അരൂപിയായുള്ള മഹേശ്വരിക്കു
സ്വരൂപമേകുന്നു മനുഷ്യബുദ്ധി
വിരൂപമായുള്ള മനസ്സുകൾക്കും
പരാപരത്തിന്നൊരു സൂത്രവാക്യം.
രൂപഭംഗി സാഹിത്യത്തിൽ
*************************
രൂപങ്ങളിലൂടെ മാത്രമേ, അരൂപമായ പൂർണ്ണതയിലെത്താനാവുയെന്ന തിരിച്ചറിവ്.
ഒരിക്കൽ തൃശ്ശിവപേരൂരിൽ, ഒരു സാഹിത്യസംഘടനയുടെ സംഗമത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. ഉദ്ഘാടനസഭാവേദിയിൽ ഉദ്ഘാടകൻ തൻ്റെ മനോഹരമായ വാഗ്ധോരണിയാൽ സദസ്സിനെ പിടിച്ചിരുത്തി മുന്നേറുകയാണ്. വൃദ്ധൻമാരായ സാഹിത്യാചാര്യൻമാർ നിറഞ്ഞ വേദിയും സദസ്സും. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വായും പൊളിച്ച് കണ്ണിമച്ചിമ്മാതെ ഉദ്ഘാടകനായ ശ്രീ. ഡോക്റ്റർ കൂമുള്ളിയുടെ മുഖത്തേക്കു നോക്കിത്തന്നെയിരുന്നു ഞാൻ. വാണീദേവി ഉപവിഷ്ഠയായിരിക്കുന്ന ആ ജിഹ്വയിൽനിന്നു മധുരതരമായ സംഗീതംപോലെ പ്രവഹിച്ച വാഗ്വൈഭവം പതുക്കെ ഭാരതീയ സംസ്കാരത്തിൻ്റെ അടിസ്ഥാന സങ്കല്പങ്ങളിലൊന്നായ വിഗ്രഹാരാധനയിലെത്തി നില്ക്കുന്നു. ഒരു നിമിഷം, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വാചകമുതിർന്നുവീണു. അതെ എനിക്കായി മാത്രം, എനിക്കായി മാത്രം പറഞ്ഞതാണോ അദ്ദേഹമാ വാക്കുകൾ. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.
രൂപങ്ങളിലൂടെ മാത്രമേ അരൂപമായ പൂർണ്ണതിലെത്താനാവൂ.
ആ വാചകത്തെ എനിക്കേറ്റവും പ്രിയപ്പെട്ട സാഹിത്യലോകവുമായി കൂട്ടിവക്കാൻ ഒരു ചെറിയ ശ്രമം നടത്തട്ടെ. എന്താണ് സാഹിത്യത്തിൻ്റെ ആത്മാവ്. അതിന് രൂപമുണ്ടോ. അതരൂപിയെങ്കിൽ, ആ ആത്മാവിനെ സഹൃദയനിലേക്കെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതെന്താണ്.
" ഹിതേന സഹ വർത്തതേ ഇതി സഹിതം, തസ്യ ഭാവ സാഹിത്യം" ഹിതത്തിന് പത്ഥ്യമായത് എന്നും സാഹിത്യത്തെ പറയാം. ഈ അർത്ഥം സാഹിത്യത്തിൻ്റെ ആനന്ദകാരികത്വത്തെ, ചമത്കാരജനകത്വത്തെ സൂചിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ എന്താണ് ആനന്ദകാരികത്വം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നു. ഒരു രചന സഹൃദയൻ്റെ മനസ്സിൽ അവാച്യമായ ആനന്ദാനുഭൂതിക്ക് കാരണമാകുന്നുവെങ്കിൽ ആ രചനയ്ക്ക് ആനന്ദകാരികത്വമുണ്ടെന്നു പറയാം. അത്തരത്തിൽ സഹൃദയമനസ്സുകളിൽ ആനന്ദത്തെ ജനിപ്പിക്കുവാൻ സാധിക്കുന്ന രചനകളാണ് കവിതയുടെ സാന്നിധ്യമുള്ള രചനകൾ അഥവാ കവിത. പ്രധാനമായും രചനകളെ രണ്ടു രീതിയിലാണ് വർഗ്ഗീകരിക്കുന്നത്. ഈ വർഗ്ഗീകരണത്തെ വൃത്തമഞ്ജരിക്കാരൻ വളരെ ഭംഗിയായിത്തന്നെ വിശദീകരിച്ചിരിക്കുന്നു.
" പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാം മട്ടുരണ്ടിലേ
വാഗ്ദേവതയുദിച്ചിട്ടു വിദ്വദാനനപങ്കജേ
മാത്ര, വർണ്ണം വിഭാഗങ്ങളിലിത്യാദിക്കു നിബന്ധന
ചേർത്തു തീർത്തീടുകിൽ പദ്യം, ഗദ്യം കേവലവാക്യമാം"
എന്നതാണ് വൃത്തമഞ്ജരിക്കാരൻ്റെ വിശദീകരണം. അദ്ദേഹം ഗദ്യത്തെയും പദ്യത്തെയും നിർവ്വചിക്കുന്നു എന്നതിലുപരി കവിതയെന്നതിനെ വിശദീകരിക്കാൻ തയ്യാറായിട്ടില്ല. എന്തുകൊണ്ടെന്നാൽ കവിതയുടെ സാന്നിധ്യം ഗദ്യത്തിലും പദ്യത്തിലുമുണ്ടാകാം എന്നതുകൊണ്ടുതന്നെയാണത്. അരൂപിയായി രചനയിൽ വിളങ്ങുന്ന ആനന്ദകാരകത്വത്തെത്തന്നെയല്ലേ കവിതയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ മുകളിൽ പറഞ്ഞ വാചകത്തിന് സാഹിത്യത്തിൽ വളരെയധികം പ്രാധാന്യമുണ്ടെന്നു തന്നെയാണ് എൻ്റെ അഭിപ്രയം.
രൂപങ്ങളായ വിഗ്രഹാരാധനയിലൂടെ നിരാകാരമായ പരബ്രഹ്മത്തെ/ പരാശക്തിയെ അറിയുന്നതുപോലെ, പദ്യമോ, ഗദ്യമോ ആയിട്ടുള്ള രൂപങ്ങളിലൂടെ കവിതയെന്ന ആനന്ദാനുഭൂതിയിലേക്കുള്ള യാത്രയാണ് രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ രചയിതാവും സഹൃദയനും നടത്തുന്നത്. രണ്ടും പ്രതിഭയുടെ വ്യത്യസ്തമായ ഭാവങ്ങൾ മാത്രം.
മനോഹരമായ രൂപങ്ങൾ നമ്മളുടെ മനസ്സിൽ ആനന്ദത്തെയും ആകാംക്ഷയേയും ജനിപ്പിക്കും. ആ മനോഹരരൂപത്തിൻ്റെ സത്തയെയറിയുവാൻ ഏതൊരാൾക്കും ആഗ്രഹമുണ്ടാകും. അതുപോലെത്തന്നെ സാഹിത്യത്തിൽ രചനയുടെ രൂപഭംഗി, ആ രചനയുടെ അന്ത:സത്തയിലേക്കിറങ്ങിച്ചെല്ലാൻ അനുവാചകനെ പ്രേരിപ്പിക്കുകയും, അനുവാചകഭാവം സഹൃദയഭാവത്തിലേക്ക് മാറാൻ കാരണമാവുകയും ചെയ്യുന്നു.
വൃത്തമഞ്ജരിക്കാരൻ്റെ അഭിപ്രായത്തിൽ ഗദ്യത്തെ കേവലവാക്യം എന്നു മാത്രമാണ് വിശേഷിപ്പിക്കുന്നത്, എന്നാൽ കേവലവാക്യം മാത്രമായാൽ ഗദ്യത്തിന് രൂപഭംഗിയുണ്ടാകുമോ. ആ രചന എത്ര മഹത്തായ ആശയം ഉൾക്കൊള്ളുന്നതായാലും രൂപഭംഗിയുടെ അസാന്നിധ്യം അനുവാചകൻ്റെ വായനസുഖത്തെ ബാധിക്കുകയും ആ രചന അനുവാചകമനസ്സിന് വേണ്ടത്ര രസകരമാകാതെ പരാജയപ്പെടുകയും ചെയ്യുന്നു.
മലയാളഗദ്യരചനകളിൽ മനോഹരമായ സൃഷ്ടികളുണ്ടായിട്ടുണ്ട്. വാക്കുകളുടെ സമജസമായ സമ്മേളനത്താൽ വാചകങ്ങളിൽ ഒരു നൃത്ത്യനടനവിസ്മയംതീർക്കുന്ന രീതിയിൽ ഗദ്യത്താൽ കവിത രചിക്കുന്ന എം.ടിയെ വായിക്കാത്തവരായി മലയാളത്തിലെ സാഹിത്യപ്രേമികളാരുമുണ്ടായിരിക്കയില്ല. അദ്ദേഹത്തിൻ്റെ രചനകളിലെ ആശയങ്ങളോട് വ്യക്തമായി വിയോജിക്കുമ്പോഴും രചനയിലെ അദ്ദേഹത്തിൻ്റെ വാഗ്,വൈഭവം കണ്ട്, ആ പാദങ്ങളിൽ നമസ്കരിക്കാതിരിക്കാനാകില്ല ഞാനടക്കമുള്ള ഒരു സാഹിത്യപ്രേമിക്കും. താളലയങ്ങളോടുകൂടിയ വാക്കുകളുടെ മോഹനമായ സമ്മേളനം കേവലവാക്യമായ ഗദ്യത്തിൽ കവിത വിരിയിക്കുന്നു. ഒരു രമ്യസൂനനറുമണം പരത്തുന്നു.
പദ്യം ചില നിബന്ധനകളാൽ, ചില ചട്ടകൂടുകളാൽ നിയന്ത്രിക്കപ്പെട്ട് രചിക്കപ്പെടുന്നവയാണെന്ന് വൃത്തമഞ്ജരിക്കാരൻ പറഞ്ഞിരിക്കുന്നു. ഗദ്യത്തിൽനിന്നു വ്യത്യസ്തമായി പദ്യത്തിൻ്റെ പ്രത്യേകതയാണത്. ആ നിബന്ധനകൾ മുഖ്യമായും വൃത്തം, അലങ്കാരം തുടങ്ങിയവയാണെന്നു പറയാം. വൃത്തവും അലങ്കാരവും രചനയെ താളാത്മകവും മനോഹരരൂപഭംഗിയോടു കൂടിയതുമാക്കി മാറ്റുന്നു. വൃത്തവും ഒരുതരം അലങ്കാരമാണെന്നവാദം ചില അലങ്കാരികൻമാർ ഉയർത്തിയിട്ടുണ്ട്.
അലങ്കാരങ്ങൾ ബാഹ്യശോഭയേയും ഗുണങ്ങൾ ആന്തരശോഭയെയുമുളവാക്കുന്നു. അലങ്കാരങ്ങൾ യഥോചിതമുചിതസ്ഥാനത്ത് വിന്യസിക്കുമ്പോൾ മാത്രമേ അലങ്കാരങ്ങളാകുന്നുള്ളു. അങ്ങനെ അലങ്കാരങ്ങളാൽ മനോഹരമാക്കപ്പെട്ട കാവ്യാംഗനയെ അറിയുവാൻ അനുവാചകൻ വളരെയേറെ കൊതിക്കുമെന്നതത്രേ സത്യം. കൂടാതെ, അച്ചടക്കമേതൊരു വ്യക്തിയുടെയും വ്യക്തിത്വത്തെ ഉയർത്തലങ്ങളിലെത്തിക്കുന്നതു പോലെ, വൃത്തനിബന്ധവും അലങ്കാരങ്ങളാലും ഔചിത്യപൂർവ്വം വാക്കുകളെ തിരഞ്ഞെടുക്കുകയും യഥാവിധി ഘടിപ്പിക്കുകയും ചെയ്കയാൽ മനോഹരിയാക്കി മാറ്റപ്പെട്ട പദ്യരചനയുടെ അന്ത:രംഗത്തിലേക്കൂളയിട്ടിറങ്ങാൻ അനുവാചകമനസ്സ് വെമ്പൽക്കൊള്ളും.
പറഞ്ഞുവന്നതെന്തെന്നാൽ രചനകളുടെ രൂപഭംഗി ആ രചനകളുടെ ആന്തരിക ഗുണത്തെയറിയാൻ അനുവാചകനെ പ്രേരിപ്പിക്കുന്നു. ആന്തരീകഗുണം രചനയുടെ രൂപഭംഗിയാൽ കൂടുതൽ രസമുളവാക്കത്തക്കതാകുന്നു, പൂർണമാകുന്നു.
രൂപത്തിലൂടെ നിരാകാരമായ ഗുണത്തിലേക്ക് പ്രവേശിച്ച് രസാനുഭൂതിയെ സ്വന്തമാക്കാൻ സഹൃദയൻ പ്രാപ്തനാകുന്നു.
ഗദ്യമായാലും പദ്യമായാലും കവിയുടെ ഭാവനയിൽ വിരിയുന്ന കവിത സഹൃദയനിൽ രസാനുഭൂതിയുളവാക്കണമെങ്കിൽ രചനയുടെ രൂപഭംഗിയിലും കവി വേണ്ടത്ര മനസ്സിരുത്തണം.
മൂത്തേടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ