സുലൈമാനെന്ന ചങ്ങാതി പ്രതിഭാസം
*******
ഉപഗുപ്തൻ കെ. അയിലറ
സ്ഥലത്തെ പ്രൈമറി സ്കൂളിൽ നിന്നും ഉപൻ അഞ്ചാം ക്ലാസ്സ് പാസ്സായിട്ട്, മൂന്നു മൈൽ അകലെയുള്ള ഏരൂർ മിഡ്‌ഡിൽ സ്കൂളിൽ ചേർന്നപ്പോൾ, തന്നേക്കാൾ മുതിർന്ന, സുലൈമാൻ ഉപൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി മാറി. രാവിലെയും വൈകിട്ടും സ്കൂളിലേക്കും തിരിച്ചും, പകുതി വഴിയോളം ഒരുമിച്ചുള്ള യാത്രയ്ക്ക് പുറമേ, സുലൈമാൻ്റെ ഉപനോടുള്ള സഹോദര തുല്യമായ സ്നേഹപ്രകടനവുമായിരുന്നു അതിനു പിറകിൽ. തനിക്കൊരു ജ്യേഷ്ഠ സഹോദരനില്ലാതിരുന്ന കുറവ് ഉപൻ സുലൈമാനിൽക്കൂടി നികത്തുകയും ചെയ്തു.
ബുധനും ശനിയും ഏരുർ ചന്ത ദിവസങ്ങളായിരുന്നു. ബുധനാഴ്ചകളിൽ സ്കൂളിലേയ്ക്ക് പോകുമ്പോൾ, അച്ഛനോടൊപ്പം, ഉപൻ്റെയും തലയിൽ പച്ചക്കറിയുടേയോ മരച്ചീനിയുടെയോ ഏതെങ്കിലും ഒരു ചെറിയ ചുമടുമുണ്ടായിരിക്കും. ചന്തയിൽ അതിറക്കിവച്ചിട്ടായിരിക്കും ജംഗ്ഷനും കഴിഞ്ഞുള്ള സ്കൂളിലേക്കുള്ള
ഉപൻ്റെ യാത്ര. ക്രമേണ സ്കൂൾ ഇല്ലാത്ത ശനിയാഴ്ചകളിലും ഉപൻ അച്ഛൻ്റെ കൂടെ ചുമടുമായി ചന്തയിലേക്ക് പോകുക പതിവായി. അങ്ങിനെയുള്ള ഒരു ശനിയാഴ്ച ദിവസം ഉപൻ ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ, അച്ഛൻ അടുത്തില്ലാതിരുന്ന സമയം, അതാ അപ്രതീക്ഷിതമായി, തൻ്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു ! തലയുയർത്തി നോക്കിയ ഉപൻ അതിശയിച്ചു പോയി. അതു സുലൈമാൻ്റെ കയ്യായിരുന്നു ! "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ" അവൻ പറഞ്ഞു. കുറച്ചകലേയ്ക്ക് കൈ ചൂണ്ടി അവൻ തുടർന്നു: "ദേ, ഞാൻ എല്ലാ ശനിയാഴ്ചയും അവിടെ നിന്നോണ്ട് സർബത്തു വിക്കുന്നൊണ്ട്, ". മടിച്ചു മടിച്ചാണെങ്കിലും ഉപന് അത് വാങ്ങി കുടിക്കാതെ നിർവ്വാഹമില്ലായിരുന്നു. തിരികെ ഗ്ളാസ്സുമായി നടക്കുന്നതിനു മുൻപ് സുലൈമാൻ്റെ അധികാരത്തോടു കൂടിയുള്ള ഒരുത്തരവും : "ചന്തേ വരുമ്പോളൊക്കെ എൻ്റെയടുത്തു വന്നു സർബത്ത് കുടിച്ചേക്കണം, മടിച്ചേക്കരുത്". സാക്കറിനും നിറങ്ങളും ചേർത്തുള്ള സർബത്ത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുള്ള കച്ചവടം. പോകെപ്പോകെ, സ്കൂളുള്ള ബുധനാഴ്ചകളിലും സുലൈമാൻ സർബത്ത് കച്ചവടം നടത്തുകയും ഉച്ചകഴിഞ്ഞു മാത്രം സ്കൂളിൽ വരിക പതിവാക്കുകയും ചെയ്തു. ഒരു ദിവസ്സം ഉപൻ അവനോടു ചോദിച്ചു: "സർബത്ത് വിറ്റു കിട്ടുന്ന പൈസാ കൊണ്ട് നീ എന്താ ചെയ്‌യൂന്നേ ?"
"കൂടുതലും ഞാൻ ഉമ്മേടെ കയ്യി കൊടൂക്കും, വീട്ടു ചെലവിന്. ബാക്കിയൊള്ളേന്നു ഫീസിനൊള്ളതെടുത്തിട്ടു കൊറച്ചു ഞാൻ സൂക്ഷിച്ചു വെക്കും; കൊറച്ചു ചെലവാക്കുവേം ചെയ്യും." അവൻ പറഞ്ഞു. മിഡ്‌ഡിൽ സ്കൂളിൽ അക്കാലത്തു ഒന്നര രൂപാ ഫീസ്സു കൊടുക്കേണ്ടിയിരുന്നു. ഉപൻ ഓർത്തു : 'ശനിയാഴ്ചകളിൽ, പച്ചക്കറിയും മറ്റും വിറ്റു കഴിഞ്ഞാൽ അച്ഛൻ തന്നേയും കൊണ്ട് ചന്തയിലുള്ള കാപ്പിക്കടയിൽ കയറുകയും, അച്ഛൻ ഒരു ചായ വാങ്ങിക്കുടിക്കുകയും തനിക്കൊരു പാലും വെള്ളത്തിനൊപ്പം പരിപ്പ് വടയോ മോദകമോ വാങ്ങി തരികയുമാണ് പതിവ്. പൈസായായി അച്ഛൻ തരാറില്ല' സ്കൂൾ വിട്ടു വീട്ടിലേയ്ക്കു ഒരുമിച്ചുള്ള യാത്രയിൽ പലപ്പോഴും സുലൈമാൻ കാലണയ്ക്കു ഒരു കടലാസ്സു കുമ്പിളിൽ നുറുങ്ങിയ കശുവണ്ടിപ്പരിപ്പോ വറുത്ത കടലയോ വാങ്ങുകയും രണ്ടുപേരും കൂടെ കൊറിച്ചുകൊണ്ട് യാത്ര തുടരുകയും പതിവായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന സുലൈമാൻ്റെ വാപ്പ ഖാദർ റബർ ടാപ്പിംഗ് തൊഴിലാളിയാണെങ്കിലും എന്നും ടാപ്പിംഗ് ഇല്ലാതിരുന്നതിനാൽ എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു. സുലൈമാൻ ആയിരുന്നു മൂത്ത മകൻ.
ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഉപനും സുലൈമാനും അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു. എന്നാൽ രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും ഉപന് പുതിയ കൂട്ടുകാരെകിട്ടിയെങ്കിലും സുലൈമാൻ തന്നെയായിരുന്നു അവന്റെ കൂട്ടുകാരിൽ ഒന്നാമൻ.
ഹൈസ്കൂളിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ഒന്നര രൂപാ ഫീസ്സ് ആറു രൂപയായി വർദ്ധിച്ചു. അതു മൂലം നല്ല ഒരു ശതമാനം കുട്ടികൾക്കു തേർഡ് ഫോം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഉപനും സുലൈമാനും വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. സുലൈമാൻ്റെ കുടുംബത്തേ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. പക്ഷെ, സുലൈമാൻ അതുകൊണ്ടൊന്നും പിന്മാറിയില്ല. വിദ്യാഭ്യാസത്തിൽ തനിക്കു ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെ ചെറിയ വരുമാന മാർഗ്ഗമായ സർബത്തു കച്ചവടത്തിനും അവൻ പ്രൊമോഷൻ കൊടുത്തു - സർബത്തിനു പകരം സേമിയാ പായസം! ശനിയാഴ്ചകളിൽ ചന്തയിലെ വിൽപ്പന കഴിഞ്ഞാൽ പിന്നെ ഏരൂർ ജംഗ്ഷനിലും നിലയുറപ്പിച്ചു പായസം തീരുന്നതു വരെ വില്പന തുടരും. ആദ്യമൊക്കെ ബുധനാഴ്ചകളിൽ കച്ചവടം ഒഴിവാക്കിയിരുന്നെങ്കിലും ചിലപ്പോഴൊക്കെ, പൈസായുടെ അത്യാവശ്യം കാരണമാവാം, ചില ബുധനാഴ്ചകളിലും, സ്കൂളിൽ പോകാതെ, കച്ചവടം നടത്തിവന്നു. ഒരു ചൊവ്വാഴ്ച ദിവസം സ്കൂൾ വിട്ടു വരുന്നവഴി സുലൈമാൻ ഉപനോട് പറഞ്ഞു: "നാളെ ഞാൻ സ്കൂളിൽ വരത്തില്ല. വൈകിട്ട് സ്കൂൾ വിട്ടാൽ നീ അഞ്ചൽ ജംഗ്ഷൻ വഴി വരണം. ഞാൻ മിക്കവാറും സിനിമാക്കൊട്ടകയ്ക്കു മുൻപിൽ നിൽക്കുന്നുണ്ടാവും." പിറ്റേ ദിവസം വൈകിട്ട് ഉപൻ സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് സുലൈമാൻ ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. അടുത്തു ചെന്ന ഉപനോട് സുലൈമാൻ പറഞ്ഞു : "നീ ഉടനെ വീട്ടിലേയ്ക്കു പോകേണ്ടാ; നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം. നല്ല തമിഴ് സിനിമയാണ്. MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ സുലൈമാൻ ഒരു ഗ്ലാസ് കഴുകി പായസ്സം പകർന്നു ഉപന് കൊടുക്കുകയും ചെയ്തു. ഉപൻ അതു വരെ തമിഴ് സിനിമാ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവൻ സുലൈമാനോടൊപ്പം നിന്ന് സിനിമാ കണ്ടിട്ടേ വീട്ടിൽ പോയുള്ളു. സുലൈമാൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും, ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസവുമായി തീയേറ്ററിന് അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു് പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു. സിനിമാ കഴിഞ്ഞു വീട്ടിലേയ്ക്കു നടക്കവേ സുലൈമാൻ ഉപനോടായി പറഞ്ഞു: ഞാൻ മിക്ക ശനിയാഴ്ചകളിലും പായസവും
കൊണ്ട് സിനിമാക്കൊട്ടകയിൽ വരാറുണ്ട്. ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ് മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു." അത് കേട്ട ഉപൻ ഓർത്തു പോയി: 'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ് തൻ്റെ ഫീസ്സിനുള്ള തുക കണ്ടെത്തുന്നത്? എല്ലാ മാസവും ഫൈനോടു കൂടി മാത്രമേ ഫീസ്സ് കൊടുക്കാറുള്ളു'. SSLC ക്ലാസ്സ് വരെ സുലൈമാൻ സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ് മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം അവസാന സ്കൂൾ വർഷം തുടർച്ചയായി മൂന്നു മാസം തൻ്റെ ഫീസ്സ് മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി വിടപ്പെടുകയും, അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണുണ്ടായത്.. സുലൈമാന് ഉപനല്ലാതെ പ്രത്യേകിച്ച് മറ്റു അടുത്ത കൂട്ടുകാരാരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവൻ്റെ സ്വകാര്യ കച്ചവടത്തെപ്പറ്റി അപൂർവം സഹപാഠികൾക്കേ അറിവുണ്ടായിരുന്നുള്ളു.
സർബത്തിൻ്റെയും പായസത്തിന്റെയും കച്ചവടം മാത്രമായിരുന്നില്ല സുലൈമാൻ്റെ വരുമാന മാർഗം. ഹൈസ്കൂളിൽ പഠിക്കുന്ന സമയം വൈകിട്ട് തിരികെ പോകുമ്പോൾ ഇടയ്ക്കൊരു സ്ഥലത്തെത്തുമ്പോൾ പല ദിവസങ്ങളിലും ഒരു പ്രത്യേക തരം ചൂതു കളിയിലേർപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം അവനും ചേർന്ന് കളിച്ചു കുറെയേറെ നാണയങ്ങൾ നേടുകയും പതിവായിരുന്നു. ഉപൻ വെറും കാഴ്ചക്കാരനായി നിൽപ്പുണ്ടാകും.. ആ കളിയിൽ നേട്ടമുണ്ടാക്കുവാൻ സുലൈമാന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. അത് പോലെ തന്നെ അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലുമേർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു. അപൂർവ്വമായേ ആവന് നഷ്ട്ടമുണ്ടാകാറുള്ളു. അതും തുശ്ചമായ തുകയ്ക്കും.
ഉപനും സുലൈമാനും തമ്മിലുള്ള സൗഹൃദബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷയുടെ അവസാന പേപ്പർ എഴുതിക്കഴിഞ്ഞു അതൊരാഘോഷമാക്കുവാൻ സുലൈമാൻ ഉപനേയും കൂട്ടി സിനിമ കാണുകയും അതിനു ശേഷം തിരികെ പോകവേ അവന്റെ വീട്ടിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിൽ വച്ച് പിരിഞ്ഞതുമാണ് അവരുടെ അവസാന കൂടിക്കാഴ്ചയായി പര്യവസാനിച്ചത്. പരീക്ഷ കഴിഞ്ഞു താമസിയാതെ ഉപൻ ദൂരെയുള്ള മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കുവാൻ
അവിടെ അടുത്തുള്ള ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു. SSLC റിസൾട് വന്നപ്പോൾ തങ്ങൾ രണ്ടു പേരും പാസ്സായെന്ന് ന്യൂസ് പേപ്പറിൽ നിന്നും ഉപൻ മനസ്സിലാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് SSLC സർട്ടിഫിക്കറ്റ് വാങ്ങുവാനായി അവൻ നാട്ടിലേയ്ക്ക് പോയത്. അന്ന് സുലൈമാനെ കാണുവാൻ ശ്രമിച്ചെങ്കിലും അവൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഉപൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, സുലൈമാനും കുടുംബവും പുനലൂർ - ചെങ്കോട്ട റൂട്ടിലുള്ള ഏതോ മലയോര ഗ്രാമത്തിലേക്ക് താമസം മാറ്റിയെന്നും, സുലൈമാൻ ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും. അതിനു ശേഷം ഇതേവരെ, 61 വർഷങ്ങൾ കഴിഞ്ഞിട്ടും, അവനെപ്പറ്റി അന്വേഷിക്കുന്നുണ്ടായിരുന്നെങ്കിലും, ഒരു വിവരവും ഉപനു കിട്ടിയിട്ടില്ല തന്നെ !
സുലൈമാനെന്ന ആ ചങ്ങാതി പ്രതിഭാസം ഉപൻ്റെ മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ്!
*****
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ