2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച

കുരുട്ടു മരങ്ങൾ (included)

.           കുരുട്ടു മരങ്ങൾ
                      
ഇരുട്ടിൽ, പുറന്തോടി-
            ന്നുള്ളിൽ ഞാൻ വിശ്രമിക്കേ
ഒരു ദീർഘനിദ്രയിൽ  
                സ്വപ്‌നങ്ങൾ കണ്ടിരുന്നു

ഒരുനാൾ മുളച്ചിട്ടു
                മരമായ് മാറീടും ഞാൻ
ഒരുപാട് യാത്രക്കാർക്കു
                തണലാലേകും കുളിർ 

പക്ഷികളേറെയെന്റെ 
                ചിറകിന്നുള്ളിൽ വന്നു
പൊറുക്കാൻ, ചേക്കേറിയു     
                റങ്ങാനഭയം നൽകും
           
നൽകിടും യാത്രക്കാർക്കും
                 പത്രികൾക്കുമൊരുപോൽ
നല്ല സ്വാദിഷ്ടമായ
                 ഫലങ്ങൾ ഭക്ഷിക്കുവാൻ

പുകഴ്ത്തുമവരെന്നെ
                  പരോപകാരിയെന്ന
പാവന നാമത്താലേ,
                  കോൾമയിർകൊണ്ടീടും ഞാൻ

എത്ര സന്തോഷമോടെ
                  ജീവിതം മുന്നോട്ടു പോം
എൻജന്മം സാഫല്യത്തിൻ
                  നറുതേൻ നുണഞ്ഞീടും                           *******   *******   ******
സ്വപ്നത്തിൽ നിന്നുണർന്നു
                  വന്നുഞാനീ ഭൂമിയിൽ
സ്വപ്നം കണ്ടതൊക്കെയും 
                  ദുഃസ്വപ്നമായ് മാറിയോ!

മുളച്ചു ചെടിയായി
                  ശാഖകൾ കൈവരിക്കേ
വളച്ചുപിരിച്ചെന്റെ
                  വളർച്ച മുരടിയ്ക്കാൻ

പാകമാകുന്ന വിധം
                   കമ്പിയാൽ കെട്ടിവച്ചും
ശാഖയും പത്രങ്ങളും
                   കത്രിച്ചു കളഞ്ഞിട്ടും

വികൃതമാക്കിയിട്ടോ-
                   രോമനപ്പേരും നൽകി 
വിറ്റു കാശാക്കിമാറ്റാൻ
                 പറ്റിയോരുപേർ 'ബോൺസായ്!   
ഇന്നുഞാൻ വെറുമൊരു  
                കാഴ്ചവസ്തുവായ് മാറി          വന്നതീ ലോകത്തു ഞാൻ  
                പാഴ്ജൻമമായിട്ടാണോ 

ഇന്നെനിക്കില്ല സ്വതം,
                നന്നായി ശ്വാസം വിടാൻ,
ഒന്നെൻ തലയുയർത്താൻ,
                ഒന്നു കൈകാൽ നിവർക്കാൻ

ഇല്ലെനിക്കു സ്വാതന്ത്ര്യം
                വളരാൻ പടരുവാൻ   
കൊല്ലുന്നു കൊല്ലാതെന്നെ 
                 എല്ലെനിക്കില്ലെന്നായി

കുള്ളൻപൂമാനെക്കണ്ടാൽ
                 ഖേദിച്ചീടുന്ന മർത്യൻ
കുരുട്ടായ് മാറ്റീട്ടെന്നെ
                 കണ്ടുല്ലസ്സിച്ചീടുന്നു!

ഊമയാമെന്നേ വീണ്ടും
                  കുരുട്ടുമരമായി-
ട്ടീമനുഷ്യർ മാറ്റുന്ന
                  വികാരമെന്താണാവോ! 
        
ഇന്നിൽ ജീവിച്ചിടാനായ്
                  ഇന്നിൻ തുടിപ്പറിയാൻ
എന്നിലുദിക്കും മോഹം
                  എന്നിൽത്തന്നടിയുന്നോ?    
         *******   *******   *******
എത്രയോ സ്വപ്നം ഞാനും  
                   കണ്ടിരുന്നെന്നോ ഒരു
ചിത്രശലഭം പോലെ
                   പാറി ഞാൻ നടന്നപ്പോൾ

ബാലികയായിരിക്കെ
                    കൂട്ടുകാരുമോത്തന്നു
കാലത്തിൻ നീരോഴുക്കിൽ
                    ഒഴുകിനടന്നു ഞാൻ

പഠിക്കാൻ, മനസ്സിനെ
                    വളർത്തിയെടുക്കുവാൻ
പരന്നോരീലോകത്തു 
                    ചുറ്റിസഞ്ചരിച്ചിട്ടു

നേടുവാൻ അറിവിന്റെ
                   ഭണ്ഡാരങ്ങൾ തുറക്കാൻ
നോമ്പ് നോറ്റോരെനിക്ക്
                   ഞാൻപോലുമറിയാതെ   

മംഗല്യഭാഗ്യം വരേ
                    ചൊല്ലിയെല്ലാരുമൊരു
ഭാഗ്യവതിപോലും 
                    ഞാനെന്ന നവവധു!

വന്നുപെട്ടെന്നാൽ ഞാനോ
                   കാരാഗ്രഹംപോലൊരു
മന്ദിരത്തിലിവിടെ
                   ഇല്ലെനിക്കു സ്വാതന്ത്ര്യം

ഒന്നുമേ ചെയ്തീടാനും
                   എങ്ങുമേ പോയീടാനും
നന്നായെൻ കൈകാലുകൾ
                   വരിഞ്ഞുമുറുക്കിപ്പോയ്

ഞാൻകണ്ട സ്വപ്നങ്ങളോ
                   ഇന്നെനിക്കന്യമായി
ഞാനിന്നു വെറുമൊരു
            'ബോൺസായി' പോൽ കുരുട്ടായ്! 
                          

             

   



         
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ