നുറുങ്ങുകൾ - 4
........from 28/07/2021.......
Tobe included
1
=================================
ധൈര്യക്കുറവുള്ള കാരണം ലോകത്ത-ധികം കഴിവുമുപയോഗിക്കുന്നില്ല.
സാഹചര്യങ്ങളനുകൂലമാകുകിൽ
സന്തോഷത്തോടതുപയോഗിച്ചീടണം.
ഓരോ പൗരനും നീതിയ്ക്കുള്ളവകാശം
ഒന്നുപോൽ നീതിയെല്ലാർക്കുമെത്തിക്കുക
എന്നതുമെന്നും ശ്രമിയ്ക്കേണ്ടുംകാര്യമാം
അനുകമ്പ എപ്പോഴും ശീലമാക്കുന്നത്
മാന്യതയുള്ളോരു കാര്യമാം ജീവിതേ.
എന്നും ശരി നിങ്ങൾതന്നെന്നു ചിന്തിക്കിൽ
ഒന്നും പഠിക്കില്ല ജീവിതത്തിൽ നിന്നും
വായിച്ചു ചിന്തിച്ചു മനസ്സിലാക്കീടു-
വാനൊരു ദിവസ്സം മതിയാകുമെന്നാൽ
അതു തെളിയിച്ചു നേടിയെടുക്കുവാൻ
മതിയാകയില്ലൊരു ജന്മം മുഴുവൻ
സ്വഭാവത്തിനേക്കാളുയരെയാകും ദാർ-
ശനികതയെന്നതിൽ സംശയമില്ല
ഉന്നതനാമൊരു വ്യക്തി തൻ ജീവിതം
നന്നായ് നയിച്ചിടുമുത്തമ ചിന്തയാൽ.
ഒരിക്കലും പരിശ്രമിക്കാത്തയൊരാൾ ഒഴിവായിപ്പോയിടാംതോൽവിയിൽനിന്നും
പക്ഷേ, കിട്ടിയോരവസരമൊക്കെയും
പാഴാക്കിയാലോ പശ്ചാത്തപിക്കേണ്ടിടും.
ഉറങ്ങിയുണരുക നേരത്തേയാക്കൂ
ഉറപ്പായുമാരോഗ്യവാനുമതുപോൽ
വിവേകിയുമാകാം സമ്പന്നനുമാകാം
വലിയകാര്യമൊന്നും ചെയ്യാതെ തന്നെ.
കാത്തിരുന്നീടൊലാ മറ്റുള്ളവർക്കായി
സ്വന്തം കടമ്പ കടത്തിവിടുവാനായ്
പകരമൊപ്പം കടമ്പ കടക്കുവാൻ
പറ്റിയൊരാളെത്തെരഞ്ഞു പിടിക്കുക
സാഹചര്യം വിനാ പുഞ്ചിരിക്കെന്നതും,
സംഭാഷ/ണം ചെയ്ക ലക്ഷ്യമില്ലാതെയും,
പ്രത്യാശയില്ലാതെ ശ്രദ്ധകിട്ടുന്നതും
സത്യസന്ധമാകും ബന്ധത്തിൻ ചാരുത!
തെറ്റുകളെല്ലാരും ചെയ്യുന്നുവെന്നാലും
തെറ്റുകളെപ്പോഴും തെറ്റുകൾ തന്നെയാം
ശരിയെന്നതെന്നും ശരിതന്നെയാകും
ശരിയാരും തന്നെ ചെയ്യാതിരുന്നാലും!
അന്നത്തിനു ദഹനം പോലെ തന്നെയാം
അറിവിന്നു ചിന്തനമെന്നതറിയൂ
ചേതനയൊരുപോലുദിക്കണമനു-
സ്യൂതമീ രണ്ട് ക്രിയകളിൽ നിന്നുമെന്നും .
കഴുകന്റെ കണ്ണുമായ് നോക്കുമെല്ലാരും
കണ്ടുപിടിക്കുവാൻ തെറ്റു മറ്റുള്ളോരിൽ
മറ്റുള്ളവരിലെ നന്മകൾ കാണുവാൻ
മനസ്സിനെ നന്നായ് പരിശീലിപ്പിക്കൂ
പടവുകൾ പോലാം കഠിന ജോലികൾ
പടവുകൾ കേറി മുകളിലെത്തിടാം.
മുകളിലെത്തിക്കും യന്ത്രമോ ഭാഗ്യം പോൽ
തകരാറിലായാൽ വഴിയിലാക്കിടും!
'ആരാണു നാമീയു/ലകത്തെന്നതൊട്ടും
കാര്യമായിട്ടു തോന്നേണ്ടതേയില്ലഹോ
എന്തായി/ടും ലക്ഷ്യവു,മേതാണു ദിശയും,
എന്നതിന്നാകണം പ്രാധാന്യമേകുക.
നല്ല സമയത്തു കയ്യുകൾ ചേർത്തോന്നു
നന്നായ് കുലുക്കുകിൽ ബന്ധം തിളങ്ങിടും
കഠിനകാലേ കൈകൾ ചേർത്ത് പിടിക്കുകിൽ
കരുതിടൂ ബന്ധങ്ങൾ പൂത്ത് വിലസിടും.
നന്മയുള്ളോരു,ടടുപ്പം ജീവിതേ
ഹൃദയമിടിപ്പിന് തുല്യം പ്രധാനം
കാണുവാനാകില്ലയാനന്മയെന്നാലോ,
കാരണം ശക്തി പകർന്നിടും നിശ്ശബ്ദം.
പ്രയത്നങ്ങളെല്ലാം വിജയിച്ചീടുക
പ്രയാസമാണെന്നതൊരു സത്യമാകും
പ്രയത്നം വിനാ വിജയമില്ലെന്നതും
പ്രകടമായിട്ടുള്ള സത്യം തന്നല്ലോ!
ഉദകത്തിൽ മൂക്കീട്ടു പഞ്ഞിതൻ ഭാരം
ഉയർത്താതിരിക്കുകയല്ലേ ഉചിതം?
ഭാരമില്ലായവസ്ഥയിലത് മോദ സ-
മീരനിൽ പൊങ്ങിയുയർന്നുപറക്കട്ടെ!
സന്തോഷം ഗോപ്യമായിട്ടു വയ്ക്കുന്നവൻ
സങ്കടങ്ങൾ മൂടിവയ്ക്കുന്നവനേക്കാൾ
മഹനീയമാകും വ്യക്തിത്വത്തിന്നുട-
മയാകുമെന്നതിലില്ലൊട്ടു സംശയം.
ഇരുണ്ടതാകട്ടേ തെളിഞ്ഞതാകട്ടേ,
ഒരോ ദിവസവുമുത്തമം തന്നെയാം
കാരണമെന്തെന്നാ,ലോരോ ദിവസവും
തരുമൊരവസരം, കാത്തിരുന്നീടിൽ.
ജീവിതത്തിൻ പരമ ലക്ഷ്യത്തിലേക്കെ-ത്തുവാനായി ഓടും കളിക്കാരനായിട്ട്
മാറിടൂ, അല്ലാതെ തെറ്റുകൾ കാണാൻ ശ്ര-
മിക്കുന്ന കളിതൻ മദ്ധ്യസ്ഥനായിടാ.
ആരെങ്കിലുമൊത്തു നല്ലയൊരു ബന്ധം
കരുതലോടൊന്നു സ്ഥാപിച്ചെടുക്കാനായ്
അവരെക്കുറിച്ചറിഞ്ഞത് വിശ്വസിക്കൂ
അല്ലാതെ കേട്ടതാകാ,യവരെപ്പറ്റി.
നല്ലോരു ജീവിതം കെട്ടിപ്പടുക്കുവാൻ
നന്നായ്ച്ചിരിച്ചിടൂ, വലിയ സ്വപ്നം കാണൂ,
സങ്കൽപ്പമാകാ,പ്രവർത്തിക്കൂ കൂടുതൽ,
സന്തോഷമുള്ളതിൽ നിന്നുമേ കൊണ്ടിടൂ.
കാഠിന്യമേറും പരീക്ഷയാം ജീവിതം;
കേവലമന്യരെ പകർത്തുവാൻ പോയാൽ
പരാജയം ഫലം, കാരണമെന്തെന്നാൽ
പലവിധ ചോദ്യക്കടലാസ്സെല്ലാർക്കും!
നമ്മളീ ലോകത്തിലാരാണെന്നുള്ളതോ,
എമ്മട്ടിലുള്ളോരാണെന്നതോ വലിയ
കാര്യമല്ലെന്നാലോ നമ്മൾപോകുന്നതു
നേരായ ദിശയിലാണോയെന്നുള്ളതാം.
സ്വന്തമിഷ്ടത്തിനു ജീവിക്കുവരൊക്കെ
സന്തോഷമുള്ളവരാകേണമെന്നില്ല
മറ്റുള്ളവരെയുമൊപ്പം കൂട്ടുന്നവർ
ഏറ്റവും സന്തോഷമുള്ളവരായിടും.
ജീവിതമെന്നതൊരു ഗുണപാഠമാം
ഭാവിയെ രൂപപ്പെടുത്തിത്തരുവാനായ് .
മറക്കൂ ജീവിക്കേയേറ്റ മുറിവുകൾ
മറക്കൊലാ ജീവിതപാഠങ്ങളൊന്നും.
ജീവിതയാത്രയിൽ വിജയം നേടീടു-
ന്നവരുടെയധരത്തിൽ രണ്ടുകാര്യം!
ശാന്തത, പ്രശ്നങ്ങൾ പരിഹരിക്കാനായ്,
മന്ദഹാസം, ഒഴിവാക്കാൻ സമസ്യകൾ!
ജീവിതം ജീവിച്ചു തന്നെ തീർത്തീടണം
ആവില്ലതത്രയെളുപ്പമെന്നാകിലും.
സന്തോഷ സന്താപ സമ്മിശ്രമാകു-
മതിൽനിന്നറിവ് നേടൂ, ശക്തരാകൂ!
അന്യരിൽനിന്നു നിങ്ങൾക്കു കിട്ടുമവ-
ധാനത,ശ്രദ്ധ,ശുശ്രൂഷകളൊക്കെയും
സ്വന്തം സ്വഭാവമഹിമയ്ക്കായ്ക്കിട്ടുന്ന
സമ്മാനമായിക്കരുതുക വേണ്ടിടും.
മിത്രമായ് നിങ്ങളെ കരുതുന്ന ബന്ധു
എത്രയധികം തിരക്കിലാണെങ്കിലും
നിശ്ചയമായുമൽപ്പം സമയമെന്നും
നിങ്ങൾക്കുവേണ്ടിക്കണ്ടെത്താതിരിക്കില്ല.
കാരുണ്യം തേടവേ കാട്ടിടും തീഷ്ണത,
കാട്ടണമതുപോലെ,യനുകമ്പ നേടവേ
മറ്റുള്ളവർക്കുമുപകരിക്കുന്നതായ്
മാറണം നമ്മൾക്കു കിട്ടിയ ജീവിതം.
നമ്മുടെ നന്മ കാംക്ഷിപ്പവരൊക്കെയും
നമ്മൾക്കു മിന്നുന്ന താരകളായ് തോന്നാം.
നമ്മുടെ ജീവിതത്തിലിരുൾ വ്യാപിക്കേ
നമ്മൾക്കു കാണാമിവരെ വ്യക്തമായും !
ശബ്ദകോലാഹലമാമന്തരീക്ഷത്തിൽ
ശാന്തമാമൊരു മനം ദേവാലയം പോൽ
മനോബലമുറപ്പാക്കണമേവരും
മനസ്സമാധാനം നശിക്കാതിരിക്കാൻ
ഇല്ലൊന്നുമേസ്വന്തമായിട്ടീ ഭൂമിയി-
ലെല്ലാമനിശ്ചിതമാണെന്നറിയുക
നെഞ്ചിനുള്ളിലിറ്റു സ്നേഹമുണ്ടേലതു
നിലനിൽക്കവേണം, കാത്തുസൂക്ഷിച്ചിടൂ.
പൊങ്ങിനിൽക്കും പർവ്വതങ്ങൾക്കുമുണ്ടാകാ
നിങ്ങൾതൻ pവിശ്വാസത്തോളമുയരം
നിങ്ങളതിന്റെ മുകളിലൊന്നെത്തിയാൽ
നിങ്ങളുടെ കാൽക്കീഴിലാകുകില്ലേയത്!
തിരഞ്ഞെടുക്കാനൊരവസരമുണ്ടേൽ
തിരഞ്ഞെടുക്കേണമേറ്റവും നല്ലതു
അവസരം കിട്ടാത്തൊരു ചുറ്റുപാടിൽ
അവസരോചിതമായി പ്രവർത്തിക്കൂ.
കാലേകൂട്ടിത്തട്ടിക്കൂട്ടിയെടുത്തോരു കാര്യമല്ലാഹ്ലാദമെന്നയനുഭവം
നിങ്ങളുടെ സ്വന്തം ചെയ്തികൾ തിരികെ
നിങ്ങൾക്കു നൽകുമൊരു സമ്മാനമാമത്.
നിരാശയുണ്ടായലതിന്റെ കാരണം
ഒരിക്കലും ചുമത്തിടരുതന്യരിൽ
അന്യരിൽ നിന്നുനാമേറെ പ്രതീക്ഷിച്ചാൽ അപലപിക്കേണ്ടി വരും സ്വയം തിട്ടം!
അനുകൂലമാകും നിമിഷത്തിനായി
അനങ്ങാതിരുന്നു സമയം കളയാ
അടുത്തു കിട്ടുന്ന നിമിഷത്തെത്തന്നെ
അനുകൂലമാക്കി മാറ്റിയെടുക്കുക.
സന്തോഷമെന്നതു നമ്മൾക്കു വേണ്ടുന്ന
സർവ്വതുമുള്ളോരവസ്ഥയാകുന്നില്ല.
സ്വന്തമായിട്ടുള്ളതെല്ലാം നന്നായിട്ടാ-
സ്വദിക്കാനാകുന്നോരവസ്ഥയാകുന്നത്.
പരിചയസമ്പന്നത നമുക്കുണ്ടേൽ
പിശകുകൾ കുറയ്ക്കുവാനായുതകും
തെറ്റുകളിൽനിന്നും പാഠം പഠിക്കുകിൽ
മറ്റുള്ളോർ പാഠമാക്കും നമ്മുടെ ജയം.
നമ്മൾക്ക് നമ്മുടെ വാക്കുകൾ മുട്ടിയാൽ
നമ്മൾ സ്വയം ഭംഗിവാക്കുകൾ ചൊല്ലിടും
നമ്മളെന്നിട്ടഥ വിശ്വസിക്കുന്നതോ
നമ്മളകറ്റി വാഗ്ദേവതയെ സ്വയം!
പ്രശസ്തരാകുന്നവരെല്ലാരും തന്നെ
പ്രശ്നങ്ങളേറെത്തരണം ചെയ്തിട്ടുണ്ടാം
തെറ്റുകളൊരുപാട് ചെയ്തിട്ടുമുണ്ടാകാം
കുറ്റമില്ലാത്തവരാരുണ്ടീ ഭൂമിയിൽ?
അധികമായ് വിശ്വാസമർപ്പിച്ചിടായ്ക
ആശയും സ്നേഹവുമധികമായീടാ
അധികമെന്നൊരാ തോന്നലു നമ്മളെ
അലട്ടീടുമെന്നത് തന്നെയാം കാരണം.
സഹായമാർക്കേലും ചെയ്യുവാൻ സാധിച്ചാൽ
സഹായിച്ചിട്ടഥ സന്തോഷി ച്ചീടുക.
നിങ്ങളിൽക്കൂടിയവരുടെ പ്രാർത്ഥന
നിഷ്ഫലമാകാതെ കാത്തെന്നു വന്നിടാം.
ആരുമായടുപ്പമുണ്ടായാലുമതിന് കാരണം കാണുമെന്നറിയുക വേണം.
ചിലർ നിങ്ങളിൽ നന്മ കണ്ടെത്തേ മറ്റു
ചിലരൊക്കെ നിങ്ങളെ കരുവാക്കിടാം!
പ്രേമവും ഹാസ്യവു,മൊരുമിച്ചുണ്ടെങ്കിൽ
നമ്മുടെ രക്ഷക്കും രണ്ടുണ്ട് കാര്യങ്ങൾ
അതിലൊന്നുണ്ടെകിൽ
നമ്മൾ സന്തോഷിക്കും
അജയ്യരാകാമെന്നാൽ രണ്ടുമുണ്ടെങ്കിൽ.
ഓർമ്മകൾക്കെന്നും സവിശേഷതയുണ്ടാം
ഓർത്തു ചിരിച്ചിടാം പണ്ടു കരഞ്ഞതും
ഓർത്തു കരഞ്ഞിടാം പണ്ടു ചിരിച്ചതും
ഓർമ്മകളെത്രയനുഗ്രഹമാണെന്നോ!
ആഗ്രഹിക്കുംപോലെ കാര്യങ്ങളൊക്കെയും
ആകേണമെന്നില്ലയെന്നാൽ പലപ്പോഴും
ആഗ്രഹിക്കുന്നതിലേറെ കൈവരാ,മ-
നുഗ്രഹമായിട്ടതിനെക്കരുതേണം.
പ്രേരകമായീടുമേറ്റവും വലിയ
ഉറവിടം നിങ്ങൾതൻ ചിന്തകളാകാം.
വലുതായിട്ടതിനാലെ ചിന്തിച്ചിടൂ വിജയിക്കുവാനായ് പ്രേരകമായിടൂ.
സന്തോഷിച്ചീടും സഹായിക്കുന്ന മനം
സ്നേഹിക്കുന്ന മനസ്സിന്നുണ്ടാമാരോഗ്യം.
ശ്രദ്ധനൽകും മനസ്സിന്നോ മനോബലം;
സ്വയമിവ ചെയ്തനുഭവിക്കൂ ഫലം.
കാലവും ജീവിതവുമീ ലോകത്തിലെ
കാണുവാനാകാത്ത രണ്ടു ഗുരുക്കളാം
ജീവിതത്തിൻ വില കാലം പഠിപ്പിക്കേ
ജീവിതം കാലത്തിൻ വില പഠിപ്പിക്കും.
കരുതലും സ്നേഹവുമന്യർക്ക് പകരൂ
തിരികെ പ്രതീക്ഷിക്കരുതെന്നു മാത്രം
കാരണം മറ്റൊന്നുമല്ല,അതൊരു വി-
കാരമാണല്ലാതെ വിപണനമല്ല.
.
സഞ്ചാരമെന്നതു സൂര്യനു തുല്യമാം
സൂര്യനു നേരേ നടന്നുചേന്നീടുകിൽ
നമ്മുടെ നിഴലൊരു ഭാണ്ഡസമാനം
നമ്മളെ പിന്തുടരുന്നതു കണ്ടിടാം!
സമയത്തിനില്ലയവധി ദിവസം
സ്വപ്നത്തിനുമില്ലൊരു കാലാവധിയും
ജീവിതത്തിന്നില്ല താൽക്കാല വിരാമം
ജീവിതത്തെ സ്നേഹിച്ചാസ്വദിച്ചീടുക.
പുതിയൊരു ദിവസം സുന്ദരമാക്കാൻ
മതി ചൈതന്യമുള്ളൊരു ഹൃദയവു-
മതുപോലൊരു മനമുന്മേഷ മയം,
മനസ്സിനു വീര്യവു,മതുപോരെങ്കിൽ!
വെളിച്ചത്തിൽ നിൽക്കവേ നിങ്ങൾക്കു ചുറ്റു-
മുള്ളവയൊക്കെയും നിങ്ങളുടെയൊപ്പം.
നിൽക്കുന്നതിരുളിലാണെങ്കിലോ സ്വന്തം
നിഴലുപോലും വിട്ടകന്നുപോയീടും.
സൗഹൃദം പൂത്തുലഞ്ഞുല്ലസിച്ചീടവേ
സാഹോദര്യത്തിന്റെ സൗരഭ്യം തൂകിടും
സാധകം ചെയ്തതു നീടുറ്റതാക്കണം
സാതര്യതയുമുറപ്പാക്ക വേണ്ടിടും.
ചെറിയ വിജാഗിരി മേലേ വലുതും
ചെറിയതുമാകും കതകുകൾ തൂങ്ങും.
ഉറച്ചൊരു ബന്ധം നീണ്ടിടുമതുപോൽ
ചെറുചെറുശ്രദ്ധയിൽ,ആകാംക്ഷകളിൽ.
സഹനം കുടുംബത്തോടായാലോ, സ്നേഹം,
സ്വയം സഹനമായാലാത്മവിശ്വാസം
സഹനമന്യരോടായാൽ ബഹുമാനം
സഹനമീശ്വരനോടായാലത് വിശ്വാസം!
സുന്ദരമാമൊരു ജീവിതം പെട്ടെന്നു
സാധ്യമാകാ, സ്വയം കെട്ടിപ്പടുക്കണം;
സ്നേഹം,ക്ഷമ,പരിത്യാഗം, പ്രസന്നത,
സൗമനസ്യ,മൊക്കെ ചേർത്തുറപ്പിക്കണം.
വൈഷമ്യങ്ങൾ നാളെയുണ്ടാമെന്നോർത്തിട്ടു
വ്യാകുലചിത്തരായീടുന്നതെന്തിനായ്?
ഇന്നിൻ മനസ്സമാധാനം പൊലിഞ്ഞുപോ-
മെന്നത് മാത്രമാണതുകൊണ്ടുണ്ടാകുക.
മനസ്സൊരു വളയുന്ന കണ്ണാടി പോല-
തിനെ ക്രമീകരിച്ചീടേണമെപ്പോഴും.
എത്രയും വ്യക്തമായ് ദൃശ്യങ്ങൾ കിട്ടുകിൽ
എളുതായിമാറിടും തീരുമാനങ്ങൾ.
ജീവിതം തരികില്ല നിങ്ങൾക്കുറപ്പോ,
ജാമ്യമോ, അവകാശമോ, പകരമായ്,
തരുമനുകൂല സമയവും സാധ്യ-
തയുമവ പ്രയോജനപ്പെടുത്തീടൂ.
സാധ്യമാകുന്നവ ചെയ്യവേ നമ്മൾക്കു
ശക്തിയുണ്ടാകണം, പൂർണത നേടുവാൻ
സാധ്യമല്ലെന്നു തോന്നുന്നവ ചെയ്യുമ്പോൾ
സാധ്യമാകുമെന്നു വിശ്വസിക്കൂ സ്വയം.
സത്യത്തിനും പ്രതീക്ഷയ്ക്കുമിടയിലെ
സമ്മർദ്ദമെന്നതൊരു വിടവു മാത്രം.
സമ്മർദ്ദമേറിടും വിടവേറിയെന്നാൽ
സ്വീകരിക്കെല്ലാം പ്രതീക്ഷിച്ചിടായൊന്നും.
അന്യരെ സന്തോഷിപ്പിക്കുവാൻ കിട്ടുന്ന
യവസരം നന്നായുപയോഗിച്ചീടൂ
സംഘർഷത്താലുഴറുന്നവരെങ്കിലോ ,
സംശയിക്കേണ്ട,വർ വന്ദിക്കും നിങ്ങളെ.
സ്വന്തമന്തസ്സുമതേപോലെ തന്നുടെ
സന്തുഷ്ടിയുമൊപ്പം കാത്തുസൂക്ഷിക്കുവാൻ
വ്യക്തിസ്വാതന്ത്ര്യം മനുഷ്യകുലത്തിനു
ശക്തികൂട്ടുന്ന ത്വരകമെന്നറിയൂ.
എത്രയോ ഹ്രസ്വമാമൊന്നാണീ ജീവിതം
എന്തിനാണതിലീ തർക്കവും യുദ്ധവും?
സ്നേഹിച്ചിടൂ ബന്ധു മിത്രങ്ങളെയൊക്കെ
സന്തോഷമോടെക്കഴിയൂ ദിവസവും.
മരുന്നിൽനിന്നാരോഗ്യമുണ്ടാവുകില്ല,
മനസ്സമാധാനമുണ്ടാക്കുമാരോഗ്യം.
നല്ല ചിരിയും,സ്നേഹവും ഹൃദയവും നല്ലയാരോഗ്യമുണ്ടാക്കുവാനുതാകും.
ആധാരമായിട്ടെടുക്കുന്ന വസ്തുത
ആവശ്യംപോലുപകരിക്കയില്ലേലു-
മതിൽ നിന്നു നിർണ്ണായകമാകും തീരു-
മാനമെടുക്കുന്നതൊരു കലതന്നെ!
നമ്മൾ പലപ്പോഴും ബുദ്ധിമുട്ടീടുക
നമ്മുടെ തെറ്റുകൾ കാരണമാവില്ല
നേരേമറിച്ചു പല സന്ദർഭത്തിലും
നേരായ കാര്യങ്ങൾ ചെയ്തതിന്നായിടാം!
നന്ദിയേക്കാളും വിലയേറിയതായി
ഒന്നുമേയില്ലയീ ഭൂലോക,ത്തറിയൂ.
നന്ദിയെന്നുള്ള വികാരപ്രകടനം
എന്നുമെല്ലാർക്കുമേ സന്തോഷദായകം!
എത്രയത്ഭുതകരമാണീ ലോകമെ-
ന്നെത്രയോയാളുകൾ നിങ്ങളോടായ് ചൊല്ലും
എങ്കിലും, 'നിങ്ങളൊരത്ഭുത'മീ ലോക-
ത്തെന്നുചൊല്ലുന്നതപൂർവ്വം പേരായിടും.
കരയും സ്വയം നാം ജീവിതാരംഭത്തിൽ
കരയുമന്ത്യത്തിൽ നമുക്കായിയന്യർ
ഇടയ്ക്കുള്ള വിടവ് നികത്തിടൂ നന്നായ്
ഇമ്പമോടെ ചിരിച്ചുംകൊണ്ട് കഴിവതും.
ആത്‍മീയമാകും സുഗന്ധംപോൽ പുഞ്ചിരി,
ആരിലുമത്തറൊരല്പം തളിക്കുകിൽ
ചുറ്റിലും നിൽക്കുന്നയാരിലുമൊന്നുപോൽ
ചെന്നെത്തിടുമാ പരിമളം.
നിശ്ചയം!
ഒരുകയ്യ് നീട്ടിക്കൊടുത്തിട്ടു നിങ്ങ-
ളൊരാളെ സഹായിക്കിലതുതന്നെയാ-
മൊരേറെ വിലയുള്ള കാര്യ,മിരു
കരങ്ങളെടുത്തു തൊഴുന്നതേക്കാളും!
ഇല്ലാത്തൊരുനിലയിൽനിന്നുള്ളതിലേക്ക്‌നല്ലപോൽകാര്യങ്ങളെത്തിക്കുകെന്നതാം
ജീവിതവിജയത്തിനുത്തമമാകും
പോംവഴിയെന്നതറിഞ്ഞു ജീവിക്കുക.
എന്താകും ശരിയെന്നു തിരിച്ചറിഞ്ഞീ-
ടാതെയൊന്നും ശരിയായ് ചെയ്യാത്തവൻ,
കാര്യാകാര്യങ്ങളെന്തെന്നറിയാത്തവൻ,
ധൈര്യം കൈക്കൊള്ളാനറിയാത്ത ഭീരുവാം.
ഏറ്റവും വലിയ ദാനമാരോഗ്യവു-
മേറ്റവും വലിയ ധനം സംതൃപ്തിയും.
സ്നേഹിതൻ വിശ്വസ്ഥനോ, നല്ല ബന്ധുവാം,
സ്വതന്ത്രമാകും മനമനുഗ്രഹവും!
ആരാണ് നമ്മൾക്കു മുന്നിലെന്നുള്ളതോ
ആരാണു നമ്മൾക്ക് പിറകിലെന്നുള്ളതോ
ആയിടായേറ്റവും പ്രാധാന്യമർഹിക്ക
ആരാണു നമ്മളോടോപ്പമെന്നുള്ളതാം.
ചിലതു കാണാതിരുന്നുവെന്നാകിലും, ചിലതു കേൾക്കാതിരുന്നുവെന്നാകിലും, മൗനം പലപ്പോഴും പാലിച്ചിരുന്നാലു- മേറെ മനോഹരമായ് മാറാം ജീവിതം!
മറ്റൊരാളെ ജീവിതത്തിന്റെ താഴത്തെ-
യറ്റത്തുനിന്നുമുയർത്തി മുകളിലേ-
ക്കെത്തിക്കുവാൻ കഴിഞ്ഞാലതു ജീവി
തത്തിലെ നല്ലോരനുഭവമായിടും!
സന്തോഷമന്വേഷിച്ചങ്ങു നടക്കുകിൽ
അന്ത്യമുണ്ടാകില്ല, കൈവരില്ലങ്ങനെ.
സന്തോഷമന്യർക്കു നൽകുവാനാകുകിൽ
സന്തതം തിരികെ വരുമത് നിശ്ചയം.
മറ്റുള്ളവരുടെ സന്തോഷത്തിന്നു ന-
മുക്കും പങ്കുണ്ടെങ്കിൽ സന്തോഷകരമത്.
മറ്റുള്ളവർക്കൊരുദാനമായ് നൽകുവാൻ
പറ്റും സമ്മാനമാം നാം നല്ല മാതൃക!
ബലമേകിടും പ്രയാസങ്ങൾ മനസ്സിന്,
ബലപ്പെടുംപോൽ വേലചെയ്യും ശരീരം
ചിലതൊക്കെയഗണിക്കാനായ് പഠി-
ക്കിലവ മനസ്സിന്ന് സമാധാനമേകും!
സാഗരത്തിരമാലകൾതന്നനുസ്യൂതമാം
രാഗവായ്പ്പിലലിയുമാ മണൽത്തരികൾ
പാൽനുരകളമരുന്ന തരിതരിപ്പിൽ
പാരംകോരിത്തരിച്ചങ്ങു മയക്കമായി.
സ്വയംനിങ്ങൾ സന്തോഷമോടെയിരുന്നാൽ
സന്തോഷവാന്മാരായ് മാറിടും, നിങ്ങളെ
നോക്കുന്നയന്യരും, സംശയമില്ലതിൽ,
നന്മ നിങ്ങൾ പകർത്തീടുന്നറിയാതെ!
----------------------------------------------------
-----===========-------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ