കല്പതരുവിന്റെ കണ്ണിലുണ്ണി,
കരിക്കിൻ കുംഭമായ് മാറിടും ഞാൻ
കൂമ്പുവിരിഞ്ഞു വിടർന്നു നിന്നാൽ
കാണാനെനിക്കെന്തു ചേലുണ്ടെന്നോ
കൊച്ചായിരിക്കേയെനിക്കുള്ള പേർ
മച്ചിങ്ങാ,യച്ചിങ്ങ വെള്ളയ്ക്കായെന്ന്
ഞെട്ടറ്റു ചത്തുവീണീടിലും ഞാ-
നൊട്ടുമേ പാഴായിപ്പോകുകില്ല
കുസൃതിക്കുടക്കൾക്കൊപ്പം ഞാനും
കളിക്കുവാനായിട്ട് കൂടുമല്ലോ
സോദരനാകുന്ന ഈർക്കിലിയും
ഞാനുംകൂടിയൊത്തു ച്ചേർന്നുവെന്നാൽ
കളിവണ്ടിച്ചക്രമായ് മാറിടും ഞാൻ,
കറങ്ങിക്കിറുങ്ങും പമ്പരമായ്
മാറിയവരുടെ കയ്യിലേറി
കറങ്ങിത്തിരിയും, വണ്ടിനേപ്പോൽ
മൂളിയവരെ രസിപ്പിച്ചിടും,
ആളു ഞാനത്ര നിസ്സാരനല്ല!
മൂപ്പിലാന്മാരുടെ ചീട്ട് കളിയിൽ
എപ്പോഴുമെന്നേയും കൂട്ടുമല്ലോ!
തോൽക്കുന്ന കൂട്ടർതൻ കാതുകളിൽ
തോരണമായിട്ടു ഞാനുണ്ടാകും
പനിക്കുമൊരാളിൻ നെറ്റിമേലേ
എനിക്കുള്ള സ്ഥാനമൗഷധമായ്
ചന്ദനക്കുറിപോൽ നെറ്റിതന്നിൽ
ചന്തമൊരുക്കും, പനിയും മാറ്റും
കല്പതരുവിൻ നരുന്താണേലും
കണ്ടുവോ നിങ്ങളെൻ കൈവിരുത്
കാണേണ്ട നിങ്ങൾ കൊച്ചായിട്ടേന്നേ
അണ്ണാൻകുഞ്ഞും തന്നാലായത് പോലെ
ഇപ്പോൾ നിങ്ങൾക്കു മനസ്സിലായോ
കല്പവൃക്ഷത്തിന്റെ ഭാഗമെല്ലാം,
മരിച്ച് വീഴുന്ന വെള്ളയ്ക്കപോലും,
മർത്യന്നുപകാരമെന്ന സത്യം!
എത്ര നിസ്സാരരായാലുമാരും
അത്ര നിസ്സാരരല്ലെന്നതോർക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ