം!

മാറുപിളർന്നിട്ടുനോക്കിയാൽകാണ്മതോ
മാംസവും രക്തവും വെള്ളവുമല്ലയോ?
നെഞ്ചാണ് മനസ്സിന്റെയാവാസകേന്ദ്രമെ-
ന്നെന്തുകൊണ്ടാകും മനുഷ്യർ പറയുക?

ഹൃദയമാണ് മനമെന്നും പറയുന്നു  
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് നിണം തനുവിൽ  
നിർലോഭമെത്തിക്കുമെവിടേം,അറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കു വഴങ്ങാതെ 
ആർക്കുമടിമയാകാത്ത പ്രതിഭാസം!  
         
എങ്കിലും സമ്മതിക്കാതെ തരമില്ല
എത്രയപരമാകുന്നതിൻ ശക്തിയും
വേഗതയുമതുപോലെയതിനെല്ലാം 
വേർതിരിച്ചറിയുവാനുള്ള കഴിവും 

എത്രയോ ദൂരമുള്ളിടമാണെങ്കിലും
എത്തിടും ചിന്തിക്കുമാ മാത്രയിൽ മനം   
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ-
ക്കത്രയും വേഗത കൈവരിക്കാനാകാ.

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മനസ്സുകൾ തമ്മിലടുത്താലെത്രയോ 
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

 സ്നേഹവും വെറുപ്പും ദേഷ്യ,വിദ്വേഷവും
 സങ്കടവും പൊരേ,ലസൂയേം കുശുമ്പും!
എത്രയോ ഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     
   
രൂപമില്ലാത്ത മനസ്സും ബുദ്ധിയുമേ-
കോപനത്തോടെയൊത്തുപിടിച്ചാൽ
എന്തൊക്കെ നേടിയെടുക്കുവാനാകില്ല, 
എന്നതൊട്ടും തർക്കമില്ലാത്ത കാര്യമാം


                              22


        അരുവി പുഴയാകുമ്പോൾ 
        -----------------------------------------

വന്മലയൊന്നിന്റെയുദരത്തിൽനിന്നും  
ജന്മമെടുത്തോരുറവയായ് ഞാൻ.

കാടും മലകളും ചുറ്റിയും താണ്ടിയും  
കാണും ചെടികളേയും തഴുകി,

ദാഹശമനമവർക്കു നൽകീടവേ    
ദാഹമില്ലാതെൻ മനം കുളിർത്തു. 
 
കിന്നാരമവരോടു ചൊല്ലീം ചിരിച്ചും
കളകളം ചൊല്ലിയുല്ലസിച്ചും,

വലിയ മലകൾക്കിടയിൽനിന്നും താഴ്
വരകളിലേക്ക്‌ കുതിച്ചു ചാടീം, 

കരയോടു ചേർന്നങ്ങിരുന്നോരു ചെറു
കല്ലുകളെയെന്റെ കൂടെക്കൂട്ടീം,     

അവയെ മെല്ലവേ തഴുകിയുരുട്ടി
അഴകിൻ ഗോളങ്ങളാക്കി മാറ്റീം,

കൊഴിയുമിലകളേയും പൂക്കളേയും   
കളിയോടമായിട്ട് കൂടെക്കൂട്ടീം,

മീനുകളേയും തവളകളേമൊക്കെ 
എന്നുടെയന്തേവാസികളാക്കീം,   

വഴിയിലെയോരോതിരിവിൽ വച്ചുംകൈ-
വഴികളെയൊക്കെ ചേർത്തണച്ചും,

തെളിനീരുമായി നാടോടടുക്കവേ
തെല്ലൊന്നു വേഗം കുറച്ചൊഴുകീം,

കൂട്ടിന് വന്നൊരാ ഉരുളൻ ശിലകളെ
കൂട്ടുപിരിച്ച് കരയ്ക്കടുപ്പിച്ചും, 

അഴകേറുമാ ചെറു ഗ്രാമത്തിലേയ്ക്ക-
ങ്ങൊഴുകിയെത്തീ ഞാൻ മോദമോടെ.

വരവേറ്റു സന്തോഷമോടെന്നെ നാട്ടാർ
വളരെ സംതൃപ്തിയെനിക്ക് തോന്നി.

തെളിനീരെന്റേതവർക്കുംപശുക്കൾക്കും
കുളിരേകിയുള്ളിലും പുറമേം.  

വയലേലകൾ താണ്ടിയോഴുകീടവേ
വലുതായ് മാറിയെൻ രൂപം ക്രമാൽ.

മുന്നോട്ടുപോകവേയെന്റെതെളിനീരിൽ
കുന്നോളം മാലിന്യം ചേർക്കയായി.

മണലാകെക്കോരിയെടുത്തിട്ടെന്നുള്ളം  പുണ്ണുപോൽ കുണ്ടും കുഴിയുമായി.

എന്റെയോരങ്ങളെക്കയ്യേറി മാനുഷർ  
എത്രയോ മന്ദിരമങ്ങുയർത്തി.   
 
എന്റെവഴികളിടുങ്ങിച്ചെറുതായി
എത്ര വൈഷമ്യമെനിക്കൊഴുകാൻ!

എത്രയേറെയുപകാരിയവർക്കു ഞാൻ
എത്രയുപദ്രവമെന്നിട്ടെനിയ്ക്ക്!

മലയില്ലാതാക്കി മഴപെയ്യാതായി
മലവെള്ളമെത്തില്ലിനിയെനിക്ക്.

കുഴി കുഴിച്ച് സ്വയം വീഴും മനുഷ്യാ ഈ 
പുഴയുടെ കഴുത്ത് ഞെരിച്ചെന്നാൽ    

വഴിവേറെയില്ലെന്ന് വന്നാലെനിക്കിനി  
പുഴുപോലിഴയേണ്ടിവരുമോ?


                             23


     നർമ്മ,കാരുണ്യ,ച്ചിരിത്തമ്പുരാൻ 
                 
          (വലിയമെത്രോപ്പോലിത്താ
          മാർക്രിസോസ്റ്റം തിരുമേനി)
                      ***********

ചിരിയുടെയഴകിനാൽ      
          ചിരിയുടെ തമ്പുരാനായ്
കരുതി ജനങ്ങളെല്ലാം ബഹുമാനിച്ചോൻ

കാരുണ്യത്തിൻ കരുത്തിനാൽ
            മനുഷ്യഹൃദയങ്ങളിൽ 
പാരമികസ്ഥാനമാനംനേടിയെടുത്തോൻ

വിഷയമെത്രയോയേറെ
            ഗൗരവമുള്ളതായാലും
വിവാദമെന്യേ നർമ്മത്തിലവതരിപ്പോൻ              
അരമനയുടെയക-     
           ത്തളങ്ങളിലിരിക്കാതെ
അരുമയാം സസ്യങ്ങളെ പരിപാലിച്ചോൻ

അരുമകൾ മുയലിനേം
           ആടിനേയും കോഴികളേം
പരിപാലിച്ചോമനിച്ചു സ്നേഹമൂട്ടിയോൻ

മുത്തുമാലയുടെയഗ്രേ
           തടിക്കുരിശ്ശുമണിഞ്ഞു
മുറ്റത്തെത്തുളസിത്തറേൽ
           ജലം പകർന്നോൻ

നീണ്ട നിറമുള്ള തുണി-
           ക്കുപ്പായങ്ങളണിഞ്ഞതിൻ
നീളമേറും കയ്യുകളിലെളിമ ചാർത്തി

അന്തേവാസികൾക്കു സ്വന്തം 
           'അപ്പച്ച'നെന്നുള്ളയൊരു
അപരനാമത്താൽക്കൂടിയറിയപ്പെട്ടോൻ                
മതമേതെന്നു നോക്കാതെ
           ഏതിലേയും നല്ലകാര്യ-
മതുപോലെ പകർത്തിയി-
           ട്ടനുപമമാം

മാതൃകകാട്ടിയിട്ടുതൻ
           മനസ്സിന്റെ വലിപ്പത്തെ
മാലോകരെയറിയിച്ച കുഞ്ഞാട്ടിടയൻ

ചിന്തയും മാനവീയതേം
           വിമർശനോം വിശുദ്ധിയും
ചിരിയിലും നർമത്തിലും
            പൊതിഞ്ഞുനൽകി    

ചിരിക്കുവാൻ മറന്നൊരീ
            തലമുറയെ നർമ്മത്തിൻ
ചതുരപ്പൊന്നാട ചാർത്തി ചിരിപ്പിച്ചവൻ 
   
മലയാളിമനസ്സുകൾ
            ഒന്നടങ്കം കീഴടക്കി
മഹിമതന്നുത്തുംഗത്തിലെത്തപ്പെട്ടവൻ

വലിയമെത്രോപ്പോലിത്താ
            മാർക്രിസോസ്റ്റം തിരുമേനി 
വിശിഷ്ട വ്യക്തിത്വത്തിന്റെ 
             പ്രതീകമല്ലോ!    

മഹാത്മാവേ നമിച്ചിടും,
           അങ്ങയുടെ പുകൾപെറ്റ, 
മഹനീയ വ്യക്തിത്വത്തെ മലയാളികൾ!


                            24

.           കുരുട്ടു മരങ്ങൾ
                      
ഇരുട്ടിൽ, പുറന്തോടി-
            ന്നുള്ളിൽ ഞാൻ വിശ്രമിക്കേ
ഒരു ദീർഘനിദ്രയിൽ  
                സ്വപ്‌നങ്ങൾ കണ്ടിരുന്നു

ഒരുനാൾ മുളച്ചിട്ടു
                മരമായ് മാറീടും ഞാൻ
ഒരുപാട് യാത്രക്കാർക്കു
                തണലാലേകും കുളിർ 

പക്ഷികളേറെയെന്റെ 
                ചിറകിന്നുള്ളിൽ വന്നു
പൊറുക്കാൻ, ചേക്കേറിയു     
                റങ്ങാനഭയം നൽകും
           
നൽകിടും യാത്രക്കാർക്കും
                 പത്രികൾക്കുമൊരുപോൽ
നല്ല സ്വാദിഷ്ടമായ
                 ഫലങ്ങൾ ഭക്ഷിക്കുവാൻ

പുകഴ്ത്തുമവരെന്നെ
                  പരോപകാരിയെന്ന
പാവന നാമത്താലേ,
                  കോൾമയിർകൊണ്ടീടും ഞാൻ

എത്ര സന്തോഷമോടെ
                  ജീവിതം മുന്നോട്ടു പോം
എൻജന്മം സാഫല്യത്തിൻ
                  നറുതേൻ നുണഞ്ഞീടും                           *******   *******   ******
സ്വപ്നത്തിൽ നിന്നുണർന്നു
                  വന്നുഞാനീ ഭൂമിയിൽ
സ്വപ്നം കണ്ടതൊക്കെയും 
                  ദുഃസ്വപ്നമായ് മാറിയോ!

മുളച്ചു ചെടിയായി
                  ശാഖകൾ കൈവരിക്കേ
വളച്ചുപിരിച്ചെന്റെ
                  വളർച്ച മുരടിയ്ക്കാൻ

പാകമാകുന്ന വിധം
                   കമ്പിയാൽ കെട്ടിവച്ചും
ശാഖയും പത്രങ്ങളും
                   കത്രിച്ചു കളഞ്ഞിട്ടും

വികൃതമാക്കിയിട്ടോ-
                   രോമനപ്പേരും നൽകി 
വിറ്റു കാശാക്കിമാറ്റാൻ
                 പറ്റിയോരുപേർ 'ബോൺസായ്!   
ഇന്നുഞാൻ വെറുമൊരു  
                കാഴ്ചവസ്തുവായ് മാറി          വന്നതീ ലോകത്തു ഞാൻ  
                പാഴ്ജൻമമായിട്ടാണോ 

ഇന്നെനിക്കില്ല സ്വതം,
                നന്നായി ശ്വാസം വിടാൻ,
ഒന്നെൻ തലയുയർത്താൻ,
                ഒന്നു കൈകാൽ നിവർക്കാൻ

ഇല്ലെനിക്കു സ്വാതന്ത്ര്യം
                വളരാൻ പടരുവാൻ   
കൊല്ലുന്നു കൊല്ലാതെന്നെ 
                 എല്ലെനിക്കില്ലെന്നായി

കുള്ളൻപൂമാനെക്കണ്ടാൽ
                 ഖേദിച്ചീടുന്ന മർത്യൻ
കുരുട്ടായ് മാറ്റീട്ടെന്നെ
                 കണ്ടുല്ലസ്സിച്ചീടുന്നു!

ഊമയാമെന്നേ വീണ്ടും
                  കുരുട്ടുമരമായി-
ട്ടീമനുഷ്യർ മാറ്റുന്ന
                  വികാരമെന്താണാവോ! 
        
ഇന്നിൽ ജീവിച്ചിടാനായ്
                  ഇന്നിൻ തുടിപ്പറിയാൻ
എന്നിലുദിക്കും മോഹം
                  എന്നിൽത്തന്നടിയുന്നോ?    
         *******   *******   *******
എത്രയോ സ്വപ്നം ഞാനും  
                   കണ്ടിരുന്നെന്നോ ഒരു
ചിത്രശലഭം പോലെ
                   പാറി ഞാൻ നടന്നപ്പോൾ

ബാലികയായിരിക്കെ
                    കൂട്ടുകാരുമോത്തന്നു
കാലത്തിൻ നീരോഴുക്കിൽ
                    ഒഴുകിനടന്നു ഞാൻ

പഠിക്കാൻ, മനസ്സിനെ
                    വളർത്തിയെടുക്കുവാൻ
പരന്നോരീലോകത്തു 
                    ചുറ്റിസഞ്ചരിച്ചിട്ടു

നേടുവാൻ അറിവിന്റെ
                   ഭണ്ഡാരങ്ങൾ തുറക്കാൻ
നോമ്പ് നോറ്റോരെനിക്ക്
                   ഞാൻപോലുമറിയാതെ   

മംഗല്യഭാഗ്യം വരേ
                    ചൊല്ലിയെല്ലാരുമൊരു
ഭാഗ്യവതിപോലും 
                    ഞാനെന്ന നവവധു!

വന്നുപെട്ടെന്നാൽ ഞാനോ
                   കാരാഗ്രഹംപോലൊരു
മന്ദിരത്തിലിവിടെ
                   ഇല്ലെനിക്കു സ്വാതന്ത്ര്യം

ഒന്നുമേ ചെയ്തീടാനും
                   എങ്ങുമേ പോയീടാനും
നന്നായെൻ കൈകാലുകൾ
                   വരിഞ്ഞുമുറുക്കിപ്പോയ്

ഞാൻകണ്ട സ്വപ്നങ്ങളോ
                   ഇന്നെനിക്കന്യമായി
ഞാനിന്നു വെറുമൊരു
            'ബോൺസായി' പോൽ കുരുട്ടായ്!


                            25

.          മാവേലിയുടെ ദുഃഖം

മാവേലിമന്നനലസ്സനായി
ഓലക്കുടയും പിടിച്ചു
നാട്ടിലെയോണക്കോലാഹലങ്ങൾ
നോക്കീം കണ്ടും മടുത്തപ്പോൾ 
കല്പകവൃക്ഷത്തോപ്പിൻ തണലിൽ 
അല്പനേരം വിശ്രമിക്കേ 

പണ്ടുതാനീ കേരളത്തെ നല്ല-
പോലെ ഭരിച്ചതങ്ങോർത്തു
തന്റെ പ്രജകളന്നെത്രയേറെ തൃപ്തരായിരുന്നുവെന്നോ!
ഇന്നു കപടസന്തോഷമല്ലോ
മിന്നുന്നതെല്ലാ മുഖത്തും!
എത്ര മറയ്ക്കാൻ ശ്രമിച്ചെന്നാലും
എങ്ങും കണ്ടീടാം ദാരിദ്ര്യം
തന്നെ സ്നേഹിക്കും പ്രജകളെല്ലാം
ഒന്നും പുറമേ കാട്ടാതെ
എത്രയോ തന്മയമായിത്തന്നെ 
എല്ലാം മറച്ചു പിടിപ്പൂ
താനൊന്നും നേരിൽക്കാണാതിരിക്കാൻ
തത്രപ്പാടെത്ര പെടുന്നു!

ആധുനിക 'രാജാക്കന്മാ'രൊക്കെ
ആവോളം കട്ടുമുടിപ്പൂ
മാറിമാറിയവർ വന്നും പോയും
മാലോകരെ വിഡ്ഢിയാക്കും
കട്ടും മുടിച്ചും ചതിച്ചും അവർ
കുട്ടിച്ചോറാക്കുന്നീ നാട്
ഇമ്മട്ടിൽ മുന്നോട്ടു പോയീടുകിൽ 
ഇങ്ങോട്ടിനിയും വരേണോ!

കാട്ടവേണ്ടായിരുന്നൊട്ടും ദയ 
കുള്ളനാം വാമനനോടന്ന് 
ഇന്നു തിരിഞ്ഞൊന്നു നോക്കീടവേ
തോന്നുന്നു താനെന്തു വിഡ്ഢി!
വേദനയോടെ സഹിക്കാമെല്ലാം
ഖേദിച്ചിട്ടില്ലിനിക്കാര്യം!


.                          26

.                 കേരളഗാനം

മാവേലി വാണതിന്നാലോ, മഴു വീണു പിറന്നിട്ടോ 
മോഹിപ്പിക്കും തീര-കേരനിരകളാലോ,
പേരുണ്ടായ,തെന്തുമാട്ടേ, കേരളത്തിൻ നാമം കേട്ടാൽ 
ആരിലുമുണ്ടാമുണർവ്വും ഗർവ്വുമൊന്നുപോൽ
............ ഇത് ദൈവത്തിന്റെ സ്വന്തം
നാടാണെന്നതിനാലാം 
     
.........( മാവേലി വാണതിന്നാലോ .......)

പച്ചക്കമ്പളം പുതച്ച മലകളും താഴ്വരയും
പച്ചവിരിച്ചുലയുന്ന നെൽപ്പാടങ്ങളും 
പിച്ചവച്ചു മലയിൽനിന്നിറങ്ങുന്ന തോടുകളും
സ്വച്ഛമായൊഴുകിടുന്ന തടിനികളും
. ....... പ്രകൃതിഭംഗിയിൽ മുന്നിലല്ലോ കേരളം

......( മാവേലി വാണതിന്നാലോ .......)
 
സാഹിത്യ-കലാ രംഗത്തും നവോത്ഥാന പാതയിലും
സംഭാവന നൽകിയവരേറെയല്ലയോ  
പ്രബുദ്ധരായവരല്ലോ കേരളീയർ, വിദ്യനേടി,
പ്രവാസി മലയാളികളനുഗ്രഹവും!
. മാനവശേഷിയിൽ മുന്നില്ലല്ലോ കേരളം

......( മാവേലി വാണതിന്നാലോ .......)

സഞ്ചാരപ്രിയർക്കാകെയും പറുദീസ, പുരാതന
വഞ്ചിനാടിൻ തീരങ്ങളും ആയുർവ്വേദവും 
ഒന്നുപോൽ പ്രിയം കായലുംപുഴയും ദേവാലയവും,
കുന്നുകളും വന്യമൃഗസങ്കേതങ്ങളും!
...........നമ്മു,ടാതിഥ്യമര്യാദയേറെ പ്രസിദ്ധമല്ലോ!

..........(മാവേലി വാണതിന്നാലോ ...........)

സ്ത്രീശാക്തീകരണത്തിലും ഇന്നുനാമേറെ മുന്നിലാം
സ്തുത്യർഹമല്ലോ കുടുംബശ്രീ പ്രവർത്തനം
ഭാരതത്തിൻ വികസന സൂചികകളൊന്നു നോക്കൂ 
കേരളമല്ലോ മുന്നിലായേറെയെണ്ണത്തി ൽ!
കേരളത്തിൻ വികസന മാതൃകകൾ കാണ്മതിന്നായ്
നേരിട്ടെത്തുന്നല്ലോ അന്യരാജ്യക്കാരൊ ക്കെ
...........നാ,മഭിമാന നേട്ടങ്ങൾതൻ നിറവിലല്ലോ!

.........( മാവേലി വാണതിന്നാലോ .......)

...........................o0o.............................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ