പഞ്ചകർമ്മചികിത്സ കഴിഞ്ഞ്
-------------------
പഞ്ചകർമ്മച്ചികിത്സയ്ക്കായെത്തി
പത്നിയുമൊന്നിച്ചൊരുനാൾ
പഞ്ചകർമ്മാതുരശാലതന്നിൽ
അഞ്ചുകാതങ്ങളകലെ.
പാശ്ചാത്യരീതിചികിത്സ തോൽക്കേ
പഞ്ചകർമ്മത്തിലഭയം!
മാസമൊന്നിലുമധികമുള്ള
വാസത്തിനൊപ്പം ചികിത്സ.
ചൂർണമിരുപത്തൊന്നൗഷധങ്ങൾ
ചേർത്തുള്ള കിഴി രണ്ട് കെട്ടി
ചൂടാക്കിയുരുളിയിൽവച്ച് മെല്ലെ
ചൂടാറാതെ കിഴി കുത്തി
കുത്തുകഴിഞ്ഞാൽ മണിക്കൂറൊന്ന്
മൊത്തവും മൂടിക്കിടപ്പ്.
ദേഹം വിയർക്കണം നന്നായിട്ട്
ദാഹവുമൊപ്പമുണ്ടാകും
മൂന്നുനേരം കഷായങ്ങൾ ആറ്
മൂക്കും പൊത്തിക്കുടിച്ചല്ലോ
ചൂർണ്ണക്കിഴിയെടുത്തഞ്ചു ദിനം
ചൂടായി ദേഹം മുഴുവൻ
കാരസ്‌ക്കാരക്കഷായം ചേർത്തിനി
ക്ഷീരധാര ദിനമഞ്ചും
എൻക്ഷതം പമ്പകടന്നീടുമോ
ഇക്ഷീരധാരയിലൂടെ?
ഇല്ലെങ്കിലും വീമ്പിളക്കാമല്ലോ പാലിൽക്കുളിച്ചെന്നു ഞാനും!
എങ്കിലുമാത്മവിശ്വാസമുണ്ട്
എല്ലാം ശരിയാകുമെന്നും!
വന്നുപിറകേ കഷായക്കിഴി
വേറിട്ട ചൂർണങ്ങൾ ചേർത്ത്.
'വസ്തി' തുടങ്ങുകയായി ഒപ്പം,
വിശ്രമോമൂണും കഴിഞ്ഞാൽ
'അഭ്യങ്ങവുമവഗാഹ'വുമായ്
അഞ്ചു ദിനങ്ങളു പിന്നേം
അന്ത്യവിധിയായി പത്രക്കിഴി,
ആറു പത്രങ്ങൾതൻ കൂട്ടിൽ.
രോഗ ചികിത്സകരെല്ലാം തന്നെ
രോഗമറിഞ്ഞ് ചികിൽസിച്ചു.
ഭേദമാകും രോഗമെന്നുള്ളൊരു
വൈദ്യർതൻ വാഗ്ദാനം പേറി
ആശുപത്രിവിട്ടു വീട്ടിലെത്തേ
വിശ്രമം നാലാഴ്ച പോലും!
ലേഹ്യവും മറ്റു മരുന്നുകളും
ലോഭമില്ലാതെ തിന്നേണം
തൈലങ്ങൾ തേച്ചു കുളിക്കവേണം
പാലിക്കണം പഥ്യമൊപ്പം.
ഇല്ലല്ലോ മാർഗ്ഗങ്ങളൊന്നുമിനി
പാലിക്കയല്ലാതതൊക്കെ
ഉണ്ടായിടും ഫലമെന്നുതന്നെ
ഉള്ളിന്റയുള്ളിലൊരാശ.
ഇല്ല,യെന്നാലും നിരാശയില്ല
അല്ലോ ശ്രമം മുഖ്യമെന്നും?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ