2020 ഓഗസ്റ്റ് 22, ശനിയാഴ്‌ച

നഷ്ട്ടപ്പെട്ട 'ചൈൽഡ് ആർടിസ്റ്റ്' പട്ടം

'നഷ്ട്ടപ്പെട്ട 'ചൈൽഡ് ആർടിസ്റ്റ്'പട്ടം  

എനിക്ക് ഏതാണ്ട് നാലു  വയസ്സ് പ്രായമുള്ള സമയം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടേയുള്ളു. പക്ഷേ  ഞങ്ങളുടെ അയിലറ എന്ന  മലയോര കുഗ്രാമത്തിൽ  വളരെച്ചുരുക്കം പേർക്കേ  അന്ന് അതേപ്പറ്റി അറിയൂ.  കാരണം  അവിടെ ആർക്കും റേഡിയോ ഉണ്ടായിരുന്നില്ല.  ന്യൂസ്‌ പേപ്പർ വരുത്തിയിരുന്നത് രണ്ടു ചെറിയ ജന്മി വീടുകളിൽ മാത്രം.  നാട്ടുകാരെല്ലാം നല്ല ശുദ്ധഗതിക്കാർ.  അടുത്തുള്ള വനങ്ങൾ വെട്ടിത്തെളിപ്പിക്കുന്നതിന്റെ  ഭാഗമായി തടി ലോറിയ്ക്കു  പോകുവാനായി ഒരു ചെറിയ മൺറോഡ്‌ കടന്നു പോകുന്നുണ്ട്. കുഴിയുള്ളിടത്തൊക്കെ മെറ്റലിട്ടിട്ടുണ്ട്. ഞങ്ങളാണെങ്കിൽ പത്തനംതിട്ടയിൽ നിന്നും അവിടെ വന്നു താമസമാക്കിയിട്ട് കുറച്ചു  വർഷങ്ങളേ ആകുന്നുള്ളു.   ഒരു പ്രൈമറി സ്കൂൾ പോലുമില്ല. മൂത്ത ചേച്ചി മൂന്നു മൈൽ (4.5 km) അകലെയുള്ള പ്രൈമറി സ്കൂളിൽ നടന്നു പോയിവരുന്നുണ്ട്. അര മൈൽ അകലെയുള്ള ഓലപ്പള്ളിക്കൂടത്തിൽ ഞാനും നേരേ മൂത്ത ചേച്ചിയും  പോകുന്നുണ്ട്.  നാട്ടിൽ ഒരു ചായക്കടയും ഒരു  ചെറിയ പലവ്യഞ്ജനക്കടയും മാത്രം.
ആ സാഹചര്യത്തിൽ എന്റെ അച്ഛൻ അവിടെ ആരും അതേവരെ ധൈര്യപ്പെടാത്ത ഒരു കാര്യം ചെയ്തു. ആ വർഷം ഓണത്തിന്  ഒരു നാടകം അരങ്ങേറണമെന്ന് അച്ഛന് ഒരാഗ്രഹം. ആ നാട്ടിൽ ആരെങ്കിലും അതേ വരെ നാടകം കണ്ടിരിക്കുമോ എന്നു തന്നെ സംശയമാണ്. അച്ഛൻ തന്നെ നാടകവും തെരഞ്ഞെടുത്തു.  'ഹോട്ടൽക്കാരി'.  കുറച്ചൊക്കെ വിദ്യാഭ്യാസമുള്ള അഞ്ചാറു ചെറുപ്പക്കാരെയുംമദ്ധ്യവയസ്‌ക്കരെയും  സംഘടിപ്പിച്ചിട്ട് അച്ഛൻ അവർക്ക് വേണ്ട ഡയറകഷ്നും നിർദ്ദേശങ്ങളും നൽകി  റിഹേഴ്സലും നടത്തി. ഞങ്ങൾ കുട്ടികൾക്ക്‌   അതേപ്പറ്റി ഒന്നും അറിവുണ്ടായിരുന്നില്ല. അച്ഛൻ ആയിടയ്ക്ക് താടി വളർത്തുവാൻ തുടങ്ങിയിരുന്നു.  നാടകം അരങ്ങേറുവാനായി റോഡരുകിൽ  ഒഴിഞ്ഞു കിടന്ന പറമ്പിൽ  ഒരു ഓലപ്പന്തലിട്ട് ഒന്നരയടിയോളം  ഉയരത്തിൽ സ്റ്റേജും കെട്ടി, അതിലേയ്ക്ക് കയറുവാൻ ഒരറ്റത്ത് ഒരു 
കുട്ടി ബഞ്ചും ഇട്ടു. കർട്ടന് പകരം സാമാന്യം കട്ടിയുള്ള  ഒരു ഡബിൾ വേഷ്ടി നിവർത്തി രണ്ടു മൂ‌ലകളും പന്തലിന്റെ തൂണുകളിൽ  ബന്ധിപ്പിച്ചു. ഓരോ രംഗം തുടങ്ങുമ്പോഴും അതഴിച്ചിടും, ഇടയ്ക്ക് വീണ്ടും കെട്ടും. അന്ന് വൈദ്യുതി ഇല്ല. അകലെയെവിടെ നിന്നോ  മൂന്ന് നാല് പെട്രോമാക്സ് വിളക്കുകൾ തരപ്പെടുത്തി തൂക്കിയിട്ടിരിക്കുകയാണ്.   നല്ല ഓണാനിലാവുള്ള സമയം. ആളുകൾ സ്റ്റേജിനു മുന്നിലുള്ള തുറസ്സായ സ്ഥലത്ത് കൂടെക്കൊണ്ടുവന്ന  പായകളിലും പരമ്പുകളിലുമാണിരിപ്പ്. വീട്ടിൽ നിന്നും അമ്മയും അനുജനുൾപ്പെടെ ഞങ്ങൾ നാലു കുട്ടികളുമെത്തിയിട്ടുണ്ട്.  അമ്മ അനുജനെയും കൊണ്ട് സ്ത്രീകൾക്കൊപ്പം അൽപ്പം പിറകിലും ഞാനും ചേച്ചിമാരും ഏറ്റവും മുന്നിലും ഇരിപ്പായി.  നാടകം എന്ന് കേട്ടതല്ലാതെ സംഭവം എന്തെന്ന് എനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല.  നാടകം തുടങ്ങി.  അന്നു മൈക്കുമില്ല.  ഒരു ചായക്കടയിൽ രണ്ടുമൂന്നുപേരിരുന്നു ആഹാരമോ ചായയോ കഴിക്കുന്നു. മൂന്നു നാലു മിഠ>യിക്കുപ്പികൾ  വച്ച ഒരു മേശയ്ക്ക് പിറകിൽ ഒരു സ്ത്രീ ഇരുന്ന് വിളമ്പുന്ന ആൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നു. പലരും വന്ന് ഇരുന്നും നിന്നും ഉറക്കെയും പതുക്കെയും സംസാരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ കർട്ടൻ ഉയർന്നു.  അൽപ്പം കഴിഞ്ഞ് അത്‌ താഴ്ത്തി.  അപ്പോൾ ഒരു പഴയ കയറുകട്ടിലിൽ  അച്ഛനെപ്പോലുള്ള, തലയും താടിയും നരച്ച ഒരാളിരിക്കുന്നു.  കാഴ്ചയിൽ അവശനായ ഒരു രോഗി.  നേരത്തേ കണ്ട സ്ത്രീ അയാളോടെന്തൊക്കെയോ ഉറക്കെ ദേഷ്യപ്പെട്ടു സംസാരിക്കുന്നു. അയാളുടെ  സംസാരവും  വയസ്സന്മാരുടേത്.  ശബ്ദം പക്ഷേ അച്ഛന്റേതും.  അപ്പോഴാണ് മൂത്ത ചേച്ചി  പറഞ്ഞത്,  അത്‌ നമ്മുടെ അച്ഛനാണെന്നും താടിയും മുടിയും പൗഡറോ മറ്റോ തേച്ച്  വെള്ള നിറത്തിലാക്കിയതാണെന്നും,  ആ സ്ത്രീയുടെ അച്ഛനായിട്ട് അഭിനയിക്കുകയാണെന്നും. നാലോ മറ്റോ രംഗങ്ങൾ കഴിഞ്ഞ് ഒന്നിൽ അച്ഛൻ ആ കട്ടിലിൽ കിടക്കുന്നതും, "മോളേ,  ഒന്നിങ്ങോട്ട് വന്നേ എനിക്ക് തീരെ വയ്യാടീ,  എന്നേ ഒന്നു പിടിക്ക്,.... ഞാനൊട്ടു  ചാകുന്നുമില്ലല്ലോ എന്റീശ്വരാ...  രാ....". ...എന്നോ മറ്റോ  വളരെ അവശനായി പറയുകയും നിറുത്താതെ ചുമച്ചു മരണ വെപ്രാളം കാണിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ  ഞാൻ  പിടഞ്ഞെഴുന്നേറ്റ്  "എന്റച്ചാച്ചന് വയ്യായേ...."  എന്ന് ഉറക്കെകരഞ്ഞു കൊണ്ട് സ്റ്റേജിലേയ്ക്ക് കയറാനിട്ടിരുന്ന ബഞ്ചിലേയ്ക്ക് ചാടിക്കയറുവാൻ ശ്രമിച്ചതും,  അവിടെ നിന്നിരുന്ന,  കാര്യം മനസ്സിലായ,  ഗംഗാധരൻ മാമൻ എന്നേ കോരിയെടുത്തു അൽപ്പം അകലേയ്ക്ക് കൊണ്ടുപോയിട്ട് ഒരുവിധം സമാധാനിപ്പിച്ചിട്ട് പറഞ്ഞു : "അച്ഛൻ ആ സ്ത്രീയെ ഒന്നു പേടിപ്പിക്കാനായിട്ട് അങ്ങിനെ പറഞ്ഞതാണ്. അച്ഛന് ഒരസുഖവുമില്ല" എന്നും മറ്റും.   ഞാൻ കരച്ചിൽ നിറുത്തുവാൻ ഭാവമില്ലെന്നു കണ്ടപ്പോൾ ആ രംഗം അവസാനിച്ചയുടനെ എന്നേ ഒരു വശത്തുകൂടി കൊണ്ടുപോയി നേരിട്ട് അച്ഛനെ കാണിച്ചതിനു ശേഷമാണ് എനിക്ക് അമളി പറ്റിയതാണെന്ന് മനസ്സിലായത്. എന്നാലും,  ഇന്ന് ആ കാര്യമോർത്തപ്പോൾ അകന്ന ബന്ധുവായ  ഗംഗാധരൻ മാമനോട് എനിക്ക് അങ്ങേയറ്റത്തെ ദേഷ്യം തോന്നുകയാണ്.  എന്നേ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ എനിക്കവിടെ ഒന്നാംതരം ഒരു നാട്യപ്രകടനം നടത്തുവാൻ കഴിയുമായിരുന്നു;നല്ല ഒരു ബാലനടൻ എന്ന ഖ്യാദിയും,  വേണ്ടി വന്നാൽ 'Best Child  Artist"  പട്ടവും കിട്ടുമായിരുന്നു.  കാരണം കാഴ്ചക്കാരെല്ലാം ആദ്യമായി നാടകം കാണുന്ന ശുദ്ധർ.  എന്റെ role നാടകത്തിന്റ ഭാഗമായിട്ടേ അവർ കരുതുമായിരുന്നുള്ളെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു!  

2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

Super Boss

       ഒരു സൂപ്പർ ബോസ്സിന്റെ കഥ 

1975.  എനിക്ക്  കൽക്കട്ടാ  പ്ലാനിംഗ് കമ്മീഷൻ ഓഫീസിൽ നിന്നും അവിടെത്തന്നെ,  കേന്ദ്ര Works & Housing  Ministry യുടെ  കീഴിലുള്ള, CPWD  Chief Engineer റുടെ  ഓഫിസിൽ PA ആയി ഒരു വർഷത്തേയ്ക്ക് താൽക്കാലിക  posting ആയി.  അവിടെ എത്തിയപ്പോഴാണറിയുന്നത്, Chief Engineer  D.K. Basu, (പേര് മാറ്റി)  1960 കളിൽ  ഞാൻ Dandakaranya Project (DNK) ൽ  ഉണ്ടായിരുന്നപ്പോൾ അവിടെ  Superintending Engineer ആയിരുന്നെന്നുള്ള കാര്യം.  ആറടിയിലധികം ഉയരവും തടിച്ചു കരുത്തു  നരച്ച, കഷണ്ടിയുള്ള,  ഒരു ആജാനുബാഹു.  അടുത്തു പരിചയമില്ലായിരുന്നെങ്കിലും,  ഞാനും DNK പ്രോജക്ടിൽ തന്നെ ഉണ്ടായിരുന്നെന്നറിഞ്ഞപ്പോൾ  അദ്ദേഹത്തിന് എന്നോട് വലിയ കാര്യം. അവിടെ വച്ചു തന്നെ അദ്ദേഹത്തിന് സ്ത്രീ വിഷയത്തിൽ അതിരുകടന്ന ചാഞ്ചല്യം ഉണ്ടെന്നുള്ള കാര്യം  പരസ്യമായിരുന്നു.  ഇപ്പോൾ അദ്ദേഹം സ്ഥിരമായി  ഒരു കറുത്ത കണ്ണട ധരിച്ചിരിക്കുന്നു!  എത്തിയതിന്റ പിറ്റേ ദിവസം എനിക്കു മനസ്സിലായി അദ്ദേഹത്തിന് ഇപ്പോൾ ഒരു കണ്ണിന് കാഴ്ചയില്ലെന്ന്. ക്രമേണ  മനസ്സിലായി,  അദ്ദേഹം മഹാ മുൻകോപിയും,  കീഴുദ്യോഗസ്ഥരായ മുതിർന്ന officers നേയും മറ്റു staaff നേയും    പുളിച്ച തെറിയഭിഷേകം  നടത്തിയും ലൈംഗികച്ചുവയുള്ള, അറപ്പുളവാക്കുന്ന പദപ്രയോഗങ്ങളും കൈക്രിയകളും കാട്ടിയും രസം കൊള്ളുന്ന ഒരു തരം  മാനസിക രോഗി കൂടിയാണെന്ന് !  ഞാൻ അദ്ദേഹത്തിന്റെ  മുന്നിലിരുന്ന് dictation എടുക്കുമ്പോൾ തന്നെ,   ആ വിഷയത്തിൽ ഒപ്പം ചർച്ചകൾക്കായി മുന്നിലിരിക്കുന്ന Superintending Engineers നെയും Executive Engineers നെയും സ്ത്രീകളുൾപ്പെടെ മറ്റു   മുതിർന്ന ഓഫീസർമാരെയും ഉറക്കെ തെറിയഭിഷേകം നടത്തുകയും അവരെയും അവരുടെ  
ഭാര്യാഭർത്താക്കന്മാരെയും പരാമർശിച്ചു ലൈംഗികചുവയോടെയുള്ള  പദപ്രയോഗങ്ങളും കൈക്രിയകളും കാണിച്ചു അപമാനിക്കുന്നതും നേരിട്ട് കാണുകയുണ്ടായി.  നേരിൽ   കണ്ട ആ കാര്യം ഞാൻ അവിടെയുള്ള ഒരു സഹപ്രവർത്തകനോട് സൂചിപ്പിച്ചപ്പോൾ അയാൾ  പറഞ്ഞു :   "ഈ CE വെറുമൊരു സംസ്ക്കാര ശൂന്യനാണ്. പുളിച്ച തെറി പറച്ചിലും സഹപ്രവർത്തകരായ സ്ത്രീകളെ അപമാനിക്കലുമാണ്  അയാളുടെ മുഖ്യ വിനോദം.  ഇവിടെ  നിന്നും പിടിച്ചു ദൂരെയെവിടെയെങ്കിലും തള്ളിയാലോ എന്ന ഭയത്താൽ എല്ലാം സഹിക്കുകയല്ലാതെ  ആരും  പ്രതികരിക്കാറില്ല.  അത്‌ അയാൾക്ക്   കൂടുതൽ ഊർജ്ജം പകർന്നു കൊടുക്കുംപോലെയാണ്.   ബംഗാളി PA മാരാരും അയാളോടൊപ്പം അധികനാൾ ജോലി ചെയ്യില്ല.  അവരെയും മഹാ തെറി പറയും. ഇവിടെ മലയാളിയായ Executive Engineer രവീന്ദ്രനാഥൻ സാറിനെ മാത്രം തെറി പറയില്ല.  വലിയ കാര്യവുമാണ്.  താങ്കളെയും വലിയ കാരമാണെന്നാണ് എല്ലാവരും പറയുന്നതും. ഇനി ഒരു രസകരമായ കാര്യം.  അയാളുടെ കണ്ണു പോയതെങ്ങനെയാണെന്നറിയാമോ? "
അയാൾ എന്നോട് ചോദിച്ചു.  "അറിയില്ല",  ഞാൻ പറഞ്ഞു.
"അത്‌,  ഒരിക്കൽ അയാൾ  ഓഫീസ്സിനായുള്ള ഈ ബഹുനിലക്കെട്ടിടത്തിന്റെ പണിയേതാണ്ട് അവസാനിക്കാറായ സമയം,  പതിവ് പോലെ,  പണിനടക്കുന്നത്  വീക്ഷിക്കുവാനായി മുകളിൽ പോയി.  ഒരു worker എന്തോ ചെയ്തിരുന്നതിൽ അല്പം പിശകു വന്നതിന്  അയാളെ എല്ലാവരുടെയും മുൻപിൽ വച്ച് തെറിയഭിഷേകം നടത്തി.  അയാൾ പറഞ്ഞു: 'സാറേ തെറി പറയരുത്.  എന്താണ് തെറ്റെന്നു പറഞ്ഞാൽ ഞാനത് ശരിയാക്കിക്കൊള്ളാം'.  അതു കേട്ടതും,  CE  യ്ക്ക്  ദേഷ്യം ഇരച്ചു കയറി.  "തർക്കുത്തരം പറയുന്നോടാ #*#** എന്ന് അസ്സൽ തെറി പറഞ്ഞു കൊണ്ട് CE അവന്റെ ചെകിട്ടത്തടിച്ചു.  അവൻ അടുത്തു കിടന്ന കമ്പിക്കഷണമെടുത്തു
CE യെ അടിക്കാനോങ്ങുമ്പോഴേയ്ക്കും, അടുത്തു തന്നെ നിന്നിരുന്ന contractor അവനെ പിടിച്ചു മാറ്റി CE യെ തൽക്കാലം രക്ഷിച്ചു.  എന്നാൽ അടുത്ത പ്രാവശ്യം CE മുകളിൽ  എത്തിയപ്പോൾ ഇരുപതോളം വരുന്ന ജോലിക്കാരെല്ലാവരും ഒത്തുകൂടി നേരത്തേ അവർ തീരുമാനിച്ചു വച്ചിരുന്ന പ്ലാൻ അങ്ങു നടപ്പാക്കി.  അവർ കോൺട്രാക്ടറെ ബുദ്ധിപൂർവം അവിടെ നിന്ന് മാറ്റി. CE യുടെ കൂടെയുണ്ടായിരുന്ന SE യോടു പറഞ്ഞു.  "സാറ് കണ്ണുമടച്ചു നിന്നോണം,  ഉടപെടരുത്" എന്നിട്ട് കരുതി വച്ചിരുന്ന ചെരിപ്പു മാല  CE യുടെ കഴുത്തിലണിയിച്ചുകൊണ്ട് സ്വാഗതം ചെയ്തു.  "ബഹുമാനപ്പെട്ട സാറ് വന്നാലും!  ഇന്നും നമുക്ക് ചില നല്ല പ്രകടനങ്ങൾ നടത്തേണ്ടേ?"   പറഞ്ഞു തീർന്നതും,  അവർ അയാളെ പൊരുതെ തല്ലുവാനും ഇടിയ്ക്കുവാനും തുടങ്ങി.  ആരോ അയാളുടെ ഒരു  ഉണ്ടക്കണ്ണ് ഇടിച്ചോ കുത്തിയോ പൊട്ടിച്ചു.  ബഹളം കേട്ട് contractor എത്തിയപ്പോഴേയ്ക്കും, അരിശം തീർന്ന  ജോലിക്കാർ സ്ഥലം വിട്ടു.  എന്നിട്ടും അയാളുടെ മുൻകോപത്തിനോ തെറിവിളിക്കോ  ഇപ്പോഴും  ഒരു കുറവുമില്ല".
"പോലീസിലൊന്നും report ചെയ്തില്ലേ" ഞാൻ ചോദിച്ചു.  "കൂടുതൽ നാറേണ്ടെന്ന്    കരുതിയാവും കേസിനു പോയില്ല. മൂന്നു  ദിവസം ആശുപത്രിയിൽ കിടന്നു കണ്ണിന് operation നടത്തിയെങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല."

അവിടെയെത്തി ഒൻപത് മാസങ്ങളായപ്പോൾ UPSC വഴി ഒരു ബംഗാളി PA യെ post ചെയ്തു കൊണ്ടും എന്നെ Delhi Planning Commission  ലേയ്ക്ക് transfer ചെയ്തുകൊണ്ടുമുള്ള ഉത്തരവ് വന്നു.  ഈ വൃത്തികെട്ട അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാമല്ലോ എന്ന് ഞാൻ ആശ്വസിച്ചു.  പുതിയ PA report ചെയ്യാനെത്തിയപ്പോൾ ഞാൻ CE യുടെ അടുത്തുണ്ട്.  ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന 24 ഓളം പ്രായം തോന്നിക്കുന്ന ആ  യുവാവ് പ്രസന്നവദനനായി  അടുത്തേയ്ക്ക് വന്നതും,  CE അയാളോട് കടുത്ത മുഖഭാവത്തോടെ ചോദിച്ചു: "ബംഗാളി സാറാണല്ലേ,  എത്ര വർഷത്തെ പ്രവർത്തി പരിചയമുണ്ട്? " 
"പ്രവർത്തി പരിചയമില്ല,  ആദ്യ......... "  അയാൾ  പറഞ്ഞു തീരും മുൻപ് CE:  "എഴുതിയെടുക്ക് കാണട്ടെ നിന്റെ സ്റ്റേനോഗ്രഫി വൈദഗ്ധ്യം."  എന്നിട്ട് എന്നോട് പറഞ്ഞു:  "നിങ്ങളുടെ note book അവനു കൊടുക്ക്". എന്നിട്ട്  ഞാൻ ചെയ്തു വച്ചിരുന്ന രണ്ടു പേജുള്ള ഒരു report എടുത്ത് CE മനപ്പൂർവം  വളരെയധികം speed  ൽ അവന് dictation കൊടുത്തിട്ട് പറഞ്ഞു: "അര മണിക്കൂറിനകം type ചെയ്തു കൊണ്ടു വരണം".  പാവം പയ്യന് ഒന്നും ശരിയായി എഴുതിയെടുക്കുവാൻ കഴിഞ്ഞില്ല. നിറയെ തെറ്റുമായി ടൈപ്പ് ചെയ്ത പേപ്പർ കണ്ടപ്പോൾ CE കലി തുള്ളി അട്ടഹസിച്ചു "English അറിയാത്ത *#$* വിഡ്ഢി ജോലിക്ക് വന്നിരിക്കുന്നു.  നിനക്കിവിടെ  ജോലിയില്ല.  നേരേ ഡൽഹിക്ക് വിട്. മന്ത്രാലയത്തിൽ പോയി റിപ്പോർട്ട് ചെയ്യ്."  വീണ്ടും തെറി. പയ്യൻ പേടിച്ചു വിറച്ചു സ്ഥലം കാലിയാക്കി.  ഉടൻ തന്നെ CE എനിക്ക് dictation  തന്നു, കേന്ദ്ര മന്ത്രാലയത്തിലേക്കും Planning Commission ലേക്കും.  "അയച്ച PA useless ആണ്.   ജോയിൻ ചെയ്യുവാൻ അനുവദിച്ചിട്ടില്ല.  ഉപഗുപ്തനെപ്പോലെ എക്സ്പീരിയൻസ് ഉള്ള ഒരാളിനെ അയച്ചുകിട്ടുമ്പോൾ മാത്രമേ അയാളെ വിട്ടു തരൂ"  എന്നിട്ട് എന്നോട് പറഞ്ഞു:  "നിങ്ങൾ എവിടെയും പോകുന്നില്ല. ഇവിടെ തുടരും".  രണ്ടു മാസം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി DNK യിൽ  Chief Administrator റുടെ PA  ആയിരുന്ന, എന്നേക്കാൾ senior ആയ K. Ramachandran സാറ്  എനിക്കു പകരം വന്നു.  CE യ്ക്ക് അദ്ദേഹത്തെ അടുത്ത പരിചയമുണ്ടായിരുന്നതിനാൽ ഒരെതിർപ്പുമുണ്ടായില്ല. ഞാൻ ഡൽഹിയിലേയ്ക്ക് പോകുകയും ചെയ്തു.  പക്ഷേ,  ഒരു വർഷത്തിനകം രാമചന്ദ്രൻ സാറ് Madras  CPWD CE ഓഫിസ്സിലേയ്ക്ക് transfer വാങ്ങി രക്ഷപ്പെട്ടു.

    

 

 

2020 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

6. അരുണ ചംക്രമണം.

              പരിവാരങ്ങൾ

      6. അരുണ ചംക്രമണം
                                                             
ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ  
നോക്കവേ കാണ്മതോ ധവളാഭയോലും 
നീഹാര പടലം പുതച്ച ക്ഷിതിയെ 
                          
മെല്ലവേയൂഷ്മളമായ കരങ്ങളാൽ 
മഞ്ഞിൻ പുതപ്പലിയിച്ചു മാറ്റീട്ടർക്കൻ      
അരുണാഭയോലും കിരണങ്ങളാലേ  
പരിരംഭണത്തിലൊതുക്കീ പൃഥിയെ  
                           
ധരയെ ഉഷസ്സിലാലിംഗനം ചെയ്തി-  
ട്ടൊരിളവെയിൽ പട്ട് പുതപ്പിച്ച ശേഷം 
അരുണനുയരത്തിലെത്തേ ഈ 'വിശ്വം- 
ഭരയെത്രസുന്ദരി' എന്നോർത്തു പോയി! 
                           
ദിനകരൻ മദ്ധ്യാഹ്ന വേളയിൽ നോക്കേ
തന്നുടെ ചൂടേറ്റു മേദിനി ചൂടിടും   
പൊന്നിളവെയിൽ പട്ടുരുകുമെന്നു കണ്ട്  
പകരമായ് ശ്വേതാംബരത്താലെ മൂടി 
                                      
പശ്ചിമചക്രവാളത്തിലെത്തേ ദിന-
പതിതൻ  രശ്മിയുമഭ്രവുമാഴിയും 
ഒരുമിച്ചൊരുക്കീയഭൗമമായീടു-
മൊരുസന്ധ്യ, ഒപ്പമൊരു മാരിവില്ലും 

സിന്ദൂരസന്ധ്യയ്ക്കകമ്പടിയായ് വന്നു
ചന്ദ്ര,താര,പ്പരിവാരങ്ങളൊക്കെയും    
രാവിന്റെ പാലൊളിച്ചോലയിൽ ആറാടി-
ച്ചവളെ 'പുലർച്ച'യായ് നൽകീ ദിനേശന്.         ************** *************
സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തേയമർന്ന ദിനകരൻ 
സുഖനിദ്രയിൽ നിന്നുണർന്നിട്ടു വന്നൂ  
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം!!!
                                             
ശ്യാമപ്പുതപ്പു പതുക്കെ  മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ 
നോക്കവേ കാണ്മതോ ധവളാഭയാർന്ന
നീഹാരപടലം പുതച്ച  ക്ഷിതിയെ !
     *************** **************                  സൂര്യ, ധര, താര, ചന്ദ്രന്മാരൊക്കെയും 
ഒരുമിച്ച് കാട്ടുന്ന ലീലാവിലാസങ്ങൾ
പ്രകൃതിയ്ക്കഭൗമ സൗന്ദര്യം പകരും
പ്രജകൾക്കോ കണ്ണിന്നമൃതം പകരും!

 


2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

My Beloved India

Patriotic Song 

My beloved country Bharath 

We were ruled by foreigners once, 
For, those days we had no choice 
It is only a dark  past history now, 
For, none can dare to touch us now

Our neighbours China and Pakistan
Do have bad eyes on our Hindusthan
For, now and then they do try to test
Our brave soldiers who are the best!

The freedom that we earned once
We won't ever surrender to any force 
For, our brave and strong soldiers
Keep constant vigil on our borders!

With pride our blood should be boiling 
On seeing our national flag flying 
And On hearing the name Bharatham 
And  on hearing our natioal antham 

The whole world is  always baffled 
About our unity in diversity, so united
Are we despite having umpteen States
Each one with different  languages

Despite having a number of Religions
Each one with  castes and sub-castes.
We are so  proud about our country
Which gave birth to great son Gandhy.

Gandhiji was always against violence 
And fought with his weapon of peace
And gained freedom for our country
Which we can't allow others take away 

Let us all praise the Lord for granting 
Birth in this great country that is loving   
And pray for giving birth again and again
Here alone, which will be a great gain!



2020 ഓഗസ്റ്റ് 12, ബുധനാഴ്‌ച

"സേതു' വിന്റെ രണ്ടാമൂഴം.

   8.  'സേതു'വിൻറെ രണ്ടാമൂഴം

ഗംഗാമുണ്ടയിൽ നനഞ്ഞുപോയ സാഹസികത കഴിഞ്ഞ് ഒരു മാസമായപ്പോൾ (1963 മാർച്ച്‌ 15) എനിക്ക് ദണ്ഡകാരണ്ണ്യ പ്രോജക്ടിന്റെ Financial Adviser & Chief  Accounts Officer റുടെ (FA& CAO) ഓഫിസിൽ ജോലികിട്ടി. 'ഇടിച്ചു കേറി' ഇല്ലാത്ത വേക്കൻസിയിൽ കയറിപ്പറ്റിയെന്നതാണ്  ശരി.  പിന്നെ,  മലയാളിയായ FA&CAO,  V.K. സുബ്രമണ്യൻ IA&AS അൽപ്പം കരുണയും  കാണിച്ചു. (ആ കഥ  വിശദമായി ആത്മകഥയിൽ കുറിച്ചിട്ടുണ്ട്).  സുബ്രഹ്മമണ്യൻ സാറുൾപ്പെടെ  ഇരുപതോളം മലയാളികൾ ഉണ്ട്. പ്രോജക്ടിന്റെ മറ്റു പല ഓഫീസുകളും സ്റ്റാഫ്‌ ക്വാർട്ടേഴ്സും അവിടെനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ധരംപുര   എന്ന സ്ഥലത്താണ്.  അവിടെയും ധാരാളം മലയാളികളുണ്ട്.  ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഓഫിസിനോട് ചേർന്നുള്ള industries ഓഫീസിലെ ഗംഗാധരനും ഞാനും ചേർന്ന്  city യിൽ തന്നെ ധരംപുരയ്ക്കു പോകുന്ന റോഡ്‌സൈഡിൽ ഒരുമുറിയും അടുക്കളയും  വാടകയ്‌ക്കെടുത്ത്,  ഹോട്ടൽ ഭക്ഷണത്തോട് goodby പറഞ്ഞിട്ട്  ആഹാരം സ്വയം പാചകം ചെയ്യുവാൻ തുടങ്ങിയിട്ടേയുള്ളു.  തൊട്ടടുത്ത മുറിയിൽ ചുനക്കരക്കാരായ മൂന്നു ബാച്‌ലേഴ്‌സ് താമസമുള്ളതിൽ പയ്യനായ 19 വയസ്സുകാരൻ  രാമകൃഷ്ണൻ നാട്ടിൽ നിന്ന് എത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ജോലിയൊന്നുമായിട്ടില്ല. പ്രൊജക്റ്റിലുള്ള മലയാളികൾ ആ വർഷത്തെ ഓണപ്രോഗ്രാമിനുള്ള തയ്യാറെടുപ്പ് തുടങ്ങി.  ധരംപുരയിൽ ഓണാഘോഷക്കമ്മിറ്റി കൂടി ആലോചനയായി.  പകലത്തെ പ്രോഗ്രാമിന്‌ ശേഷം സന്ധ്യ കഴിഞ്ഞ് ഒരു നാടകം അവതരിപ്പിക്കണം. പല നാടകങ്ങൾ പരിഗണിച്ച ശേഷം അവർ തീരുമാനിച്ചു:  "ഞാൻ ഒരധികപ്പറ്റ്" മതി. ഇനി അഭിനേതാക്കളെ തീരുമാനിക്കണം.  പിറ്റേദിവസം ലഞ്ച് സമയത്ത് എന്റെ ഓഫിസിലെ  seniors ആയ  RK നായരും ഗോപാലകൃഷ്ണനും കൂടി എന്നെ സമീപിച്ചിട്ട് ഓണാഘോഷക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു:  "നാടകത്തിലെ സ്ത്രീ കഥാപാത്രമായ നായിക സേതുവിന്റെ  റോളിന് ഞങ്ങൾ  ഉപഗുപ്തനെയാണ് കണ്ടു വച്ചിരിക്കുന്നത്.   അതിന് ഏറ്റവും യോജിച്ച ആൾ  ഉപഗുപ്തൻ തന്നെയാണ്.  പറ്റിയ വേറേ ആരും  ഇവിടെ ഇല്ല."   എനിക്ക് അത്ഭുതമായി.  കഴിഞ്ഞ വർഷത്തെ ഓണത്തിന്  നാട്ടിൽ വച്ച് ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചെന്ന് ഇവരെങ്ങിനെ അറിഞ്ഞു?   പെട്ടെന്ന് "നീ കലക്കിയല്ലോടീ സേതൂ" എന്ന കളിക്കൂട്ടുകാരന്റെ പഞ്ചാര പറച്ചിലും പിറകേയുളള അവന്റെ 'കൈ' പ്രയോഗവും എന്റെ മനസ്സിലേയ്ക്കോടിവന്നു.  അതോ സേതുവിന് എന്നോട് പ്രണയമായിട്ട് എന്റെ പിറകേ കൂടിയിരിക്കുകയാണോ?  
ഇല്ല,  ഒരിക്കൽ ഞാൻ ചൂടുവെള്ളത്തിൽ വീണതാണ്. ഇതു നനഞ്ഞ വെള്ളമായാൽ പോലും വീഴുവാൻ ഞാനില്ല.  ഇവിടെ നാട്ടിലുണ്ടായ പോലെയുള്ള സംഭവമുണ്ടായെന്നുവരില്ല. എല്ലാവരും സംസ്‌കാരമുള്ള,  വിവേകമുള്ള ഉദ്യോഗസ്ഥർ.  എന്നാലും ഇനി പെൺവേഷം വേണ്ടാ.  മനുഷ്യന്റെ കാര്യമല്ലേ. പറയാൻ പറ്റില്ല. പെട്ടെന്ന് ഞാൻ ഗോപാലകൃഷ്ണൻ സാറിനോട് പറഞ്ഞു.  "സാറിന്റെ അനുജൻ ദിവാകരനുണ്ടല്ലോ?  ആ റോളിന് എന്നെക്കാൾ പറ്റിയത് അയാളാകും". (ദിവാകരൻ  ഞങ്ങളുടെ ഓഫീസിൽ ജോയിൻ ചെയ്തിട്ട് രണ്ടു മാസമാകുന്നതേയുള്ളു. വെളുത്ത് നല്ല ഉയരമുള്ള ഒരു ഇരുപതുകാരൻ). പെട്ടെന്ന് ഗോപാലകൃഷ്ണൻ സാറ് KT നായരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: "നായകൻ ബാലന്റെ റോളെടുക്കയന്നത് ഈ RK യാണ്.  ദിവാകരനെയാണ് ഞങ്ങൾ ആദ്യം പരിഗണിച്ചത്.  പക്ഷേ അവന്  ഇയാളേക്കാൾ മൂന്നിഞ്ചേലും കൂടുതൽ ഉയരമുണ്ട്.   അതു കൊണ്ട് അവൻ  ശരിയാകില്ല.   ഇനി  ഉപഗുപ്തൻ ഒഴിവുകഴിവൊന്നും പറയണ്ടാ. നിങ്ങൾ രണ്ടുമാണ്  നാടകത്തിലെ അതേ ജോഡി! ഞങ്ങളത് തീരുമാനിച്ചു കഴിഞ്ഞു."  എന്നാൽ ഇതിനകം മനസ്സാ ഞാനും തീരുമാനിച്ചു കഴിഞ്ഞൂ,  ഞാനീ റോളെടുക്കില്ലെന്ന്. "ഓണത്തിനെനിക്ക് ബോർഗാവിൽ അളിയന്റെയടുത്തു പോകണം.   നാട്ടിൽ നിന്ന് വന്നിട്ട് ഇതുവരെ അളിയന്റെയടുത്തു പോകുവാൻ പറ്റിയിട്ടില്ല. ഓണത്തിന് തീർച്ചയായും ചെല്ലണമെന്ന് അളിയന്റെ കത്ത് വരികയും ചെല്ലാമെന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു കഴിഞ്ഞു.   അതുകൊണ്ട് അന്ന് ഞാനിവിടെ കാണുകയില്ല."  ഞാൻ ഒരു കള്ളം പറഞ്ഞു ഒഴിഞ്ഞു മാറി. എന്നാൽ ഉടൻ തന്നെ എനിക്ക് രാമകൃഷ്ണന്റെ ഓർമ്മ വന്നു.   അവനേ ഒപ്പിച്ചെടുക്കാം. ഇരുനിറം.   നായകനായ RK യേക്കാൾ  നിറമുണ്ട്.  വേഷമിട്ടാൽ കഥയിൽ പറയുന്നത്ര സൗന്ദര്യം കിട്ടണമെന്നുമില്ല.
ഇവർക്കാർക്കും അവനെപ്പറ്റി അറിയില്ലല്ലോ. "എനിക്കൊരു ദിവസത്തെ സമയം തരൂ.   ഒത്താൽ നാളെ ഞാൻ പറ്റിയ ഒരാളിനെ പറഞ്ഞു തരാം" ഞാൻ അവർക്ക് ഒരു ആശ്വാസത്തിനുള്ള വക കൊടുത്തു.   

അന്ന് വൈകിട്ട് ഞാൻ രാമകൃഷ്ണനുമായി,  നാടകത്തെപ്പറ്റി ആദ്യം പറയാതെ തന്നെ,  അവന്റെ  സ്കൂളിലെ കാര്യങ്ങളൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ സ്കൂളിൽ വല്ല കലാപരിപാടികളിലും പങ്കെടുത്തിട്ടുണ്ടോ എന്ന് സാധാരണപോലെ ചോദിച്ചു.   ഭാഗ്യം.  അവൻ പറഞ്ഞു " ഞാൻ സ്‌കൂളിലെ annual day ക്കൊക്കെ നാടകത്തിൽ ആണിന്റെയും പെണ്ണിന്റെയും വേഷമിട്ടിട്ടുണ്ട്,  പിന്നെ പ്രസംഗ മത്സരത്തിലും പദ്യപാരായണ
ത്തിനുമൊക്ക ചേർന്നിട്ടുമുണ്ട്"  ഇനിയെന്ത് വേണം?  "യൂറേക്കാ" എന്റെ മനസ്സ് പെട്ടെന്ന് പറഞ്ഞുപോയി. ഒരു ഭാവഭേദവുമില്ലാതെ ഞാൻ അവനോട് ഓണാഘോഷത്തെപ്പറ്റിയും നാടകത്തെപ്പറ്റിയും പറഞ്ഞിട്ട് ഒരു ചൂണ്ടകൂടി ഇട്ടുകൊടുത്തു. "കഥാനായികയുടെ റോൾ എടുക്കാനായി അവർ പറ്റിയ ആളിനെ അന്വേഷിക്കുകയാണെന്നറിഞ്ഞു. ഓണാഘോഷക്കമ്മിറ്റിക്കാരൊക്കെ  അവരവരുടെ ഓഫീസിൽ നല്ല പിടിപാടുള്ളവരാണ്. ആ റോളെടുക്കുവാൻ രാമകൃഷ്ണൻ താൽപ്പര്യം കാണിച്ചാൽ അവരുടെ ഓഫിസിൽ വല്ല വേക്കൻസിയും  ഉണ്ടായാൽ രാമകൃഷ്ണനെ ഒരു പക്ഷേ അവർക്ക് സഹായിക്കാൻ കഴിഞ്ഞെന്നു വരും."  രാമകൃഷ്ണൻ എന്റെ ചൂണ്ടയിൽ അല്പം ആർത്തിയോടെ കൊത്തി.  "അതിനെന്താ,  ഞാൻ തയ്യാറാണ്. സ്കൂൾ കുട്ടികളുടെ കൂടെ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളു. എന്നാലും സാരമില്ല.   ഞാൻ ശ്രമിച്ചു നോക്കാം" രാമകൃഷ്ണന്റെ വാക്കുകളിൽ അവന്റെ പ്രതീക്ഷ നിഴലിച്ചിരുന്നു.  "അതു സാരമില്ല.  ഒരിക്കലെങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിൽ അതും എക്സ്പീരിയൻസ് ആണല്ലോ?   പിന്നെ,  ആ റോൾ തനിക്ക് കിട്ടുകയാണെങ്കിൽ,  നാടകത്തിലെ നായികയുടെ സംഭാഷണങ്ങൾ എഴുതിയ ഭാഗം കിട്ടുമ്പോൾ അത് എന്നെ കാണിച്ചാൽ ഞാൻ തനിക്ക് കുറച്ച് ടിപ്പുകളൊക്കെ തന്ന് സഹായിക്കാം, എന്താ?  ഇനി പറയ്, ഞാൻ അവരോട് തന്റെ പേര് suggest ചെയ്യട്ടേ?"  ഞാൻ അവസാനത്തെ ആണിയുമടിച്ചു. "സാറ് പറഞ്ഞോളൂ.  ഞാൻ റെഡിയാണ്". അങ്ങിനെ എന്റെ  "സേതു" വിന്റെ രണ്ടാമൂഴം  വേഷം ഞാൻ രാമകൃഷ്ണന്റെ തലയിലോ ചുമലിലോ അല്ല,  ദേഹത്തു തന്നെ ഭംഗിയായി അണിയിച്ചു കൊടുത്തു! അവനെവച്ച് നാടകം നടത്തുവാൻ തീരുമാനവുമായി.

റിഹേഴ്സൽ  നടക്കുന്നതിനിടയിൽ ഞാനും വീട്ടിൽ വച്ച് രാമകൃഷ്ണന് വേണ്ട നിർദ്ദേശങ്ങളും തിരുത്തലുകളും  കൊടുത്തു. നാടകദിവസമെത്തി. FA സുബ്രമണ്യൻ സാറാണ് Chief Guest.  സ്ത്രീ വേഷമണിഞ്ഞെങ്കിലും എന്തുകൊണ്ടോ കഥാപാത്രത്തിന്റെ ആ വശ്യത രാമകൃഷ്ണനിൽ കണ്ടില്ല. അയാൾ  സാമാന്യം നല്ല പ്രകടനം നടത്തിയെങ്കിലും അവസാനത്തെ വൈകാരിക രംഗം പാളിപ്പോയി.  കരയേണ്ട സമയത്ത് ഗ്ലിസറിനോ ഉള്ളിയോ മറ്റോ കരുതിയിരുന്നെങ്കിലും അത് വേണ്ടവിധം പ്രയോഗിചില്ലെന്ന് തോന്നി.  അതിന്റെ വൈക്ലബ്യം ആകാം  മുഖത്ത് നിഴലിച്ചിരുന്നത്. 

നാടകം കഴിഞ്ഞിട്ടും രാമകൃഷ്ണൻ വേഷം മാറി കൂടെ വരുവാൻ അല്പം സമയമെടുത്തു.  ഞാനും ഗംഗാധരനും രാമകൃഷ്ണന്റെ സഹമുറിയന്മാരും അവനുവേണ്ടി wait ചെയ്യുമ്പോൾ ഗോപാലകൃഷ്ണൻ സാറും RK നായര് സാറും മറ്റു സംഘാടകരും അതുവഴി വന്നു.  എന്നെക്കണ്ടപ്പോൾ ഗോപാലകൃഷ്ണൻ സാറ് ചോദിച്ചു : "താൻ ബോർഗാവിന് പോയില്ലേ?"
"അളിയന് പെട്ടെന്ന് നാട്ടിലേയ്ക്ക് കഴിഞ്ഞയാഴ്ച പോകേണ്ടി വന്നു. എനിക്കതുകൊണ്ട് പോകേണ്ടി വന്നില്ല".
"രാമകൃഷ്ണന് വേണ്ടത്ര ഷൈൻ ചെയ്യുവാൻ പറ്റിയില്ല.  താനായിരുന്നെങ്കിൽ കലക്കിയേനെ"
ർക്ക് നായരുടെ വക.  തന്റെ നായിക തന്നെ നിരാശപ്പെടുത്തിയത്തിന്റെ നിരാശ ആ വാക്കുകളിൽ ധ്വനിച്ചിരുന്നു.  ആ വാക്ക് കേട്ടതും, എനിക്ക് എടുത്തടിച്ചു പ്രതികരിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. 
"ഒരിക്കൽ ഞാൻ കലക്കിയതിന്റെ അനുഭവം കൊണ്ടുതന്നയാണ്,  ഇന്ന് ഒന്നുകൂടി കലക്കണ്ടായെന്നു കരുതി  അന്ന്  നിങ്ങളെന്നെ  സമീപിച്ചപ്പോൾ ഞാൻ  പറ്റില്ലെന്ന് പറയാൻ കാരണം"
അവർക്ക് കാര്യം മനസ്സിലായില്ല. "താൻ കാര്യം തെളിച്ചു പറ"- ഗോപാലകൃഷ്ണൻ. ഞാൻ നാട്ടിലുണ്ടായ സംഭവം വിശദീകരിച്ചു.  എല്ലാവരും കൂടി ആർത്തു ചിരിച്ചു. "എടോ, താൻ കലക്കുമെന്നറിയാവുന്നതു കൊണ്ടു തന്നെയാണ് ഞങ്ങൾ ആദ്യം തന്നെ നോട്ടമിട്ടത്.  ഇതിപ്പം താൻ എല്ലാം നശിപ്പിച്ചല്ലോ.  തനിക്ക് നമ്മുടെ ബോസ്സ് Chief Guest   സുബ്രമണ്യൻ സാറിന്റെ മുന്നിൽ നല്ലപോലൊന്നു  മിനുങ്ങുവാനുള്ള അവസരവും കളഞ്ഞു കുളിച്ചു,  ഞങ്ങൾക്കും കുറച്ചു കൂടി ക്രെഡിറ്റ് കിട്ടിയേനെ.  പിന്നെ ഇവിടെ കുറേ മൂത്ത ബാച്‌ലേഴ്‌സ് ഉണ്ട്. താൻ സ്ത്രീ വേഷമിട്ടു നല്ലപോലൊന്നു അഭിനയിക്കുക കൂടി ചെയ്തിരുന്നെങ്കിൽ, അന്നു സംഭവിച്ചതും പോരെങ്കിൽ,  താനാരെന്നറിയാത്ത ബാച്ചലേഴ്‌സിൽ നിന്ന്  ശരിക്ക് കല്യാണാലോചനയും  വന്നേനെ!" വീണ്ടും കൂട്ടച്ചിരി.
അതു കേട്ടപ്പോൾ എന്റെ തീരുമാനം എത്ര നാന്നായെന്ന ആശ്വാസമാണ് എനിക്കുണ്ടായത്.! 'സേതു'വിന്റെ ഓരോ കളികളേ !!!  
 


2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഗാംഗമുണ്ടയിലെ നനഞ്ഞുപോയ സാഹസികത

7. ഗാംഗാമുണ്ടയിലെ നനഞ്ഞുപോയ       
     സാഹസികത  

ജോലിക്കായി നാട്ടിൽ നിന്നും അന്നത്തെ മദ്ധ്യപ്രദേശിലെ ബസ്തർ ഡിസ്ട്രിക്ടിന്റെ തലസ്ഥാനമായ ജഗദൽപ്പൂരിൽ എത്തി അവിടുത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞ് ജോലിയും പ്രതീക്ഷിച്ചുനിൽക്കാൻ തുടങ്ങിയിട്ട് ഒരുമാസത്തോളമായ സമയം.  താമസം അളിയന്റെ പരിചയക്കാരൻ മാധവൻ നായരുടെ   തയ്യൽക്കടയിൽ.  അവിടുത്തെ മലയാളി തയ്യൽ ജോലിക്കാരൻ ശശിയും ഞാനും മാത്രം അവിടെ  രാത്രി നിവാസികൾ.  കുളിയും രണ്ടിനുപോക്കും ഒരു കിലോമീറ്റർ അകലെയുള്ള  ഗാംഗാമുണ്ടയെന്ന അതിവിശാലമായ തടാകത്തിലും അതിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലും. ആദ്യമൊക്കെ ഞാനും ശശിയും അതിരാവിലെ ഒരുമിച്ചു പോകുമായിരുന്നെങ്കിലും, നല്ല തണുപ്പ് സമയമായിരുന്നതിനാലും തേരാപ്പാരാ നടപ്പ് തൊഴിലായിരുന്നതിനാലും കുളി ഞാൻ പത്തുമണി കഴിഞ്ഞാക്കി.  ആയിരക്കണക്കിന് ഏക്കറിൽ കായൽ പോലെ പരന്നു കിടക്കുന്ന ആഴമേറിയ തടാകം.  വലിയ തിരകൾ കരയ്ക്ക് എപ്പോഴും വന്നടിയ്ക്കുമെന്നറിയുമ്പോൾ അതിന്റെ വലിപ്പം എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാമല്ലോ.   നാട്ടിൽ മഴക്കാലത്തു മാത്രം നെഞ്ചൊപ്പം വെള്ളം കാണുന്ന ചെറിയ തോട്ടിലെ പത്തടിയോളം നീളമുള്ള കുഴിയിൽ കുട്ടിക്കാലത്ത് നീന്തൽ പഠിച്ചു മദ്ധ്യവേനലവധിയ്ക്ക് രണ്ടുമാസങ്ങളോളം പത്തനംതിട്ടയിലെ കുടുംബവീട്ടിലെത്തുമ്പോൾ അവിടെയുള്ള നാല്പതടിയോളം നീളവും ഏഴടിയോളം ആഴവുമുള്ള കുളത്തിൽ നീന്തിത്തുടിച്ചു 'മേജർ' ആയ നീന്തൽ വിദഗ്ധനാണെന്ന് സ്വയം അഭിമാനിച്ചിരുന്ന ഞാൻ ഗംഗാമുണ്ട തടാകവും അതിലെ തിരകളും  കണ്ട് ഒന്നു  പകച്ചു പോയെങ്കിലും 
ആദ്യമൊക്കെ അധികം ഉള്ളിലോട്ടു പോകാതെ തീരത്തോടടുത്തു മാത്രം നീന്തിയിരുന്നു.   ചില ചെറുപ്പക്കാർ അക്കരെ വരെ നീന്തിപ്പോകുന്നത് കാണുമ്പോൾ അസൂയ തോന്നുമായിരുന്നു. അവരൊക്കെ പ്രൊഫഷണൽ നീന്തൽക്കാരാണെന്ന് അന്നെനിക്കറിയില്ലായിരുന്നു.  അക്കരെ നിൽക്കുന്നവരെ വെള്ളനിറമുള്ള വസ്ത്രമാണെങ്കിൽ മാത്രം ഒരു ബിന്ദുവായിട്ടു കാണാൻ പറ്റും.  ശരിക്കുള്ള  ദൂരം എത്രയെന്നറിയാൻ പറ്റുകയില്ല. ക്രമേണ ഞാൻ ഉള്ളിലോട്ടുള്ള നീന്തൽ ദൂരം കൂട്ടിക്കൊണ്ടു വന്നു.  മൂന്നാഴ്ചയോളം കഴിഞ്ഞപ്പോൾ എനിക്കൊരതിമോഹം വളർന്നുവളർന്നു വലുതായപ്പോൾ അക്കരെവരെ ഒന്നു നീന്തണമെന്നു തീരുമാനിച്ചുറപ്പിച്ചു.  തിരികെ വേണമെങ്കിൽ തടാകം ചുറ്റി മൂന്നു നാലു കിലോമീറ്റർ നടന്നുവേണമെങ്കിലും വരാം.  എന്നാലും വേണ്ടില്ല ആഗ്രഹം വന്നു പോയില്ലേ,  അമർത്തിവയ്ക്കുന്നത് നിരാശയ്ക്കു കാരണമായെന്ന് വരും.   പിന്നെ അധികം താമസിച്ചില്ല.  ഒരുദിവസം,  പലപ്പോഴും അക്കരെ വരെ നീന്തുന്ന ഒരു ചെറുപ്പക്കാരൻ നീന്തിത്തുടങ്ങിയപ്പോൾ,  ഒരു സെക്യൂരിറ്റി ബോധത്തോടെ   ഞാനും അയാളുടെ പിറകേ വച്ചുപിടിച്ചു.   അയാൾ സാമാന്യം നല്ല വേഗത്തിലാണ് നീന്തുന്നത്. അഞ്ചു മിനിറ്റോളം നീന്തിക്കഴിഞ്ഞപ്പോഴേയ്ക്കും അയാൾ എനിക്ക് കാണാനാകാത്ത വിധം ബഹുദൂരം പോയിക്കഴിഞ്ഞു.  അടുത്തെങ്ങും വേറെയാരുമില്ല.  രാത്രിയിലത്തെ ആകാശനീലിമയിൽ തനിയേ എത്തിപ്പെട്ട പ്രതീതി.  
വെള്ളത്തിനാണെങ്കിൽ ഘനം ഏറിയേറി വരുന്നു.  ഓളങ്ങളുമില്ല. അത് ആഴക്കൂടുതലിന്റെയും ഗ്രാവിറ്റിയുടെയും ഒരുമിച്ചുള്ള ഒരവസ്ഥത്തയാണെന്ന് അന്നറിഞ്ഞിരുന്നില്ല.  ഞാൻ തുഴയുന്നതിന്റെ ശബ്ദം മാത്രം.p
കാലുകൾക്കും കൈകൾക്കും വേഗത തീരെക്കുറഞ്ഞെന്ന തോന്നൽ.  
ഒരു കുഴച്ചിലും. എന്നിട്ടും ഫ്രീസ്റ്റൈലിലും breast  stroke  ലും,  കമിഴ്ന്നും, മലർന്നും ഒക്കെ  നീന്തിക്കൊണ്ടേയിരുന്നു. പിന്മാറുന്നത് ധൈര്യമില്ലാഴികയല്ലേ! ഇടയ്ക്കൊക്കെ കാലിൽ തുഴഞ്ഞു 'നിലവെള്ളം ചവിട്ടി'ക്കൊണ്ട്   പൊങ്ങി നോക്കും - ഇനി എത്ര ദൂരമുണ്ടെന്ന്.  അപ്പോൾ തോന്നും തുടങ്ങിയപ്പോൾ കണ്ട ദൂരം തന്നെ ഇനിയുമുണ്ടെന്ന്.  പിറകോട്ടു നോക്കുമ്പോൾ  പത്തൻപതടിയേ പിന്നിട്ടിട്ടുള്ളെന്നു തോന്നും.  ഏതാണ്ട് അര മണിക്കൂറിലധികം നീന്തിയെന്നു തോന്നിയ സമയം എനിക്കു മനസ്സിലായി അക്കരെയെത്തിപ്പെടുവാനായി  ഞാൻ ബാക്കിയുണ്ടാവില്ലെന്ന്!  ആ നിമിഷം,  ഇനി തിരികെപ്പോകുന്നതാണ്  നല്ലതെന്നുള്ള ബോധോദയമുണ്ടായി.  തിരികെ അത്രയും ദൂരം ഇനിയും താണ്ടണമെന്നായപ്പോൾ ഒരു ഭയം ഉള്ളിലേയ്ക്ക് പതുക്കെപ്പതുക്കെ  നീന്തിക്കയറി.  ഇനി അതേ മാർഗ്ഗമുള്ളു താനും.  മുന്നോട്ടു പോകാനാണെങ്കിൽ അതിന്റെ നാലിരട്ടിയിലധികം നീന്തേണ്ടി വരും.  അതാലോചിക്കുകതന്നെ അപ്പോൾ  അസാദ്ധ്യം. അൽപ്പനേരം മലർന്ന് ബാലൻസ് ചെയ്ത് കണ്ണുമടച്ചു കിടന്നു.  ആ സമയമൊക്കെ ഞാൻ മനസ്സാ 'വേണ്ടാത്ത കാര്യങ്ങളൊന്നും' ആലോചിക്കേണ്ടെന്നൊരു തീരുമാനവുമെടുത്തു. ഉള്ളിന്റെയുള്ളിൽ അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് ആരോ ഒരു തോന്നലുണ്ടാക്കുന്നതു പോലെയുള്ള തോന്നലുമുണ്ടായി.  പിന്നെ അതേ കിടപ്പിൽ സാവകാശം മലർന്ന് തിരികെ ഇഴയലായി. മലർന്നും കമിഴ്ന്നും പതുക്കെ പതുക്കെ  നീന്തി അരമണിക്കൂർ കൊണ്ടു നീന്തിയ ദൂരം 
ഏതാണ്ട് ഒന്നര മണിക്കൂറിലധികം എടുത്ത് കരയെത്തിയെന്ന് പറയട്ടെ.  തിരികെയെത്തുമ്പോൾ ഉച്ചസമയമായതിനാൽ തീരം വിജനം.  എന്റെ പരാക്രമവും പരാജയവും ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്ന  ആശ്വാസം.  എത്തിയതും,  കണ്ണുമടച്ചു തീരത്തു തന്നെ വെയിലിൽ തലപോലും തുവാർത്താതെ കുറേ നേരം  കിടന്നു.  ഒന്നു മയങ്ങുകയും ചെയ്തു. വിശപ്പ് സഹിക്കാതെ വന്നപ്പോൾ  എഴുന്നേറ്റ് ഡ്രെസ്സ് മാറി പതുക്കെ നടന്നു.  അങ്ങനെ ഞാൻ എന്റെ നീന്തൽ വൈദഗ്ധ്യം ഗംഗാമുണ്ടയ്ക്ക്  അടിയറവു വച്ചു.  
എങ്കിലും കാര്യങ്ങൾ അവിടം കൊണ്ട് നിന്നില്ല.   

ഇടയ്ക്ക് ഒരിക്കൽ ജോലിയില്ലാതെ നടന്നിരുന്ന കോട്ടയംകാരൻ ജോർജിനെ പരിചയപ്പെട്ടിരുന്നു. നാട്ടുകാരനൊപ്പം അധികം ആൾതാമസമില്ലാത്ത ഗംഗാമുണ്ടയ്ക്ക് കുറച്ചടുത്തായി താമസം.  പിന്നീട് ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ അയാളുമൊത്തായിരുന്നു കറക്കം.  ഗംഗാമുണ്ട പരാക്രമത്തിന് മൂന്നു ദിവസങ്ങൾക്കു മുൻപ് അയാളുടെ സഹമുറിയൻ നാട്ടിൽ  പോയ സമയം  തനിയേ രാത്രി കഴിക്കുവാൻ പേടിയായതിനാൽ  കൂട്ടൂ കിടക്കുവാൻ ചെല്ലണമെന്ന് പറഞ്ഞപ്പോൾ  ഞാൻ സമ്മതിച്ചു.  തുറസ്സായതും  ഗംഗാമുണ്ടയിൽ നിന്നുള്ള തണുത്ത കാറ്റടിക്കുന്ന  സ്ഥലത്ത് a നിലത്തു ചൗക്കാളവും ഒരു ഷീറ്റും മാത്രം വിരിച്ചുള്ള കിടപ്പുമായ  കാരണത്താലും  രാത്രിയിൽ അവിടെ  തണുപ്പേറെയായിരുന്നു.  നീന്തൽ പരാക്രമം കഴിഞ്ഞ രണ്ടാം ദിവസം രാത്രി എനിക്ക് ദേഹമാസകലം  വേദനയും ജലദോഷവും  പനിയും തുടങ്ങി.  മാധവൻ നായർ വാങ്ങിത്തന്ന മരുന്നൊന്നും ഫലിക്കാതെ വന്നപ്പോൾ അയാൾ എന്നെ  ഡിസ്ട്രിക്ട് ഹോസ്പിറ്റലിലാക്കി. പരിശോധിച്ചിട്ട് ഡോക്ടർ പറഞ്ഞു: " ന്യൂമോണിയാ ആണ്,  അഡ്‌മിറ്റാകൂ".  75 കിലോമീറ്റർ അകലെയുള്ള അളിയനെ വിവരമറിയിക്കേണ്ടെന്ന് ഞാൻ. നായരോട്  പറഞ്ഞു.  അഞ്ചു ദിവസം അവിടെ കിടന്നു. ശശി മൂന്നു നേരവും ഹോട്ടലിൽ നിന്ന് ആഹാരവുമായെത്തും. എന്നെ  ശുശ്രൂഷിച്ചിരുന്ന,  കണ്ണുകളിൽ കാരുണ്യം നിഴലിക്കുന്ന,  ഡോക്ടർ ശ്രീവാസ്തവ എന്റെ രക്ഷകനായി വന്നു. എനിക്ക് വേണ്ടപ്പെട്ടവർ അവിടെയില്ലെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം എന്നെ പ്രത്യേകം ശ്രദ്ധിക്കുവാൻ തുടങ്ങി. അധികം തുറന്ന് സംസാരിക്കാത്ത എന്നോട് (ഇഗ്ളീഷിലും ഹിന്ദിയിലും പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ),  "മിണ്ടാപ്പൂച്ചയ്ക്ക് ഇന്നെങ്ങനെയുണ്ട്"  എന്നു ചോദിച്ചുകൊണ്ടായിരുന്നു  ദിവസവും  രാവിലെ അദ്ദേഹം എന്റെയടുത്തേക്ക് വന്നിരുന്നത്.  ഒരു 'ആൺ മാലാഖ'യെ പോലെ,  വെളുത്ത ഓവർകോട്ടും സ്റ്റെതസ്‌കോപ്പുമായി, ആത്മവിശ്വാസം നിറയ്ക്കുന്ന  നിറപുഞ്ചിരിയോടെ    നടന്നടുക്കുന്ന ആ രൂപം ഒരിക്കലും മാഞ്ഞു പോകാത്ത വിധം എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നു.






 

2020 ഓഗസ്റ്റ് 9, ഞായറാഴ്‌ച

ചെറിയാച്ചന്റെ മീൻകറി

        ചെറിയാച്ചന്റെ മീൻകറി 

1971.  ഞാൻ കാൽക്കട്ടയിൽ പ്ലാനിങ് കമ്മീഷന്റ റീജിയണൽ ഓഫീസിൽ ജോലി ചെയ്യുന്ന സമയം.  ഞാനും അനുജൻ ഭദ്രനും  പിന്നെ നേരത്തേ എന്നോടൊപ്പം ഒറീസ്സയിലെ ദണ്ഡകാരണ്യ പ്രോജെക്ടിൽ എന്റെ seniors ആയി ഉണ്ടായിരുന്ന ഏബ്രഹാം സാറും ചെറിയാച്ചനും  ഒരുമിച്ചാണ് താമസം.   കൽക്കട്ടയിലെ CPWD യിൽ ജോലി ചെയ്യുന്ന ഏബ്രാഹാം സാറും Income  Tax ൽ ജോലി ചെയ്യുന്ന ചെറിയാച്ചനും  വിവാഹിതരാണെങ്കിലും അവരുടെ കുടുംബങ്ങൾ നാട്ടിലാണ്.  ശരിക്കും പറഞ്ഞാൽ Forced bachelors. അവർ രണ്ടുപേരും വൈകിട്ട് അടുക്കളയിൽ കയറി പാചകക്കാരാകും.  ഞാനും അനുജനും അവിവാഹിതരും,  ജോലിയുണ്ടെങ്കിലും,  രാത്രി കോളേജിലെ വിദ്യാർത്ഥികളും  രാവിലത്തെ  പാചകക്കാരുമാണ് .  ചെറിയാച്ചൻ ഒരു ഒന്നാം തരം മീൻകറി വിദഗ്ധൻ കൂടിയാണ്.  മീൻകറി ഉണ്ടാക്കാനായി   അദ്ദേഹം ആറു കിലോമീറ്റർ അകലെയുള്ള ഒരു ചന്തയിൽ പോയി ലക്ഷണമൊത്ത ഒരു നല്ല മൺചട്ടി വാങ്ങിക്കൊണ്ടു വന്ന് വെളിച്ചെണ്ണയോ മറ്റോ പുരട്ടി മയപ്പെടുത്തി മീൻകറി വച്ചാൽ രുചിയേറും വിധം മാറ്റം വരുത്തിയെടുത്തിട്ടുമുണ്ട്. 

ശനിയാഴ്ച്ചകളിലെ പതിവനുസരിച്ച്  ആ ശനിയാഴ്ചയും ഓഫിസിൽ നിന്നും മടങ്ങിവരുമ്പോൾ ചെറിയാച്ചൻ ഇടയ്ക്കുള്ള  കിഡ്ഡർപൂർ ചന്തയിൽ നിന്നും വിലകൂടിയ ഒന്നാം തരം Hilsa മീൻ വാങ്ങിക്കൊണ്ടു വന്ന് വെട്ടിക്കഴുകി കുറച്ചെടുത്ത്  അന്നത്തെ അത്താഴത്തിനായി പൊരിച്ചെടുത്തിട്ട് കൂടുതലും കറിവയ്ക്കുവാനായി ഉപ്പും മീൻപുളിയും മറ്റു കൂട്ടുകളും ചേർത്ത് അടച്ചു വച്ചു.  അതിനി,  പതിവ് പോലെ,  ആഹാരമൊക്കെയുണ്ടാക്കി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചതിനു ശേഷമേ അടുപ്പിൽ കയറ്റൂ.  ഞാനും അനുജനും കോളേജിൽ നിന്നും ഒൻപതരയോടെ എത്തുകയും എല്ലാവരും കൂടി ആഹാരം കഴിച്ചതിനു ശേഷം ചെറിയാച്ചൻ മീൻകറി അടുപ്പത്താക്കിയിട്ട് ഹാളിൽ വന്ന് ഞങ്ങളോടൊപ്പം  റമ്മി കളിയിലേർപ്പെട്ടു.  അത് ശനിയാഴ്ചകളിലെ പതിവ് പരിപാടിയാണ്.  കളിയിൽ ഹരം കേറിക്കഴിഞ്ഞാൽ രാത്രി രണ്ടു മണി വരെയൊക്കെ  ഇരുന്നു കളിച്ചു കളയും.  ഓരോ ബ്രേക്കിലും ചെറിയാച്ചൻ ഓടിപ്പോയി ലോബിയ്ക്കും അപ്പുറം വീടിന്റെ അറ്റത്തുള്ള അടുക്കളയിൽ പോയി മീൻകറിയുടെ പാകം നോക്കിയിട്ട് വരും. അടുക്കളയുടെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ളതും  രണ്ടു വശവും  തുറസ്സായ സ്ഥലവുമാണ്. തീ വളരെക്കുറച്ചിട്ടിരിക്കും.  എങ്കിലേ മീനിൽ  എരിവും പുളിയും ശരിക്ക് പിടിച്ചിട്ട്  മീൻകറിയുടെ അസ്സൽ ടേസ്റ്റ് കിട്ടുകയുള്ളെന്നാണ് ചെറിയാച്ചന്റെ വിദഗ്ധാഭിപ്രായം!    അന്ന് നിർഭാഗ്യവശാൽ,  ചെറിയാച്ചൻ  ഒരു പ്രാവശ്യം പോയി നോക്കി പകുതി പാകമേ ആയിട്ടുള്ളെന്ന് ഉറപ്പുവരുത്തിയിട്ടു വന്നതിനു ശേഷം കളിയിൽ ഹരമേറി എല്ലാവരും മീൻകറിയുടെ കാര്യമേ മറന്നുപോയി. രാത്രി ഒരുമണിയായിക്കാണും.  അടുത്തടുത്തുള്ള കുറേയധികം വീടുകളിൽ നിന്നും,  ഞങ്ങളുടെ മുകൾ നിലയിലുള്ള വീട്ടുടമസ്ഥന്റെ മുറികളിൽ നിന്നും ഒന്നിന് പിറകേ ഒന്നായി ചുമയുടെ ശബ്ദം കേൾക്കായി.  അതിന്റെ ആക്കവും കൂടുതൽ ആളുകളുടെ ചുമകളും കൂടിയായിട്ടും കാര്യമെന്തെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല.  ഞാൻ ഇടയ്ക്ക് മുൻവശത്തെ വരാന്തയിലിറങ്ങി നോക്കി.  റോഡിനപ്പുറത്തെ വീടുകളിലെ മുകളിലത്തെ നിലയിലുള്ള ആളുകൾ അവരുടെ വരാന്തയിലിറങ്ങി നിന്നും ചുമയോടു ചുമ. എന്തൊക്കെയോ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചുമ കാരണം വ്യക്തമായി സംസാരിക്കാനാകുന്നുമില്ല   അൽപ്പം ഉയരത്തിൽ മാത്രം ഒരു പുകമയം കാണുന്നുമുണ്ട്.  എന്തോ അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ടെന്നു വ്യക്തം. സിറ്റി ആയതിനാൽ ചേർന്നുചെർന്നുള്ള മൂന്നും നാലും നിലകളുള്ള വീടുകളാണ്. താഴത്തെ നിലകളിൽ പ്രശ്നമൊട്ടില്ല താനും.  ഞാൻ അകത്തു ചെന്ന് വിവരം എല്ലാവരോടും പറഞ്ഞെങ്കിലും ആരുമതത്ര കാര്യമാക്കിയില്ല.  ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ലല്ലോ!ഞങ്ങൾ വീണ്ടും കളിയിൽ മുഴുകി. പത്തു മിനിട്ട് കഴിഞ്ഞപ്പോൾ കയ്യിലിരുന്ന ചീട്ടുകൾ മേശപ്പുറത്തേയ്‌ക്ക്‌ ആഞ്ഞെറിഞ്ഞുകൊണ്ട് ചെറിയാച്ചൻ പിടഞ്ഞെഴുന്നേറ്റ് മുറിയ്ക്കു വെളിയിലേക്ക് ഒറ്റ ഓട്ടം!  ആദ്യം കാര്യമെന്തെന്ന് ഞങ്ങൾക്കു മനസ്സിലായില്ല. ഞങ്ങൾ പിറകെയെത്തുമ്പോൾ, അടുക്കളയുടെ ചാരിയിരുന്നു കതക് തുറക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ചുണ്ടത്ത് ചൂണ്ടുവിരൽ വച്ച് ഞങ്ങളോട് ശബ്ദമുണ്ടാക്കരുതെന്നും പിറകേ ആ കൈകൊണ്ടു തന്നെ അകത്തേയ്ക്ക് തിരികെ പോകുവാനും ആംഗ്യം കാണിച്ചു.  തിരികെ  പോകുവാനായി തിരിയവേ വെളിയിലെ ലൈറ്റിന്റ പ്രകാശത്തിൽ  ഞാൻ ആ കാഴ്ച കണ്ടു.  അടുക്കളയുടെ വശത്തെയും പിറകിലത്തെയും  ജനലിൽ കൂടി കുമുകുമാന്ന് കട്ടപ്പുക ഉയർന്നുയർന്നു പോകുന്നു.  എനിക്കും കാര്യം മനസ്സിലായി.  മീൻകറിയിലെ വെള്ളമെല്ലാം വറ്റി മീൻ മാംസവും മുളകും മല്ലിയും മഞ്ഞളും ഉലുവയും കലർന്ന  മസാലയും കറിവേപ്പിലയും മീൻചട്ടിയോടൊപ്പം കരിഞ്ഞു കരിക്കട്ടയായായിട്ട് കുമിഞ്ഞു പൊങ്ങിയ വിഷപ്പുക തലമണ്ടയിൽ കയറിയതിന്റെ  പ്രത്യാഘാതമായിരുന്നു ശ്വാസം മുട്ടി വെപ്രാളപ്പെട്ട് അയൽവാസികളെല്ലാം  മൽസരിച്ച് ചുമച്ചു വശാകുന്നത്. ഞങ്ങൾ മുറിയിലെത്തിയ പിറകേതന്നെ ചെറിയാച്ചനും ചുമച്ചും ചുമയാടാക്കാനായി വെപ്രാളപ്പെട്ടു കൊണ്ടും  എത്തിയിട്ട് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു:  "മീൻകറി നോക്കാൻ 
മറന്നുപോയി.  ചട്ടിയോടെ കരിഞ്ഞു പുക അടുക്കളയിൽ നിറഞ്ഞിട്ട് പുറത്തു പോയി അടുത്തുള്ള വീടുകളിലും കയറി.  അതാ എല്ലാവരും ചൊമയ്ക്കുന്നെ.  ഞാൻ ഒരുവിധം സ്റ്റോവ് അണച്ചു.  ഇനി പുക കുറേശ്ശയായി നിന്നോളും. ലൈറ്റ് അണച്ചിട്ട് എല്ലാവരും കിടന്നോ.  ഇവിടുന്നാണെന്ന് ആരും അറിയണ്ടാ."
ചെറിയാച്ചന്റെ മീൻകറിയ്ക്ക് ഇത്രയും വീര്യമോ! പിറ്റേന്നത്തെ അവധി ദിവസം ഉച്ചയ്ക്ക് ഫസ്റ്റ് ക്ലാസ് hilsa മീൻകറിയും കൂട്ടി കുശാലായി ശാപ്പാടടിയ്ക്കുവാൻ കാത്തിരുന്ന ഞങ്ങൾ നിരാശയോടെയും, സ്വപ്നങ്ങളൊന്നും കാണാതെയും  അന്നുറങ്ങി. 
 

     

2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓം!ഭൂർഭുവ: സ്വ:

സുപ്രഭാതം!
ഓം!
ഭൂർഭുവ: സ്വ:
 തത്  സവിർ തുർവരേണ്യം!
ഭർഗോ ദേവസ്യ ധീമഹി!
ധിയോ യോ ന: പ്രചോദയാത് !!

സന്താപനാശകരായ നമോനമ :
അന്ധകാരാന്തകരായ നമോ നമ:
ചിന്താമണേ ചിദാനന്ദായ തേ നമ :
നീഹാര നാശകരായ നമോ നമ:
മോഹവിനാശകരായ നമോ നമ:
 ശാന്തായ സൗമ്യായ രൗദ്രായ ഘോരായ
കാന്തിമതാം കാന്തി രൂപായ തേ നമ:
സ്ഥാവരജംഗമാചാര്യായതേ നമ:
ദേവായ വിശ്വൈക സാക്ഷിണേ തേ നമ: സത്വപ്രധാനായ തത്വായ തേ നമ:
സത്യസ്വര്രൂപായ നിത്യം നമോ നമ:
ഓം ശാന്തി! ശാന്തി! ശാന്തി: !

ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാ ത് പൂർണ്ണമുദച്യതേ !
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണ മേവായ ശിഷ്യതേ!
ഓം ശാന്തി : ശാന്തി: ശാന്തി :

ലോകാ സമസ്ഥാ സുഖിനോ ഭവന്തു:

2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച

patriotic poem for pIndependent Day Celb.

Patriotic Song 

My beloved country Bharath

Oh,  my beloved country,  Barath, 

       എന്റെ ഭാരതാംബികp

ഒരിക്കൽ നമ്മളെ ഭരിച്ചിരുന്നി-
        തന്ന്യ നാട്ടുകാർ
ചരിത്രമാണതൊക്കെയെന്നാ-
        ലിന്നുനാം സ്വതന്ത്രരാം

കൈവരിച്ചൊരാ സ്വാതന്ത്ര്യം
        കൈവിടില്ലൊരിക്കലും നാം 
ആവില്ലയതിന്നെനിക്കു 
        ഞാനുറപ്പു നൽകിടുന്നു
      
തുരക്കുവാനവസരം  
        പാർത്തു നിൽപ്പു നമ്മുടെയ-
തിരിലായയൽക്കാരാകും 
        പാകിസ്ഥാനും ചൈനയും

കൊടുക്കുകില്ല മണ്ണൊരു
        തരിയുമാർക്കും നമ്മുടെ
കരുത്തരായ, ധീരരായ
        സൈനികപ്പോരാളികൾ

കാവലുണ്ടവരവിടെ
        കണ്ണിലെണ്ണയുമൊഴിച്ചു
കാത്തിടുവാൻ നമ്മളേയും
        ഭാരത മാതാവിനേയും

ഭാരതത്തിൻ പേരുകേൾക്കെ
        പൊങ്ങണം തിളച്ചു ചോര
ഓരോ ഭാരതീയന്റേയു-
        മഭിമാനവു, മതുപോൽ, 

കേട്ടീടവേ  രവീന്ദ്രനാഥ് 
        രചിച്ച ദേശീയ ഗാനം, 
കാണവേ ത്രിവർണമാർന്നൊരാ 
        കൊടി പറക്കെ, പൊങ്ങി.

ലോകമാകെയത്ഭുതത്താൽ 
       നോക്കിടുന്നു നമ്മുടെയാ
പുകൾപെറ്റ നാനാത്വത്തിൽ
        ഏകത്വ മഹാത്മ്യത്തെയും!

എത്രയെത്ര ഭാഷയുടേ-
         മെത്രയോ വേഷങ്ങളുടേ-
മെത്രയേറെ മതങ്ങൾ തൻ 
         തിരുവരങ്ങാം ഭാരതം !

പിറന്നിവിടെ രാഷ്ട്രപിതാ 
         ഗാന്ധിയും നെഹറുവും
പിറന്നു മറ്റനേകം പേരു 
         കേട്ട മഹാ മാന്യരും.

പുകഴ്ത്തിടാം വിധാതാവേ
         നമുക്കു ജന്മം തന്നതിന്ന്
പുകൾപെറ്റ ഭാരതത്തിൽ
          വീണ്ടും വീണ്ടും തന്നിടാനും 

ഇത്രയും മഹത്വമുള്ള
         ഭാരതേ ജനിച്ച പുത്രീ-
പുത്രരാം നമുക്കു  ചൊല്ലാം 
         ഭാരത മാതാ കീ ജയ്‌ ഹോ!!!