പഞ്ചകർമ്മക്രിയയ്ക്കായ്
നിവർന്നു കിടക്കവേ
പഞ്ചേന്ദ്രിയങ്ങളേയും
അടക്കിക്കിടത്തി ഞാൻ
മെല്ലവേചോദിച്ചെന്നി-
ട്ടെന്റെയാത്മാവിനോടായ്
"വല്ലാത്തൊരീവേളയിൽ
നീയെന്തു ചെയ്തീടുന്നു?"
"ഞാനെന്തു ചെയ്തീടട്ടേ?
ഒന്നിനും കൊള്ളാത്തനിൻ
മേനിതന്നുള്ളിൽപ്പെട്ടു
കുരുങ്ങിക്കിടക്കുന്നു"
കേട്ടതൊ'രാത്മാവിന്റെ
രോദനം' തന്നല്ലയോ,
കേട്ടതുമെന്റെയുള്ളിൽ
ആർദ്രത തളംകെട്ടി
"എങ്കിലിന്നൊന്നു പോകൂ
പുറത്തേയ്ക്കെന്നിട്ടു നീ
എന്നുള്ളിലെത്തിക്കോളൂ
ചുറ്റിക്കറങ്ങിയിട്ടു.
.
"അരമുക്കാൽ മണിക്കൂർ
കിടക്കും ഞാനിതേപോൽ
ശരിക്കുമപ്പോഴേയ്ക്കും
തിരിച്ചു വരാമല്ലോ"
"ഇല്ലില്ല, പോയീടുവാൻ,
ഇല്ലെനിക്കാവില്ലെന്നേ
നല്ലപോൽ നിദ്രയിൽ നീ
പൂണ്ടുപോയില്ലെന്നാകിൽ
"ഗാഢനിദ്രയിലാണ്ടു
നീകിടപ്പതു കാണ്മേ
ഗോപ്യമായിട്ടു ഞാനും
പുറത്തേയ്ക്കു പോയീടും.
"നിന്നിൽ ഞാനുപേക്ഷിക്കും
എന്റെയൊരംശം മാത്രം
വന്നിട്ടു പ്രവേശിക്കാൻ
വേണ്ടും പിടിവള്ളിയായ്.
"സുന്ദരസ്വപ്‌നങ്ങളും
കണ്ടു നീയുണർന്നീടെ
വന്നുകേറും തിരിച്ചു
നിന്നുടെ ശരീരത്തിൽ"
"ഒന്നുപോയ് വരാനായി,
ഉണർന്നിരിക്കെത്തന്നെ
ഇന്നനുവാദോ,മൊപ്പം
ഉറപ്പും ഞാനായ്ത്തരാം.
"പ്രജ്ഞയുണ്ടായിരിക്കെ
നീയെന്നെ വിട്ടുപോയാൽ
പ്രത്യേകിച്ചെന്തുണ്ടാവാൻ
ഒന്നറിയേണമല്ലോ!
നിന്റെയൊരംശം മാത്രം
എന്റെയുള്ളിലുള്ളപ്പോൾ
എന്റെയവസ്ഥയെന്താം,
അറിയാനാകാംക്ഷയായ് "
കണ്ണടച്ചിരുട്ടാക്കി
ഞാൻ കിടപ്പായപ്പോഴേ
വിണ്ണിലേക്കുയർന്നു ഞാൻ
പോയോരു പ്രതീതിയായ്!
ശൂന്യത മുറിച്ചുഞാൻ
എത്തിപ്പെട്ടതാവട്ടെ,
എന്നമ്മതന്റെ ഗർഭ
പാത്രത്തിന്നുള്ളിലേയ്ക്കും!
അമ്മതൻ ചൂടും ചൂരും
പോഷകവും ചോർത്തിയീ
പൊന്മകൻ നിമിഷാർദ്ധേ
പൂർണ്ണരൂപത്തിലെത്തി,
സ്വർഗ്ഗീയ സുഖം നേടേ
ചിന്തിച്ചീയവസ്ഥയിൽ
സർവ്വകാലത്തേയ്ക്കുമായ്
ഇവിടെക്കഴിഞ്ഞാലോ?
ജീവിതത്തിന്റെ നൂലാ
മാലകളൊന്നുംതന്നെ
ഭാവിയിലൊരിക്കലും
അറിയേണ്ടതില്ലല്ലോ!
ചിന്തിച്ചു കഴിഞ്ഞില്ല,
കേട്ടുഞാനപ്പോഴെന്റെ
സ്വന്തമാദ്യരോദനം,
പിറന്നു വീണുപോയ്ഞാൻ!
അമ്മിഞ്ഞപ്പാൽ നുണഞ്ഞും
മുട്ടുകാലേലിഴഞ്ഞും
അച്ഛന്റെ കൈപിടിച്ചു
പിച്ചവച്ചു നടന്നും,
ആദ്യമായ് വിദ്യാലയ-
മെത്തവേയുണ്ടായൊരാ
ആമോദമെത്രയെന്നാ-
വോളമനുഭവിച്ചും
ബാല്യകാലത്തെ നല്ല
കാര്യങ്ങളാവർത്തിക്കേ,
ബാല്യകാലത്തിൽ മാത്രം
ജീവിച്ചാൽ പോരേ,യെന്നായ്!
കിട്ടിയാ ചിന്തയ്ക്കായും
ശിക്ഷയൊന്നുടൻതന്നെ,
പെട്ടെന്നു തീർന്നുപോയി
ആ നല്ല ബാല്യകാലം!
പാഞ്ഞുപോയി കൗമാരം,
യൗവ്വനമെത്തേയെന്റെ
പൗരുഷത്തിന്റെ മൂർത്ത
ഭാവങ്ങൾ പുറത്തെത്തി.
സംഘർഷഭരിതമാ-
മൗദ്യോഗിക കാലം
ദീർഘമാം സംഭവങ്ങൾ
തന്നുടെ പരമ്പര!
ദീർഘിച്ചു പോയീടല്ലേ
ഏറെനേരമീയെന്റെ
ദുർഘടനാളുകൾതൻ
കാലം, ഞാനാശിച്ചുപൊയ്!
വിധിയെന്നാലെനിയ്ക്ക്
എതിരായിരുന്നെന്നും
കഥനീണ്ടുപോയില്ലേൽ
രസമെന്തെന്നാം സാരം!
മേലധികാരികൾതൻ
അനീതിക്കെതിരെയും
മാലോകർക്കുള്ള നീതി
നിഷേധതിന്നെതിരേം,
രാഷ്ട്രീയക്കാരുടെയാ
എന്തിനും പോരുന്നോരു
മുഷ്‌ക്കിന്നെതിരായിട്ടു
പോരാടി ജയിച്ചതും,
രണ്ടുംകൽപ്പിച്ചിട്ടവർ
. കേറ്റുന്നു പാർലമെന്റിൻ
രണ്ടുസഭയ്ക്കുള്ളിലും
എന്നെ, ക്രൂശിക്കാനായി!
സത്യത്തിൻ മുന്നിലവർ
തോറ്റതേ മിച്ചമായി
എത്രപോയാലുമെന്നും
സത്യമേ ജയിച്ചീടൂ!
പോലീസുകാരെപ്പോലും
. വെല്ലുവിളിച്ചവർതൻ
കോലായിലെത്തിക്കോഴ-
ക്കേസ്സിലൊതുക്കിയതും!
ജോലിയിൽ നിന്നുമൊന്നു
വിരമിച്ചൊരാദിനം
മേലധികാരികൾതൻ
വേലകൾ പൊളിച്ചതും,
വിശ്രമജീവിതത്തിൽ
. അറിയാതെയുണ്ടായ
വീഴ്ചയിലേറ്റ ക്ഷതം
ആവർത്തിയ്ക്കേ തൊന്നി
വെള്ളിത്തിരക്കഥയിൽ
കാണ്മതു പോലെയെന്റെ
വീഴ്ചമൂലമുണ്ടായ
ക്ഷതവും മാറിക്കിട്ടി!
ആഹ്ലാദത്തിമിർപ്പോടെ
ശ്രമിക്കേയെഴുന്നേൽക്കാൻ
ആരോയെന്നേ ബലമായ്
പിടിച്ചു കിടത്തിയോ!
കൺതുറക്കവേ കണ്ടു
'തെറാപ്പിസ്റ്റി'ന്റെ മുഖം
കണ്ണടച്ചുടൻ ഞാനും
മറയ്ക്കാ,നിളിഭ്യത!
"ഇറങ്ങിക്കോളൂ," കെട്ടൂ
ശബ്ദവുമയാൾതന്റെ,
"കൈലിയും കണ്ണടയും
എടുക്കാൻ മറക്കണ്ടാ"
എഴുന്നേൽക്കവേയെന്റെ
ഉള്ളിലൊരാന്തലുണ്ടായ്
'എന്താകുമോ അവസ്ഥ
യെന്റെയാത്മാവു തന്റെ'?
തിരിച്ചുവന്നോ അവൻ
എന്നുടെയുള്ളിലേയ്ക്ക-
തറിയാനെന്തേ മാർഗ്ഗം?
ഞാനുണർന്നിരിപ്പതോ?
Copy right : Upagupthan K Ayilara
(Protected under section 45 of the
copy right act 1957(14 of )
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ