39. കുടചരിതം
കുടയെന്നു കേൾക്കുമ്പോളാദ്യമായെൻ മനസ്സിൽ
കയറിവരുമച്ഛൻ്റെ ഓലത്തൊപ്പിക്കുട
വെയിലത്തും മഴയത്തും ജോലിചെയ്യാനായി
വയലിലും പറമ്പിലും പോകുമ്പോൾ തലയിൽ
ഓലത്തൊപ്പിക്കുട തൻതനുവിൻ ഭാഗംപോൽ
തലയിലുറപ്പിച്ചു വയ്ക്കുമച്ഛൻ പതിയേ
ഇടവപ്പാതി മഴ തുടങ്ങിയാലച്ഛൻ്റെ
കുടയുടെകോലവും നിറവും മാറിപ്പോകും
ചൂരലിൽ തീർത്തോരു വളവുള്ള പിടിയോടെ
നരച്ചു കീറാറായ ശീലതൻ കാലൻകുട!
മഴയത്തുഞാനെന്റെ സ്വന്തം കുടയായിട്ടു
വാഴത്തണ്ടിന്റെപിടിയുള്ളൊരു നീണ്ടകുട
വാഴയുടെ കയ്യീന്നു കടമായി വാങ്ങീട്ടു
വഴിയിലെ മഴവെള്ളം തട്ടിത്തെറിപ്പിച്ചു
പോയീടും ദിവസേനപാഠശാലയിലേക്ക്
പലപ്പോഴും കുടയുടെ നീളം കുറഞ്ഞീടും
വട്ടത്തിൽ ചേമ്പിലക്കുടയായതു മാറീടും!
വഴിയിലെറിയാമവ മഴ കഴിഞ്ഞെന്നാൽ!
നാളുകൾ കഴിയവേ കുടയുടെ നീളവും
നിറവും വലിപ്പവും തുണിയുടെ ഗുണവും
മാറിമറിഞ്ഞിട്ടു വരും വന്നതുപോൽ പോകും
മാറില്ലെന്നാൽ ഗതി മഴയുടേം വെയിലിന്റേം
കാലൻകുട മാറീ, മുറികാലൻ കുട വന്നു
നീലക്കുട, പിങ്കുകുട, പച്ച, മഞ്ഞക്കുട,
മാറൂൺകുട,യങ്ങിനെയെത്ര നിറത്തിൽ കുട
മാരിവില്ലുപോലെ പലനിറത്തിൽ കുടകൾ!
നിറമില്ലാക്കുട മാത്രം വന്നില്ലിതുവരെ!
അറിയില്ലതു വരുമോ? വന്നെന്നും വന്നീടാം!
ശീലക്കുട പോയിട്ടു പ്ലാസ്റ്റിക്കിൻ കുടവന്നൂ,
നൈലോണും അക്രിലിക്കും ഫെൽറ്റിന്റേം റയോണിന്റേം.
തുണിതൻ കുടകളിൽ ഭ്രമമായി മനുജന്ന്
തുണിയില്ലാക്കുടയിനി വന്നെന്നും വന്നീടാം
മുറിക്കാൽക്കുടപോയിട്ട് ഇരുമടക്കൻ വന്നു
പിറകേ വന്നൂ മൂന്ന് മടക്കുള്ള കുടകളും
പുതുതായിതാവന്നല്ലോ വെള്ളിപൂശീട്ടുള്ള
പഞ്ചമടക്കുള്ളോരു ഭാരമില്ലാത്ത കുട!
തരുണികളതു സ്വന്തം കൈസഞ്ചിയിൽ വച്ചിട്ട്
തഞ്ചത്തിൽ ഗമിച്ചീടും ഗമയോടെ നാടാകെ!
ഇപ്പോഴിതാ വന്നല്ലോ കുട്ടിപ്പട്ടാളത്തിനു
തൊപ്പിക്കുട നൈലോണിൻ, കാലില്ലാക്കുടയാണത്!
കുടയുടെ കമ്പിക്കും വ്യതിയാനം വന്നേറെ
കറുത്തതും, വെളുത്തതും പരന്ന, തുരുണ്ടത്
പണ്ടുകമ്പിയില്ലാക്കമ്പി വന്നതുപോലിനി
പിറകേ വന്നെന്നു വരാം കമ്പിയില്ലാക്കുട!!!
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ