2021 ജൂൺ 18, വെള്ളിയാഴ്‌ച

വായന

          വളർച്ചയ്ക്ക് വായന

     ഉപഗുപ്തൻ കെ. അയിലറ 

വായിക്കുവോറേറെയിന്നില്ലത്രേ 
വേറിട്ട താൽപ്പര്യമാം കാരണം
വിദ്യയാർജ്ജിക്കുവാനായിട്ടിന്നു
വിദ്യാലയം മാത്രമായ്ച്ചുരുങ്ങി

വേറിട്ട വായനയെത്രയേറെ
വീര്യം തലച്ചോറിന്നേകുമെന്നോ!
'വായിച്ച് വളരുക'യെന്ന സൂക്തം 
വാചികം മാത്രമായ് മാറിയാലോ!

വാഗ്വിലാസം നേടീടുന്നതിന്നായ്
വാക്കുകളേറെയറിക വേണ്ടേ 
വീട്ടിലിരുന്നു വായിച്ചാൽ പോലും
വായ്ക്കുമറിവെന്നറിക വേണം 

വായനശാലകളേറെയുണ്ടിന്ന് 
വായിക്കുവാനാളില്ലെന്നു മാത്രം
'വായിക്കുവാനായ് സമയമില്ല'
വാദിക്കുന്നിന്നത്തെ കുട്ടികളും  

വേണ്ടുമറിവു നേടുന്നതിന്നായ്  
വേറിട്ടമാർഗ്ഗമിന്നുണ്ടുവെന്നു
വീറോടെ ചൊല്ലുമിന്നത്തെ മക്കൾ
വാശിയവർക്കേറെയുണ്ടുപോലും!
   
വേറേവഴിയോ മൊബയിലല്ലോ?
വേറേ വഴിക്കുപോയീടും ശ്രദ്ധ
വർത്തമാനപ്പത്രം പോലുമൊരു
വർദ്ധകമാർഗ്ഗമറിവു നേടാൻ

വിദ്യനേടുന്നതിന്നായിട്ടിന്നു 
വിവിധമാർഗ്ഗങ്ങളുണ്ടേൽപോലും
വായനയെത്രയോയേറിയാലും 
വീഴ്ചയാവില്ലതു നേട്ടമാകും   

വായിച്ചറിവു ഗ്രന്ഥത്തിൽനിന്നും
വൈകിയാണെങ്കിലും നേടവേണം   
വായിക്കുവാനായിട്ടുള്ളാർജ്ജവം
വീണ്ടെടുക്കേണമിന്നെല്ലാവരും

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ