20. മനസ്സെന്ന അഭിലാഷച്ചെപ്പ്
പിഞ്ചിളം കുഞ്ഞിൻ മനതാരിന്നാഗ്രഹം ചെഞ്ചൊടിയാലമ്മേടമ്മിഞ്ഞനുണയാൻ
നല്ലപോലെന്നിട്ട് കണ്ണടച്ചുറങ്ങേണം
ഇല്ലില്ല വേറിട്ടൊരു മോഹവുമവന്
എന്നാലിശ്ചകൾ വളരുമവനൊപ്പം!
'നന്നായ് ചരിഞ്ഞു കമിഴ്ന്നൊന്നു വീഴണം,
തല പൊക്കണം, വയറിന്മേല് നീന്തണം
തലതിരിച്ചമ്മയേ നോക്കിച്ചിരിച്ചിട്ട്,
'കണ്ടുവോ എന്റെ മിടുക്കെ' ന്നമ്മയുടെ
കണ്ണിൽ നോക്കിത്തൻ്റെ കണ്ണാൽ ചോദിക്കണം,
മുട്ടേൽ നിവർന്നിട്ട് നാൽക്കാലിലിഴയേണം
പെട്ടെന്നെഴുന്നേറ്റു പിച്ചനടക്കേണം
അച്ഛന്റേമമ്മേടേം വിരലിൽപ്പിടിച്ചോണ്ട്
അതിവേഗം നടക്കണം, ഓടിടേണം
ചേട്ടന്റേം ചേച്ചീടേം കലപില കേൾക്കുമ്പോൾ
ചോരിവായാലതുപോലെ കൊഞ്ചീടണം'
കളങ്കമില്ലാത്ത മനസ്സിന്നിശ്ചകൾ
കഴിവിൻ പടി നിറവേറുക ചെയ്യും
വളർച്ചതന്നോരോ പടവും കയറേ
വളരും മനസ്സിന്നിശ്ചകളുമൊപ്പം!
വലുതായാൽ മനുജൻ്റെ മോഹങ്ങൾക്കും
വരുമൊരു നിറം, അതിമോഹത്തിന്റേത്!
മതിവിട്ടയാശ നിറവേറാതാകേ
മനുഷ്യ മനസ്സിൽ നിരാശയുദിക്കും
എന്നാലുമതിരില്ലയഭിലാഷങ്ങൾക്ക്
നന്നാകുകില്ലവനെത്രപഠിച്ചാലും!
പരലോകം പൂകേണ്ട സമയം വരെ
പൊരുതുമവൻ തൻ്റെയാശകൾ തീർക്കാൻ !
രോഗിയായ് വയസ്സായ് കിടക്കയിൽ വീഴേ
രാവും പകലും മനസ്സാലേ കേണീടും :
"ദൈവമേ ജീവിച്ചു കൊതിതീർന്നില്ലല്ലോ
ജീവിക്കാനവസരം തരണേമിനീം!"
മറ്റുള്ളോർ കേൾക്കാനായുറക്കെച്ചൊല്ലും:
"മതിയായി ദൈവമേ എന്നേയെടുക്കങ്ങ്"
മനുജൻ്റെയാഗ്രഹച്ചെപ്പാം മനസ്സിൽ
അനുദിനമാഗ്രഹം കതിരിട്ട് പൊന്തും!
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ